Flash News

കോടികള്‍ കൊയ്യുന്ന മലയാള സിനിമാ ലോകം ബോബി കൊട്ടാരക്കരയെപ്പോലുള്ള കലാകാരന്മാരെ വിസ്മരിക്കുന്നു

December 5, 2018 , കൊട്ടാരക്കര ഷാ

eiRJXGD75660അബ്ദുല്‍ അസീസ് എന്നു പറഞ്ഞാല്‍ അധികമാരും അറിയില്ല. എന്നാല്‍ ബോബി കൊട്ടാരക്കര എന്ന പേര് നമ്മളില്‍ പലരും അറിയും. എണ്‍പതുകളിലും തൊണ്ണൂറുകളിലും ശുദ്ധഹാസ്യവുമായി നമ്മളെ ഒരുപാട് ചിരിപ്പിച്ച പ്രിയപ്പെട്ട ബോബി അങ്കിളിന്റെ പതിനെട്ടാം ചരമ വാര്‍ഷികവും കടന്നു പോയി.

മരണത്തിനു കുറച്ചു ദിവസം മുന്‍പും നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. അക്കാലത്ത് സന്തതസഹചാരിയായ ആസ്മയുടെ ശ്വാസം മുട്ടലും അലര്‍ജിയും വല്ലാതെ അലട്ടിയിരുന്നു. രാവിലത്തെ നടപ്പിനിടയിലാണ് ഒട്ടുമിക്ക ദിവസങ്ങളിലും കാണുക. പതിവുപോലെ ഇന്‍ഹേലര്‍ ഏതെങ്കിലും ലൊക്കേഷനില്‍ വെച്ച് മറന്നിട്ടുണ്ടാവും, വീനസ് ജംഗ്ഷനില്‍ നിന്നും ഗവണ്മെന്റ് ആശുപത്രിക്കു മുന്നിലുളള വിക്ടറി മെഡിക്കല്‍ സ്റ്റോറില്‍ ഇന്‍ഹേലര്‍ വാങ്ങാനുളള വരവായിക്കും.

എന്റെ അത്ത (പിതാവ്) തമ്പി എന്നറിയപ്പെടുന്ന എം സിറാജ്ജുദ്ദീനുമായി വളരെ ചെറുപ്പം മുതല്‍ തന്നെ സൗഹൃദമുണ്ടായിരുന്നതുകൊണ്ട് എന്നോട് മകനെ പോലൊരു വാത്സല്യമായിരുന്നു ബോബി അങ്കിളിന്. ബാംഗ്ളൂരില്‍ പഠിക്കുന്ന കാലത്ത് ഷെറീഫ് അങ്കിളിന്റെ വീട്ടില്‍ ബോബി അങ്കിളും, ബഷീറങ്കിളും (മമ്മി ഡാഡി) തുടങ്ങി ആ പഴയ ടീമിന്റെ ഒത്തുകൂടലുണ്ടായിരുന്നു. സിനിമയെ കുറിച്ച് ഞാന്‍ ആവേശത്തോടെ പറയുമ്പോഴെല്ലാം, നിനക്കു പറ്റിയതല്ല, നല്ലതല്ല എന്നൊക്കെ പറഞ്ഞു നിരുല്‍സാഹപ്പെടുത്തിയിരുന്നു, സ്നേഹപൂര്‍വ്വം…

2000 നവംബര്‍ അവസാനം ഞാന്‍ റാസല്‍ഖൈമയില്‍ പോയപ്പോള്‍ ഡിസംബര്‍ മൂന്നിന് ആണ് “വക്കാലത്തു നാരായണന്‍കുട്ടി” എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ അദ്ദേഹം മരിച്ച വാര്‍ത്ത റേഡിയോ ഏഷ്യയിലൂടെ അറിയുന്നത്. നവലോക ട്രോളുകളില്‍ താരമാണ് ഇന്നും ബോബി കൊട്ടാരക്കര. എന്നാല്‍ വെള്ളിത്തിരയിലെ താരങ്ങളില്‍ വിജയിച്ചവരെ നാം വാഴ്ത്തുന്നു, ആരാധിക്കുന്നു.

എന്നാല്‍ ബോബിയെ പോലുള്ളവരുടെ സ്ഥിതി എന്തായിരുന്നു എന്ന് ആര്‍ക്കെങ്കിലും അറിയുമോ?

എന്നും മാതാവിനും, സഹോദരങ്ങള്‍ക്കും ഒപ്പം സിനിമയ്ക്കും വേണ്ടി ജീവിച്ച്, എന്നും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ആയിരുന്ന അദ്ദേഹം 48 ആം വയസ്സില്‍ മരിക്കുമ്പോള്‍ വിവാഹം പോലും കഴിച്ചിരുന്നില്ല എന്നതാണ് സത്യം..!

മലയാള സിനിമ കോടികള്‍ കീഴടക്കി മുന്നേറുമ്പോഴും ബോബിയെ പോലുള്ള ഒരുപാട്‌ നല്ല കലാകാരന്മാരെ കാണാതെ പോകുന്നു എന്നത്‌ ദുഖകരമായൊരു കാര്യമാണ്. സംസ്ഥാന അവാര്‍ഡ് വാങ്ങിയ സേതുലക്ഷ്മി അമ്മയെപ്പോലൊരു താരത്തിന് മകന്റെ ചികില്‍സയ്ക്കു സോഷ്യല്‍ മീഡിയയിലൂടെ തെണ്ടേണ്ടി വന്നു എന്നത് തന്നെ ചെറിയ താരങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത ദുരിതങ്ങളുടെ മറു വശമാണ്.

ഇത്തരം താരങ്ങളെ പരിഗണിക്കുന്നതില്‍ പ്രത്യേക ശദ്ധ വേണമെന്ന് സിനിമാ സംഘടനകളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top