Flash News

“ഇതെന്താ വിജയാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നത്? “ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാാ… “

November 30, 2018

cm-sreedharan-pillai-mullapമുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ മോഹന്‍‌ലാലും ശ്രീനിവാസനുമായത് ശബരിമല സമരവുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ്. ‘വിജയന്‍ പറഞ്ഞു, ശ്രീധരന്‍ കേട്ടു’ എന്ന് ശബരിമലയിലെ സമരം നിര്‍ത്തി സെക്രട്ടേറിയറ്റിന് മുമ്പില്‍ ആരംഭിക്കാനുള്ള ബിജെപി തീരുമാനത്തെ ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

കാരണം ഇരുവരുടേയും കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ അങ്ങിനെയേ കരുതാവൂ. ശബരിമലയിലെ സമരം സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിലല്ലെന്നും കമ്യുണിസ്റ്റുകാര്‍ ശബരിമല കയ്യടക്കാന്‍ നോക്കുന്നതിനെതിരെയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കമ്യുണിസ്റ്റുകാര്‍ക്ക് എതിരെയുള്ളതാണെങ്കില്‍ അതൊരു രാഷ്ട്രീയസമരമാണല്ലൊ ; എന്നാല്‍ അത് അയ്യപ്പസന്നിധിയില്‍ തന്നെ വേണോ തിരുവനന്തപുരത്ത് ആയിക്കൂടേ എന്ന് പിണറായി ചോദിച്ചു. പിണറായി ചോദിച്ചതിന്റെ പിറ്റേന്ന് സമരം ശബരിമലയില്‍ നിര്‍ത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ ഡിസമ്പര്‍ മൂന്നു മുതല്‍ ഒന്നാം ഘട്ടമായി 15 ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് പിള്ള പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എതിരെയുള്ള സമരമാണ് ഉദ്ദേശിച്ചതെങ്കില്‍ ശബരിമലയില്‍ ഇത്രയേറെ സംഘര്‍ഷവും ഭക്തന്മാര്‍ക്ക് തലവേദനയും സൃഷ്ടിക്കേണ്ടതുണ്ടായിരുന്നോ, നേരത്തെ തന്നെ സെക്രട്ടേറിയറ്റിന് മുമ്പില്‍ തുടങ്ങിയാല്‍ പോരേ എന്ന് ആരും ചോദിച്ചു പോകും.

A-film-with-Mohanlal-Sreenivasan-pair-is-my-dream-says-Vineeth-Sreenivasanഅവിടെയാണ് നാടോടിക്കാറ്റില്‍ നമ്മുടെ മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ള ഒരു ഡയലോഗ് ഓര്‍മ്മവരിക.  മോഹന്‍ ലാല്‍ ചോദിക്കുന്നു : “ഇതെന്താ വിജയാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നത്?  “ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാാ… ” ശ്രീനിവാസന്റെ മറുപടി.

ശരിയാണ്, ഓരോന്നിനും അതിന്റെതായ സമയമുണ്ട്. ആചാരസംരക്ഷണത്തിന് സമരം ആരംഭിക്കാന്‍ ഒരു സമയം. അയ്യപ്പ സന്നിധിയില്‍ നിന്നും തലസ്ഥാനത്തേക്ക് മാറ്റാനുള്ള മറ്റൊരു സമയം. മണ്ഡലകാലം അവസാനിക്കുന്ന ദിവസം വരേ സമരം ഗതിമാറ്റാനും തുടരാനും പലപല സമയം!

ശ്രീധരന്‍ പിള്ള ഏറ്റവുമൊടുവില്‍ ഒരു കാര്യം കൂടി പറഞ്ഞു : ബിജെപി ശബരിമലയില്‍ സമരം നടത്തിയിട്ടില്ല. അവിടെ വിശ്വാസികളുടെ സമരമായിരുന്നു. വിശ്വാസികളില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടാവും. അവിടെ ബിജെപിയുടെ മുദ്രവാക്യമോ കൊടിയോ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടോ? ഭക്തരില്‍ ആര്‍എസ് എസും, ഹിന്ദു ഐക്യ വേദിയും ഇതര ഹൈന്ദവ സംഘടനകളുമൊക്കെ ഉണ്ടായിരുന്നു.

Sabarimala_0പക്ഷെ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ പലരും ഊഴമിട്ട് സന്നിധിയില്‍ ഉണ്ടായിരുന്നുവല്ലൊ. സെക്രട്ടറി കുന്നുമ്മല്‍ സുരേന്ദ്രന്‍ തുലാമാസ വാവിനും ചിത്തിരാട്ട വിശേഷത്തിനും പിന്നെ മണ്ഡലവിളക്ക് ആരംഭത്തിലുമൊക്കെ സന്നിധാനത്ത് എത്തുകയും നിരോധനാജ്ഞ ലംഘിക്കുകയും അറസ്റ്റ് വരിക്കുകയുമൊക്കെ ഉണ്ടായില്ലേ? പാര്‍ട്ടിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും അയ്യപ്പനെ കണ്ടു. പാര്‍ട്ടിക്ക് ഈ പ്രശ്‌നത്തില്‍ അമിതമായ താല്‍പ്പര്യമുണ്ടെന്നു വ്യക്തം. മാത്രമല്ല ശബരിമല പ്രശ്‌നം പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഒരു സുവർണ്ണാവസരമാണെന്നും പറഞ്ഞത് ശ്രീധരന്‍പിള്ള മറന്നു പോയോ?

ശബരിമലയിലില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിയെ ആദ്യ ദിവസങ്ങളില്‍ ചരിത്ര വിധിയെന്നും അതീവ സ്വാഗതാര്‍ഹമെന്നും പ്രതികരിച്ച വിവിധ രാഷ്ട്രീയ നേതൃത്വം കേവലം പത്ത് വോട്ടുകള്‍ ലക്ഷ്യമാക്കി നടത്തിയ കരണം മറിച്ചല്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്നായി മനസിലായിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ശബരിമലയുടെ പേരില്‍ എന്തൊക്കെ കാണാനിരിക്കുന്നുവെന്ന് അയ്യപ്പനേ അറിയൂ. ശരണമയ്യപ്പാാ….


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top