Flash News

നവോത്ഥാന മതില്‍ ഗുരുദേവനോട് കാണിക്കുന്ന അക്ഷന്തവ്യമായ അപരാധം

December 4, 2018

sivagiriശ്രീനാരായണീയരെ സംബന്ധിച്ചിടത്തോളം ഏറ്റവും പുണ്യകര്‍മ്മമായി കരുതിപോരുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന ദിവസമായ ജനുവരി ഒന്നിന് കേരളത്തില്‍ വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ഉയരുന്നു.

വനിതാമതില്‍ സംഘാടക സമതിയുടെ ചെയര്‍മാന്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രാധാന്യവും ലക്ഷ്യവും,മഹത്വവും ഉയര്‍ത്തി പിടിക്കേണ്ട എസ്എന്‍ഡിപി യോഗത്തിന്റെ മുഖ്യസാരഥി തന്നെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ഒരു പരിപാടിയുടെ സംഘാടകനായി വരുന്നത് തീര്‍ത്ഥാടനത്തിന്റെ പ്രസക്തിക്ക് ക്ഷതമേല്‍പ്പിക്കില്ലേ എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന കാതലായ ചോദ്യം.

വനിതാ മതിലിന് എസ്എന്‍ഡിപിയുടെ വനിതാ പ്രവര്‍ത്തകരെ കൂടി അണിനിര്‍ത്താന്‍ വെള്ളാപ്പള്ളി നിര്‍ബന്ധിതനാവുമല്ലൊ. പഞ്ചശുദ്ധി വ്രതമെടുത്ത് തീര്‍ത്ഥാടനത്തിന് ഒരുങ്ങുന്ന വനിതകള്‍ക്ക് മതിലിന്റെ ഭാഗമാവാന്‍ സാധിച്ചെന്ന് വരില്ല. അക്കാര്യം നവോത്ഥാനപ്രസ്ഥാനങ്ങളുടെ സംയുക്ത യോഗത്തില്‍ വെള്ളാപ്പള്ളി ഓര്‍ക്കാതെ പോയതും ഓര്‍മ്മിപ്പിക്കാതിരുന്നതും ഗുരു ദേവനോട് കാണിച്ച അക്ഷന്തവ്യമായ അപരാധമായി പലരും ചുണ്ടിക്കാട്ടുന്നുണ്ട്.

മാത്രമല്ല, പ്രത്യക്ഷമായിട്ടില്ലെങ്കിലും വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെസ് സംഘപരിപാറിന്റെ ആചാരസംരക്ഷണ സമരത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ്. ആ സംഘടനയുമായി ബന്ധപ്പെട്ടവരും മതിലിന് കല്ലാവാന്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല. ചുരുക്കത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ തന്നെ ഒരു വിഭാഗം വനിതാ മതിലില്‍ അണി ചേരാന്‍ തയ്യാറാവുമെന്ന് കരുതുക വയ്യ.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത പല സംഘടനകളും ഈ സംരംഭത്തില്‍ നിന്നും പിന്‍ മാറുന്നതായി വാര്‍ത്ത വരുന്നുമുണ്ട്. യുഡിഎഫാവട്ടെ വനിതാ മതില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആസൂത്രണം ചെയ്ത ഒരു രാഷ്ട്രീയ മതിലാണെന്ന് ആരോപിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. അതെന്തായാലും, ശിവഗിരി തീര്‍ത്ഥാടനത്തിന്റെ സമാപന ദിവസം സംസ്ഥാന തലത്തില്‍ ഒരു പരിപാടി തീരുമാനിച്ചതിന്റെ ഔചിത്യത്തെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനം കേട്ടില്ലെന്ന് നടിച്ചു കൂടാ.

ആക്ഷേപം ശക്തി പ്രാപിക്കുന്നതിന് മുമ്പ് സര്‍ക്കാറിന് ചെയ്യാവുന്നത് വനിതാ മതില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാവും. ജനുവരി രണ്ടാം തിയ്യതിയായാലും മതിലിന് ദോഷം വരില്ല. ഉറപ്പു കൂടുകയേ ഉള്ളൂ.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top