Flash News

മരണപ്പെട്ട സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച സ്ത്രീ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; വൈദ്യശാസ്ത്രത്തിലെ പുത്തന്‍ മുന്നേറ്റമെന്ന് ഡോക്ടര്‍മാര്‍

December 5, 2018

120418_AC_uterus-transplant_featമരണപ്പെട്ട സ്ത്രീയുടെ ഗര്‍ഭ പാത്രം സ്വീകരിച്ച 32കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബ്രസീലിലാണ് മുപ്പത്തിരണ്ടുകാരിയായ യുവതി രണ്ടര കിലോഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ സംഭവമാണ് ഇത്.

മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എം.ആര്‍.കെ.എച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്‌ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം അവഗണിക്കാതിരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിരുന്നു.

ഗര്‍ഭപാത്രം മാറ്റിവച്ച് 37-ാം ദിവസം യുവതിക്ക് ആദ്യത്തെ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നിടം വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ്ണആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് 17.7 ഇഞ്ച് നീളവും രണ്ടര കിലോ ഭാരവും ഉണ്ട്.

ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് വൈദ്യശാസ്ത്ത്രിലെ നാഴികക്കല്ലായിരുന്നു. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യയിലായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ. എന്നാല്‍ 2012 വരെ ഇത്തരത്തിലുള്ള ശസ്ത്രക്രിയകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നില്ല. വന്ധ്യതമൂലം കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്ത അനേകം സ്ത്രീകള്‍ക്ക് ഇത് വളരെയെറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടേറിയ കാര്യമാണ്. ഗര്‍ഭപാത്രം നല്‍കാന്‍ തയ്യാറായി എത്തുന്നവര്‍ കുറവാണെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇന്ത്യയില്‍ ഒരു സ്ത്രീ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലുടെ ഗര്‍ഭം ധരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവിച്ചിരിക്കുന്ന ആളില്‍നിന്നുള്ള ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ലോകത്താകെ 39 എണ്ണം നടന്നിട്ടുണ്ട്. മരണശേഷം ദാതാവില്‍നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചുകൊണ്ടുള്ള 11 ശസ്ത്രക്രിയകള്‍ നടന്നിരുന്നു എങ്കിലും ഇതില്‍ വിജയകരമായി കുഞ്ഞു ജനിച്ച ആദ്യത്തെ സംഭവമാണ് ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ തുര്‍ക്കിയില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും അലസുകയായിരുന്നു. മറ്റ് അവയവങ്ങളെ പോലെ തന്നെ മരണശേഷം ഗര്‍ഭപാത്രവും ദാനം ചെയ്യാമെന്ന അവസ്ഥ അനേകം പേര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകുന്നുണ്ട്.

Read this News in English 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top