Flash News

ഗോവ രാജ്യാന്തര ചലച്ചിത്രമേള; മലയാളത്തിന് നേട്ടം, പെല്ലിശേരിക്കും ചെമ്പൻ വിനോദിനും പുരസ്കാരം

November 29, 2018

chemban-lijo-iffi (1)പനാജി: 49-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ കേരളത്തിനു മികച്ച നേട്ടം. മികച്ച നടനും സംവിധായകനുമുള്ള പുരസ്കാരം മലയാളത്തിന്. പ്രദേശിക ഭാഷകളിൽ നിന്നും കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച മലയാളം പുരസ്കാരങ്ങളിലും മികവു പുലർത്തി. മികച്ച സംവിധായകനുള്ള പുരസ്കാരം ഈമയൗ വിലൂടെ ജോസ് പെല്ലിശ്ശേരിക്കും നടനുള്ള പുരസ്കാരം ഇതേ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചെമ്പൻ‌ വിനോദിനും ലഭിച്ചു. സുവർണ മയൂരം യുക്രയിനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പറഞ്ഞ ഡോണാബാസിനാണ്. സെർഗെയ് ലോസ്നിറ്റ്സയാണു സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച നടിക്കുള്ള പുരസ്കാരം ഉക്രയ്ൻ ചിത്രമായ വെൻ ദി ട്രീസ് ഫാൾസിലെ അഭിനയത്തിനു അനാസ്റ്റാസിയ പുസ്തോവിത് നേടി. പ്രണയത്തിന്റെ വിവിധ ഭാവങ്ങളിലേയ്ക്കു നടത്തിയ അന്വേഷണമാണ് അനാസ്റ്റാസിയയെ അവാർഡിന് അർഹമാക്കിയത്.

ജർമൻ ചിത്രമായ അഗയ്ക്കു പ്രത്യേക പരാമർശമുണ്ട്. മഞ്ഞുകാലത്തു വൃദ്ധ ദമ്പതിമാരുടെ കാത്തിരിപ്പിന്റെ കഥ പറഞ്ഞ അഗ മേളയിൽ മികച്ച അഭിപ്രായം നേടിയിരുന്നു. മിൽക്കൊ റാസറോവ് ആണ് അഗയുടെ സംവിധായകൻ. നവാഗത സംവിധായകനുള്ള അവാർഡ് ഫിലിപ്പൈൻസ് ചിത്രം റെസ്പ്റ്റോയിലൂടെ ആൽബ്രട്ടൊ മോണ്ടറേസ് നേടി. ഐസിഎഫ്ടി യുനെസ്കോ ഗാന്ധി പുരസ്കാരം പ്രവീൺ മൊർച്ചാലയുടെ വാക്കിങ് വിത്ത് വിൻഡ് നേടി. ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ഗ്രാമങ്ങളുടെ കഥയാണു വാക്കിങ് വിത്ത് വിൻഡിലൂടെ മൊർച്ചാല പറഞ്ഞത്. ഈ വിഭാഗത്തിൽ ബ്രസീലിയൻ ചിത്രമായ ലൊസ് സെലൻഷ്യസിനു പ്രത്യേക ജൂറി പരാമർശമുണ്ട്. ബെയ്റ്ററിസ് സെയ്ന്ഗ്റാണു സംവിധായിക. ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സലീംഖാനായിരുന്നു. മകനും നടനുമായ അർബാസ് ഖാൻ, സലീം ഖാന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.

49-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ‌ മലയാളത്തിനു മുൻപ് എങ്ങുമില്ലാത്ത പ്രാമുഖ്യമുണ്ടായിരുന്നു. സിനിമകളുടെ പ്രാതിനിധ്യത്തിലും മലയാളികളുടെ സാനിധ്യത്തിലും മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണുണ്ടായിരുന്നത്. 15 മത്സര ചിത്രങ്ങളിൽ രണ്ടു ചിത്രങ്ങൾ മലയാളത്തിൽ നിന്നായിരുന്നു. ആകെ മൂന്നു ഇന്ത്യൻ ചിത്രങ്ങളായിരുന്നു മത്സര വിഭാഗത്തിലുണ്ടായിരുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ മത്സര വിഭാഗത്തിലുള്ള ഭയാനകം, ഈ മ യൗ എന്നിവയുൾപ്പെടെ ആറു ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. ഉദ്ഘാടന ചിത്രവും മലയാളത്തിൽ നിന്നുള്ളതായിരുന്നു. ഷാജി എൻ. കരുണിന്റെ ഓള്.

സ്പോർട്സ് മുഖ്യ വിഷയമാക്കിയ സിനിമാ വിഭാഗത്തിൽ എബ്രിഡ് ഷൈനിന്റെ 1983 ഉൾപ്പെട്ടു. ഇതിനു പുറമെ മമ്മൂട്ടി നായകനായ പേരൻപ്, ദുൽഖർ സൽമാനും കീർത്തി സുരേഷും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുഗു ചിത്രം മഹാനടി, മുൻ മാധ്യമ പ്രവർത്തകൻ പാമ്പള്ളി സംവിധാനം ചെയ്ത ജസരി ഭാഷയിലെ സിൻജാർ എന്നിവയും പനോരമയിൽ ഉൾപ്പെട്ടു. പനോരമയിൽ നോൺ ഫീച്ചർ വിഭാഗത്തിൽ മൂന്നു മലയാളം ചിത്രങ്ങളും മലയാളി മാധ്യമ പ്രവർത്തകൻ വി.എസ്. സനോജിന്റെ ഹിന്ദി ഹ്രസ്വ ചിത്രം ബേണിങും ഉൾപ്പെട്ടിരുന്നു. എബ്രിഡ് ഷൈനിന്റെ രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സമാനമായി ദേശീയ അവാർഡ് ജേതാവ് ഇന്ദ്രൻസ് അഭിനയിച്ച രണ്ടു ചിത്രങ്ങളും പ്രദർശിപ്പിച്ചു. ചലച്ചിത്ര മേളയിലെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയും മലയാളിയായിരുന്നു. കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം.

50-ാം രാജ്യാന്തര ചലച്ചിത്രമേള ജൂബിലി ആഘോഷങ്ങൾ ചരിത്ര സംഭവമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് സെക്രട്ടറി അമിത് ഖരെ സമാപന സമ്മേളനത്തിൽ വ്യക്തമാക്കി. ഗോവയിൽ‌ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോൽസവത്തിനെ രാജ്യത്തിന്റെ മേളയാക്കി മാറ്റിയ പ്രതിനിധികളെയും സംഘാടകരെയും അഭിനന്ദിക്കുന്നതായി ഗോവ ഠൗൺ പ്ലാനിങ് മന്ത്രി വിജയ് സർദേശായി പറഞ്ഞു. ഗോവ ഗവർണർ മിദൃല സിൻഹ, പഞ്ചാബ് ഗവർണർ വി.പി.സിങ് ബഡ്നോർ, കേന്ദ്ര സഹമന്ത്രി ശ്രിപാദ് നായിക് എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. താരങ്ങളായ അനിൽ കപൂർ, രാകുൽ പ്രീത്, ചിത്രാംഗദാ സിങ്, ഡയാനാ പെനറ്റി, കീർത്തി സുരേഷ് എന്നിവരായിരുന്നു സമാപന ചടങ്ങിൽ റെഡ് കാർപ്പറ്റിലെ താരങ്ങൾ.

ഇന്ത്യൻ പനോരമ ജൂറി ചെയർമാൻ രാഹുൽ റാവയ്ൽ, അംഗങ്ങളായ രഖേഷ് ഓം പ്രകാശ്, കബിർ ബേഡി, അന്താരാഷ്ട്ര ജൂറി ചെയർമാനും അംഗങ്ങളും സമാപന ചടങ്ങിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിന് ശേഷം ജര്‍മന്‍ ചിത്രം സീല്‍ഡ് ലിപ്‌സ് പ്രദര്‍ശിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top