Flash News

ഗൃഹാതുരക്കിളി ചിലക്കുന്നു ! (കവിത)

December 9, 2018 , ജയന്‍ വര്‍ഗീസ്

gruhathurakili banner-1തുഞ്ചന്റെ പാട്ടിലെപ്പെണ്ണേ,
പഞ്ച വര്‍ണ്ണക്കിളിപ്പെണ്ണേ,
കൊഞ്ചിക്കുഴഞ്ഞൊന്നു വായോ, മനസിന്റെ
തുഞ്ചത്തിരുന്നൊന്നു പാടോ !

മൊഞ്ചുള്ള നിന്നിളം ചുണ്ടില്‍,
പുഞ്ചിരിപ്പാല്‍പ്പതച്ചെണ്ടില്‍,
കൊഞ്ചും മലയാളമേ, മമ നാടിന്റെ
പിഞ്ചോമനേ, ഒന്നു പാടൂ !

അഞ്ചു ഭൂഖണ്ഡങ്ങള്‍ താണ്ടി,
സഞ്ചരിച്ചിത്രയും ദൂരെ,
പഞ്ച നക്ഷത്ര വിലാസമാ, മീമണ്ണില്‍
വഞ്ചി നാട്ടിന്‍ പാട്ടു പാടൂ !

പുഞ്ചപ്പാടത്തിന്‍ വരമ്പില്‍, പുസ്തക
സഞ്ചിയും തൂക്കി നടന്ന,
പിഞ്ചു ബാല്യത്തിന്റെ വേദന പേറുന്ന
പഞ്ചവടിപ്പാട്ടു പാടൂ !

പഞ്ചാരപ്പൂഴി യതിരില്‍, കായലില്‍,
വഞ്ചിക്കാര്‍ പാടുന്ന പാട്ടില്‍,
പഞ്ചമി ‘ചേച്ചി’ യെ തേടിയലയുന്ന
നെഞ്ചു പൊട്ടും കഥ പാടൂ ! *

വഞ്ചിയുറങ്ങുന്ന കായല്‍, ചാരെ,
പുഞ്ച വിളയുന്ന പാടം.
‘കൊഞ്ച് കിള്ളാന്‍’ പോകു ‘മഞ്ചു’ മാര്‍ക്കുള്ളിലെ
നെഞ്ചിടിപ്പിന്‍ കഥ പാടൂ ! * *

കഞ്ചുക കെട്ടഴി, ച്ചമ്മിഞ്ഞ നിന്‍ മൃദു
ചെഞ്ചോരച്ചുണ്ടിലിറ്റിച്ച് ,
തുഞ്ചനും, കുഞ്ചനു മൂട്ടി വളര്‍ത്തിയ
പിഞ്ചല്ലേ, നീയൊന്നു പാടൂ !

കൊഞ്ചും മലയാളമേ, മമ നാടിന്റെ
പിഞ്ചോമലേ, എന്റെ പൊന്നേ,
പിഞ്ചിളം ചുണ്ടില്‍ വിടരും നിന്‍ പാല്‍പ്പത
പ്പുഞ്ചിരി പൂം പാട്ടു പാടൂ !

തുഞ്ചന്റെ പാട്ടിലെപ്പെണ്ണേ,
പഞ്ചവര്‍ണ്ണ ക്കിളിപ്പെണ്ണേ,
കൊഞ്ചിക്കുഴഞ്ഞൊന്നു വായോ, മനസിന്റെ
തുഞ്ചത്തിരുന്നൊന്നു പാടോ !

*കറുത്തമ്മയുടെ കുട്ടിയേയും ഒക്കത്തേന്തി കാണാതായ ചേച്ചിയെ തേടിയലയുന്ന ചെമ്മീനിലെ കഥാപാത്രം പഞ്ചമി.

* *തീരദേശ പീലിംഗ് ഷെഡ്ഡുകളില്‍ നിന്ന് വാഗ്ദാനങ്ങളുടെ വലയില്‍ കുടുക്കി ബോംബെ അധോലോകത്തേക്കും, അവിടെ നിന്ന് ചുവന്ന തെരുവുകളിലേക്കും പ്രമോട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ നിന്നുള്ള നിറയൗവനങ്ങളില്‍ ഒരാള്‍ മാത്രമാണ് അഞ്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top