Flash News

പ്രണയതീരങ്ങളില്‍ ഒരു തീര്‍ത്ഥാടകന്‍ (വാസുദേവ് പുളിക്കല്‍)

December 3, 2018 , വാസുദേവ് പുളിക്കല്‍

getPhoto (1)ആരാണീ തീര്‍ത്ഥാടകന്‍? നിരൂപണം, കവിത, നോവല്‍, ചെറുകഥ, ഹാസ്യം, ലേനങ്ങള്‍ മുതലായ സാഹിത്യത്തിന്റെ വിവിധ ശാഖളിലേക്ക് തന്റേതായ സംഭാവനകള്‍ നല്‍കി പ്രശസ്തിയാര്‍ജ്ജിച്ച സുധീര്‍ പണിക്കവീട്ടിലാണ് ഈ തീര്‍ത്ഥാടകന്‍. “അക്ഷരക്കൊയ്ത്ത്’ എന്ന കവിതാസമാഹാരത്തിലെ എഴുപത്തിയഞ്ച് കവിതകളിലൂടെ പ്രണയത്തിന്റെ മധുരിമ നുകര്‍ന്നുകൊണ്ട് കവി തീര്‍ത്ഥയാത്ര നടത്തുകയാണ്. ഈ തീര്‍ത്ഥയാത്രയില്‍ കവി വൈവിധ്യമാര്‍ന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കാണുന്നു. ഏതാനം കവിതകളെഴുതി കാവ്യരംഗത്തു നിന്ന് പിന്‍വലിഞ്ഞ കവിയോട,് മനസ്സില്‍ കളങ്കമില്ലാത്ത സുഹൃത്തുക്കളുടെ, കാവ്യം ചമക്കാനുള്ള വരദാനം എന്ത്യേ ഉപേക്ഷിച്ച് കളഞ്ഞത് എന്ന ചോദ്യം കവിക്ക് വീണ്ടും കാവ്യലോകത്തേക്ക് കടന്നു വരാനുള്ള പ്രചോദനമായി. “മാമ്പു മണമുള്ള കാറ്റിന്നീണത്തിലും തെങ്ങോല ചായുന്ന കായല്‍ വിരിപ്പിലും പുഞ്ചിരിക്കുന്നൊരു പെണ്ണിന്റെ കണ്ണിലും വസന്തോത്സവത്തിലും മാര്‍ഗ്ഗഴി തിങ്കളൊഴുക്കുന്ന ദുഗ്ദം നുണയുന്ന രാവിന്റെ ഉള്‍പ്പുളകത്തിലും ഗ്രാമത്തുളസികള്‍ കീര്‍ത്തനം പാടിയുണര്‍ത്തുന്ന പുലരിയുടെ കുങ്കുമചുമപ്പിലും ആതിരലാവിന്‍ കുളിര്‍മ പുണര്‍ന്ന കൗമാരത്തുടിപ്പിന്റെ തരിപ്പിലും മാമരക്കൊമ്പത്തിരുന്ന് വിരുന്നു വിളിക്കുന്ന കാക്കയിലും കുറുകുന്ന പ്രാക്കളിലും മുത്തശ്ശിയുടെ സ്‌നേഹവത്സല്യത്തിലും അച്ഛന്റെ ശബ്ദത്തിലും’ അങ്ങനെ നാലു ചുറ്റും കവി കവിതയുടെ നാമ്പു കാണാന്‍ തുടങ്ങി. കവിയുടെ സര്‍ഗ്ഗപ്രതിഭയുടെ പരിപൂര്‍ണ്ണത വെളിപ്പെടുത്തന്ന കവിതകള്‍ കവി കാവ്യലോകത്തിന് സമ്മാനിച്ചു. കവി അക്ഷരങ്ങള്‍ കവിതകളിലൂടെ കൊയ്തിട്ട കറ്റ മെതിച്ച് നെന്മണികള്‍ ശേരിച്ച് സഹൃദയര്‍ സംതൃപ്തരായി. ഉള്ളില്‍ കള്ളമില്ലാത്ത. കളിത്തോഴരെ പോലെയുള്ളവരുടെ പ്രചോദനമില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ, നിഷ്ക്രിയനായിപ്പോയ കവിയില്‍ നിന്ന് ഈ അക്ഷരക്കൊയ്ത്ത് സാഹിത്യ ലോകത്തിന് ലഭിക്കുമായിരുന്നില്ല എന്ന് കരുതാം.

“മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചുകൊണ്ട് ആരുമറിയാതെ ഒരജ്ഞാതകോണില്‍ ഒതുങ്ങിയിരിക്കാന്‍” ആഗ്രഹിച്ചിരുന്ന കവിക്ക് ഒരു സാഹിത്യചര്‍ച്ചാ വേദിയിലേക്കുള്ള ക്ഷണം സ്വീകരിച്ച് അവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വദനാജനകമായിരുന്നു. “ഹെ കവെ’ എന്നൊരു അഭ്യൂദയകാംക്ഷി സ്‌നേഹത്തോടെ സംബോധന ചെയ്യുന്നതു കേട്ട് തന്റെ കവിത്വം അംഗീകരിക്കപ്പെട്ടല്ലോ എന്ന് അഭിമാനിച്ച കവി, കാളകൂടം ഛര്‍ദ്ദിച്ച് വാസുകി പാലാഴി മഥനം തടസ്സപ്പെടുത്തിയതു പോലെ “ഒന്നുമറിയാത്ത നാറിക്ക് നിങ്ങളീ കവിയെന്ന പട്ടം കൊടുത്തതെങ്ങനെ? എന്ന് “നാരീസ്വരത്തില്‍ ഒരു കിങ്ങിണിക്കുട്ടന്‍” ചോദിച്ചതും പാര്‍ശ്വവര്‍ത്തികള്‍ അതിന് ഓശാന പാടിയതും കേട്ട് കവി നിരാശനായി. ഇത്തരം തിക്താനുഭവങ്ങള്‍ “കവിയുടെ ഘാതകന്‍’ എന്ന കവിതയില്‍ കവി തന്നെ വെളിപ്പെടുത്തുമ്പോള്‍ സാഹിത്യത്തില്‍ അസ്സൂയയും കുശുമ്പും പാടില്ല എന്ന സത്യസന്ധമായ വിചാരം വ്യര്‍ത്ഥമായിപ്പോകുന്നതായി വ്യക്തമാകുന്നു. ഓച്ഛാനിച്ചു നില്‍ക്കുന്നവരെപറ്റി കവി “ദുരവസ്ഥ’ എന്ന കവിതയില്‍ പാടുന്നതിങ്ങനെ: “മുഖസ്തുതി പാടുന്നോര്‍, വാക്കൈ പൊത്തീടുന്നോര്‍, സ്വന്തം അഭിപ്രായമില്ലാത്തോര്‍, അന്യന്റെ കാല്‍ക്കീഴില്‍ പട്ടിയായ് കഴിയുന്നോര്‍ എണ്ണമറ്റോരയ്യോ സ്വന്തം മനസ്സാക്ഷി പണയപ്പെടുത്തുന്ന പാവത്തന്മാര്‍’. സ്വന്തം വ്യക്തിത്വത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ മറ്റുള്ളവരുടെ ആജ്ഞാനുവര്‍ത്തികളാകാന്‍ വൃതമെടുത്തിട്ടുള്ളവരോട് സഹതപിക്കാനേ നിവൃത്തിയുള്ളു. ചിന്താശക്തിയില്ലാത്ത മനുഷ്യരൊടൊപ്പം സമയം ചിലവഴിക്കുന്നത് അനുചിതവും വ്യര്‍ത്ഥവുമാണെന്ന് മനസ്സിലാക്കിയ കവി സദസ്സു വിട്ടു പോയി. കവി വിശേഷിപ്പിക്കുന്ന കിങ്ങിണിക്കുട്ടന്‍ കവിയുടെ അക്ഷരക്കൊയ്ത്ത് എന്ന കവിതാസമാഹാരം നിഷ്പക്ഷമായ മനസ്സോടെ വായിച്ചാല്‍ താന്‍ പറഞ്ഞ അബദ്ധമോര്‍ത്ത് പശ്ചാത്തപിക്കുകയും അത് തിരിച്ചെടുക്കാനാഗ്രഹിക്കുകയും ചെയ്യുമെന്നാണെന്റെ വിശ്വാസം.

Picture 2017_InPixio“ഒരു നെഞ്ചുവേദനയുടെ കഥ’ എന്ന കവിതയുമായാണ് കവിതാസമാഹാരം തുടങ്ങുന്നത്. രോഗം എല്ലാവര്‍ക്കും അങ്കലാപ്പുണ്ടാക്കുന്നതാണ്. കാരണം, രോഗം പ്രത്യേകിച്ച് മാരകരോഗം നമ്മുടെ ജീവിതക്രമത്തെ തന്നെ മാറ്റിമറിക്കുന്നു. നെഞ്ചുവേദന നിസ്സാരമല്ലെന്നല്ലാവര്‍ക്കുമറിയാം. നിമിഷം കൊണ്ട് മരണത്തിലെത്തിക്കുന്ന ഹാര്‍ട്ടറ്റാക്കിന്റെ പ്രഥമ ലക്ഷണം കണ്ട് കവി സ്വാഭാവികമായ ഭയത്തോടെ ആശുപത്രിയില്‍ പ്രവേശിച്ചു. വേദനക്ക് മരുന്നു നല്‍കുന്നതിന് മുമ്പ് ആശുപത്രിക്കാര്‍ ട്യൂബുകളില്‍ രക്തം ഊറ്റിയെടുത്ത് ടെസ്റ്റുകള്‍ ചെയ്യുന്നത് കണ്ട് കവി അസ്വസ്ഥനായി. പണമുണ്ടാക്കാന്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ടെസ്റ്റുകള്‍ ചെയ്യുക എന്നത് ആശുപത്രിക്കാരുടെ പ്രവര്‍ത്തനശൈലിയാണ്. ഡോക്ടര്‍ മുതല്‍ മെഡിക്കല്‍ സ്‌റ്റോറുവരെ നീണ്ടു കിടക്കുന്ന ഒരു ശൃംലയിലാണ് നിസ്സഹായരായ രോഗികള്‍ അകപ്പെട്ടു പോകുന്നത്. ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അത്രക്കൊന്നും പ്രാബല്യത്തില്‍ ഇല്ലാത്തതിനാല്‍ പാവപ്പെട്ട രോഗികള്‍ക്ക് മരണത്തെ പുല്‍കേണ്ടി വരുന്നു. തനിക്ക് രോഗമൊന്നുമില്ലെന്നറിഞ്ഞ കവി പിറക്കാനിരിക്കുന്ന കുഞ്ഞിനെ പറ്റി ചിന്തിച്ച് ആഹ്ലാദചിത്തനായി. “പാലൊളി തൂകും ചിരിയുമായി കുഞ്ഞിളം ചുണ്ടിലൊലിച്ചിറങ്ങും ശര്‍ക്കരനീരു മുത്തു തേച്ച് കുഞ്ഞിക്കിടാവതാ കൊഞ്ചിനില്‍പ്പൂ’ എന്ന സ്വപ്നത്തില്‍ സന്തോഷ പരിപ്ലുതനായി ആത്മബന്ധത്തിന്റെ മഹിമ പാടി പുകഴ്ത്തുകയാണ് കവി. “അളക്കാന്‍ അളവുകോലൊന്നുമില്ല രക്തബന്ധത്തിന്നദൃശ്യ ശക്തി’ എന്ന് കവി ഉറപ്പിക്കുന്നു. ദൈവകൃപയാല്‍ രക്ഷപെട്ടു എന്ന് കവി സമാശ്വസിക്കുമ്പോള്‍ സര്‍വ്വം ഈശ്വരനില്‍ സമര്‍പ്പിക്കുന്ന ഒരു വിശ്വാസിയുടെ ചിത്രമാണ് മനസ്സില്‍ തെളിയുന്നത്. ഒരു ചുറ്റുവട്ടത്തില്‍ കിടന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ ദൈവനിശ്ചയമനുസരിച്ച് വിധിക്ക് വിധേയരായാണ് മുന്നോട്ടു പോകുന്നതെന്ന് മനസ്സിലാക്കുന്നില്ല. നല്ലതു വരുമ്പോള്‍ വിധിയെ സ്തുതിക്കുന്ന മനുഷ്യര്‍ ജീവിതസംഘര്‍ത്തില്‍ ദുര്‍ഘടാവസ്ഥയില്‍ പതിക്കുമ്പോള്‍ “വിധിയെ പഴിച്ചുകൊണ്ടാശ്വസിക്കാനുമീ ജീവിതം എന്ന് കവി ‘കൊതിയോടെ കാത്തിരുപ്പൂ” എന്ന കവിതയില്‍ പറയുന്നതുപോലെ സമാധാനിക്കുന്നു. അഗ്നിശുദ്ധി വരുത്തി അയോദ്ധ്യയില്‍ തിരിച്ചെത്തിയ സീത ഉപേക്ഷിക്കപ്പെട്ടത് വിധി. മനുഷ്യര്‍ക്ക് വിധിക്ക് വിധേയരായി ജീവിക്കാനേ നിവൃത്തിയുള്ളു എന്ന പാഠം നമ്മള്‍ പലേടത്തു നിന്നും പഠിക്കൂന്നു.

സ്വപ്നലോകത്തില്‍ വിഹരിക്കാത്ത മനുഷ്യരില്ല. നല്ല സ്വപ്നങ്ങളാണ് കാണുന്നതെങ്കില്‍ അതിലൊരു സുമുണ്ട്. സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികളാണെന്ന് പാടിയ കവിയുണ്ടല്ലോ. സുന്ദരികളായ സ്വര്‍ഗ്ഗകുമാരികളുമായി തൊട്ടുരുമ്മിയിരിക്കാന്‍ ആരാണാഗ്രഹിക്കാത്തത്. ഭാവനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന കവിതക്ക് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഈ ലോകത്തില്‍ ഒരിക്കലും ഉണ്ടാകാത്തതും ഇനി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതും കവികളുടെ ഭാവനയില്‍ തെളിഞ്ഞുവെന്നു വരാം. അതിലുമൂണ്ട് ഒരു ക്രിയാത്മകത. സര്‍ഗ്ഗപ്രതിഭ പോലെ മനസ്സിന്റെ ക്രിയാത്മകതയും ദൈവദത്തമാണ്. ഭാവനയുടെ വിഹായസ്സില്‍ ഉദിച്ചുയര്‍ന്ന് നില്‍ക്കുന്ന ഒരനുഭവസാക്ഷാത്കാരം കവികള്‍ അനുഭവിക്കുന്നുണ്ട്. കാരണം, കവികള്‍ വിഹരിക്കുന്ന ലോകം സാധാരണക്കാരുടേതില്‍ നിന്ന് വ്യത്യസ്ഥമാണ്. അതേപോലെ അവരുടെ സ്വപ്നങ്ങളും. ഇവിടെ കവിയും “അഭിലാഷങ്ങള്‍’ എന്ന കവിതയില്‍ ഭാവനയുടെ ചിറകുകളിലേറി സ്വപ്ന ലോകത്തിലൂടെ യഥേഷ്ടം വിഹരിക്കുകയാണ്. അനുരാഗലോലനായി കവി സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്നതു നോക്കൂ. “നിന്‍ മിഴിയിതളിലെ മദജലകണങ്ങളില്‍ എന്നഭിലാഷങ്ങള്‍ അലിയുമെങ്കില്‍ അപ്‌സരസ്സേ നിന്റെ താരുണ്യത്തനുവിന്മേല്‍ അനുരാഗ കവിത ഞാന്‍ കുറിക്കുമല്ലോ’. “നിന്‍ മനോവീണയിലെ രാഗസിരകളിലെ സ്വപ്നസ്വരങ്ങളായ് ഞാനുണരുമെങ്കില്‍ ഏകാഗ്രനായി ഞാന്‍ നിന്‍ കവിളിണ തഴുകിയൊരായിരം ചുംബനങ്ങള്‍ പകരുമല്ലോ’ എന്നിങ്ങനെ സ്വപ്നങ്ങളുടെ ഒരു നിര തന്നെ കവി സൃഷ്ടിക്കുന്നു. തന്റെ അനുരാഗം പൂവണിയിക്കാനുള്ള ശ്രമം കവി ഉപേക്ഷിക്കുന്നില്ല. “പ്രിയമുള്ളവള്‍’ എന്ന കവിതയില്‍ “ദിവ്യപ്രേമത്തിന്‍ താമരത്തണ്ടും കൊത്തി നീ പറന്നെത്തിടുകെന്‍ രാജഹംസമേ വേഗം’ എന്ന മോഹന പ്രതീക്ഷകളുമായി മാനസസരസ്സിന്റെ കരയില്‍ കവി കാത്തു നില്‍ക്കുകയാണ്. പ്രേമപരവശനായി ‘വരുവിന്‍ പ്രേമിക്കുവിന്‍ പങ്കു വയ്ക്കുവിന്‍ നിങ്ങള്‍ ജീവിത മധുവിന്റെ തെറിക്കും കണങ്ങളെ” എന്ന് ‘സ്‌നേഹസുദിനത്തില്‍” എന്ന കവിതയില്‍ കുറിച്ചിടുന്ന കവി ഒരു സ്‌നേഹഗായകനായി മാറുന്നു. സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയ കവി “പേമവ്യഥ’ എന്ന കവിതയില്‍ തന്റെ പൂര്‍വ്വകാലാനുഭവങ്ങള്‍ സ്വപ്നത്തിലെങ്കിലും കാണിച്ചു തന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നതില്‍ ശോകത്തിന്റെയാവരണം കാണാം. “ഒരു നല്ല സ്വപ്നവുമായ് ഇന്നലേകള്‍ ഉറക്കത്തിലെങ്കിലും വന്നെങ്കില്‍ ആ നിമിഷത്തിന്നനുഭൂതിയില്‍ ഉണരാതെ, നെടുനിദ്ര കൊതിക്കും ഞാന്‍’ എന്ന് പാടുന്ന കവി ഭൂതകാലത്തിലെ സുമുള്ള അനുഭവങ്ങള്‍ വര്‍ത്തമാനത്തില്‍ ഉണ്ടാകുന്നിക്ലക്ലോ എന്ന് തെല്ല് നിരാശയോടെ വ്യസനിക്കുന്നതായി തോന്നി. സുദുഃങ്ങളുടെ സമ്മിശ്രമാണല്ലോ ജീവിതം. വേലിയേറ്റവും വേലിയിറക്കവും കഴിഞ്ഞ് കടല്‍ ശാന്തമാകുന്നതു പോലെ ജീവിതത്തിന്റെ തേരോട്ടത്തിലെ ദുര്‍ഘടങ്ങള്‍ മാറി ജീവിതം ശാന്തമായി സു സമൃദ്ധമാകുന്ന അവസ്ഥക്കു വേണ്ടി കവി കാത്തിരിക്കുകയാണ്. ആഗ്രഹങ്ങള്‍ പുഷ്പ്പിക്കുന്നതും കൊഴിഞ്ഞു വിഴുന്നതും ജീവിതയാഥാര്‍ത്ഥ്യവുമായി ചേര്‍ത്തു വച്ച് ഈ കവിതയില്‍ ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്നു.

സ്തീത്വത്തിന്റേയും പാതിവൃത്യത്തിന്റേയും മഹത്വം പാടി പുകഴ്ത്തുകയാണ് കവി “കൊതിയോടെ കാത്തിരിപ്പൂ’ എന്ന കവിതയില്‍. ഭാര്യ ഭര്‍ത്താവിനെ ദേവനായി കരുതി ഹൃദയത്തില്‍ പൂജിക്കുമ്പോള്‍ അത് മനസ്സിലാക്കാതെ അവളുടെ മേനിയഴകിലും മാംസളമായ ശരീര വടിവിലും അയാള്‍ കണ്ണൂ പതിപ്പിക്കുന്നു. അയാള്‍ക്ക് ഭാര്യ ഒരു ഭോഗവസ്തു മാത്രം. മറ്റൊരു പുരുഷന്റെ അനുരാഗത്തലപ്പുകള്‍ അവളുടെ ഹൃദയത്തിലേക്ക് നീണ്ടു വരുന്നുണ്ടെങ്കിലും “ഒന്നു സ്പര്‍ശിക്കുവാനങ്ങേ തൊട്ടുതൊട്ടിരിക്കുവാന്‍ കൊതിപ്പൂ ഞാനെങ്കിലും നിഷിദ്ധമല്ലേ ഭര്‍തൃമതിയാം എനിക്കവ’ എന്ന ബോധം അവളെ ഭാരതസ്ര്തീകളുടെ ഭാവശുദ്ധിയിലെത്തിക്കുന്നു. എങ്കിലും അയാളുടെ സ്‌നേഹം മനസ്സില്‍ വിരിയിച്ച പ്രതീക്ഷകളും വികാരങ്ങളൂം അവള്‍ക്ക് മറക്കാന്‍ കഴിഞ്ഞില്ല. അവള്‍ കമിതാവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ആരാധിക്കാന്‍ തുടങ്ങി. “മറക്കാനാവില്ല മരണം ഗ്രസിച്ചാലും ദേവ ദേവ നീയെന്റെ പ്രാണനില്‍ വിളങ്ങുന്നോന്‍, ഇനിയൊരു ജന്മമുണ്ടെങ്കില്‍ അങ്ങുമായുള്ള സംയോഗത്തിനായ് ദൈവത്തോട് വരം ചോദിക്കാനിരിക്കുന്ന അവളുടെ ആഗ്രഹം സഫലമാകുമോ? ദൈവം അവളുടെ പ്രാര്‍ത്ഥന കേള്‍ക്കുമോ? ദൈവം സ്വപ്നലോകത്തില്‍ ഗാഢനിദ്രയിലാണല്ലോ. മനുഷ്യന്റെ ഹൃദയം ചെകുത്താനും ദൈവവും കൂടി പങ്കു വച്ചപ്പോള്‍ ദൈവത്തിന് കിട്ടിയ പകുതിയില്‍ ദൈവം നിദ്രയിലാണ്ടിരിക്കുന്നു എന്ന് കവി “ഇതാണ് ശരി’ എന്ന കവിതയില്‍ കുറിച്ചിടുന്നു. നിദ്രാദേവിയെ പുണര്‍ന്ന് കിടന്നു സുാനുഭൂതിയില്‍ മുഴുകുന്ന ദൈവം ഉണരാന്‍ വിസമ്മതിക്കുമ്പോള്‍ ഉറങ്ങുന്ന സ്വപ്നം തന്നെയാണ് ഈ ജീവിതം എന്ന കാഴ്ചപ്പാടാണ് കവിക്കുള്ളത്. ദൈവത്തോട് വരം ചോദിച്ച് നിരാശപ്പെടാമെന്നല്ലാതെ എന്തു പ്രയോജനം. ഇങ്ങനെ ഉറങ്ങുന്ന ദൈവത്തെ ചൂണ്ടിയായിരിക്കാം കണ്ണു തുറക്കാത്ത ദൈവങ്ങളേ എന്ന് മറ്റൊരു കവി പാടിയത്. എല്ലാവരും വിളിച്ചാല്‍ ദൈവം കണ്ണൂ തുറന്നെന്നു വരില്ല. ഭക്തിയുടെ അഗാധതയിലെത്തി ഹൃദയത്തില്‍ തട്ടിയായിരിക്കണം ദൈവത്തെ വിളിക്കേണ്ടത്. യമകിങ്കരന്മാര്‍ തന്നെ ബന്ധിച്ച് നകരത്തിലേക്ക് കൊണ്ടുപോകാന്‍ വന്നപ്പോള്‍ അജാമിളന്‍ സ്വയരക്ഷക്കായി തന്റെ മകന്‍ നാരായണനെ “നാരായണ’ എന്ന് ഉച്ചത്തില്‍ ഹൃദയം നൊന്ത് വിളിച്ച വിളി കേട്ടത് ഭഗവാന്‍ നാരായണനാണ്. അജാമിളന്റെ നാരായണ വിളിയില്‍ നിറഞ്ഞു തുളൂമ്പിയ ഭക്തിപ്രവാഹത്തില്‍ വിഷ്ണു ഭഗവാന്‍ സംതൃപ്തനായി. ഒരു യഥാര്‍ത്ഥ ഭക്തനെ മാഹാവിഷ്ണു അജാമിളനില്‍ കണ്ടു. വിഷ്ണു പാര്‍ഷദന്മാര്‍ അജാമിളനെ വിമാനത്തിലേറ്റി വിഷ്ണൂ സന്നിധിയില്‍ എത്തിച്ചു എന്ന് നമ്മള്‍ ഭാഗവതത്തില്‍ വായിക്കുന്നു. കുരിശു കാണുമ്പോള്‍ യാന്ത്രികമായി വിരല്‍ത്തുമ്പുകൊണ്ട് കുരിശു വരക്കുകയോ ക്ഷേത്രത്തിനു മുന്നിലൂടെ കാറോടിച്ചു പോകുമ്പോള്‍ കാറു നിര്‍ത്തി ഭഗവാനേ എന്ന് മന്ത്രിച്ചുകൊണ്ട് ഭണ്ഡാരത്തിലേക്ക് പണമെറിയുന്നതു കൊണ്ടോ എന്ത് പ്രയോജനം. സര്‍വ്വവും ദൈവത്തില്‍ സമര്‍പ്പിച്ച് വേണം ദൈവത്തെ വിളിക്കാന്‍. അങ്ങനെ ആത്മോന്മുമായ അല്ലെങ്കില്‍ ഈശ്വരോത്മുമായ ഒരു മനോഭാവമാണ് ദൈവകൃപയാല്‍ രോഗമൊന്നും ഉണ്ടായിരുന്നില്ല എന്ന കവിയുടെ നേരത്തെയുള്ള സൂചനയില്‍ പ്രതിഫലിക്കുന്നത്.

മതം മനുഷ്യരെ വഴിതെറ്റിക്കുന്നുവെന്ന് മതങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് പൊതുവെ ഒരഭിപ്രായമുണ്ട്. എന്നാല്‍, വഴി തെറ്റിക്കുന്നത് മതമല്ല, മനുഷ്യര്‍ തന്നെയാണ്. നന്മയുടെ സന്ദേശം മാത്രം നല്‍കുന്ന മതതത്വങ്ങള്‍ പാലിക്കാത്തതിന്റെ കുഴപ്പം കൊണ്ടാണീ കുഴാമറിച്ചിലില്‍ പെട്ടുപോകുന്നത്. എല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെങ്കിലും അതില്‍ വൈവിധ്യങ്ങളുണ്ട്. ധനവാനും ദരിദ്രനും, ബലവാനും ബലഹീനനും, ബുദ്ധിമാനും വിഢിയും, സൗന്ദര്യമുള്ളവരും വിരൂപരും, എന്തിനീ വ്യത്യസ്ഥതയോടുള്ള സൃഷ്ടി എന്ന് ജന്മരഹസ്യം അറിയാത്തവര്‍ വേവാലിതിപ്പെടുന്നു. വിരൂപന്‍ സുന്ദരനെ കാണുമ്പോള്‍ സൃഷ്ടിയുടെ രഹസ്യം അിയാത്തതുകൊണ്ടുള്ള അപകര്‍ഷതകൊണ്ട് അയാളുടെ മനസ്സില്‍ ദൈവത്തോട് വെറുപ്പു തോന്നുമായിരിക്കും. അയാള്‍ ദൈവവിശ്വാസത്തില്‍ നിന്ന് അകന്നു പോയെന്നും വരാം. ക്രിസ്ത്യാനികളും മുസ്ലിംഗളും ഏകദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ നാനാത്വത്തില്‍ ഏകത്വം കാണുന്ന ഹിന്ദുക്കള്‍ക്ക് മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. വിഭിന്ന മതസ്ഥര്‍ ദൈവങ്ങളുടെ പേരില്‍ പടവെട്ടി മരിക്കുന്നു. രക്തപ്പുഴയൊഴുക്കുന്നു. “വിധ്വംസ ശക്തിയും വിത്തവും ചേര്‍ന്നവര്‍ ഈ ഭൂമി രണഭൂമിയാക്കീടുന്നു എന്ന് കവി ഭ്രാന്താലയം എന്ന കവിതയില്‍ വ്യസനിക്കുന്നു. വീണ്ടുമൊരു കുരുക്ഷേത്രം സൃഷ്ടിക്കപ്പെടുമോ എന്നാണ് കവിയുടെ ഭയം. ദൈവങ്ങളുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ട് ദുഃിതനായ കവി ദൈവത്തിന്റെ ധര്‍മ്മം എന്താണെന്ന് സംശയിക്കുന്നു. “അറിയുവാനാഗ്രഹമുണ്ടീ കവിക്കെന്റെ ദൈവമേ നിന്‍ പേരും ധര്‍മ്മവും’ എന്ന് കവി ഭ്രാന്താലയങ്ങള്‍ എന്ന കവിതയില്‍ ചോദിക്കുന്നത് മനോവേദനയോടെയാണ്, ധര്‍മ്മം പുനഃസ്ഥാപിക്കപ്പെടണമെന്ന
ആത്മാര്‍ത്ഥതയൊടെയായിരിക്കണം.

മതഭ്രാന്തിന്റെ മറ്റൊരു ആവിഷ്കരണമാണ് “ഒരു വെളിച്ചപ്പാടിന്റെ മരണം’ എന്ന കവിത. ഒരു വൈദികന്‍ അന്യമതസ്ഥരുടെ അടുത്തു വരുന്നത് മതപരിവര്‍ത്തിനാണെന്ന് ധരിക്കുന്ന മതഭ്രാന്മാരെക്കൊണ്ടും ക്ഷേത്രാചാരങ്ങളിലെ അന്ധവിശ്വാസികളെക്കൊണ്ടും നിറഞ്ഞ ലോകാണിത്. വിശ്വാസചാരങ്ങളുടെ ഭാഗമായി വെളിച്ചപ്പാട് സ്വന്തം തലയില്‍ വെട്ടി രക്തമൊലിപ്പിച്ച് തറയില്‍ വീണു. “മുറിവു മാരകമാണല്ലോയുടനെയീ രോഗിക്ക് വൈദ്യസഹായം വേണം’ എന്നു പറഞ്ഞ് സഹായിക്കാന്‍ അടുത്തെത്തിയ വൈദികനെ മതഭ്രാന്തന്മാര്‍ തല്ലിച്ചതച്ച് ആട്ടിയോടിച്ചു. “ഭദ്രമെല്ലാമിനി ദേവി പ്രീതിയാല്‍ വൈദികന്‍ പോയി തുലയട്ടെ’ എന്ന് കവി വരച്ചിടുന്നത് മതവിദ്വേഷികളുടെ ചിത്രമാണ്. ഒരു ദേവിയും വെളിച്ചപ്പാടിനെ രക്ഷിക്കാന്‍ എത്തിയിക്ല. തന്റെ ബാലികയായ മകളെ തനിച്ചാക്കി വെളിച്ചപ്പാട് ഈ ലോകത്തോട് യാത്ര പറഞ്ഞു. നിസ്സഹായായി കരഞ്ഞു കൊണ്ടിരുന്ന ബാലികയെ കണ്ട് ദയാലുവായ വൈദികന്‍ നീട്ടിയ ജീവിതം മതഭ്രാന്തന്മാര്‍ തട്ടിത്തെറിപ്പിച്ചു.

“നസ്രാണി നീയൊക്കെ നാടുമുടിക്കുന്നു മണ്ണിന്റെ മക്കളെ മാര്‍ക്കം കൂട്ടി’ എന്ന് ജനം ഭത്സിച്ചു. ജനക്കുട്ടം പിറ്റേന്നു രാവിലെ കണ്ടത് കശ്മലന്മാര്‍ ചവച്ചു തുപ്പിയ ബാലികയുടെ അര്‍ദ്ധനഗ്നശരീരമാണ്. സ്ര്തീത്വത്തിന്റെ മരണം മതഭ്രാന്തന്മാര്‍ക്ക് പ്രശ്‌നമായിക്കാണുകയില്ല, “ജീവിച്ചു പോകാനനുവദിക്കാതെ കൊന്നു കളഞ്ഞല്ലോ ബാലികയെ എന്ന് വ്യസനിക്കുന്ന കവി ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നത് മതേതരത്വത്തിന്റെ മഹത്വമാണ്. മതേതരത്വം പ്രസംഗമണ്ഡപത്തില്‍ നിന്ന് ജനങ്ങളുടെ ഹൃദയത്തില്‍ എത്തിയിരുന്നെങ്കില്‍ എത്ര നാന്നായിരുന്നു. കേരളത്തിലെ പ്രളയദുരന്തത്തില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തി, പക്ഷെ ഒരു ചെത്തു തൊഴിലാളിയേയും കണ്ടില്ല എന്ന് പറഞ്ഞ്, ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിച്ച ഒരു സഹോദരന്‍, ഭേദചിന്തയുടെ മറ്റൊരു രൂപം പ്രകടമാക്കി ഒരു സമൂഹത്തെ അവഹേളിക്കുന്നത് ഒരു തരം ജാതിസ്പര്‍ദ്ധയോ മതവിരോധധമോ അപകര്‍ഷതാബോധമോ അല്ലെങ്കില്‍ മതഭ്രാന്തോ ആയിരിക്കാം. കേരളത്തിലെ മൊത്തം തൊഴിലാളികള്‍ പ്രളയദുരന്തത്തില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കാന്‍ എത്തിയില്ലല്ലോ. മനസ്സില്‍ വിവേചനത്തിന്റെ കറ പുരളാത്ത ഒരമ്മയെ കവി അവതരിപ്പിച്ചിരിക്കുന്നത് ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. “മന്ദഹാസത്തിന്റെ ദിവ്യപ്രകാശത്തില്‍ അന്ധകാരത്തെയകറ്റി തെരുവിന്റെ അമ്മയായ്, അഗതികള്‍ക്കമ്മയായ്, വന്ന മതര്‍ തെരേസക്ക് ‘വന്ദനം പുണ്യാത്മാവേ, സ്‌നേഹത്തിന്‍ പ്രകാശമേ നന്ദിയോടോര്‍ക്കും ഞങ്ങള്‍ അമ്മയെ കലാകാലം” എന്ന് ഭേദചിന്തയുടെ നിറം കലരാത്ത സേവനം തിരിച്ചറിഞ്ഞ് കവി ആലപിക്കുന്ന മതേതരത്വത്തിന്റെ മഹനീയ സംഗീതം മതഭ്രാന്തന്മാരുടെ ഹൃദയത്തില്‍ പതിക്കുന്ന ഒരു കാലം വരുമെന്ന് കവിയെ പോലെ നമുക്കും പ്രതിക്ഷിക്കാം.

ഒരു കുടിയേറ്റക്കരനായ കവി അമേരിക്കന്‍ മലയാളികളുടെ സ്വഭാവവിശേഷം ചിത്രീകരിക്കാന്‍ മറക്കുന്നില്ല. അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്ക് സ്വയം രക്ഷപെടുകയും കുടുംബാംഗങ്ങളെ അമേരിക്കയില്‍ എത്തിച്ച് അവര്‍ക്ക് ജീവിതത്തിന്റെ സമ്പന്നമായ പാത വെട്ടിത്തുറക്കാന്‍ സാഹയിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുണ്ടായിരുന്നെങ്കിലും അവരിലും ഇവിടെ എത്തിയ രണ്ടാം തലമുറയിലും അപഥസഞ്ചാരികള്‍ നിരവധിയുണ്ട്. “പ്രേമം മനുഷ്യര്‍ക്ക് കാമം മലയാളിക്ക്’ എന്ന കവിതയില്‍ കവി അവരുടെ നേരെ വിരല്‍ ചൂണ്ടുന്നു. ഈ അമേരിക്കന്‍ മലയാളികളുടെ അപഥസഞ്ചാരത്തില്‍ കവി ക്ഷുഭിതനാകുന്നു. “കാമാര്‍ത്തി പാമ്പിന്‍ പത്തി പോലെ വിടര്‍ത്തിക്കൊണ്ടും ആഭാസത്തരം കാട്ടാന്‍ മിടുക്കര്‍ മലയാളികള്‍. പുത്രി, പെങ്ങള്‍, കളത്രം മാതാവ് എന്നൊക്കെയുള്ള ശ്രേഷ്ഠമാം സ്ഥാനങ്ങളില്‍ വിളങ്ങുന്ന പതിവൃതാരത്‌നത്തോടേറ്റുമുട്ടി തോല്‍ക്കുമ്പോള്‍ അവരെ പറ്റി ഹീനമായ് പറഞ്ഞു പരത്തുന്നു”. കവി ഈ അമേരിക്കന്‍ മലയാളികളെ വിമര്‍ശിക്കുക മത്രമല്ല ചെയ്യുന്നത്, അധര്‍മ്മത്തില്‍ നിന്ന് അവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ആഗ്രഹിക്കുന്നുണ്ട്. ധര്‍മ്മത്തിന്‍ രക്ഷക്കായ് മുഴക്കിയ പാഞ്ചജന്യത്തിന്‍ ധ്വനി കവിയുടെ ഹൃദയാകാശത്തില്‍ അലയടിക്കുന്നുണ്ടാവാം. വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇരുട്ടുന് സ്ഥാനമില്ലാത്തതു പോലെ ധര്‍മ്മത്തിന്റെ സാന്നിദ്ധ്യത്തില്‍ അധര്‍മ്മത്തിന് സ്ഥാനമില്ല. ഇവിടെ കവി കേള്‍പ്പിക്കുന്നത് മനുഷ്യരെ ധര്‍മ്മത്തിലേക്ക് നയിക്കുന്ന സ്‌നേഹത്തിന്റെ ശംുനാദമാണ്. “പ്രപഞ്ച പൂന്തോട്ടത്തില്‍ വിരിയും പൂക്കള്‍ പോലെ മനസ്സില്‍ വിടരട്ടെ പ്രേമത്തിന്‍ കുസുമങ്ങള്‍. നിറക്കൂ തേന്‍ തുള്ളികള്‍ നുകരാന്‍ പ്രിയര്‍ക്കായി ജന്മസാഫല്യത്തിന്റെ ഉദയം കണി കാണാന്‍. പ്രേമത്തിന്‍ പാല്‍പായസം പ്രകൃതിയൊരുക്കുമ്പോള്‍ സര്‍പ്പമായതില്‍ വിഷം നിറക്കാതിരിക്കുക” എന്ന് കവി എഴുതുന്നത് സ്‌നേഹത്തിന്‍ പുകഴ്ത്തു പാട്ടായിട്ടാണ്. തിന്മയിലേക്ക് വഴുതിപ്പോകാതെ അമേരിക്കന്‍ മലയാളികള്‍ നന്മയിലേക്ക് ഉയര്‍ന്നു വരണമെന്നാഗ്രഹിക്കുകയാണ് കവി.

ഓരോ കവികള്‍ക്കുമുണ്ട് അവരുടേതായ കാവ്യഭാഷ. കഠിനപദങ്ങള്‍ കാവ്യഭംഗി നഷ്ടപ്പെടുത്തുമെന്നും ലളിത സുന്ദരവും അനുയോജ്യവുമായ പദപ്രയോഗം കവിതയുടെ ആസ്വാദനസും വര്‍ദ്ധിപ്പിക്കുമെന്നും കവിക്കറിയാം. പദസമ്പത്തിന്റെ അനുഗ്രഹത്താല്‍ പദങ്ങള്‍ അനായാസം എടുത്തു പ്രയോഗിക്കാന്‍ കവിക്ക് സാധിക്കുന്നു. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന പ്രതിഭാസികതക്ക് കവിതയിലൂടെ ജീവന്‍ നല്‍കി ആവിഷ്കരിക്കുക എന്ന രചനാതന്ത്രമാണ് കവി സ്വീകരിച്ചിരിക്കുന്നത്. തന്റെ കാവ്യശില്‍പത്തെ സര്‍ഗ്ഗാത്മകതയുടേയും ഭാവനയുടേയും നിറപ്പകിട്ടില്‍ പരിപൂണ്ണതയിലേക്ക് ആനയിക്കുന്ന പ്രതിപാദനതന്ത്രവും കവിക്ക് സ്വായത്തമാണ്. കാല്‍പനികതയുടെ സും പകര്‍ന്നും വായനക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ആധുനികതയില്‍ കാലുറപ്പിക്കാതേയും ആവിഷ്ക്കരിക്ലുട്ടുള്ള കവിയുടെ അക്ഷരക്കൊയ്ത്തിലൂടെ അനുവാചകര്‍ക്കും ഒരു തീര്‍ത്ഥയാത്ര നടത്തി തീര്‍ത്ഥാടനത്തിന്റെ ഫലം അനുഭവിക്കാവുന്നതാണ്. കവിക്ക് ഇനിയും ഇതേ പോലെ കൂടുതല്‍ കവിതകളെഴുതി മലയാള കാവ്യരംഗത്തെ സമ്പന്നമാക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top