Flash News

പ്രതീക്ഷ (കഥ)

December 9, 2018 , ഡോ. ജോര്‍ജ് മരങ്ങോലി

pratheeksha banner-1രാത്രി ഒരുപാട് വൈകി. എത്ര ശ്രമിച്ചിട്ടും ലൂക്കാച്ചന് ഉറങ്ങാന്‍ കഴിഞ്ഞില്ല ! ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. നേരം വെളുത്ത് പത്തു മണി എന്നൊരു സമയമുണ്ടെങ്കില്‍ കോടതി ഉത്തരവുമായി ഉദ്യോഗസ്ഥന്മാരും, പോലീസുകാരും, ബാങ്ക് മാനേജരുമെല്ലാം എത്തും. പിന്നെ എല്ലാം നിമിഷങ്ങള്‍ കൊണ്ട് അവസാനിക്കും ! ഈ കോലാഹലങ്ങളെല്ലാം കണ്ട് ആസ്വദിക്കാനും, അപഹസിക്കാനും മാത്രമായി കുറെ പൊതുജനങ്ങളുമുണ്ടാകും. അവരുടെയെല്ലാം കളിയാക്കിക്കൊണ്ടുള്ള ചിരിയും പുഛിച്ചുകൊണ്ടുള്ള നോട്ടവുമൊക്കെ കാണുമ്പോള്‍ മരിച്ചതിനു തുല്യമല്ലേ ഈ ജീവിതം?

രാത്രിയില്‍ മോന്‍ വിളിക്കാമെന്ന് പറഞ്ഞിരുന്നു, ഇതുവരെ വിളിച്ചില്ല ! എല്ലാ വിവരങ്ങളും അവന് നന്നായറിയാം. “വേണ്ടതുപോലെ ചെയ്തോളാം” എന്നൊക്കെ പ്രശ്നം തുടങ്ങിയ നാള്‍ മുതല്‍ അവന്‍ പറയുന്നതാണ്. ഇപ്പോള്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാതെ കൈവിട്ടു പോയപ്പോഴും അവന് വളരെ സൗമ്യമായ സമീപനമാണ് എല്ലാറ്റിനോടും.

വിളിക്കാമെന്ന് പറഞ്ഞതല്‍ലാതെ അവന്‍ ഇതുവരെ വിളിച്ചില്ല ! ഇത്രയും വൈകി ഇനി വിളിച്ചാല്‍ തന്നെ അവന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഒന്നു മയങ്ങാന്‍ കൂടി പറ്റുന്നില്ല. പതിവില്ലാതെ മുറിക്കുള്ളില്‍ ചൂട് ഘനീഭവിച്ചു നില്‍ക്കുന്നു. എ.സി ഉണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടില്‍ കറണ്ട് സപ്ലൈ ഇല്ല! സമയത്തിന് ബില്ല് അടയ്ക്കാത്തതുമൂലം ഇലക്‌ട്രിസിറ്റി ബോര്‍ഡുകാര്‍ ഫ്യൂസ് ഊരിക്കൊണ്ടുപോയിട്ട് മാസങ്ങളായി. കത്തിക്കൊണ്ടിരുന്ന മെഴുകുതിരി അതിന്റെ അവസാനമെത്തിയപ്പോള്‍ ഇനി മുമ്പോട്ടു പോകാന്‍ നിര്‍‌വ്വാഹമില്ലാതെ കണ്ണടച്ച് അന്ത്യശ്വാസം വലിച്ചു! മുറിക്കുള്ളിലെ കൂരിരുട്ട് മനസ്സിനെ ഭീതിപ്പെടുത്തി വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴും പ്രതീക്ഷ കൈവിട്ടില്ല, മോന്‍ വിളിക്കാതിരിക്കില്ല ! പ്രഭാത പ്രാര്‍ത്ഥനക്ക് സമയമായി എന്നറിയിച്ച് മുസ്ലിം പള്ളിയില്‍ വാങ്കു വിളി മുഴങ്ങി. മരക്കൊമ്പിലിരുന്ന പക്ഷിക്കൂട്ടങ്ങള്‍ ‘കലപില’ പറയാന്‍ തുടങ്ങി. അയല്‍‌പക്കത്തെ പൂവന്‍ കോഴികളും ‘കൊക്കരക്കോ’ വിളിച്ച് നേരം പുലരാറായി എന്ന് വിളിച്ചറിയിച്ചു. പക്ഷെ എന്റെ മകന്‍ മാത്രം വിളിച്ചില്ല!

വിളിക്കില്ല! ഇനി അവന്‍ എന്തിന് വിളിക്കണം? അവന്റെ കാര്യങ്ങളെല്ലാം വളരെ തന്മയത്വമായി അവന്‍ നേടിയെടുത്തു കഴിഞ്ഞു. ഇനി പ്രായാധിക്യമെത്തിയ ഈ പിതാവിനെ വിളിച്ചതുകൊണ്ടോ, എന്നെ സഹായിച്ചതു കൊണ്ടോ അവന് എന്തു പ്രയോജനം? നിരാശ തോന്നിയില്ല.

“നന്നായി മകനേ, എല്ലാം വളരെ നന്നായി.” മനസ്സില്‍ പറഞ്ഞു. അല്ലെങ്കില്‍ത്തന്നെ മകനെ എന്തിന് കുറ്റപ്പെടുത്തണം? ലോകത്തിലുള്ള സകല മത തത്വങ്ങളും ഒരുമിച്ച് ഉദ്‌ഘോഷിക്കുന്ന ഒരു സത്യമുണ്ട്, “അവനവന്റെ വരവ് അറിഞ്ഞുവേണം ചിലവ് ചെയ്യാന്‍” എന്ന്. അതും പോരാഞ്ഞിട്ട് “ആന വായ് പൊളിക്കുന്നതു കണ്ട് അണ്ണാന്‍ വായ് പൊളിക്കരുത്” എന്ന്. ഇതെല്ലാം ആപ്തവാക്യങ്ങളാണ്. മനുഷ്യര്‍ക്ക് തെറ്റു പറ്റാതിരിക്കാന്‍ വേണ്ടി നമ്മുടെ പൂര്‍‌വ്വികന്മാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് പറഞ്ഞു വെച്ച ചില മുത്തുമണികള്‍! അതൊന്നും കേട്ടില്ലെന്ന് നടിക്കരുത്. നടിച്ചാല്‍ അനുഭവം എനിക്ക് വന്നതുപോലെ തന്നെ !

ഹൈസ്കൂളിലും പ്ലസ് ടൂവിനും ഒന്നാം റാങ്കോടെയാണ് ജസ്റ്റിന്‍ മോന്‍ പാസായത്. അവന്റെ ഫോട്ടോ വെച്ച അഭിനന്ദന ഫ്ലെക്സ് ബോര്‍ഡുകള്‍ കവലകളിലും സ്കൂള്‍ പരിസരത്തുമൊക്കെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അനന്ദാശ്രുക്കള്‍ പൊഴിഞ്ഞതിന് അളവുണ്ടായിരുന്നില്ല. ആറ്റുനോറ്റുണ്ടായ ഏക മകന്‍, ഇതില്‍ കൂടുതല്‍ അഭിമാനിക്കാന്‍ എനിക്കും ഭാര്യ ലീലാമ്മയ്ക്കും വേറെ എന്തിരിക്കുന്നു? എന്‍‌ട്രന്‍സ് പരീക്ഷക്കും അവന് ടോപ് റാങ്ക് കിട്ടിയതോടെ ഞങ്ങളുടെ സന്തോഷത്തിന് പരിമിതിയില്ലാതെയായി. കം‌പ്യൂട്ടര്‍ എഞ്ചിനീയറിംഗിന് അഡ്മിഷനുമായി മിക്ക കോളേജുകളും മോനെ തേടിയെത്തി. ലക്ഷക്കണക്കിന് രൂപയുമായി മക്കള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ ഡൊണേഷന്‍ കൊടുക്കാന്‍ തയ്യാറായി കോളേജുകള്‍ തോറും കയറിയിറങ്ങുന്ന മാതാപിതാക്കളെക്കുറിച്ചോര്‍ത്തപ്പോള്‍, അറിഞ്ഞു കൊണ്ടല്ലെങ്കിലും, മനസ്സില്‍ അല്പം പുച്ഛം തോന്നി. ഒപ്പം സ്വന്തം മോനെക്കുറിച്ച് ഏറെ അഹങ്കാരവും ! വീടിനടുത്തുള്ള കോളേജുകളിലൊന്നിലും പോകാന്‍ മോന് താല്പര്യമില്ലായിരുന്നു. അവനെ ദൂരേക്കയക്കാന്‍ എനിക്കും കമലത്തിനും ഒട്ടും ഇഷ്ടവുമുണ്ടായില്ല, എങ്കിലും മോന്റെ സന്തോഷത്തിനു വേണ്ടി, അവന്റെ ഇഷ്ടസാധ്യത്തിനു വേണ്ടി ഞങ്ങള്‍ സ്വയം പിന്മാറി. എറണാകുളത്തായിരുന്നു അവന് ഇഷ്ടപ്പെട്ട കോളേജ്, അത് അവന്‍ തന്നെ തീരുമാനിച്ചുറപ്പിച്ചു, പോവുകയും ചെയ്തു.

സര്‍ക്കാരാപ്പീസിലെ ഒരു സാധാരണ ക്ലാര്‍ക്കിന്റെ ശമ്പളവും കുറെയേറെ ലോണുകളും എല്ലാം കൂടി സ്വരുക്കൂട്ടി ഒരുതരത്തില്‍ മോനെ ഒരു ബിരുദധാരിയാക്കിയെടുത്തു എന്നു പറയുന്നതായിരിക്കും ശരി. അവനാണെങ്കിലോ കോളേജ് ജീവിതം നന്നായി അടിച്ചുപൊളിച്ചു, നല്ലതുപോലെ ഉഴപ്പി! ഒരു മോട്ടോര്‍ സൈക്കിളും കമ്പനി കൂടാന്‍ കുറെ കലക്കന്‍ സുഹൃത്തുക്കളും എല്ലാം കൂടി ഒരുമിച്ചപ്പോള്‍ ലുലു മാളും ഏറണാകുളത്തുള്ള സകല സിനിമാ തിയ്യേറ്ററുകളും അവന്റെ സ്ഥിരം കലാപരിപാടികളില്‍ ഇടം പിടിച്ചു! അവന്റെ കൂടെ പഠിച്ച മിക്ക കുട്ടികളും ക്യാമ്പസ് സെലക്ഷന്‍ കിട്ടി ജോലിക്കു കയറിക്കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പുന്നാര മോന് മാത്രം കഷ്ടിച്ചൊരു ഡിഗ്രി! നൊ സെലക്ഷന്‍, ഒരു കമ്പനിക്കും അവനെ വേണ്ട! അവരെ കുറ്റം പറയാനൊക്കുമോ, നല്ല ചുണക്കുട്ടന്മാരായ ഐടി ഗ്രാജ്വേറ്റ്സ് നില്‍ക്കുമ്പോള്‍ ആര്‍ക്കു വേണം ഈ ഒന്നിനും കൊള്ളാത്തവനെ! സത്യത്തില്‍ ഞങ്ങളുടെ മകന്‍ ഞങ്ങളെ ചതിക്കുകയായിരുന്നു, ഞങ്ങളുടെ വിശ്വാസത്തെയാണ് അവന്‍ വലിച്ചു കീറി നശിപ്പിച്ചത്, ഹൃദയം തകര്‍ന്ന് ഞാനും ലീലാമ്മയും ഒരുപാട് കരഞ്ഞു.

ആരുടെയോ ഭാഗ്യത്തിന് ഒരു ബാംഗ്ലൂര്‍ കമ്പനി അവനെ താത്ക്കാലികമായി നിയമിച്ചു. ജോലിക്കു വേണ്ടിയല്ല, വെറുതെ ബഞ്ചിലിരിക്കാന്‍, ‘പ്രൊബേഷന്‍’ എന്ന ഒരു ഓമനപ്പേരും നല്‍കി. ഇതിനിടയ്ക്ക് അവന്റെ കൂടെ ഉണ്ടായിരുന്ന ചില ധനിക കുടുംബത്തിലെ കുട്ടികള്‍ പണം കൊടുത്ത് കാനഡയില്‍ പോയി പോസ്റ്റ് ഗ്രാജ്വേഷന്‍ ചെയ്ത് അവിടെ ജോലി ചെയ്യുന്നുണ്ടത്രെ. അവനും പോകണമെന്ന ഒരേ വാശി. ജോലി കിട്ടാന്‍ വളരെ എളുപ്പമാണ് എന്നൊക്കെ ഇടതടവില്ലാതെ പറഞ്ഞപ്പോള്‍ അതേക്കുറിച്ച് ചിന്തിച്ചു. പക്ഷെ ഒന്നും രണ്ടുമല്ല, പതിനെട്ടു ലക്ഷം രൂപയാണ് ഏജന്റിനെ ഏല്പിക്കേണ്ടത്! എന്റെ വഴികളില്‍ ഒന്നും അത്രയും വലിയ തുക എത്തിപ്പെട്ടേയില്ല! ഒടുവില്‍ ലീലാമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവള്‍ക്ക് അപ്പച്ചന്‍ കൊടുത്ത ഷെയര്‍ ഭൂമി വിറ്റു! എന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് കുറെ ലോണ്‍ എടുത്തു, എന്നിട്ടും തികയാതെ വന്നപ്പോള്‍ വീടും പറമ്പും പണയപ്പെടുത്തി പന്ത്രണ്ടു ലക്ഷം രൂപ ബാങ്ക് ലോണും എടുത്താണ് മോനെ കാനഡയ്ക്ക് വിമാനം കയറ്റിയത്. ഏക മകന്റെ ആഗ്രഹമല്ലേ എന്നു മാത്രം കരുതി. എന്തൊക്കെ പറഞ്ഞാലും ഇത്രയും ദൂരത്തേക്ക് അവന്‍ പറന്നു പോയപ്പോള്‍ ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം കൂടി പിച്ചിചീന്തിയെടുത്തു കൊണ്ടാണ് അവന്‍ പോയത് എന്ന ഹൃദയവേദനയായിരുന്നു ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും! കുറെ ദിവസം രണ്ടാളും അടക്കിപ്പിടിച്ച് കരഞ്ഞു, എല്ലാം സഹിച്ചു, മോന്റെ നന്മയെ പ്രതി.

വര്‍ഷങ്ങള്‍ വായുവേഗത്തിലാണ് കടന്നുപോയത്. മകന്‍ പാസായി, കാനഡയില്‍ ജോലിയുമായി. ഞാന്‍ റിട്ടയര്‍ ചെയ്തു നാലഞ്ചു മാസം കഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ദിവസം നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പോയ ലീലാമ്മയെ പിന്നെ വെള്ള പുതപ്പിച്ചാണ് കൊണ്ടുവന്നത്. മകനെ വിളിച്ചു വിവരം പറഞ്ഞു. ഏക സന്തതിയല്ലെ? ജോലിത്തിരക്കുമൂലം അവധി കിട്ടാന്‍ പ്രയാസമാണു പോലും, മകന്‍ വന്നില്ല! ലീലാമ്മ പോയതോടുകൂടി പലതും പോയി. എനിക്ക് ആരോക്കെയോ കൂട്ടിന് ഉണ്ടായിരുന്നുവെന്ന തോന്നല്‍ ഇല്ലാതായി. ഒന്നു മിണ്ടാന്‍, പരിഭവം പരയാന്‍ ആരുമില്ലാതായി! ഞങ്ങള്‍ സന്തോഷത്തോടെ ജീവിച്ച നല്ല നാളുകള്‍ക്ക് പണ്ടേ തിരശ്ശീല വീണതായിരുന്നു. പെട്ടെന്ന് ലീലാമ്മയും കൂടി ഇല്ലാതായപ്പോള്‍ എനിക്കാരുമില്ലല്ലോ എന്നൊരു തോന്നല്‍ മനസ്സിനെ വല്ലാതെ മഥിച്ചു.

പെന്‍ഷന്‍ പറ്റിയതിനു ശേഷം ബാങ്കിലെ ലോണ്‍ കുടിശ്ശിഖ കൂടിക്കൂടി വന്നു. ഇനി വില്‍ക്കാന്‍ കിടപ്പാടമല്ലാതെ മറ്റു വസ്തുവകകള്‍ ഒന്നും തന്നെയില്ല. പഠിച്ചു പാസ്സായി നല്ലൊരു ജോലിയായ മകന് വേണമെങ്കില്‍ സഹായിക്കാമായിരുന്നു. ഒന്നുമില്ലെങ്കിലും അവന് കാനഡക്കു പോകാന്‍ വേണ്ടി എടുത്ത ലോണ്‍ തുകയെങ്കിലും ബാങ്കിലേക്കടയ്ക്കാമായിരുന്നു. ഒന്നുമുണ്ടായില്ല, വിധി! അവന്‍ അവിടത്തുകാരി ഒരു മദാമ്മയോടൊപ്പം ഒരുമിച്ചു താമസിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. വല്ലപ്പോഴും അവന് ഫോണ്‍ ചെയ്യുമ്പോള്‍ “എല്ലാം ശരിയാക്കാം” എന്നു പറയുന്നതല്ലാതെ ഇതുവരെ ഒന്നും ശരിയാക്കിയില്ല! ജോലി കിട്ടിയ ആദ്യ മാസം ഒരു 500 ഡോളറിന്റെ ചെക്ക് അയച്ചുതന്നതല്ലാതെ അഞ്ചു രൂപ പോലും പിന്നീട് കണ്ടിട്ടില്ല! ബാങ്കില്‍ നിന്ന് ഓരോ നോട്ടീസുകളും വരുമ്പോഴും മോനെ വിളിക്കും, പക്ഷെ മറുപടി പഴയതു തന്നെ!

നേരം വെളുത്തു. പ്രഭാതസൂര്യന്റെ പൊന്‍‌കിരണങ്ങള്‍ വീട്ടുമുറ്റത്തും വരാന്തയിലുമെല്ലാം പൊന്‍‌പ്രഭ വിടര്‍ത്തി. അയല്‍‌പക്കത്തെ വീടുകളില്‍ എല്ലാവരും ഉണര്‍ന്ന് പ്രഭാത കര്‍മ്മങ്ങളില്‍ സജീവമായിക്കഴിഞ്ഞു. കൃത്യം പത്തു മണിക്കുതന്നെ വീട് ജപ്തി ചെയ്യാനുള്ള ഉദ്യോഗസ്ഥരെല്ലാവരും വീട്ടുമുറ്റത്ത് എത്തിക്കഴിഞ്ഞു! പക്ഷെ ലൂക്കാച്ചന്‍ മാത്രം ഉണര്‍ന്നില്ല! വരാനിരിക്കുന്ന മഹവിപത്തും മാനഹാനിയും താങ്ങാന്‍ ശക്തിയില്ലാതെ ആ നിരാലംബനായ പിതാവ് യാത്രയായിക്കഴിഞ്ഞിരുന്നു! എന്നന്നേക്കുമായി!

ഒരുപക്ഷെ ലൂക്കാച്ചന്റെ ആത്മാവ് നമ്മളോടൊക്കെ മന്ത്രിക്കുന്നുണ്ടാകും, “മക്കളെ കണ്ടും മാമ്പൂ കണ്ടും സന്തോഷിക്കരുത്” എന്ന് !

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top