Flash News

എക്സ്ക്ലൂസീവ് തേടി പോകുന്നവര്‍ക്കിട്ടൊരു കൊട്ടും മാധ്യമങ്ങള്‍ക്കൊരു തട്ടും

December 1, 2018 , .

65281940 (1)എക്സ്ക്ലൂസീവ് തേടി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശരിക്കും പണി കൊടുത്ത് സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയപ്പോള്‍ തെണ്ടിപ്പോയത് എക്സ്ക്ലൂസീവ് ബൈറ്റിനുവേണ്ടി പരക്കം പായുന്ന ചില പത്രക്കാര്‍ക്കും ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുമാണ്. മുഖ്യമന്ത്രിയടക്കം മറ്റു മന്ത്രിമാര്‍, പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമ പ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി സർക്കാറിനുവേണ്ടി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ മാധ്യമ പ്രവർത്തകർക്കിടയിലെ ചൂടുള്ള ചർച്ചാ വിഷയം. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലങ്ങും വിലങ്ങും ഇടപെടുന്ന മാധ്യമ പ്രവർത്തകർ ഈ പ്രതിസന്ധിഘട്ടം എങ്ങനെ തരണം ചെയ്യും എന്നാണ് മറ്റുള്ളവർ ഉറ്റു നോക്കുന്നത് .

മുഖ്യമന്ത്രിയോടും മന്ത്രിമാരോടും നിർബന്ധപൂർവം വിവരം തേടാനാവില്ല, മാധ്യമബന്ധം പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന മാത്രം, ജില്ലാതലത്തിൽ സർക്കാർ വകുപ്പുകൾ നേരിട്ട് വാർത്ത നൽകരുത് എന്നൊക്കെയാണ് നിയന്ത്രണത്തിലുള്ളത്. 24 മണിക്കൂറും പറഞ്ഞും കാണിച്ചും കൊണ്ടേയിരിക്കുന്ന കാക്കത്തൊള്ളായിരം വാർത്താ ചാനലുകളുടെയും അച്ചടിച്ചുകൊണ്ടേയിരിക്കുന്ന ദിനപത്രങ്ങളുടേയും ‘സോഴ്സ്’ ഇപ്പറഞ്ഞ മന്ത്രിമാരും സെക്രട്ടേറിയറ്റും അധികാരത്തിന്റെ ശീതള ഛായയുള്ള ദർബാർ ഹാൾ, സൗത്ത് കോൺഫറൻസ് ഹാൾ, അനക്‌സ് തുടങ്ങിയവയുടെ ഇടനാഴികളും ആണെന്നിരിക്കെ ഈ നിയന്ത്രണത്തിന് മാധ്യമങ്ങൾ വലിയ വില തന്നെ നൽകേണ്ടി വരും.

നിയന്ത്രണങ്ങള്‍:
പി.ആർ.ഡി.യിലെ വിവിധ വകുപ്പുകളിലേക്ക്‌ പ്രവേശിക്കുന്നതിന് അക്രഡിറ്റേഷനോ പ്രവേശന പാസോ നിർബന്ധം. മറ്റു മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റിലെ സന്ദർശന സമയത്ത് പ്രവേശിക്കാം. ദർബാർ ഹാൾ, സൗത്ത് കോൺഫറൻസ് ഹാൾ, അനക്‌സ്എന്നിവിടങ്ങളിലെ പ്രവേശനം പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാക്കി. ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ്, ഹോട്ടലുകൾ എന്നിവിടങ്ങളിൽ മാധ്യമ ഏകോപനം പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗം മുഖേന മാത്രമായിരിക്കും. പൊതുവേദികൾ, സർക്കാർ-സർക്കാരിതര സ്ഥാപന കവാടം, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രശസ്ത വ്യക്തികൾ തുടങ്ങിയവർ മാധ്യമങ്ങളുമായി സംവദിക്കുന്നുണ്ടോ എന്നത് പി.ആർ.ഡി.യെ മുൻകൂട്ടി അറിയിക്കണം. വേണമെങ്കിൽ പി.ആർ.ഡി. വകുപ്പ് അതിന് ഇവിടങ്ങളിൽ പ്രത്യേക സംവിധാനമൊരുക്കണം. ജില്ലാതലത്തിൽ വകുപ്പുതല പരിപാടികളുടെ വാർത്ത നൽകൽ, മാധ്യമങ്ങളെ ക്ഷണിക്കൽ എന്നിവ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാത്രമാക്കി. വകുപ്പിൽനിന്നുള്ള പത്രക്കുറിപ്പുകൾ ജില്ലാ മേധാവി ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് നൽകണം. ഇക്കാര്യം ഉറപ്പുവരുത്താൻ കളക്ടർമാർക്ക് നിർദേശം നൽകണം. പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കൽ, മാധ്യമ പ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകൾ എന്നിവയ്ക്കെല്ലാം നിയന്ത്രണമുണ്ട്.

മേൽപ്പറഞ്ഞ നിയന്ത്രണങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യമുണ്ട് . ഇനി പി.ആർ.ഡി യാണ് താരം. പി.ആർ.ഡി റിലീസുകൾക്ക് പുല്ലുവില കല്പിക്കാതെ അതെടുത്ത് മേശപ്പുറം തുടയ്ക്കുകയും സർക്കാറിന്റെ പിന്നാമ്പുറക്കഥകൾ തേടിപ്പോവുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ഒരു കൂച്ചുവിലങ്ങ് !

മുഖ്യമന്ത്രി നിർദ്ദേശം നൽകാതെ ഇങ്ങനെയൊരു നിയന്ത്രണം വരാൻ സാദ്ധ്യതയില്ലെന്ന് ഏതു മാധ്യമ ശിശുവിനും മനസ്സിലാകും. അദ്ദേഹം എന്തുകൊണ്ടാവാം ഇങ്ങനെയൊരു നിയന്ത്രണത്തിന് ഉത്തരവിട്ടത്? ഉത്തരം ലളിതം. ക്ഷണിക്കാതെ വന്നു എല്ലായിടത്തും വലിഞ്ഞുകയറി ‘വിവാദമുണ്ടോ? വിവാദമുണ്ടോ?’ എന്ന് ചുഴിഞ്ഞു നോക്കുന്ന മാധ്യമ പ്രവർത്തനം തൽക്കാലം വേണ്ട. മനസ്സിലായില്ലേ ? മുൻപ് പറഞ്ഞതുതന്നെ, ‘കടക്ക് പുറത്ത്.’

‘എക്സ്ക്ലൂസീവ്’ , ‘ബൈറ്റ്’ ജേർണ്ണലിസ്റ്റുകളാണ് ഈ നിയന്ത്രണം കൊണ്ട് തെണ്ടിപ്പോവുക. സ്വന്തമായൊരു ബൈറ്റ്, ഒരു എക്സ്ക്ലൂസീവ് സ്റ്റോറി എന്നൊക്കെയുള്ളത് ഏതൊരു മാധ്യമ പ്രവർത്തകന്റെയും ആഗ്രഹവും അവകാശവും ആയിരിക്കെ ഇത്തരമൊരു നിയന്ത്രണം ആഗ്രഹങ്ങളുടെ കടയ്ക്കൽ കത്തി വെക്കുന്നതായിപ്പോയി. പി.ആർ.ഡി എല്ലാവരേയും വിളിച്ചുകൂട്ടി കൊടുക്കുന്ന മന്ത്രിയുടെ ബൈറ്റിൽ നിന്ന് എന്ത് എക്സ്ക്ലൂസീവാണ് ഉണ്ടാക്കുക! മന്ത്രിമാരും വി.ഐ.പികളും ഉള്ള ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് , ഹോട്ടലുകൾ എന്നിവിടങ്ങളിൽ പതുങ്ങിയെത്തി എക്സ്ക്ലൂസീവ് വാർത്തയെടുത്തോടുക, പൊതുവേദികളിലും സർക്കാർ-സർക്കാരിതര സ്ഥാപന കവാടങ്ങളിലും വാർത്തയുടെ മണം പിടിച്ച് ഓടിച്ചെന്ന് ബൈറ്റ് സംഘടിപ്പിക്കുക, എയർപോർട്ട്- റെയിൽവേ സ്റ്റേഷൻ-ഗസ്റ്റ് ഹൗസ്-സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ സോഴ്സുകളിൽ നിന്നും വി.ഐ.പി കളെത്തുന്ന സമയമറിഞ്ഞു നട്ടപ്പാതിരയ്ക്കും പുലർച്ചയ്ക്കുമൊക്കെ ഉറക്കമൊഴിച്ച് കാത്തു കാത്തിരുന്ന് വിഷ്വലും ബൈറ്റും എക്സ്ക്ലൂസീവും തരപ്പെടുത്തുക തുടങ്ങിയ മാധ്യമ കലാപരിപാടികളെയാണ് ഈ നിയന്ത്രണം ബാധിക്കുക. ഇതൊന്നുമില്ലാതെ പിന്നെ എന്തോന്ന് മാധ്യമ പ്രവർത്തനം ! വാക്കുകളിലും വാർത്തകളിലും കാഴ്ചപ്പാടുകളിലും എൺപത് ശതമാനവും നിറയുന്നത് രാഷ്ട്രീയമാകുന്ന വർത്തമാന കാലത്ത് പ്രത്യേകിച്ചും.

മാധ്യമ പ്രവർത്തകരെ ‘തീ കായുന്നപോലെ’ ഒരകലം പാലിച്ചു നിർത്തുക എന്ന ഈ തന്ത്രം അതേ പോലെ നടപ്പാക്കിയാൽ എന്തോ ചിലതൊക്കെ മറയ്ക്കാനല്ലേ ഇതൊക്കെയെന്ന് അവർക്ക് തോന്നിക്കൂടായ്കയില്ലല്ലോ. പ്രധാനമന്ത്രിയും ഇതുപോലൊക്കെയുള്ള നിയന്ത്രണങ്ങളല്ലേ ഇന്ദ്രപ്രസ്ഥത്തിലും മറ്റു കേന്ദ്ര മന്ത്രിമാരുടെ കാര്യത്തിലും മാധ്യമങ്ങൾക്കായി നടപ്പാക്കിയിട്ടുള്ളത് ? അന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളികൂട്ടിയവരിൽ നിന്നല്ലേ ഈ നടപടി ക്രമങ്ങൾ ഉത്തരവായി ഇറങ്ങുന്നത് ?

പക്ഷെ ഇതിൽ ഒരു ശരിയുണ്ട്. അത്, ‘ബൈറ്റെടുക്കാൻ’ എന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ തടയും എന്നുള്ളതാണ്. കൂട്ടം കൂടലും, ഉന്തും തള്ളും, മൈക്ക് കൊണ്ട് മോന്തയ്ക്ക് കുത്തലും….! ഒരു നല്ല വിഷ്വൽ കിട്ടാതെ പാവം ക്യാമറാമാൻ വെള്ളം കുടിക്കുന്നത് നാം കാണാറില്ലേ ? ഈ നിയന്ത്രണത്തിൽ ആശ്വസിക്കുന്ന ഒരു വിഭാഗം ക്യാമറാമാൻമാരായിരിക്കാനാണ് സാധ്യത. വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ളതുപോലെ നിറയെ മൈക്കുകൾ വെക്കാവുന്ന ഒരു സ്റ്റാൻഡ് സംഘടിപ്പിച്ച് കൊടുത്ത്, ഒരു സ്ഥലവും കാണിച്ചുകൊടുത്താൽ, വി.ഐ.പികൾക്ക് കനിവുണ്ടെങ്കിൽ തിക്കിത്തിരക്കില്ലാതെ ബൈറ്റെടുത്ത് പോകാൻ പറ്റുമല്ലോ. എല്ലാവർക്കും ആശ്വാസം ! അപ്പോഴും ഒന്നുള്ളത് അത് എക്സ്ക്ലൂസീവ് ആവുകയില്ല എന്നതാണ് .

ഇക്കാര്യത്തിൽ കേരളാ പത്രപ്രവർത്തക യൂണിയന്റെ നിലപാട് എന്താണെന്ന് മാധ്യമ പ്രവർത്തകർ ഉറ്റുനോക്കുന്നുണ്ട് . മുൻപ് ഇങ്ങനെ കുറേ കാര്യങ്ങളിൽ ഉറ്റുനോക്കിയിട്ടും കാര്യമായൊന്നും കാണാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ ഇതൊരു ചടങ്ങ് മാത്രമായിത്തീരുകയും ചെയ്യും.

പിൻകുറിപ്പ്: സർക്കാർ വാർത്തകളോ സർക്കാർ തരുന്ന വാർത്തകളോ മാത്രം കൊടുത്താൽ മതിയെന്ന് നിഷ്കർഷിക്കുന്ന ചില രാജ്യങ്ങളും സംസ്ഥാനങ്ങളും ഒക്കെയുണ്ട് ഈ ലോകത്ത് . ആ പട്ടികയിൽ നമ്മളും ഇടംപിടിക്കുമോ ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top