Flash News

ചെലവു ചുരുക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തന്നെ പുതിയ കാറുകള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ത്ഥനയുമായി നിയമ സഭയില്‍

December 5, 2018

thomas-issacതിരുവനന്തപുരം: പ്രളയാനന്തരം ചെലവു ചുരുക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തന്നെ പുതിയ കാറുകള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ത്ഥനയുമായി നിയമസഭയിലെത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പത്തു ലക്ഷത്തിനു മേല്‍ വിലയുള്ള 9 വാഹനങ്ങള്‍ പുതുതായി വാങ്ങാനും എല്‍ബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാര്‍ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഉപധനാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ വാഹന വില അടക്കമുള്ള വിശദാംശങ്ങള്‍ ഉപധനാഭ്യര്‍ഥനയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പര്‍ മാത്രമാണ് ധനാഭ്യര്‍ഥനയില്‍ ഉദ്ധരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വാഹനങ്ങള്‍ക്കും ടോക്കണ്‍ തുകയാണ് ധനാഭ്യര്‍ഥനയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങള്‍ വാങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോട്ടറി ഡയറക്ടര്‍, കെല്‍പാം, പ്രിന്റിംഗ് ഡയറക്ടര്‍, കോട്ടയം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ്, സഹകരണ ആര്‍ബിട്രേഷന്‍ കോടതി എന്നിവര്‍ക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനങ്ങളുമാണ് സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നത്. ഈ ഉപധനാഭ്യര്‍ത്ഥനയിന്‍മേലുള്ള നിയമസഭാ ചര്‍ച്ച 10ന് നടക്കും. പ്രളയാനന്തരം ചെലവുചുരുക്കല്‍ നടപടികള്‍ നടക്കുമ്പോഴും കാറുകള്‍ പരമാവധി വാടകയ്‌ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഈ വര്‍ഷത്തെ സര്‍ക്കുലര്‍ നിലവിലിരിക്കുമ്പോഴുമൊക്കെയാണ് പുതിയ ഉപധനാഭ്യര്‍ത്ഥനയെന്നതാണ് കൗതുകകരം.

പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ പല പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള ധൂര്‍ത്തുകളെല്ലാം ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത് പ്രളയത്തിന്റെ പേരിലാണ്.  ഇതാദ്യമായല്ല സര്‍ക്കാര്‍ പ്രളയക്കെടുതിക്കിടയിലും ധൂര്‍ത്ത് നടത്തുന്നു എന്ന ആരോപണം ഉയരുന്നത്. പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ പ്രവാസി കേരളാ വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ പുനര്‍രൂപകല്പന ചെയ്യാനുള്ള ഉപദേശം കിട്ടാന്‍ മാത്രം പിണറായി സര്‍ക്കാര്‍ കൊടുത്തത് 66 ലക്ഷം രൂപയാണ്. കേരളത്തിന് വെബ്സൈറ്റ് നിര്‍മ്മിക്കാനും ഉപദേശം നല്‍കാനും സ്വന്തമായി വകുപ്പ് തന്നെയുണ്ട്. ഐടി വകുപ്പെന്നാണ് ഇതിന്റെ പേര്. ഐടി മിഷന്‍ കേരള പോലുള്ള മറ്റ് പ്രസ്ഥാനങ്ങള്‍. എന്നിട്ടും കെപിഎംജിയെ ഇതിന്റെ ചുമതല നല്‍കിയത് കടുത്ത എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.

വിദേശത്തെ തൊഴിലവസരങ്ങള്‍ അറിയിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടപടികള്‍ക്കുമായി നോര്‍ക്കാ വകുപ്പ് നടത്തുന്നതിനുമുള്‍പ്പെടെ വെബ് പോര്‍ട്ടല്‍ പുതിയ രൂപഭാവങ്ങളോടെയാക്കുന്നതിനുള്ള സാങ്കേതിക സഹായമാണ് കെ.പി.എം.ജി. അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ലഭ്യമാക്കുക. ഇതിന്റെ ഭാഗമായി മൊബൈല്‍ ആപ്പ് തയ്യാറാക്കും. സി-ഡിറ്റാണ് നോര്‍ക്ക ജോബ് പോര്‍ട്ടല്‍ തയ്യാറാക്കിയതും ഇതേവരെ സാങ്കേതിക സഹായം നല്‍കിയതും. സിഡിറ്റിന് ഇക്കാര്യത്തില്‍ മതിയായ പരിചയവും ഉണ്ട്. ഇതെല്ലാം ഉണ്ടായിരിക്കെയാണ് 66 ലക്ഷത്തിന്റെ ഉപദേശക കരാര്‍ നല്‍കുന്നത്. കേരളം പ്രളയക്കെടുതിയില്‍ അര മുറുക്കിയാണ് മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയില്‍ സൗജന്യ ഉപദേശ വാഗ്ദാനവുമായി കെപിഎംജി എത്തിയിരുന്നു. ഇത് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരു ലക്ഷത്തില്‍ താഴെ ചെലവ് വരുന്ന ജോലിക്ക് 66 ലക്ഷം രൂപ കൊടുത്ത് കെപിഎംജിയെ സര്‍ക്കാര്‍ ഏല്‍പ്പിച്ച കാര്യം പുറത്താകുന്നത്.

നോര്‍ക്കയുടെ പോര്‍ട്ടല്‍ നവീകരിക്കുന്നതിന് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്താന്‍ കെ.എസ്ഐ.ഡി.സി.യെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏജന്‍സിയായി എന്‍.ഐ.സി. എംപാനല്‍ ചെയ്ത സ്ഥാപനമെന്ന നിലയിലാണ് കെ.പി.എം.ജി.യെ ശുപാര്‍ശ ചെയ്തത്. കേരളത്തില്‍ തന്നെ വെബ് പോര്‍ട്ടലുകള്‍ കുറഞ്ഞ ചെലവില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഉണ്ടാക്കി നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.

ഒരു ലക്ഷത്തിനു താഴെ തുകയ്ക്ക് പോലും ചെയ്യുന്ന ഈ കമ്പനികളെ കൊണ്ടാണ് വിദേശ രാജ്യങ്ങളിലെ വെബ് സൈറ്റ് നിര്‍മ്മാണം പോലും ചെയ്യുന്നത്. ഇതിനിടെയാണ് നെതര്‍ലാന്‍ഡ് ആസ്ഥാനമായ കമ്പനിക്ക് ഇത്രയും ചെറിയ പണിക്ക് 66 ലക്ഷം രൂപ പിണറായി സര്‍ക്കാര്‍ നല്‍കുന്നത്. പ്രളയ പുനരുദ്ധാരണത്തില്‍ കെപിഎംജിയെ സൗജന്യ കണ്‍സെൾട്ടന്റായി അവതരിപ്പിച്ചതില്‍ പ്രതിപക്ഷം ഉയര്‍ത്തിയ സംശങ്ങള്‍ ശരിവയ്ക്കുന്നതാണ് നോര്‍ക്കയിലെ പോര്‍ട്ടല്‍ നിര്‍മ്മാണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top