Flash News

ബിജെപിയും മത വര്‍ഗീയ വിദ്വേഷവും (ലേഖനം)

November 26, 2018 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി

BJPyum mathavargeeyathayum banner-1ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ പരസ്പരം ദ്വേഷിച്ച് പകയിലും ശത്രുതയിലും ജീവിക്കുന്ന ഒരു രാജ്യമായി തീര്‍ന്നിരിക്കയാണ് ധര്‍മ്മരാജ്യമായ ഇന്ത്യ ഇന്ന്. ഇപ്പോള്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി അധികാരത്തിലേറിയതുതന്നെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനതയുടെ മതവികാരങ്ങളെ ഉണര്‍ത്തിക്കൊണ്ടായിരുന്നു എന്നുള്ളതാണ് സത്യം. അദ്വാനി ആരംഭിച്ച രാമക്ഷേത്ര രഥയാത്ര ഏറ്റെടുത്തുകൊണ്ടും നിരവധി മോഹന വഗ്ദാനങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മുമ്പില്‍ നിരത്തിക്കാണിച്ചുകൊണ്ടുമായിരുന്നു തന്ത്രശാലിയും കൗശല ബുദ്ധിമാനുമായ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തിയത്. നാലര വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ സല്‍ഭരണം ഇന്ത്യന്‍ ജനത യഥായഥം നോക്കിക്കണ്ടു, രുചിച്ചറിഞ്ഞിരിക്കുന്നു.

മാധുര്യമേറിയ തൊനൊലിപ്പ് ഭാഷയില്‍ ‘മേരാ പ്യാരേ ദേശ്‌വാസിയോം’ എന്ന് വിളിച്ചുകൊണ്ടും വീണ്ടും പല പുതിയ തട്ടിപ് വാഗ്ദാനങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ നിരത്തിക്കൊണ്ടും അടുത്തുവരുന്ന തിരഞ്ഞെടുപ്പിലും ജയിച്ച് പ്രധാനമന്ത്രിയായി തുടര്‍ന്നും ഇന്ത്യ ഭരിക്കാമെന്നാണ് ഈ വര്‍ഗീയവാദിയുടെ മതിവരാത്ത മോഹം! നരേന്ദ്ര മോദി സര്‍ക്കാരിന്റെ അരിഷ്ടത നിരഞ്ഞ ദുര്‍ഭരണം മൂലം അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 170 സീറ്റില്‍ കൂടുതല്‍ കിട്ടാനും പോകുന്നില്ലെന്ന് ഞാന്‍ ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടേ…

ഈ അല്പ ബുദ്ധിയും പൊങ്ങച്ചക്കാരനുമായ മോദിയേക്കാള്‍, വര്‍ഗീയവാദി തന്നെയാണെങ്കിലും അദ്വാനി എത്രയോ നല്ലൊരു രാഷ്ട്ര മീമാംസകനും പരിണിതപ്രജ്ഞനായ രാഷ്ട്രീയ നേതാവുമാകുന്നു. നരേന്ദ്ര മോദിയെപ്പോലെ വങ്കത്തരങ്ങള്‍ അങ്ങനെ വിളിച്ചുപറയുകയുമില്ലദ്ദേഹം.

കിടക്കാനിടമില്ലാത്തവരായും പാര്‍ക്കാന്‍ ഭവനങ്ങള്‍ ഇല്ലാതെയും പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍‌വ്വഹിക്കുവാന്‍ സൗകര്യങ്ങള്‍ ഇല്ലാതെയും ഇന്ത്യയിലെ ജനകോടികള്‍ ദുരിത ജീവിതം നയിക്കുമ്പോള്‍, രോഗത്തിലും ദാരിദ്ര്യത്തിലും നിസ്സഹായരായി കോടിക്കണക്കിന് ആളുകള്‍ കഷ്ടപ്പെടുമ്പോള്‍ 3000 കോടിയുടെ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിച്ചും, നിരന്തരം വിദേശയാത്രകള്‍ നടത്തിയും ഇന്ത്യന്‍ ധനം ദുര്‍‌വ്യയം ചെയ്ത് മോദിയെപ്പോലെ സുഖിച്ച് ജീവിച്ച മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകുമെന്നും തോന്നുന്നില്ല ! അല്പന്മാര്‍ അധികാരത്തിലേറിയാല്‍ അങ്ങനെയാണല്ലോ? ‘പ്യാരേ ദേശ്‌വാസിയോം’ തട്ടിപ്പ് വിളി 2019 കൊണ്ട് തീര്‍ന്നോളും.

വര്‍ഗീയതയുടേയും മതതിന്റേയും പേരില്‍ ഡസന്‍ കണക്കിന് അഹിന്ദുക്കളെ അധികവും മുസ്ലീങ്ങളെ പശുവിന്റെ പേരില്‍ അരും‌കൊല ചെയ്യുവാന്‍ ഇടയാക്കുകയും ഓര്‍ക്കാപ്പുറത്ത് കറന്‍സി നോട്ടുകള്‍ റദ്ദാക്കിയും ഇന്ത്യയിലെ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്ത നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു കാവി തലേല്‍ക്കെട്ടും കെട്ടി ഇന്ത്യക്കാരോടും ലോകത്തോടും യാതൊരു ഉളുപ്പും കൂടാതെ വിളിച്ചു പറയുന്നത് ഇന്ത്യ തിളങ്ങുകയാണെന്നാണ്. ചില തിളക്കങ്ങള്‍ കാണുക…

• ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യയാണെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്. ഈ വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11400 കോടി രൂപ വെട്ടിച്ചുകൊണ്ട് നീരവ് മോദി കുടുംബവുമായി രാജ്യം വിട്ടുപോയി.

• ലക്ഷക്കണക്കിന് കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്തു (മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുമെന്നായിരുന്നല്ലോ).

• കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി 84 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതിനായി ചിലവാക്കിയത് 1484 കോടിയെന്ന് വാര്‍ത്തകള്‍.

ഇപ്പറഞ്ഞ കഥകളുടെ വെളിച്ചത്തില്‍ വായനക്കാര്‍ വിലയിരുത്തട്ടേ ഇന്ത്യയാണോ അതോ ഇന്ത്യയുടെ ‘പ്യാരാ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ തിളങ്ങി പരിശോഭിക്കുന്നതെന്ന്.

കോണ്‍ഗ്രസിന്റെ അഴിമതികളെ അപലപിച്ചുകൊണ്ടും സാക്ഷാല്‍ ഹൈന്ദവ ദര്‍ശനത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും അധികാരത്തിലേറിയ ബിജെപി മന്ത്രിമാരുടേയും നേതാക്കന്മാരുടേയും കരങ്ങള്‍ ശുദ്ധമാണോ? ഇനിയും എന്തു പറഞ്ഞുകൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിലേറാന്‍ ശ്രമിക്കുന്നത്? രാമക്ഷേത്രപ്പണി തീര്‍ന്നില്ല ! അതിന്റെ കൂടെ ബിജെപിക്ക് ഇപ്പോള്‍ മറ്റൊരു ക്ഷേത്രം കൂടി കിട്ടിയിരിക്കുന്നു, ശബരിമല ! മോദിയുടെ മറ്റൊരു മനോഹര വാഗ്ദാനം “ബേഠി ബചാവോ” ആണ്. ഇത് കാണണമെങ്കില്‍ ഡല്‍ഹിയില്‍ പോകണം.

യഥാര്‍ത്ഥ ഹിന്ദുത്വം എന്തെന്നറിയാത്തവരാകുന്നു ഇന്ത്യയിലെ ആര്‍‌എസ്‌എസുകാരും ബിജെപിക്കാരും. “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന പവിത്രമായ ഹൈന്ദവ സൂക്തത്തിന്റെ അര്‍ത്ഥമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പഠിക്കട്ടെ. പിന്നെ ഹിന്ദുത്വം ഇന്ത്യാക്കാരോട് ഘോഷിക്കട്ടെ. പതിനെട്ട് പുരാണങ്ങളുടേയും സര്‍‌വ്വ ഹിന്ദു വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും ആത്മസത്ത “പരോപകാരമേ പുണ്യം, പാപമോ പരപീഢനം” എന്നുള്ളതു തന്നെയല്ലെ? ഇത് ആചരിച്ച് ജീവിക്കുന്നവനാണ് യഥാര്‍ത്ഥ ഹിന്ദു! ആര്‍ക്കും സംശയം വേണ്ട ഇതില്‍. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിച്ചു ജീവിക്കുന്നവനാകുന്നു യഥാര്‍ത്ഥ ക്രിസ്ത്യാനി അഥവാ ക്രിസ്തു വിശ്വാസി! സഹോദര സ്നേഹത്തില്‍ ജീവിക്കുന്നവനാകുന്നു യഥാര്‍ത്ഥ മുസ്ലീമും. ദാരുണവും ദൗര്‍ഭാഗ്യവുമെന്ന് പറയട്ടേ വര്‍ഗീയതയുടേയും മതവിദ്വേഷത്തിന്റേയും പകയുടെയും ശത്രുതയുടേയും വിഷപ്പുക ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇന്ന് പടര്‍ന്നു വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ദൈവത്തിനുവേണ്ടിയാണ്. പക്ഷെ, ദൈവം എവിടെ?

അടുത്തു നില്‍‌പ്പോരനുജനെ
നോക്കാനക്ഷികളില്ലത്തോര്‍ –
ക്കരൂപനീശ്വരനദൃശ്യനാ-
യാലതിലെന്താശ്ചര്യം ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top