Flash News

റഫാല്‍ എയര്‍ക്രാഫ്റ്റ് ഇടപാടില്‍ ബിജെപിയെ കുടുക്കിയ കോണ്‍ഗ്രസ്സിനെ കുടുക്കാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്; ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സിബിഐ

December 6, 2018

michelറഫാല്‍ എയര്‍ക്രാഫ്റ്റ് ഇടപാടില്‍ ബിജെപിയെ കുടുക്കിയ കോണ്‍ഗ്രസ്സിനെ കുടുക്കാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് ബിജെപി ആയുധമാക്കാന്‍ ആലോചിക്കുന്നു. അതനുസരിച്ച് ദുബായില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമത്തിലാണ് സിബിഐ. 3600 കോടി രൂപയുടെ ഇടപാടില്‍ കോഴപ്പണം ലഭിച്ചതിനെക്കുറിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യല്‍. നേരത്തെ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ സിബിഐ കണ്ടെത്തിയിരുന്നു. മിഷേലിന്റെ ഒരു ഡയറിയും ഇതില്‍ പെടും. ഇതില്‍ സ്വന്തം കയ്യക്ഷരത്തില്‍ പണം കൊടുത്തവരുടെ പേരുകള്‍ ചുരുക്കിയെഴുതിയിട്ടുണ്ട്. ഫാമിലി, എപി, ബിയുആര്‍, പിഒഎല്‍ എന്നിങ്ങനെയാണ് ഡയറിയില്‍ എഴുതിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്നാണ് സിബിഐ ആരായുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റ കാലത്തായിരുന്നു കരാര്‍ നല്‍കിയത്.

ഇതില്‍ ഫാമിലി എന്നത് സോണിയാ ഗാന്ധിയുടെ കുടുംബമാണെന്നും എപി എന്നത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ആയിരുന്ന അഹമ്മദ് പട്ടേല്‍ ആണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളില്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യന്‍ മിഷേലിനെ കാണാന്‍ അഭിഭാഷകന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിക്കാനായത് രാഷ്ട്രീയ യുദ്ധത്തില്‍ ബിജെപിക്ക് പുതിയ ആയുധമാകുന്നു

MODIഅഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയിലെത്തിക്കാനായത് കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ യുദ്ധത്തില്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര, രാഷ്ട്രീയ വിജയമാണെന്ന വിലയിരുത്തലിലാണ് ബിജെപി വൃത്തങ്ങള്‍.

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരേ മൊഴി നല്‍കിയാല്‍ ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിയ സിബിഐ ഇതുവരെ ഇയാളെ യുഎഇയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്കു വിട്ടു നല്‍കാനുള്ള ഉത്തരവ് യുഎഇ നീതിന്യായ മന്ത്രാലയം പുറത്തിറക്കിയത്. ഇന്നലെ രാത്രി 10.35 നു തന്നെ മിഷേലിനെ ഇന്ത്യയിലെത്തിക്കുകയും ചെയ്തു. തുടര്‍ന്നു സിബിഐ ആസ്ഥാനത്തെത്തിച്ച മിഷേലിനെ ചോദ്യം ചെയ്തു. ‘ഓപ്പറേഷന്‍ യൂണികോണ്‍’ എന്ന പേരിലാണ് മിഷേലിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ക്രമങ്ങള്‍ നടന്നത്.

റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായിരുന്ന ബിജെപി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലൂടെ തിരിച്ചടിക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കാനുള്ള ആയുധമാക്കി ബിജെപി ഇതിനെ ഉപയോഗിക്കും. അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാന്‍ മോദി സര്‍ക്കാര്‍ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപി ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനു ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. അന്വേഷണത്തിനിടെ ദുബൈയിലേക്കു കടന്ന മിഷേലിനെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മിഷേലിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്താല്‍ കേസ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ഇന്ത്യയില്‍ കൈക്കൂലി നല്‍കിയവരുടെ ചുരുക്കപ്പേരുകളാണ് ഇയാള്‍ ഡയറിയില്‍ കുറിച്ചിട്ടിരിക്കുന്നത്. ഹെലികോപ്ടര്‍ കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക 375 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് ഇറ്റാലിയന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ഇന്ത്യയിലേക്കു നീണ്ടത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഇടക്കാല സിബിഐ ഡയറക്ടര്‍ എം. നാഗേശ്വര്‍ റാവു എന്നിവരാണ് നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതെന്ന് സിബിഐ വക്താവ് അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുബൈയില്‍ തമ്പടിച്ച് മിഷേലിനെ തിരിച്ചെത്തിച്ചത്. മിഷേലിനെ ഇന്ത്യക്കു വിട്ടു നല്‍കാന്‍ യുഎഇ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരായ അപ്പീല്‍ തള്ളിയതോടെയാണ് നീതിന്യായ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കിയത്.

2015ല്‍ മിഷേലിനെതിരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസും പുറത്തിറക്കി. തുടര്‍ന്ന് 2017 ഫെബ്രുവരിയിലാണ് ദുബായില്‍ മിഷേല്‍ അറസ്റ്റിലായത്. ഇന്ത്യന്‍ വ്യോമസേനാ മേധാവിയായിരുന്ന എസ്.പി. ത്യാഗി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവിഐപി ഹെലികോപ്ടറിന്റെ സര്‍വീസ് പരിധി 6000 മീറ്ററില്‍നിന്ന് 4500 മീറ്ററായി കുറയ്ക്കാന്‍ മിഷേല്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതോടെ 3700 കോടി രൂപയുടെ കരാറിന് അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് യോഗ്യത നേടി. 2010 ഫെബ്രുവരിയിലാണ് 12 വിവിഐപി ചോപ്പറുകള്‍ക്കു കരാര്‍ നല്‍കിയത്. 1980 മുതല്‍ കമ്പനിക്കു വേണ്ടി ജോലി ചെയ്യുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍ ഇവരുടെ പ്രധാന ഇടനിലക്കാരനായാണ് കരുതപ്പെടുന്നത്. ഇയാളുടെ പിതാവും കമ്പനിയുടെ ഇന്ത്യയിലെ കണ്‍സല്‍റ്റന്റായിരുന്നു. ഇന്ത്യന്‍ വ്യോമയാന, പ്രതിരോധ മേഖലകളില്‍ മിഷേലിന് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

വിവിഐപികള്‍ക്കായി ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,727 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. കരാര്‍ തുക പെരുപ്പിച്ചു കാണിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും വ്യോമസേനാ മുന്‍ തലവന്‍ എസ്.പി. ത്യാഗി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും 452 കോടിയോളം രൂപ കൈക്കൂലി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ്, ഫിന്‍മെക്കാനിക്ക മുന്‍ ഡയറക്ടര്‍മാരായ ജ്യുസെപ് ഒര്‍സി, ബ്രൂണോ സ്പാഗ്‌നോലിനി, മുന്‍ ഇന്ത്യന്‍ വ്യോമസേന തലവന്‍ എസ്.പി. ത്യാഗി എന്നിവര്‍ കുറ്റക്കാരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റും കണ്ടെത്തി. 2016ല്‍ എസ്.പി. ത്യാഗിയെ അറസ്റ്റ് ചെയ്തു. കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് 375 കോടി രൂപ കൈക്കൂലി നല്‍കിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ കോടതി കമ്പനി അധികൃതരെ ശിക്ഷിച്ചതോടെയാണ് അന്വേഷണം ഇന്ത്യയിലേക്കു നീണ്ടത്. 2014ല്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ റദ്ദാക്കി കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. തുടര്‍ന്ന്് സിബിഐ അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ ഇന്ത്യയിലെ സ്വത്തുവകകള്‍ കണ്ടുകെട്ടി.

കോപ്റ്റര്‍ ഇടപാടിനായി ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനു 115 കോടി രൂപ നല്‍കിയെന്നാണു മിഷേലിന്റെ കുറിപ്പുകളില്‍ പറയുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്ക ഇന്ത്യയിലെ വമ്പന്മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ 373 കോടി നീക്കിവച്ചിരുന്നതായും കുറിപ്പിലുണ്ട്. തന്റെ കുറിപ്പുകളെന്നും ഇമെയില്‍ സന്ദേശമെന്നും പറഞ്ഞു പുറത്തുവന്നിട്ടുള്ളവയില്‍ ചിലതു മാത്രമാണു യഥാര്‍ഥമെന്നും മിഷേല്‍ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്ത കുറിപ്പുകള്‍ പിന്നീടു സിബിഐയ്ക്കു കൈമാറി. എന്നാല്‍ ഇത്തരത്തില്‍ ഡയറി കുറിപ്പ് എഴുതിയിട്ടില്ലെന്നാണ് ക്രിസ്റ്റിയന്‍ മിഷേലിന്റെ നിലപാട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top