Flash News

സാമൂഹ്യനീതിയില്‍ സ്ത്രീ സുരക്ഷ: ഡോ. നന്ദകുമാര്‍ ചാണയില്‍

December 1, 2018 , ഡോ. നന്ദകുമാര്‍ ചാണയില്‍

Nandakumar photoമനുസ്മൃതികളുടെ ആചാര്യന്‍ പണ്ടുപണ്ടേ പറഞ്ഞുവെച്ച ഒരു പ്രമാണമുണ്ട് “മാതാ രക്ഷതി ബാല്യേ, പിതാ രക്ഷതി കൗമാരേ, ഭര്‍ത്താ രക്ഷതി യൗവ്വനേ, പുത്രോ രക്ഷതി വാര്‍ദ്ധക്യേ. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.” എന്നാല്‍ ഈ വചനങ്ങളിലെ അവസാന പാദം പലരും ശരിയായി ധരിക്കാത്തതുകൊണ്ടോ, അല്ല; അറിവില്ലായ്മകൊണ്ടോ തെറ്റായി വ്യാഖ്യാനിച്ചും, അസ്ഥാനത്ത് ഉദ്ധരിച്ചുകൊണ്ടുമാണ് കണ്ടുവരാറ്. സമൂഹത്തില്‍ സ്ത്രീക്കുള്ള പദവിയും പങ്കും പരിഗണിച്ച്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കുടുംബത്തിന്റെ മര്‍മ്മം ഒരു സ്ത്രീ ആകയാല്‍, അവരുടെ നിലനില്‍പും, ഭദ്രതയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ പൊതുധര്‍മ്മമായിത്തീര്‍ന്നു. അതുകൊണ്ടാണ് ശൈശവകാലത്ത് അമ്മയും, കൗമാര പ്രായത്തില്‍ പിതാവും, യൗവ്വനത്തില്‍ ഭര്‍ത്താവും, വാര്‍ദ്ധക്യത്തില്‍ പുത്രനും സ്ത്രീ സുരക്ഷയ്ക്കായി സ്വമേധയാ ഈ ചുമതല ഏറ്റെടുത്തിരുന്നത്. അങ്ങനെയുള്ള സുരക്ഷാ വലയത്തെ അസ്വാതന്ത്ര്യമായി തെറ്റായി ധരിച്ച് വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് ഒരു സ്ത്രീയും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നു ചിലരെങ്കിലും ഘോഷിക്കാന്‍ ഹേതുവായതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. സ്ത്രീ സുരക്ഷ സാമൂഹ്യനീതിയില്‍ അനുശാസിക്കുന്നുണ്ടെങ്കിലും, പ്രാവര്‍ത്തികമാക്കുന്നതില്‍ മറ്റു എല്ലാ മനുഷ്യ വ്യാപാരങ്ങളിലുമെന്നപോലെ ഇവിടെയും ലംഘിക്കപ്പെടുന്നതു കാണാം.

അണ്ഡത്തിന്റേയും, ഗര്‍ഭകോശത്തിന്റേയും, ഗര്‍ഭപാത്രത്തിന്റേയും, ശിശുവിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യന്താപേക്ഷിതമായ അമ്മിഞ്ഞപാലിന്റേയും ഉടമസ്ഥാവകാശം ഉടയോന്‍ സ്ത്രീക്ക് മാത്രമായി കനിഞ്ഞ് അനുഗ്രഹിക്കകൊണ്ട് സ്ത്രീ സുരക്ഷ ഭദ്രമാക്കേണ്ടത് സമൂഹത്തിന്റ ധര്‍മ്മവും ചുമതലയുമായി. അങ്ങനെ സമൂഹ നിലനില്‍പിന്റെ ആധാരകേന്ദ്രത്തെ ആദരപൂര്‍വ്വം സമാനഭാവനയോടെ നോക്കി കാണാന്‍ വിവേകമുള്ളവര്‍ക്കേ സാധിക്കൂ. സദാചാര വിഹീനത, അദമ്യമായ കാമാസക്തി, സ്വാര്‍ത്ഥത. അന്തസ്സാരവിഹീനത, പേശീബലത്തിന്റെ അഹങ്കാരം എന്നിവയാല്‍ തിമിരം ബാധിച്ച വിടന്മാര്‍ക്ക് മാത്രമേ സ്ത്രീയെ കാമകേളിക്കുള്ള സാമഗ്രിയായി കാണാന്‍ സാധിക്കൂ. അതുകൊണ്ടാണല്ലോ അക്രമാസക്ത പ്രവണതകളും, ബലാത്സംഗങ്ങളും സമൂഹത്തില്‍ നടമാടുന്നത്. സ്ത്രീയുടെ പവിത്രതയും സുരക്ഷയും സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. സ്ത്രീയുടെ സ്വത്വത്തേയും ത്യാഗത്തേയും നിഷ്കരുണം മറന്ന് ഒരു മേധാവിത്വം അടിച്ചേല്‍പിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? വാസ്തവത്തില്‍ സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.

ജീവശാസ്ത്രപരവും, ശാരീരികവുമായ ഘടകങ്ങളുടെ മറവില്‍ സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്നതിനും അടിച്ചമര്‍ത്തുന്നതിനും നിയമപരിരക്ഷ എല്ലായ്‌പ്പോഴും ലഭ്യമായിക്കൊള്ളണമെന്നില്ല. ജീവശാസ്ത്രപരമായ സവിശേഷതകള്‍ കാരണം സ്ത്രീകളെ അകറ്റി നിര്‍ത്തുന്നതോ വിവേചനം കാട്ടുന്നതോ ആയ ഏതു ആചാരവും യുക്തിഹീനവും അടിസ്ഥാനരഹിതവുമാണ്. മാനവചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് മര്‍ദ്ദിതരും അടിച്ചമര്‍ത്തപ്പെട്ടവരും ഒരുനാള്‍ (ഇന്നല്ലെങ്കില്‍ നാളെ) അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്നുള്ള വസ്തുതയാണ്. സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം, കായികം എന്നീ മേഖലകളില്‍ പുരുഷാധിപത്യത്താല്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ കാലാകാലങ്ങളിലായി വിമോചനത്തിനായി ക്ലേശിക്കുന്നതും നാം കാണുന്നുണ്ടല്ലോ? പ്രസ്തുത മേഖലകളിലും വിശിഷ്യ മാനസികമായും, സ്ത്രീ സുരക്ഷ ലഭ്യമാക്കാത്തിടത്തോളം കാലം സമൂഹത്തില്‍ സ്ത്രീ ചൂഷണം തുടരുകയേയുള്ളൂ. അതാത് ഭരണകൂടങ്ങള്‍ക്ക് നിയമസുരക്ഷ വാഗ്ദാനം ചെയ്യാമെങ്കിലും അത് പ്രാവര്‍ത്തികമാക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണ്. സ്ത്രീ സുരക്ഷയ്ക്കായി സ്ത്രീകള്‍ തന്നെ സ്വയം സുസജ്ജരാകേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം തന്നെ അബലയെന്ന തെറ്റായ പദപ്രയോഗം സബല എന്നാക്കി തിരുത്തേണ്ട ചുമതലയുമുണ്ട്. വംശവര്‍ദ്ധനാ പ്രക്രിയയില്‍ സുപ്രധാന പങ്കും വഹിക്കുന്നതും മഹിളകളാണല്ലോ. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തില്‍ നിന്നും മോചനം നേടുന്നതില്‍ ചില സ്ത്രീകളെങ്കിലും വൈമുഖ്യം കാണിച്ചാലും പൊതുവെ, പാരതന്ത്ര്യത്തില്‍ നിന്നും മോചനം പ്രാപിക്കാനും തുല്യത നേടാനുമുള്ള വാഞ്ജ സജീവമാണെന്നതു ശുഭോദര്‍ക്കം തന്നെ.

(സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top