Flash News

തായ്‌ക്കുലം (കവിത): ജ്യോതീബായ്‌ പരിയാടത്ത്

November 28, 2018

Thaikulam banner-1മുതുമുത്തശ്ശിയെ കണ്ടിട്ടുണ്ട് ഞാന്‍
കുറിയ ദേഹം ഇരുണ്ടനിറം
മലര്‍ന്നകിടപ്പില്‍
വശങ്ങളിലേക്ക് തൂങ്ങിയ അമ്മിഞ്ഞകള്‍
പല്ലുകളുണ്ടായിരുന്നോ
ഓര്‍മ്മയില്ല
ഒരു തിരുവോണത്തന്ന് മരിച്ചു
അതിനും മുന്‍പ് നാലുകെട്ടിന്റെ തെക്കെചായ്പ്പിലെ കുടുസ്സുമുറിയില്‍ മാസങ്ങളോളം കിടന്നു
പ്ലാസ്റ്റിക് കളിമണ്ണില്‍ കുഞ്ഞുങ്ങളെന്നപോലെ
ഉറച്ച മലത്തില്‍
ചുമരിലാകെ
വാസനാശില്പങ്ങള്‍ മെനഞ്ഞു

മുതിര്‍ന്ന തായ്ത്തലകളുടെ
എണ്ണല്‍ക്കണക്കില്‍
ആന്റിമാരെന്നല്ല
മുത്തി, മുത്തശ്ശി, അമ്മമ്മ, അമ്മ എന്നിങ്ങനെ
കുട്ടികള്‍ കാലങ്ങളായി വിളി ശീലിച്ചു
അവരുടെ ചാര്‍ച്ചാശാഖകളെ
ചെറിയമുത്തി
വലിയമുത്തശ്ശീ
കുഞ്ഞമ്മമ്മ
വലിയമ്മ
ചെറിയമ്മ
എന്നിങ്ങനെ
അടയാളമിട്ടു തന്നെ വായിച്ചു
അതേ വിധത്തില്‍
തന്തവഴിപ്പേരുകളും
സന്ധ്യാനാമപെരുക്കപ്പട്ടിക കണക്ക്‌
ഞങ്ങള്‍ക്കു പച്ചവെള്ളമായി

മുത്തിയുടെ മകള്‍ മുത്തശ്ശിക്ക്
സ്വന്തം ശബ്ദകോശങ്ങളിലെ ശേഖരം
വളരെ നേരത്തെ തീര്‍ന്നുപോയിരിക്കണം
അവര്‍ ആംഗ്യങ്ങളിലൂടെയും
അര്‍ത്ഥമില്ലാത്ത (എന്നു ഞങ്ങള്‍ കരുതിയ)
ചിരിയിലും കരച്ചിലിലും
കോമാളിത്തം എന്നു
മറ്റുള്ളവര്‍ പരിഭാഷിച്ച ഒച്ചകളിലും
ഒടുവില്‍ എല്ലാം തോറ്റ്‌
ദൈവപ്പടങ്ങള്‍ക്കുമുന്നില്‍
നിരന്തരം മാറത്തടിച്ചും
വിനിമയങ്ങള്‍ നടത്തി
കൈയൂക്കുള്ള ആണുങ്ങളും
വാക്കുകല്ലിച്ച പെണ്ണുങ്ങളും
അവരെ
അമര്‍ത്തി നിര്‍ത്തി.
ഓരോ അടക്കത്തിനും
അടുക്കളയില്‍ പതുങ്ങിച്ചെന്ന്
ഉച്ചിനിറച്ചച്ചെണ്ണ (കട്ടു) പൊത്തി
കുളിക്കടവിലേയ്ക്കുള്ള വേലിചാടി
സ്വന്തം മുള്‍ നോവുകളെ
സ്നാനം ചെയ്യിച്ചു .
ഒടുവില്‍ ഒരൊറ്റ ചാട്ടത്തിന്
വര്‍ത്തമാനത്തിന്റെ വേലികടന്ന ദിവസമാണ്
അവരുടെ മകള്‍
എന്റെ അമ്മമ്മ
ഇടയ്ക്കിടെ
ചില വിളികള്‍ കേട്ടുതുടങ്ങുന്നത്

അക്കാലം
തെക്കോറച്ചായ്പ്പിലെ മുത്തിയറയില്‍ എണ്ണക്കരിപിടിച്ച ഒരു വിളക്കും
ചില്ലിലിട്ട ഒന്നോ രണ്ടോ ശിവകാശിദൈവങ്ങളും
പാര്‍പ്പു തുടങ്ങിയിരുന്നു
ചുമരിലെ കുമ്മായപ്പൂശലില്‍
മുത്തിയുടെ കൈയൊപ്പുകള്‍ സൂക്ഷ്മത്തില്‍ മാത്രം
നിറപ്പെട്ടു.
ഇടകലര്‍ന്ന വാസനകളില്‍
വിളക്കിലെ കരിന്തിരിമണം മുന്തിനിന്നു

കേള്‍പ്പോര്‍ക്കും കാണ്മോര്‍ക്കും
തന്നോടെന്നുതന്നെ തോന്നും മട്ടിലാണ്.
അമ്മമ്മ
സദാസമയവും 1കൂട്ടം കൂടിത്തുടങ്ങി
ഏതു മൂലയില്‍ നിന്നും
പറമ്പിലും പാടത്തും പുഴയിലും ആകാശത്തുനിന്നും
ദിക്കുകളെട്ടില്‍ നിന്നും
ത്രികാലങ്ങളില്‍ നിന്നും
പഞ്ചഭൂതങ്ങളില്‍ നിന്നും
വിളികളെത്തിക്കൊണ്ടേയിരുന്നു
വിളികള്‍..വിളികള്‍…
വിളി കേട്ട്
ചെവിരണ്ടും
മുഷിയാതെ മുഷിഞ്ഞു
കാല്‍ രണ്ടും
3ചലിക്കാതെ ചലിച്ചു
ഒടുവില്‍ എപ്പോഴോ
വിളിയൊക്കെയും നിലച്ചു
കേള്‍വി പോയ അങ്കലാപ്പില്‍ അമ്മമ്മയും.

ഇപ്പോള്‍
അമ്മയുടെ
ചെറിയ വെളുത്ത മിനുത്ത കാലടികള്‍
നിറംപാഞ്ഞു തഴമ്പിക്കാന്‍ തുടങ്ങുന്നുണ്ട്
വേലിമുള്ളുകള്‍ ചിലത്
അമ്മയ്ക്കായി മുന പൊഴിക്കുകയും
അമര്‍ത്തിയതും
അമര്‍ത്താന്‍ വരുന്നതുമായ
കരുത്തൊച്ചകള്‍
അവരില്‍ തടഞ്ഞമരുകയും ചെയ്യുന്നുണ്ട്
എന്നാലും
ചില കേള്‍വിശീലങ്ങളാവണം
ചിലപ്പോള്‍ മാത്രം
സംശയിച്ചും ഉറപ്പില്ലാതെയും
ചിലതിലേയ്ക്ക് അവര്‍ തുടരുന്നുണ്ട്

അരൂപി മൂന്നും
പിന്നെ
അമ്മ
ഞാന്‍.
അവളുമുണ്ട്
എന്റെ മകള്‍
വിളികള്‍ക്കിപ്പോള്‍ ചെവി പൂട്ടുന്നു
അടിയളന്നു തുടങ്ങി
ആയവും ആവൃത്തിയും കൂട്ടി
ആയാസപ്പെടാതെ നടക്കുന്നു
3.’മുള്‍വേലി തിളങ്ങുന്നു’*
***********************
1. കൂട്ടം കൂടുക – വര്‍ത്തമാനം പറയുക
2. ചലിക്കുക – ക്ഷീണിക്കുക
3. മുള്‍വേലി തിളങ്ങുന്നു ബാലാമണിയമ്മയുടെ വിളി എന്ന കവിത

Photo 3-reduced

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top