Flash News

ഇന്ത്യയില്‍ നിയമപാലകര്‍ കൊല്ലപ്പെടുന്നത് ഹിന്ദുത്വ ഭീകരതയാണോ എന്ന് സംശയം ബലപ്പെടുന്നു

December 4, 2018

hemantഉത്തര്‍പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട കൊലപാതകം വടക്കെ ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, ഒരു തുടര്‍ക്കഥയാകുമ്പോള്‍ ഇപ്പോള്‍ കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകവും മുംബൈ തീവ്രവാദ വിരുദ്ധ സ്വാകാഡിലെ ഹേമന്ദ് കാര്‍ക്കരെയുടെ കൊലപാതകവും കൂട്ടി വായിക്കേണ്ടതാണ്. ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന ഉദ്യോഗസ്ഥരാണോ കൊല്ലപ്പെടുന്നതെന്ന സംശയമാണ് സുബോധ് കുമാറിന്റെ മരണം ഉണ്ടാക്കിയിട്ടുള്ളത്.

നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം അധികം വൈകാതെ നടന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ മരണത്തിന് പിന്നില്‍ ഹിന്ദുത്വ ശക്തികളാണ് എന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥാനാണ് കൊല്ലപ്പെട്ടത്. അദ്ദേഹം ആള്‍ക്കൂട്ടത്തിലൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ നൂറുകണക്കിന് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ആദ്യ ഇരയായിരുന്നു മുഹമ്മദ് അഖ്‌ലാക്ക്.

ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ പശു ഇറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാക്ക് കൊല്ലപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു. ഈ അന്വേഷണത്തിലാണ് മുഹ്മ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ സൂക്ഷിച്ചത് പശു ഇറച്ചി അല്ലെന്നും ആക്രമണം ആസുത്രിതമായിരുന്നു എന്നും കണ്ടെത്തിയത്. പിന്നീട് ഇദ്ദേഹത്തെ സ്ഥലം മാറ്റുകായിരുന്നു. കേസിലെ പ്രതികള്‍ക്കെല്ലാം പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ പിന്നീട് പ്രതികളെ ന്യായികരിക്കുകയും ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സ്വീകരണം നല്‍കുകയും ചെയ്തു.

ഹിന്ദുത്വ ഭീകര പ്രവര്‍ത്തകരെ വെളിച്ചെത്ത് കൊണ്ടുവന്ന് പിന്നീട് ജീവന്‍ നഷ്ടപ്പെട്ട ആദ്യ ഉദ്യോഗസ്ഥനല്ല സുബോധ് കുമാര്‍.
കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, പ്രഗ്യാ താക്കൂര്‍ എന്നിവരാണ് മാലേഗാവ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയ മുംബൈ തീവ്രവാദ വിരുദ്ധ സ്വാകാഡിലെ ഹേമന്ദ് കാര്‍ക്കരെയും കൊല്ലപ്പെടുകയായിരുന്നു. ഇവര്‍ക്ക് അഭിനവ് ഭാരത് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. 2008 മുംബൈ ഭീകരാക്രമണ വേളയിലായിരുന്നു കര്‍ക്കറെ ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.

അതിനിടെ ബുലന്ദേഷഹറിലെ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗോ സംരക്ഷകരായി അവതരിച്ച സംഘ്പരിലവാര്‍ ശക്തികള്‍ അഴിച്ചുവിട്ട ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേരാണ് മരിച്ചത്.

മുസഫര്‍നഗറില്‍ 2013 ല്‍ നടന്ന മുസ്ലീം വിരുദ്ധ കലാപത്തെ തുടര്‍ന്ന് ഈ പട്ടണത്തില്‍നിന്ന് നിരവധി മുസ്ലീങ്ങള്‍ക്കാണ് നാട് വിട്ടുപോകേണ്ടി വന്നത്. ഭൂരഹിത കര്‍ഷകരായിരുന്നു ഇവരിലേറെയും. ഇരു സമുദായങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട മുറിവുകള്‍ അകറ്റാന്‍ നടത്തിയ ചെറിയ ശ്രമങ്ങളെ പോലും പുതിയ അക്രമം അവതാളത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

തബ്്‌ലീഗി ജമാ അത്തിന്റെ മതപരിപാടിയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വിശ്വാസികള്‍ ബുന്ദേഷഹറില്‍ എത്തുന്ന വേളയിലാണ് കഴിഞ്ഞ ദിവസം ആക്രമം നടന്നതെന്നതും ശ്രദ്ധേയമാണ്. തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കായി താമസിക്കാന്‍ ചില ക്ഷേത്രങ്ങള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും വാര്‍ത്തയുണ്ടായിരുന്നു. വളര്‍ന്നുവരുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കല്‍ കൂടി ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ സംഘടനകള്‍ പശു സംരക്ഷണത്തിന്റെ മറവില്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ആരോപണമുണ്ട്.

ബുലന്ദെഷഹറില്‍ മഹാവ് ഗ്രാമത്തിലെ പാടത്ത് ചത്ത പശുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്ത പ്രചരിപ്പിച്ചതോടെയാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് സംഘടിച്ചെത്തിയ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയുമായിരുന്നു. ഇവര്‍ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്യുകയായിരുന്നു. ഇവരില്‍ ചിലര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുവര്‍ഷമായി വടക്കേ ഇന്ത്യയില്‍ പൊതുവിലും ഉത്തര്‍പ്രദേശില്‍ പ്രത്യേകിച്ചും വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഉപാധിയായി ഗോ സംരക്ഷണ പ്രവര്‍ത്തനം മാറിയിട്ടുണ്ട്.

2010 മുതലുള്ള എട്ടു വര്‍ഷം നടന്ന ഇത്തരം ആക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന് ഇന്ത്യ സ്‌പെന്റ് നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരം ആക്രമണങ്ങളില്‍ ഭൂരിപക്ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. 2017 ലാണ് ആക്രമങ്ങള്‍ ഏറ്റവും വര്‍ധിച്ചതെന്നും ഇന്ത്യാ സ്‌പെന്റിന്റ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top