Flash News

ജമ്മു-കശ്മീര്‍ മുതല്‍ കേരളം വരെ (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

November 25, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Kashmir muthal banner-1നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു പരാജയംകൂടിയായി ജമ്മു-കശ്മീര്‍. നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണറിലൂടെ ജമ്മു-കശ്മീര്‍ ഭരണം കേന്ദ്ര ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ നിലനിര്‍ത്താനായെങ്കിലും.

ബി.ജെ.പിയെ ഒറ്റപ്പെടുത്തി പി.ഡി.പി- നാഷണല്‍ കോണ്‍ഫറന്‍സ് – കോണ്‍ഗ്രസ് കക്ഷികളുടെ വിശാലമുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നാടകീയ നീക്കമാണ് നടന്നത്. ബി.ജെ.പി വൈസ് പ്രസിഡന്റായിരുന്ന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഉപയോഗിച്ച് അടിയന്തരമായി തടയുകയായിരുന്നു മോദി.

87 അംഗ കശ്മീര്‍ നിയമസഭയില്‍ 55 എം.എല്‍.എമാരുടെ പിന്തുണയോടെ ത്രികക്ഷി സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് പി.ഡി.പി ഫാക്‌സ് സന്ദേശം അയച്ച ഉടനെയായിരുന്നു ഗവര്‍ണറുടെ നടപടി.

Photo1തന്ത്രപ്രധാനമായ സംസ്ഥാനത്ത് സ്ഥിരതയില്ലാത്ത ഭരണം ഒഴിവാക്കാനും കുതിരകച്ചവടം നടക്കുന്നതു തടയാനുമാണ് ഇങ്ങനെ ചെയ്തതെന്ന ഗവര്‍ണറുടെ വ്യാഖ്യാനത്തിന് അടിസ്ഥാനമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരമാവധി യോജിച്ചുനീങ്ങുന്ന സാഹചര്യമുണ്ട്. അതിനിടയ്ക്ക് വര്‍ഷങ്ങളായി ബദ്ധവൈരികളായി നിലനില്‍ക്കുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ബി.ജെ.പിക്കെതിരെ ഒന്നിച്ചു നീങ്ങിയത് ജമ്മു-കശ്മീരിലും ദേശീയതലത്തിലും പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അത് തടയുകയാണ് ചെയ്തത്.

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദി ഒരു രാഷ്ട്രീയ ജാലവിദ്യക്കാരനെപോലെ നടത്തിയ പരീക്ഷണങ്ങളിലൊന്നായിരുന്നു പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന് ജമ്മു-കശ്മീരില്‍ നാലുവര്‍ഷംമുമ്പ് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചത്. രണ്ടു കാര്യങ്ങളാണ് പ്രധാനമന്ത്രി മോദി അന്ന് അവകാശപ്പെട്ടത്. ജമ്മു-കശ്മീരില്‍ ശാശ്വത സമാധാനവും തൊഴിലും വികസനവും ഉറപ്പുവരുത്തുന്ന ഒരു ഭരണം. അതോടൊപ്പം ബി.ജെ.പി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന ധാരണ തിരുത്തുക.

കഴിഞ്ഞ ജൂണില്‍ മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ച് മെഹബൂബ മുക്തി മന്ത്രിസഭയെ വീഴ്ത്തിയതിലൂടെ മോദിയും ബി.ജെ.പിയും സ്വയം മുന്നോട്ടുവെച്ച ആ അവകാശവാദങ്ങളാണ് തകര്‍ന്നത്.

ആദ്യം ബിഹാറിലും അവിടെനിന്ന് ജമ്മു-കശ്മീരിലും ഗവര്‍ണറായി നിയമിച്ച പ്രധാനമന്ത്രിയോടും തന്റെ ഒടുവിലത്തെ രാഷ്ട്രീയപാര്‍ട്ടിയെന്ന മാതൃപേടകത്തോടുമുള്ള കൂറ് വിനിയോഗിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമസഭ പിരിച്ചുവിടാതെ ഒരു ജനകീയ ഗവണ്മെന്റ് രൂപീകരിക്കാനുള്ള സാധ്യത ആരായേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്ന സുപ്രിംകോടതിയുടെ സുപ്രധാനവിധി ഗവര്‍ണര്‍ ലംഘിച്ചു. കുതിരകച്ചവടത്തിന്റെ പേരില്‍ നിയമസഭ പിരിച്ചുവിട്ടുകൂടെന്ന നിര്‍ദ്ദേശവും.

നിയമസഭാ തെരഞ്ഞെടുപ്പ് എന്നു നടത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പിച്ചു പറയുന്നില്ല. മോദി ഗവണ്മെന്റിന്റെ ആശങ്കയും ആശയകുഴപ്പവുമാണ് ഗവര്‍ണറുടെ അവ്യക്ത നിലപാടില്‍ നിഴലിക്കുന്നത്. അധിനിവേശ കശ്മീരിനും പാക് അതിര്‍ത്തിക്കുമിടയില്‍ ജമ്മു-കശ്മീരില്‍ ഒരു ജനാധിപത്യ ഗവണ്മെന്റിനെ നിലനിര്‍ത്തുകയെന്ന ചരിത്രപരമായ പരിശ്രമംപോലും പ്രധാനമന്ത്രി മോദിയുടെ മുന്‍ഗണനാ വിഷയമായില്ല.

അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലം ഡിസംബര്‍ 11ഓടെ പുറത്തുവരും. അപ്പോഴുണ്ടാകാവുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ മുമ്പിലാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും ഇപ്പോള്‍. ജനുവരി ആദ്യപകുതിക്കുമുമ്പു പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തീരും. ബജറ്റ് സമ്മേളനത്തിനുപകരം പാര്‍ലമെന്റ് ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയേ ചെയ്യൂ. അതായത് ജനുവരിയോടെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വഴിയിലേക്ക് മോദിക്കു നീങ്ങേണ്ടതുണ്ട്. അതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.

ഇതിനകം തെരഞ്ഞെടുപ്പു പൂര്‍ത്തിയായ, മാവോയിസ്റ്റു വെല്ലുവിളിയുള്ള ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് ജനതാ പാര്‍ട്ടിയും ബി.എസ്.പിയും ചേര്‍ന്നുള്ള രാഷ്ട്രീയമുന്നണിയുടെ സാന്നിധ്യമാണ് കോണ്‍ഗ്രസിനെക്കാള്‍ വലിയ വെല്ലുവിളി എന്ന് നിരീക്ഷകര്‍ പറയുന്നു. മോദിയാകട്ടെ കോണ്‍ഗ്രസിനെതിരെയാണ് പ്രചാരണ ആയുധങ്ങളെല്ലാം അവിടെ ചെലവഴിച്ചത്. ഈ ത്രികോണ മത്സരത്തിന്റെ ഫലം വോട്ടെണ്ണലിനു ശേഷമേ പറയാനാകൂ. തൊഴില്‍ – വികസന വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞും കോണ്‍ഗ്രസ് ഭരണകാലത്തെ കുറ്റപ്പെടുത്തിയും മോദി അധികാരത്തിലേറ്റിയതായിരുന്നു ഛത്തീസ്ഗഡില്‍ രമണ്‍ സിംഗ് മന്ത്രിസഭയെ. ഈ ബി.ജെ.പി സര്‍ക്കാറില്‍നിന്ന് ജനങ്ങള്‍ നേരിട്ട തിക്താനുഭവങ്ങള്‍ അവരെങ്ങനെ വിലയിരുത്തും എന്നതാണ് കാണാനിരിക്കുന്നത്.

മിസോറമും തെലങ്കാനയുമൊഴിച്ചാല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അസ്ഥിവാരമായി തുടരുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ജനവിധിയാണ് ബി.ജെ.പിയുടെ ലോകസഭാ വിധിയെ നിര്‍ണ്ണയിക്കുക. വസുന്ധരാ രാജേ സിന്ധ്യയുടെ അഞ്ചുവര്‍ഷത്തെ രണ്ടാമൂഴം രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയൊരു ബാധ്യതയായിത്തീര്‍ന്നു.

എം.എല്‍.എമാരില്‍ നൂറുപേരെ മാറ്റിയില്ലെങ്കില്‍ സംസ്ഥാനം കൈവിട്ടുപോകുമെന്ന് അമിത് ഷാ തന്നെ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. 45 പേരെ മാത്രം ഒഴിവാക്കാനേ സിന്ധ്യ വഴങ്ങിയുള്ളൂ. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയവരും റബല്‍ സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നവരും തെരഞ്ഞെടുപ്പുമുഖത്ത് ഏറെയാണ്. വെള്ളിയാഴ്ച നാലു മന്ത്രിമാരടക്കം അത്തരക്കാരായ 11 പേരെ ബി.ജെ.പിക്കു ഛത്തീസ്ഗഡില്‍ പുറത്താക്കേണ്ടിവന്നത് പാര്‍ട്ടിയിലെ പൊട്ടിത്തെറിയുടെ തെളിവാണ്.

രാജ്യത്തെ ജനകീയ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി.ജെ.പിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രിയാണ് ശിവരാജ് സിംഗ് ചൗഹാന്‍. അദ്ദേഹവും ബി.ജെ.പി കോട്ടയില്‍ ഇത്തവണ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ക്കുകയാണ്. തെലങ്കാന രാഷ്ട്ര സമിതിക്ക് ഭരണവും മേല്‍ക്കൈയുള്ള തെലങ്കാനയിലോ രാഷ്ട്രീയ അടിവേരുകളില്ലാത്ത മിസോറമിലോ നടക്കുന്ന തെരഞ്ഞെടുപ്പിന്റെഫലം ബി.ജെ.പിക്ക് ഇതുപോലെ നിര്‍ണ്ണായകമല്ല.

അത്തരമൊരു അവസ്ഥയിലാണ് 2015 മുതല്‍ അധികാരം പങ്കുവെച്ച ജമ്മു-കശ്മീര്‍കൂടി പ്രതിപക്ഷത്തിന് ആവേശവും കരുത്തുമാകുന്ന സാഹചര്യം ജനാധിപത്യ വിരുദ്ധമായി മോദി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കേന്ദ്രത്തില്‍ എന്‍.ഡി.എ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന പ്രധാനമന്ത്രി വാജ്‌പേയി സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും നയം ഉയര്‍ത്തിപ്പിടിച്ചാണ് അഞ്ചുവര്‍ഷ ഭരണം പൂര്‍ത്തിയാക്കിയത്. എന്നിട്ടും ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബി.ജെ.പിയുടെ അവകാശവാദം 2004ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

തുടര്‍ന്ന് രണ്ടുതവണ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ കൂട്ടുകക്ഷി മന്ത്രിസഭയാണ് അധികാരത്തില്‍ വന്നത്. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അതിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ ഗുരുതരമായ അഴിമതികളും ഉത്തരവാദിത്വമില്ലാത്ത കൂട്ടുകക്ഷി സര്‍ക്കാറിന്റെ ദുര്‍ബല ഭരണവുമാണ് ജനങ്ങളെ എതിരാക്കിയത്. അതു തിരുത്തുമെന്നും അഴിമതി രഹിതവും വികസനോന്മുഖവുമായ ഒരു നല്ലദിനം കൊണ്ടുവരുമെന്നുമുള്ള വാഗ്ദാനമാണ് മോദി മുന്നോട്ടുവെച്ചിരുന്നത്. തന്റെ ഗുജറാത്ത് ഭരണമാതൃകയും. ഇന്ത്യയിലെ ഇടത്തരക്കാരുടെ മഹാഭൂരിപക്ഷം വോട്ടുംനേടി മോദി പ്രധാനമന്ത്രിയായി.

എന്നാല്‍ വികസനമാതൃകയല്ല ഗുജറാത്തില്‍ നടത്തിയ വര്‍ഗീയ ധ്രുവീകരണത്തിന്റെയും ന്യൂനപക്ഷ ആക്രമങ്ങളുടെയും മാതൃക രാജ്യവ്യാപകമാക്കാനുള്ള അവസരമായാണ് സംഘ് പരിവാര്‍ ഭരണാവസരം നാടാകെ പ്രയോജനപ്പെടുത്തിയത്. ഹിന്ദുത്വ – വര്‍ഗീയ രാഷ്ട്രീയം ആളിക്കത്തിച്ച്. ഒടുവില്‍ ഛത്തീസ്ഗഡിലും മറ്റിടങ്ങളിലും വാജ്‌പേയിയുടെ ഭരണമാതൃകയുടെ തുടര്‍ച്ചയാണ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് ഇപ്പോള്‍ മോദിക്ക് തിരുത്തിപ്പറയേണ്ടിവന്നു.

അതുംപോരാഞ്ഞ് രാമജന്മഭൂമിയുടെയും ശ്രീരാമക്ഷേത്രത്തിന്റെയും വര്‍ഗീയ രാഷ്ട്രീയം വീണ്ടും മുന്നോട്ടുവെച്ചു. ഹിന്ദുത്വ വോട്ടുകളെ ആശ്രയിക്കുകയെന്ന പഴയ തന്ത്രം പുറത്തെടുക്കേണ്ടിവന്നു. ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രിയുടെ വിധേയസ്ഥാപനങ്ങളാക്കി മാറ്റുന്ന നടപടികള്‍ തുടര്‍ച്ചയാക്കി. സി.ബി.ഐയുടെയും റിസര്‍വ്വ് ബാങ്കിന്റെയും വിശ്വാസ്യത തകര്‍ക്കുന്ന നടപടികളിലെത്തിയത് അതിന്റെ തുടര്‍ച്ചയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍പോലും വിവാദമായും മനുഷ്യാവകാശ പ്രശ്‌നമായും ഉയര്‍ന്നുനില്‍ക്കുന്ന കശ്മീരില്‍ അതേ ശൈലിയുടെ മറ്റൊരു പ്രകടനമാണ് ഈ ജനാധിപത്യ ഹത്യ. ഇന്ത്യയിലെ ജനങ്ങള്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒരു പുതിയ മുദ്രാവാക്യം മുന്നോട്ടുവെക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. ഭരണഘടനയെ രക്ഷിക്കുന്നതിന് നരേന്ദ്രമോദിയെയും ബി.ജെ.പിയെയും തോല്പിക്കുക എന്ന്. അതിനുപിന്നില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കുന്ന ഒരു സാഹചര്യമാണ് വികസിക്കുന്നത്.

നിത്യ ശത്രുക്കളായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഒന്നിച്ചുവരുന്നതില്‍, ബി.ജെ.പിക്കെതിരെ ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പം നീങ്ങുന്നതില്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍. ദേശീയ സാഹചര്യം രാഷ്ട്രീയ പാര്‍ട്ടികളെ ഇത്തരമൊരു നീക്കത്തിന് നിര്‍ബന്ധിക്കുകയാണ്. മുന്‍കാല ബന്ധങ്ങളും വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട്.

ദേശീയ രാഷ്ട്രീയത്തിലെ ഈ പുതിയ പ്രതിഭാസത്തില്‍നിന്ന് ഏറെക്കുറെ ഒഴിഞ്ഞുമാറി നില്‍ക്കുന്നത് ഇടതുപാര്‍ട്ടികളാണ്. അതും മൊത്തത്തില്‍ പറയാനാകില്ല. സി.പി.ഐ തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ ഈ പുതിയ നീക്കങ്ങള്‍ക്കൊപ്പമാണ്. സി.പി.ഐ.എം മുന്‍കാല പതിവുവിട്ട് മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്നതായാണ് കാണുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സി.പി.എമ്മിനും പുന:പരിശോധന നടത്തേണ്ടിവരും. കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് സംഘ് പരിവാര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയാറാകാത്തതും അവരുടെ തീരുമാനത്തെ സ്വാധീനിക്കും.

സംസ്ഥാനത്ത് പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും കാല്‍ച്ചുവട്ടില്‍നിന്ന് മണ്ണ് അതിവേഗം ഒലിച്ചുപോകുകയാണ്. അത് കണ്ടില്ലെന്നു നടിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഇനി കഴിയാതെവരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top