Flash News

ലൈംഗികപീഢനം: ശശിമുതല്‍ ശശിവരെ (ലേഖനം)

December 2, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Sasimuthal banner-1സ്ത്രീപീഢന നിയമമനുസരിച്ച് കഠിന ജയില്‍ശിക്ഷ നല്‍കേണ്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പിടിയില്‍നിന്ന് പാര്‍ട്ടി എം.എല്‍.എയെ രക്ഷപെടുത്തുകയാണ് സി.പി.ഐ.എം സംസ്ഥാന കമ്മറ്റി യഥാര്‍ത്ഥത്തില്‍ ചെയ്തത്. എം.എല്‍.എ ആയ നേതാവുമാത്രമല്ല പാര്‍ട്ടികൂടി പ്രതിസന്ധിയില്‍ പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ ഒരു പാവം പെണ്‍കുട്ടിയെ ബലിയാടാക്കി.

സി.പി.എം പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി രണ്ടു വാചകത്തിലൊതുക്കിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇ.മെയില്‍ അയച്ചത്. തീരുമാനമറിയാന്‍ എ.കെ.ജി സെന്ററില്‍ മാധ്യമപ്രതിനിധികള്‍ കാത്തുനില്‍ക്കുമ്പോഴും. ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിനു യോജിക്കാത്തവിധം പി.കെ ശശി സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടിയംഗത്വത്തില്‍നിന്ന് സസ്‌പെന്റു ചെയ്യാന്‍ തീരുമാനിച്ചെന്നായിരുന്നു ഇ.മെയില്‍ സന്ദേശം.

സംസ്ഥാനകമ്മറ്റി കഴിഞ്ഞ് അംഗങ്ങള്‍ പുറത്തുവന്നപ്പോള്‍ അന്വേഷണ കമ്മീഷനംഗം എ.കെ ബാലന്‍ മാധ്യമപ്രതിനിധികളോട് പ്രതികരിക്കുന്നില്ലെന്നു പറഞ്ഞ് കടന്നുപോയി. എന്നാല്‍ കമ്മീഷനിലെ മറ്റൊരംഗമായ പി.കെ ശ്രീമതി പ്രതിനിധികളോട് വാചാലയായി. അവര്‍ പറഞ്ഞതിലെ നെല്ലും പതിരും വേര്‍തിരിച്ചാല്‍ വസ്തുകളിങ്ങനെ:

• പരാതിക്കാരി ഒരു ചെറിയ പെണ്‍കുട്ടിയാണ്. പാര്‍ട്ടിയോടൊപ്പം യോജിച്ചുപോകുന്ന യുവജന പ്രസ്ഥാനത്തിന്റെ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നു. മനോവിഷമം ഉണ്ടാകത്തക്ക വിധത്തില്‍ പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്തിരിക്കുന്ന ആളില്‍നിന്നു തനിക്കിങ്ങനെ വിഷമമുണ്ടായിട്ടുണ്ടെന്നും പരിഹരിക്കണമെന്നും പരാതി നല്‍കി. അഖിലേന്ത്യാ സെക്രട്ടറിക്കടക്കം.

• പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവാണ് പരാതിക്ക് വിധേയനായിട്ടുള്ള വ്യക്തി. പെട്ടെന്നു തീരുമാനമെടുക്കാവുന്നതല്ലല്ലോ വിഷയം. വളരെ ഫലപ്രദമായിതന്നെ അന്വേഷിച്ചു. ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.

ഇത്രയും സ്ഥിരീകരിച്ച ശ്രീമതി പിന്നീടു പറയുന്നത് പരാതിയിലെ വിഷയത്തെക്കുറിച്ചല്ല, അതിന്റെ തെളിവായി പെണ്‍കുട്ടി പാര്‍ട്ടിക്കുനല്‍കിയ ഓഡിയോ ക്ലിപ്പിലെ സംഭാഷണത്തെക്കുറിച്ചാണ്.

• പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള ചില പ്രയോഗങ്ങള്‍ സംഭാഷണത്തില്‍ ഉണ്ടായിട്ടുണ്ട്. അതൊട്ടും ശരിയായില്ല. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

Photo1അവര്‍ തുടരുന്നു: ‘ ഇത്രയും ശക്തമായ നടപടി ലോകത്തില്‍ സി.പി.എമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും എടുക്കാന്‍ കഴിയില്ല.’ പാര്‍ട്ടിയില്‍ 40-45 വര്‍ഷം പ്രവര്‍ത്തിച്ച ആദ്യമായി പരാതി നേരിടുന്ന ഒരു നേതാവിനെ ആജീവനാന്തം കളയുന്നതെങ്ങനെയെന്നു അവര്‍ ചോദിക്കുന്നു. തെറ്റു തിരുത്തിക്കുകയാണ് വേണ്ടതെന്ന് വിശദീകരിക്കുന്നു. പെണ്‍കുട്ടികളോട് മാന്യമായി പെരുമാറണമെന്ന സന്ദേശമാണ് രാജ്യത്തെങ്ങുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നടപടിയിലൂടെ നല്‍കുന്നതെന്നും അഭിമാനംകൊള്ളുന്നു.

പി.കെ ശ്രീമതികൂടി അംഗമായ പാര്‍ലമെന്റാണ് ഇന്ത്യന്‍ ശിക്ഷാനിയമം 2013ല്‍ ഭേദഗതിചെയ്ത്, സ്ത്രീപീഢനം സംബന്ധിച്ച 354-ാം വകുപ്പില്‍ കടുത്ത ശിക്ഷാവ്യവസ്ഥകള്‍ കൊണ്ടുവന്നത്. 354 (എ), 354 (ബി), 354 (സി), 354 (ഡി) വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് പീഢന കുറ്റത്തിന്റെ പരിധി ഏറെ വ്യാപകമാക്കിയത്. വാക്കും നോട്ടവും ആംഗ്യവും ലൈംഗിക ചേഷ്ടകളും താല്പര്യ പ്രകടനങ്ങളും ലൈംഗിക സന്ദേശങ്ങളും മറ്റും ലൈംഗികപീഢന കുറ്റമായി വ്യവസ്ഥ ചെയ്തത്. സ്ത്രീ നീരസം പ്രകടിപ്പിച്ചാലും തന്റെ ഇംഗിതത്തിന് വിധേയയാവാന്‍ നടത്തുന്ന നീക്കങ്ങളെ കടുത്ത ജയില്‍ശിക്ഷ അര്‍ഹിക്കുന്ന കുറ്റങ്ങളായി എഴുതിചേര്‍ത്തത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്ന കുറ്റങ്ങളെന്താണ് എന്ന് നേരത്തെ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു: – മണ്ണാര്‍ക്കാട് പാര്‍ട്ടി ഏരിയാ ഓഫീസില്‍വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അതിക്രമം നടത്തി. ഭയംകൊണ്ട് താന്‍ പാര്‍ട്ടി ഓഫീസില്‍ പോകാറില്ല. പാര്‍ട്ടി ഓഫീസില്‍ സുരക്ഷിതമായി പോകാന്‍ അവസരമുണ്ടാക്കണം.

പരാതിയിലെ ആ വശം മൂടിവെച്ച് പെണ്‍കുട്ടികളോട് മാതൃകാപരമായി സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന നടപടിയെന്ന വിധത്തിലാണ് അന്വേഷണ കമ്മീഷന്‍ അംഗം ശ്രീമതി പാര്‍ട്ടി നടപടിയെ വ്യാഖ്യാനിച്ചത്.

ലൈംഗിക പീഢനം ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അവര്‍ പറഞ്ഞതിങ്ങനെ: ‘ഞങ്ങള്‍ കണ്ടെത്തിയത് അത്തരത്തിലുള്ള കാര്യങ്ങളാണ്.’ എത്തരത്തിലുള്ള കാര്യങ്ങള്‍ എന്നവര്‍ വിശദീകരിക്കുന്നില്ല.

അന്വേഷണകമ്മീഷന്‍ അംഗമെന്ന നിലയ്ക്കും മഹിളാ നേതാവെന്ന നിലയ്ക്കുമുള്ള ശ്രീമതിയുടെ നിലപാടിലെ സംഘര്‍ഷവും വൈരുദ്ധ്യവും അതില്‍ വെളിപ്പെടുന്നു. പെണ്‍കുട്ടിക്ക് പാര്‍ട്ടിയില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നു.

ചുരുക്കത്തില്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന, വിശ്വസിക്കുന്ന, പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടിക്കു അതിനപ്പുറം എന്തുചെയ്യാന്‍ കഴിയും എന്ന വേദനിപ്പിക്കുന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.

മുഖ്യമന്ത്രിയും നിയമമന്ത്രിയടക്കമുള്ള മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ടതാണ് സി.പി.എമ്മിന്റെ സംസ്ഥാനസഭ. ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് പാര്‍ട്ടി നേതാവിനെ രക്ഷപെടുത്തിയത് അവരെല്ലാം ചേര്‍ന്നാണ്. പാര്‍ട്ടിയെ വിശ്വസിച്ചുപോയതുകൊണ്ട് നിയമം അനുശാസിക്കുന്ന നീതി ഇവര്‍കൂടിചേര്‍ന്നാണ് അവള്‍ക്കു നിഷേധിച്ചത്. ഈ അപമാനം ആജീവനാന്തകാലം ആ പെണ്‍കുട്ടി പാര്‍ട്ടിക്കുവേണ്ടി മനസില്‍ പേറണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗുരുതരമായ ക്രിമിനല്‍ വകുപ്പുകള്‍ ആകര്‍ഷിക്കുന്ന തെറ്റുകളാണ് സി.പി.എം നേതൃത്വത്തില്‍നിന്നുണ്ടായത്. അതിനെയാണ് കഠിനശിക്ഷയെന്നും ലോകോത്തര മാതൃകയെന്നും അവര്‍ വാഴ്ത്തുന്നത്. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി പാര്‍ലമെന്ററിസത്തിന്റെ ചളിക്കുണ്ടില്‍ പുതഞ്ഞ് അതിന്റെ വര്‍ഗരാഷ്ട്രീയവും വിപ്ലവ പരിപ്രേക്ഷ്യവും നഷ്ടപ്പെട്ട് എന്തായിത്തീരുമെന്നതിന്റെ ദൃശ്യം.

ആശയപരമായും സംഘടനാപരമായും ഉണ്ടാകേണ്ട ഐക്യം ഒരു കുറ്റവാളിയെ സംരക്ഷിക്കുന്നതിനു സംഘടനാ വിരുദ്ധമായും ആശയവിരുദ്ധമായും ഉപയോഗിക്കുന്നതിന്റെ പരിണതി. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും രാജ്യത്തിന്റെ ഭരണഘടനയിലും ഊന്നിയുള്ള നവോത്ഥാനമുന്നേറ്റത്തിന് ആഹ്വാനംചെയ്യുന്ന പാര്‍ട്ടിതന്നെ നിഗൂഢമായി അതിനെ പിറകോട്ടടിപ്പിക്കുന്നു.

സി.പി.എമ്മിലെ ഈ സാഹചര്യം താരതമ്യപ്പെടുത്താവുന്നത് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ത്തിയ ലൈംഗിക ആരോപണത്തോടും ബിഷപ്പും സഭാനേതൃത്വവും സ്വീകരിച്ച പ്രതിരോധ നടപടികളോടുമാണ്. അതിസമ്പത്തിന്റെയും അധികാരപ്രമത്തതയുടെയും ആള്‍രൂപമായി മാറിയ ബിഷപ്പിന്റെ ശരീരഭാഷയും വെല്ലുവിളിയുമാണ് എം.എല്‍.എ പാര്‍ട്ടി നടപടിയെടുക്കുംവരെ സ്വീകരിച്ചത്.

സി.പി.എമ്മില്‍ വിഭാഗീയതയുടെ രൂക്ഷമായ പിടിവലിക്കിടയിലാണ് ലൈംഗിക ആരോപണത്തിന്റെ പേരില്‍ ഉന്നത നേതാക്കള്‍ക്കെതിരെ നടപടി എടുക്കേണ്ടിവന്നത്. 2011ലും 2012ലും പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ രണ്ടു ജില്ലാ സെക്രട്ടറിമാര്‍ക്കെതിരെ. ഇപ്പോഴത്തെ വാദങ്ങളുയര്‍ത്താതെ ഏറ്റവും കടുത്ത നടപടിയെടുത്ത് പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു.

എന്നാല്‍ 2013ലെ ലൈംഗികപീഢന ഭേദഗതി നിയമവും അതിന്റെ വ്യാപ്തിയും കൂര്‍ത്ത പല്ലുകളും അന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ ലൈംഗികപീഢന പരാതിയിലാണ് നടപടിയെന്നു വന്നാല്‍ ക്രിമിനല്‍ നടപടികളെ കൂടി നേരിടേണ്ടിവരും. അതൊഴിവാക്കാനാണ് പഴുതടച്ച് ഒറ്റവരിയില്‍ നടപടി സംബന്ധിച്ച തീരുമാനം പാര്‍ട്ടി ഒതുക്കിയത്.

കഴിഞ്ഞ നാലുമാസമായി ദേശീയ മാധ്യമങ്ങളില്‍വരെ നിറഞ്ഞു നില്‍ക്കുന്നതാണ് സി.പി.ഐ.എം എം.എല്‍.എ യുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം. പാര്‍ട്ടി നടപടിയെടുത്തപ്പോഴെങ്കിലും എ.കെ.ജി സെന്ററില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് തീരുമാനം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി തയാറായില്ല. ലൈംഗികപീഢന പരാതിയുമായി നടപടി ബന്ധപ്പെടുത്താതിരിക്കാന്‍ എടുത്ത മുന്‍കരുതലായിരുന്നു അത്.

വിഭാഗീയതയുടെ പേരിലുള്ള നീക്കമാണ് പരാതിയെന്ന നിലപാടാണ് രണ്ടംഗ അന്വേഷണ കമ്മീഷനില്‍ എ.കെ ബാലന്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ പരാതി പാര്‍ട്ടി പരിഗണിക്കണമെന്ന പി.കെ ശ്രീമതിയുടെ നിലപാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുതന്നെ നീട്ടിക്കൊണ്ടുപോകുന്ന പ്രതിസന്ധിയുണ്ടാക്കി. പരാതിക്കാരിയോട് നീതി കാണിച്ചെന്നു വരുത്തുകയും സ്ത്രീപീഢനകേസില്‍നിന്ന് നേതാവിനെ രക്ഷിക്കുകയും എന്ന ദൗത്യമാണ് സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മറ്റിയിലൂടെ നിര്‍വ്വഹിച്ചത്.

ഈ സാഹചര്യത്തിലാണ് സ്വന്തം നിലപാട് കാത്തുനിന്ന മാധ്യമങ്ങളോട് പി.കെ ശ്രീമതി വിശദീകരിച്ചത്. വെളുക്കാന്‍ തേച്ചത് പാണ്ടായെങ്കിലും.

ഏഴുവര്‍ഷംമുമ്പ് ഒരു ശശിയില്‍നിന്നു തുടങ്ങിയ സി.പി.എമ്മിലെ സ്ത്രീപീഢനപ്രശ്‌നം മറ്റൊരു ശശിയില്‍ എത്തിനില്‍ക്കുന്നു. ഇതിനിടയില്‍ ചെറിയതും വലിയതുമായ പദവികളിലിരിക്കുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീപീഢന പരാതികള്‍ പ്രതിഭാസമായി സി.പി.എമ്മില്‍ തുടരുകയാണ്.

പാലക്കാട്ടെ പരാതിയോടടുപ്പിച്ച് എം.എല്‍.എയുടെ ഫ്‌ളാറ്റില്‍വെച്ച് മറ്റൊരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ സ്വന്തം നാട്ടുകാരനായ യുവനേതാവ് പീഢനശ്രമം നടത്തിയതില്‍ പാര്‍ട്ടിക്കു പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. പൊലീസില്‍ പരാതിപ്പെട്ട് കേസെടുത്തപ്പോഴാണ് യുവനേതാവിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്.

പി.കെ ശശിയിലെ നടപടിയിലെത്തുമ്പോള്‍ സി.പി.എം രാഷ്ട്രീയമായും സംഘടനാപരമായും മറ്റൊരു വഴിത്തിരിവിലെത്തുകയാണ്. പരാതികള്‍ പാര്‍ട്ടിക്കകത്ത് പരമാവധി ഒതുക്കാനും സ്ത്രീപീഢകരെ രക്ഷിക്കാനും മുമ്പും ശ്രമമുണ്ടായിരുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അടിത്തറ ഇത്ര തകരാതിരുന്നതുകൊണ്ടും പാര്‍ട്ടിക്കകത്തെ എതിര്‍പ്പുകളുടെയും മാധ്യമങ്ങളുടെ വെളിപ്പെടുത്തലിന്റെയും സമ്മര്‍ദ്ദംകൊണ്ടും ആരോപണ വിധേയര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായിരുന്നു. ശരിയിലേക്കു നയിക്കാന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം അന്ന് ശക്തവുമായിരുന്നു.

ഇത്തരം കുറ്റകൃത്യങ്ങള്‍ പാര്‍ട്ടിയില്‍ ഏറിവരികയും അത്തരക്കാരുടെ സംരക്ഷകരായി ഉന്നത നേതൃത്വത്തിലെ ആളുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്ന അവസ്ഥയാണ് സി.പി.എം ഇപ്പോള്‍ നേരിടുന്നത്. പാര്‍ട്ടി ഭരണത്തിലാണെന്നതിന്റെ ഉത്തരവാദിത്വവുമുണ്ട്. അതിലേറെ സ്ത്രീകളുടെ തുല്യതയ്ക്കും നീതിക്കുംവേണ്ടി പണിയിടങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ മുതല്‍ കന്യാസ്ത്രീകള്‍വരെ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ വേലിയേറ്റമാണ് കേരളത്തില്‍. അതിനിടയിലാണ് ഫ്യൂഡല്‍ – യാഥാസ്ഥിക കാലത്തേക്കും മനുസ്മൃതിയുടെ ലോകത്തേക്കും സി.പി.എം തിരിച്ചുപോകുന്നത്. അതിന്റെ വൈരുദ്ധ്യം സി.പി.എമ്മിനെതന്നെ പല തലങ്ങളിലും വേട്ടയാടും.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ എം.സി ജോസഫൈന്റെ പ്രതികരണം ലൈംഗികപീഢനം സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഭേദഗതിയെയും ഭരണഘടനയെതന്നെയും അപ്രസക്തമാക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. ഇത്തരം അപമാനശ്രമം തനിക്കെതിരെയുണ്ടായാല്‍ താനും പരാതിനല്‍കുക തന്റെ പാര്‍ട്ടിക്കായിരിക്കും എന്നാണ് എഴുപതിലേക്കെത്തുന്ന ജോസഫൈന്‍ ന്യായീകരിച്ചത്.

അതു നല്‍കുന്ന സന്ദേശം നിയമവാഴ്ചയുടെ ഭാഗമായുള്ള സ്ഥാപനങ്ങളെയല്ല അതതു രാഷ്ട്രീയ പാര്‍ട്ടികളെയാണ് അതിക്രമത്തിനു വിധേയരാകുന്ന പെണ്‍കുട്ടികള്‍ സമീപിക്കേണ്ടത് എന്നാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സ്ത്രീത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തില്‍ ഒത്തുതീര്‍പ്പിന് വിധേയമാകണമെന്നാണ്. സുപ്രിംകോടതി പുറപ്പെടുവിച്ച വിശാഖാ കേസിലെ മാര്‍ഗനിര്‍ദ്ദേശങ്ങളോ 2013ലെ ക്രിമിനല്‍ ശിക്ഷാനിയമത്തിലെ ഭേദഗതികളോ ശബരിമലകേസിലെ വിധിപോലുമോ അപ്രസക്തമാണെന്നാണ് അതിന്റെ അര്‍ത്ഥം. തുല്യ നീതിക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടഭൂമിയില്‍നിന്നു ഒട്ടകപക്ഷിയെപോലെ സി.പി.എം മുഖം പൂഴ്ത്തുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top