Flash News

കിളിക്കൊഞ്ചല്‍ (ബാലസാഹിത്യ നോവല്‍ – 6): കാരൂര്‍ സോമന്‍

December 2, 2018

Kilikonchal 6 banner-smallകുഞ്ഞമ്മയുടെ കൈയ്യില്‍ വലിയ വടി കണ്ടപ്പോള്‍ ചാര്‍ളിയുടെയുള്ളില്‍ ഒരു നടുക്കം തന്നെയുണ്ടായി. പാവം തത്തമ്മയെ അടിച്ചുകൊല്ലാനുള്ള ശ്രമമാണ്. ആ ശ്രമം നടപ്പാക്കരുത്. മനസ്സാകെ സംഘര്‍ഷത്തിലായി. തത്തമ്മ ചോറ് കൊത്തി തിന്നുന്നതിലാണ് ശ്രദ്ധ മുഴുവന്‍. ഒന്ന് മുഖമുയര്‍ത്തി നോക്കുന്നില്ലല്ലോ. കുഞ്ഞമ്മ ഭിത്തിക്ക് മറഞ്ഞുനില്‍ക്കുകയാണ്. അത് കണ്ടുനില്‍ക്കാനുള്ള ക്ഷമ അവനില്ലായിരുന്നു. തത്തമ്മയെ കൊല്ലാന്‍ ഞാന്‍ അനുവദിക്കില്ല. കുഞ്ഞമ്മ ഓടിയെത്തി ഒരടി കൊടുത്താല്‍ തത്തമ്മക്ക് രക്ഷപ്പെടാനാകില്ല. തത്തമ്മ എന്നെ സ്നേഹിക്കുന്നു എന്ന ഒറ്റ കാരണത്താലാണ് അതിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കുഞ്ഞമ്മ വളരെ ഗൗരവത്തിലാണ്. തത്തമ്മയെ നോക്കുന്നത്. അവന് ദുഃഖം തോന്നി. കുഞ്ഞമ്മ പതുക്കെ കാല് മുന്നോട്ട് വെച്ചപ്പോള്‍ അവന്റെ മുഖം വിളറി. കുഞ്ഞമ്മ വടി മുകളിലേക്ക് ഉയര്‍ത്തുന്നത് കണ്ട് അവന്റെ മനസ്സ് തളര്‍ന്നു. അവന്റെ പ്രതികരണം പെട്ടെന്നായിരുന്നു.

“കുഞ്ഞമ്മേ, തത്തമ്മയെ കൊല്ലരുത്”

അത്രയും പറഞ്ഞിട്ട് മുകളിലേക്കുയര്‍ത്തിയ വടിയില്‍ കയറിപിടിച്ചു. തത്ത പെട്ടെന്ന് പറന്നുപോയി. അതവന് ആഹ്ലാദം പകര്‍ന്നു. റീന അത് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആ ജന്തുവിനെ കൊല്ലാനുള്ള നല്ലൊരു അവസരമാണ് അവന്‍ നഷ്ടപ്പെടുത്തിയത്. തിന്നുന്ന ചോറിന് നന്ദിയില്ലാത്തവന്‍. എന്നെ കള്ളി എന്നു വിളിക്കുന്നത് അവനും ഇഷ്ടമാണ്. അതിനുള്ള അടി ഇവനാണ് വേണ്ടത്.

കുഞ്ഞമ്മ അവനെ പുറത്തേക്കിറക്കി. കൈയ്യിലിരുന്ന വലിയ വടികൊണ്ട് ആഞ്ഞടിച്ചു. ആ ഒറ്റയടിയില്‍ അവന്‍ അട്ടയെപ്പോലെ ചുരുണ്ടു.

“അഹങ്കാരീ. നീ ഇത്രക്ക് വളര്‍ന്നോ. എന്റെ വടിയില്‍ പിടിക്കാന്‍.”

WRITING-PHOTO-reducedകൈയ്യിലിരുന്ന വടി കളഞ്ഞിട്ട് കൈകൊണ്ട് പുറത്തും കാലിലും തല്ലി. മാവിന്‍കൊമ്പില്‍ മൂകമായിരുന്ന തത്തമ്മ പറന്നുവന്ന് റീനയുടെ തലയില്‍ കൊത്തിയത് പെട്ടെന്നായിരുന്നു. ഒന്ന് തല ഉയര്‍ത്തി നോക്കാന്‍പോലും ശ്രമിക്കാതെ റീന അകത്തേക്ക് ഭയന്നോടി. ഓടുന്നതിനിടയില്‍ തറയിലേക്ക് വഴുതിവീണു. കാല്‍മുട്ട് തറയില്‍ ഇടിക്കുകയും ചെയ്തു.

ചാര്‍ളിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി നിന്നെങ്കിലും കുഞ്ഞമ്മ വീഴുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി. ഓടി ചെന്ന് അവന്‍ കൈയ്യില്‍ പിടിച്ചെങ്കിലും ആ കൈ റീന തട്ടിമാറ്റി ദേഷ്യപ്പെട്ടു.

“നീ ഒരുത്തനാ ഈ വീടിന്റെ നാശം. ഇപ്പം തത്തയും എന്റെ തലയില്‍ കൊത്തി.”

റീന തലയില്‍ കൈ വെച്ച് മുടികളുടെയിടയില്‍ വിരലുകള്‍കൊണ്ട് പരതി നോക്കി. രക്തം പൊടിക്കുന്നുണ്ടോ? കൈവിരലുകള്‍ നോക്കിയപ്പോള്‍ രക്തമെടുത്തിട്ടില്ലെന്ന് മനസ്സിലായി. എന്നാലും നല്ല വേദന തോന്നി.

അകത്തെ മുറിയിലെ കണ്ണാടിക്ക് മുന്നില്‍ നിന്ന് മുടി ചീകി. മനസ്സ് ശാന്തമായിരുന്നില്ല. അവളുടെ കണ്ണുകളില്‍ തത്തയോടുള്ള പ്രതികാരം വര്‍ദ്ധിച്ചു. തലയില്‍ തടവി. എന്തൊരു വേദന. അതിന്റെ കൊക്കിന് ഇത്ര ശക്തിയുണ്ടെന്ന് കരുതിയില്ല. ഈ തത്ത എന്നെ ഇങ്ങനെ കൊത്താന്‍ തുടങ്ങിയാല്‍ എനിക്കെങ്ങനെ പുറത്തിറങ്ങാന്‍ കഴിയും. തത്തകള്‍ സല്‍സ്വഭാവികളാണെന്നാണ് കേട്ടിട്ടുള്ളത്. ഈ തത്ത എങ്ങനെ പ്രതികാര ദാഹിയായി. തല വേദനിച്ചപ്പോള്‍ വീണ്ടും വിരലുകള്‍ കൊണ്ട് തടവി. ഇവന്‍ തത്തയുമായി നല്ല ചങ്ങാത്തത്തിലാണ്. എന്നെ ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇവന്‍ തന്നെയാണ്. മുമ്പൊരിക്കലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. തത്ത മനസ്സില്‍ നിന്ന് മാറുന്നില്ല. റീന ചിന്തിച്ചു. എങ്ങനെയും അതിനെ വകവരുത്തണം. അത് വടികൊണ്ടാകരുത്. ചാര്‍ളി സ്ക്കുളില്‍ പോകുന്ന ദിവസങ്ങളില്‍ ഉച്ചക്ക് ചോറ് പുറത്തേക്കിട്ടാല്‍ അത് കൊത്തിത്തിന്നാന്‍ വരും. വിഷം പുരട്ടിയ ചോറുകൂടിയായാല്‍ സ്വയം എവിടെയെങ്കിലും പോയി ചത്തൊടുങ്ങിക്കൊള്ളും. അതോടെ അതിന്റെ ശല്യം ഒഴിവാകും. ശല്യക്കാരായ മനുഷ്യരെ പോലെ ഒരു തത്തയും പിറന്നിരിക്കുന്നു. ഈ മണ്ണില്‍ നിന്ന് ഇനിയും ആരുടേയും തലയില്‍ ഈ തത്ത കൊത്തരുത്. റീന കെവിന്‍ കളിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കു പോയി.

kili-6ചാര്‍ളി കഴിച്ചുകൊണ്ടിരുന്ന പാത്രത്തിലെ ബാക്കി ഭക്ഷണവും കഴിച്ചിട്ട് എഴുന്നേറ്റ് പാത്രവും കൈയും വായും കഴുകി. പാത്രം കഴുകുമ്പോള്‍ അവന്റെ കണ്ണുനീര്‍ത്തുള്ളികളും പുറത്തേക്കൊഴുകി. കുഞ്ഞ് ഇളം കാറ്റ് അവനെ തലോടിക്കൊണ്ട് കടന്നുപോയി. മനസ്സ് അവനെ സാന്ത്വനപ്പെടുത്തി പറഞ്ഞു.

“അടി കൊണ്ടാലെന്താ? തത്തമ്മയെ രക്ഷപ്പെടുത്തിയില്ലേ?” കവിള്‍ത്തടത്തിലൂടെ ഒഴുകിയ കണ്ണുനീര്‍ തുടച്ചു മാറ്റിയിട്ട് മുഖം കഴുകി. അവന്‍ മുഖമുയര്‍ത്തി മാവിലേക്ക് നോക്കി. തത്തമ്മയെ കാണാനില്ല. തത്തമ്മയുടെ മുത്തുകള്‍ പോലുള്ള കാലുകളും മഞ്ഞയും ചുവപ്പും കലര്‍ന്ന പവിഴച്ചുണ്ടുകളും കാണാന്‍ നല്ല അഴകാണ്. പച്ചയാര്‍ന്ന ചിറകുകള്‍ കാണാനും നല്ലതാണ്. കണ്ണുകള്‍ക്കുപോലും എന്തൊരു തിളക്കമാണ്. എന്നാല്‍ കൂട്ടുകാരന്‍ തത്തക്ക് അത്രയും സൗന്ദര്യമില്ല. ഇനിയും ഇനി കടല്‍പുറത്ത് പോകുമ്പോള്‍ തത്തമ്മയുടെ ഒരു മനോഹര ശില്പം തീര്‍ക്കണം. കടലമ്മയും എന്റെ ശില്പത്തിനായി കാത്തിരിക്കയല്ലേ.

തത്തമ്മയെ കാണാന്‍ അവന് കൊതി തോന്നി. ഇത്ര അഴകുള്ള തത്തമ്മയെ കൊല്ലാന്‍ കുഞ്ഞമ്മക്ക് എങ്ങനെ മനസ്സ് വന്നു. ഇനിയും കുഞ്ഞമ്മ വെറുതെ ഇരിക്കില്ല. തത്തമ്മ തലക്കല്ലേ കൊത്തിയത്? തത്തമ്മയോട് പറയണം ഇവിടെ വരുമ്പോള്‍ സൂക്ഷിക്കണം. കാല് വേദനിച്ചപ്പോള്‍ അവന്‍ നോക്കി. കാലില്‍ അടികൊണ്ട പലയിടവും കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇന്ന് എത്ര അടികൊണ്ടു എന്നത് ഒരു നിശ്ചയവുമില്ല. അടി വാങ്ങുന്നത് തെറ്റി ചെയ്തിട്ടല്ലേ? അതിനാല്‍ അടിക്കുന്നവരോട് ഒരു ദ്വേഷ്യവും തോന്നാറില്ല. അടികൊണ്ട് മരവിച്ച എന്റെ ശരീരത്തിന് അടികള്‍ മുറിവുകള്‍ ഉണ്ടാക്കുന്നില്ല. മനസാ വേദനിക്കുമ്പോള്‍ കുറച്ചു നേരമിരുന്ന് കരയും. അതോടെ വേദനകള്‍ മാറും. നീ എന്തിനാണ് ഇങ്ങനെ അടികൊള്ളുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഞാനെപ്പോഴും നന്മയുടെ ഭാഗത്താണ് നില്‍ക്കുന്നത്. തിന്മ ചെയ്യുന്നവരെ തടുക്കുമ്പോള്‍ എന്നോട് ദ്വേഷ്യവും അമര്‍ഷവും കാട്ടി എന്നെ ഉപദ്രവിക്കുന്നു. ഒരല്പം സ്നേഹമോ ദയയോ എന്നോട് കാട്ടാറില്ല. അതിനാല്‍ നിഷേധിയെന്നും അഹങ്കാരിയെന്നുമൊക്കെ കുഞ്ഞമ്മ വിളിക്കുന്നു.

വീടിന്റെ കതകടക്കുന്ന ശബ്ദം കാതുകളില്‍ പതിഞ്ഞു. അവന്റെ മനസ്സും ശാന്തമായി. കുഞ്ഞമ്മക്ക് ഉറങ്ങാനുള്ള സമയമായി. അവന്‍ മുന്നോട്ട് നടന്നു.

തൊഴുത്തിന്റെ ഒരു കോണില്‍നിന്ന് കൂന്താലിയും മമ്മട്ടിയും എടുത്ത് പറമ്പിലേക്ക് നടന്നു. ഒപ്പം കുട്ടനുമുണ്ടായിരുന്നു. പൂച്ചക്കും ഉറങ്ങാനുള്ള സമയമായി. കുഞ്ഞമ്മ ഉറങ്ങുമ്പോഴാണ് പൂച്ചയും ഉറങ്ങുന്നത്. തെങ്ങിന്‍ ചുവട്ടില്‍ ചെല്ലുമ്പോഴാണ് പശു അമറുന്നത് കേട്ടത്. പശുവിന് കാടിവെള്ളം കൊടുത്തില്ലായെന്ന് അപ്പോഴാണ് ഓര്‍ത്തത്. വേഗത്തില്‍ വീട്ടിലേക്കോടി. കുഞ്ഞമ്മ അറിഞ്ഞാല്‍ അടുത്ത അടി അതിനായിരിക്കും.

തൊഴുത്തിലെ വരാന്തയില്‍ നിന്നും കുറേ പുല്ല് വാരി പശുവിന്റെ മുന്നിലേക്കിട്ടു. പുല്ല് കൊടുത്തത് അമറാതിരിക്കാനാണ്. രണ്ട് ദിവസത്തേക്കാണ് പശുവിന് പുളിയരി തിളപ്പിച്ചുവെക്കുന്നത്. വലിയ കലത്തില്‍ പുളിയരി കുറച്ചുകൂടിയുള്ളത് അവനറിയാം. കലത്തില്‍നിന്നുള്ള പുളിയരി ഒരു ചരുവത്തിലാക്കി വെള്ളവുമായി കൂട്ടിക്കലര്‍ത്തി പശുവിന്റെ മുന്നിലെത്തിച്ചു. അതോടെ ആശ്വാസം തോന്നി. പശു ആര്‍ത്തിയോടെ കാടി കുടിക്കുന്നത് കണ്ട് അവന്‍ സന്തോഷിച്ചു. സ്കൂളില്‍ പോകുന്ന ദിവസമെല്ലാം കുഞ്ഞമ്മയാണ് കാടി കൊടുക്കുന്നത്. പുളിയരി തിളപ്പിക്കുക, പശുവിനെ കുളിപ്പിക്കുക, ചാണകം വാരുക, പുല്ല് പറിച്ചുകൊടുക്കുക ഇതൊക്കെയാണ് എന്റെ ജോലി. ഇപ്പോള്‍ പുതിയൊരു ജോലി കൂടിയുണ്ട്. എല്ലാ ദിവസവും കോഴിയേയും കുഞ്ഞുങ്ങളേയും പറമ്പില്‍ നടത്തി തീറ്റിക്കുക. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതും എന്റെ ജോലിയാണ്. ഇതെല്ലാം ഞാന്‍ ചെയ്യുന്നത് സ്വന്തം മനസ്സോടുകൂടിയാണ്. അതിനാല്‍ എല്ലാ ജോലികള്‍ക്കും ഒരു സമയ വിവര പട്ടികയുണ്ട്. ആ സമയത്തിനുള്ളില്‍ എല്ലാ ജോലികളും ചെയ്തു തീര്‍ക്കും. സമയം തെറ്റിച്ചാല്‍ കുഞ്ഞമ്മ തെറി വിളിക്കും. അല്ലെങ്കില്‍ അടിക്കും.

kili-6-1കൂട്ടുകാര്‍ പലപ്പോഴും ചോദിക്കും ‘നീ എന്താ ഇങ്ങനെ എല്ലും കോലുമായിരിക്കുന്നത്?’ ഞാനൊന്ന് പുഞ്ചിരിക്കും. അവര്‍ക്കറിയില്ലല്ലോ ഞാന്‍ കഴിക്കുന്ന ആഹാരം എത്രയെന്ന്. ഓരനാഥക്കുട്ടിയെപ്പോലെ കുഞ്ഞമ്മയുടെ മുന്നില്‍ വായില്‍ നോക്കി നില്‍ക്കുമ്പോള്‍ എന്തെങ്കിലും കഴിക്കാന്‍ തരും. അപ്പോള്‍ ഭക്ഷണത്തിന്റെ രുചി ഒന്നും നോക്കാറില്ല. കിട്ടുന്നത് കഴിക്കും. എന്റെ വീട്ടിലെ കുട്ടന്റെ സ്ഥാനമേ എനിക്കുള്ളൂ. അവനും ആഹാരത്തിനായി വരാന്തയില്‍ കാത്തു കിടക്കുന്നതുപോലെയാണ് ഞാനും കാത്തുനില്‍ക്കുന്നത്. കുറെ നേരം നില്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയാറുണ്ട്. കെവിന്‍ ചോദിച്ചു വാങ്ങിക്കഴിക്കുന്നതുപോലെയൊന്നും ഞാന്‍ ചോദിക്കാറില്ല. കുഞ്ഞമ്മക്ക് അത് ഇഷ്ടമല്ല. പിന്നെ വിശപ്പിനെപ്പറ്റി അധികം ചിന്തിക്കാറില്ല. കാരണം എപ്പോഴും ജോലിയാണ്. ജോലിയില്‍ മുഴുകിക്കഴിഞ്ഞാല്‍ വിശപ്പും താനേ മാറിക്കൊള്ളും.

കുഞ്ഞമ്മ തെങ്ങിന്‍ തടമെടുക്കാന്‍ അനുവാദം തന്നത് ഒരു ഭാഗ്യമായി കരുതുന്നു. ജോലി ചെയ്താല്‍ കൂലി കിട്ടും.
തെങ്ങിന്‍തടം എടുത്തുകൊണ്ടിരിക്കെ തത്തമ്മ ആ ചെറിയ തെങ്ങോലയിലിരുന്ന് വിളിച്ചു. “ചാര്‍ളീ” അവന്‍ മുകളിലേക്ക് നോക്കി പുഞ്ചിരി തൂകി. എന്താണ് തത്തമ്മ താഴെക്ക് വരാത്തത്? കുട്ടന്‍ തെങ്ങിനരികെ കിടക്കുന്നതുകൊണ്ടാണെന്ന് മനസ്സിലായി. കൂന്താലി വെച്ചിട്ട് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് എടുത്ത് മുഖത്തെ വിയര്‍പ്പ് തുടച്ചു മാറ്റി മുന്നോട്ട് നടന്നു.

അടുത്ത തെങ്ങിന്‍ ചുവട്ടില്‍ ചെന്നപ്പോള്‍ തത്തമ്മ താഴെക്ക് വന്ന് അവന്റെ തോളിലിരുന്നു. തത്തമ്മ എന്തോ ഒക്കെ പാടുന്നു. അതൊന്നും അവന് മനസ്സിലായില്ല. തത്തയോട് അവനും ചിലത് പറയാനുണ്ട്. തത്ത ഈ വീട്ടില്‍ വരുന്നത് സുരക്ഷിതമല്ല. കുഞ്ഞമ്മ പകയുമായി കഴിയുന്നു.

“തത്തമ്മേ ഇനിയും ആ വീടിന്റെ മുറ്റത്ത് വരരുത്. കുഞ്ഞമ്മ വടികൊണ്ട് അടിക്കും.”

“ക….ക… കള്ളീ….” തത്തമ്മ മറുപടി പറഞ്ഞു.

“തത്തമ്മ അങ്ങനെ പറയാതെ. കുഞ്ഞമ്മക്ക് ദേഷ്യം കാണും. തലക്കല്ലേ കൊത്തിയത്.”

“കൊ..കൊ…”

ഉടനടി തത്തമ്മ കൊത്തുമെന്ന് ഉത്തരം കൊടുത്തു. ചാര്‍ളി വിഷമത്തോടെ നോക്കി. എനിക്കാണെങ്കില്‍ കുഞ്ഞമ്മയോട് യാതൊരു വിരോധവുമില്ല. പിന്നെ തത്തമ്മ എന്തിനാണ് ഈ വിരോധം കൊണ്ടുനടക്കുന്നത്. ആ വിരോധവുമായി പോയാല്‍ കുഞ്ഞമ്മക്ക് ദ്വേഷ്യം കൂടുകയല്ലേയുള്ളൂ. തത്തമ്മ വിരോധവുമായി പോകുന്നതിനോട് അവന് ഒട്ടും താല്പര്യമില്ലായിരുന്നു. വിരോധവുമായി ജീവിച്ചാല്‍ അത് ആപത്താണ്. നന്മയുള്ളവരില്‍ വിരോധം പാടില്ല. അവന്‍ തത്തമ്മയോട് കേണു പറഞ്ഞു…

kili-6-2“തത്തമ്മേ ഇനിയും കുഞ്ഞമ്മയെ കൊത്തരുത്. ആ മുറ്റത്ത് വരികയും ചെയ്യരുത്.”

“ചാ….ളി…ചാ…ളി….”

തത്തമ്മ പറഞ്ഞത് എനിക്ക് ചാര്‍ളിയെ കാണണം എന്നാണ്. അവന്‍ മറുപടിയായി പറഞ്ഞു.

“തത്തമ്മക്ക് എന്നെ കാണണമെങ്കില് ആ മാവിലിരുന്നാമതി. മനസ്സിലായോ? ആ …മാ…മാ…” തത്തമ്മയും പറഞ്ഞു.

“മാ….മാ….മാ….” അവന്‍ സന്തോഷത്തോടെ തത്തമ്മയെ കൈയ്യിലെടുത്ത് അതിന്റെ ചിറകില്‍ തടവിയിട്ട് ചുണ്ടില്‍ ഒരു പൊന്നുമ്മയും കൊടുത്തു. തത്തമ്മക്കും അത് ഇഷ്ടമായി. ഉടനെ തത്തമ്മ “പാ…പാ..” ഞാനിതാ പോകുന്നു. പിന്നീട് പറഞ്ഞു “കൂ…..കൂ…കൂ..” എന്റെ കൂട്ടുകാരന്‍ കിഴക്കെ മലമുകലില്‍ എന്നെ കാത്തിരിക്കുന്നുണ്ട്. അവരുടെ കളിത്തൊട്ടില്‍ കിഴക്കേ മലമുകള്‍ ആണെന്ന് ചാര്‍ളിക്കറിയാം. സ്നേഹവും സ്നേഹവും തമ്മില്‍ ഒന്നിക്കുമ്പോള്‍ അവിടെ എത്ര ആഹ്ലാദമായിരിക്കും. തത്തമ്മ അവന്റെ കൈയ്യില്‍ നിന്ന് പറന്നുയര്‍ന്നു. വൃക്ഷങ്ങള്‍ ഇടതിങ്ങിയ മരങ്ങള്‍ക്കിടയിലൂടെ തത്തമ്മ പറന്നു പോകുന്നത് അവന്‍ നോക്കി നിന്നു. സ്നേഹവും സഹാനുഭൂതിയും മനുഷ്യരില്‍ മാത്രമല്ല പക്ഷിമൃഗാദികളിലുമുണ്ടെന്ന് അവന്‍ മനസ്സിലാക്കി.

ചാര്‍ളി തെങ്ങിന്‍ തടം കിളക്കുന്നതില്‍ വ്യാപൃതനായി. രണ്ട് തെങ്ങിന്‍തടം എടുത്തപ്പോഴേക്കും അവന്‍ പരവശനും ക്ഷീണിതനുമായി. കൂന്താലിയും മമ്മട്ടിയുമായി വീട്ടിലേക്ക് നടന്നു. പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചു. പശുവിനെ അഴിച്ച് തൊഴുത്തില്‍ കെട്ടി. വൈക്കോലും വലിച്ചിട്ട് കൊടുത്തു. കുളിക്കാനായി കിണറ്റിന്‍കരയിലേക്ക് പോയി. അടുത്തുള്ള പറങ്കിമാവില്‍ നല്ല ചുവപ്പുനിറത്തിലുള്ള പറങ്കിപ്പഴം മണ്ണിലേക്ക് നോക്കി കിടക്കുന്നു. അതിലൊന്ന് സ്വന്തമാക്കണമെന്ന ഉദ്ദ്യേശത്തോടെ അതില്‍ കയറി. തലേ രാത്രിയില്‍ ഇതേ മരത്തില്‍നിന്ന് വീണതൊക്കെ അവന്‍ മറന്നിരുന്നു. മരമുകളിലെത്തി രണ്ട് പറങ്കിപ്പഴം പറിച്ചു തിന്നിട്ട് താഴേക്ക് ഇറങ്ങി വന്നു. കിണറ്റിന്‍ കരയിലെത്തി കിണറ്റില്‍ നിന്ന് വെള്ളം കോരിയെടുത്ത് കുളിച്ചു. കുളിക്കാന്‍ പൈപ്പില്‍ നിന്ന് വെള്ളമെടുക്കരുതെന്ന് കുഞ്ഞമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അവനും വെള്ളം കോരിയെടുത്ത് കുളിക്കുന്നതാണ് ഇഷ്ടം.

kili-6-3കുളികഴിഞ്ഞ് മുറിക്കുള്ളില്‍ എത്തുമ്പോഴും കുഞ്ഞമ്മയും കെവിനും ഉറങ്ങുകയായിരുന്നു. അവന്‍ പഠിക്കാനുള്ള പുസ്തകങ്ങള്‍ എടുത്ത് മേശപ്പുറത്ത് വെച്ചു. ആ കൂട്ടത്തില്‍ കുട്ടികളുടെ നോവലുമുണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചയും സ്ക്കൂള്‍ ലൈബ്രറിയില്‍ നിന്ന് ഒരു കഥയോ നോവലോ അവന്‍ കൊണ്ടുവരാറുണ്ട്. കുഞ്ഞമ്മ കാണാതെ പുസ്തകത്തിനൊപ്പമാണ് വെക്കുന്നത്. കഥകള്‍ വായിക്കുന്നത് അവന് ഏറെ ഇഷ്ടമായിരുന്നു. സ്കൂളില്‍ പഠിച്ച പാഠങ്ങള്‍ രാത്രിയില്‍ പഠിക്കാന്‍ തീരുമാനിച്ചു. നോവല്‍ വായിക്കാനാരംഭിച്ചു. കുഞ്ഞമ്മ കതക് തുറക്കുന്നുണ്ടോ എന്നവന്‍ ഇടക്കിടെ ശ്രദ്ധിച്ചു. വായിക്കുന്തോറും അവന്‍ ആലോചനയിലാണ്ടിരിക്കും. ജീവിതത്തില്‍ അറിവുണ്ടാക്കാന്‍ വായനക്കേ കഴിയൂ എന്ന് ഗുരുക്കന്മാര്‍ പറഞ്ഞത് അവന്‍ ആദരവോടെ ഓര്‍ത്തു.

ദിനങ്ങള്‍ മുന്നോട്ട് പോയി. ചാര്‍ളി സ്ക്കൂളില്‍ പോകുന്നതിന് മുമ്പും സ്ക്കൂളില്‍നിന്ന് വന്നതിനുശേഷവും തത്തമ്മയുമായി സൗഹൃദം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തെങ്ങിന്‍ തടങ്ങള്‍ എടുക്കുന്നതുകൊണ്ട് അവിടെയാണ് അവരുടെ കൂടിക്കാഴ്ച നടക്കുന്നത്.

റീന ചാരും‌മൂട്ടിലെ കടയില്‍ നിന്ന് എലിവിഷം തത്തമ്മയെ കൊല്ലാനായി വാങ്ങി. റീന പുറത്തേക്ക് ഇറങ്ങുമ്പോഴൊക്കെ തലയില്‍ കുടയും നിവര്‍ത്തിയാണ് ഇറങ്ങുന്നത്. അത് തത്തമ്മയെ ഭയന്നിട്ടാണ്. ചൂടുകാലമായതിനാല്‍ കുടയും നിവര്‍ത്തി പോകുന്നത് ആരിലും സംശയങ്ങളും ഉണ്ടാക്കില്ല. ഒരു ഉച്ചനേരം. മനസ്സില്‍ കരുതിയതുപോലെ വിഷം പുരട്ടിയ ചോറ് വാഴയിലയില്‍ മുറ്റത്ത് വെച്ചു. സൂര്യരശ്മികളുടെ ശോഭ ആ ചോറില്‍ തെളിഞ്ഞു കണ്ടു. നിത്യവും ഉച്ചക്ക് മാവിന്‍ കൊമ്പില്‍ തത്തമ്മ വന്നിരുന്ന് ചുറ്റുപാടുകള്‍ വീക്ഷിച്ചിട്ട് പറന്നുപോകാറുണ്ട്. അന്നും തത്തമ്മ മാവിന്‍ കൊമ്പിലിരുന്ന് മുറ്റത്തു വെച്ചിരുന്ന ചോറിലേക്ക് നോക്കി. തത്തമ്മ മണ്ണിലേക്ക് പറന്നു വന്നിരുന്നു. കതകിന് പിന്നില്‍ മറഞ്ഞുനിന്ന് റീന പ്രതീക്ഷയോടെ കാത്തിരുന്നു.

(തുടരും)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top