Flash News

കിളിക്കൊഞ്ചല്‍ (ബാലസാഹിത്യ നോവല്‍ – 7)

December 9, 2018 , കാരൂര്‍ സോമന്‍

kilikonchal - 7smallതത്ത ചോറിന്റെ അടുത്ത് വന്നിരുന്നതിലുള്ള സന്തോഷമാണ് റീനക്ക്. ഈ തത്ത ഉള്ളില്‍ ഉണ്ടാക്കിയ ഭയം കുറച്ചൊന്നുമല്ല. എപ്പോഴും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇനിയും ഇതിനെ ഭയക്കേണ്ടതില്ല. റീന കണ്ണെടുക്കാതെ തത്തയെ നോക്കുകയാണ്. ഇനിയും നിന്നെ രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാവില്ല. തത്തകള്‍ ഇങ്ങനെയുമുണ്ടോ? മനുഷ്യരുടെ അതേ ബുദ്ധി തന്നെ. കണ്ണുകള്‍ വെട്ടിച്ച് ചുറ്റിനും നോക്കുന്നത് കണ്ടില്ലേ? കണ്ണുകള്‍ ഉയര്‍ത്തി വീടിന്റെ വാതിലിലേക്കാണ് തുറിച്ചു നോക്കുന്നത്. ഞാന്‍ ഉപദ്രവിക്കുമോ എന്ന പേടി ഉള്ളില്‍ കാണാതിരിക്കില്ല. തത്തയുടെ മുഖഭാവം കണ്ടാല്‍ ഭയമാണ്. ഞാനവിടെ ഒളിഞ്ഞു നില്‍ക്കുന്നത് തത്ത മനസ്സിലാക്കിയോ? വളരെ ബുദ്ധിയുള്ള തത്തയല്ലേ. ഇവിടെ നിന്ന് മാറി പോയാല്‍ അത് വേഗത്തില്‍ കൊത്തി തിന്നും. ആ ചോറ് തിന്നാനായി തത്ത ലഹരി പിടിച്ചിരിക്കയാണ്. അത് മനഃസ്സമാധാനമായി കഴിക്കട്ടെ. ഞാനൊരുക്കിയ കെണിയില്‍ തത്ത വീണു കഴിഞ്ഞു. എത്രയും വേഗം ഒന്ന് ചത്ത് കാണാന്‍ മനസ്സ് ദാഹിക്കുകയാണ്. ഏറെ നേരം നോക്കി നിന്നതിന് ശേഷം റീന അകത്തേക്കു പോയി.

തത്ത ഒട്ടും സംശയമില്ലാതെ ചോറിലേക്കു നോക്കി. അടുത്ത നിമിഷം ആ ചോറ് കഴിക്കാന്‍ തന്നെ തീരുമാനിച്ചു.

വാതിലിലേക്ക് ഒന്നുകൂടി ഒളികണ്ണിട്ടു നോക്കി. ചോറ് കൊത്തിത്തിന്നാന്‍ ചുണ്ടുകള്‍ ഒരുമ്പെടവേ തത്തയുടെ അടുത്തേക്ക് ഒരു പൂവന്‍ കോഴി അധികാരത്തോടെ ഓടിവന്നു. തത്ത ശങ്കയോടെ നോക്കി. പരിഭ്രമത്തോടെ തേന്‍മാവിന്‍കൊമ്പിലേക്ക് പറന്നിരുന്നു. കോഴി ഒരു ക്രൂരനാണെന്നു തോന്നി. അല്പം പോലും ദയ ഇല്ലാത്തവന്‍. ഞാന്‍ തിന്നേണ്ട ചോറല്ലേ കൊത്തി തിന്നുന്നത്. എനിക്ക് കൂടി തരാമായിരുന്നു. പിന്നീടു അവിടെ ഇരിക്കാന്‍ തോന്നിയില്ല. ആകാശത്തിന്റെ മട്ടുപ്പാവിലേക്ക് പറന്നു. ഇലയിലിരുന്ന ചോറ് കൊതിപൂണ്ട ചുണ്ടുകളോടെ കോഴി തിന്നു. ആദ്യമായിട്ടാണ് ഇത്രമാത്രം രുചിയുള്ള ചോറ് തിന്നുന്നത്. മുമ്പൊരിക്കലും കിട്ടാത്ത ഒരാനന്ദം കോഴിക്ക് തോന്നി. ഇലയിലേക്ക് വീണ്ടും നോക്കി. കുറച്ചുകൂടി കഴിക്കാന്‍ വല്ലാത്ത മോഹം. ആ തത്തയെ ആട്ടിയോടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഒരു ചോറുപോലും കിട്ടില്ലായിരുന്നു. വിശപ്പടക്കിയ കോഴി പതുക്കെ തൊഴുത്തിനടുത്തേക്ക് നടന്നു.

അകത്തെ മുറിയില്‍ റീനയും ബോബിയുമായി ഫോണില്‍ സംസാരിച്ചു. സംസാരത്തില്‍ നിറഞ്ഞു നിന്നത് തത്തയായിരുന്നു. ബോബി റീനയെ പ്രശംസിച്ചു. ശത്രുവിനെ വകവരുത്തിയതില്‍ രണ്ടുപേര്‍ക്കും സം‌തൃപ്തി തോന്നി. റീന അഭിമാനത്തോടെ ഫോണ്‍ വെച്ചിട്ട് പുറത്തേക്ക് വന്നു. മനസ്സില്‍ സന്തോഷം നിറഞ്ഞു തുളുമ്പി. മനസ്സിലെ വ്യഥകള്‍ മാറി. എപ്പോഴും ഒരു നിഴല്‍ പോലെ എന്നെ അനുഗമിച്ച തത്തയുടെ അന്ത്യം കഴിഞ്ഞു. മുറ്റത്തെ ഇലയിലേക്ക് സൂക്ഷിച്ചു നോക്കി. ഇലയില്‍ ഒന്നുമില്ല. നക്കിത്തുടച്ചതുപോലുണ്ട്. ഏതെങ്കിലും മരത്തില്‍ പോയിരുന്ന് മാമ്പഴമോ ചക്കപ്പഴമോ തിന്ന് ജീവിക്കേണ്ട തത്ത നിരന്തരമായി എന്നെ ശല്യം ചെയ്തതുകൊണ്ടാണ് എനിക്കീ കടും‌കൈ ചെയ്യേണ്ടി വന്നത്. മനുഷ്യര്‍ അപകടത്തില്‍ പെട്ട് മരിക്കുന്നതുപോലെ തത്തയും ഒരപകടത്തില്‍ ചത്തു. ഇനിയും എവിടെയാണ് ചത്തു വീഴുക അതറിയില്ല. മഞ്ഞുതുള്ളികള്‍ നിറഞ്ഞ ആകാശത്തൂടെ പറന്ന് പറന്ന് തറയിലേക്ക് വീഴുമോ അതോ ഏതെങ്കിലും മരമുകളില്‍ നിന്നാണോ? മനസ്സിലെ എല്ലാ ഭാരങ്ങളും മാറി. വാഴയിലയെടുത്ത് തെങ്ങിന്‍ ചുവട്ടിലേക്കിട്ടു. പശുവിന് ഉച്ചയ്ക്കുള്ള കാടി വെള്ളം കൊടുക്കാന്‍ പാത്രത്തിലെക്ക് നോക്കിയപ്പോള്‍ അതില്‍ ഒന്നുമില്ല. മുഖത്ത് ദേഷ്യം വന്നു. ചാര്‍ളി പശുവിനുള്ള കാടിവെള്ളം തിളപ്പിച്ചു വെച്ചിട്ടില്ല. എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. എത്ര പറഞ്ഞാലും അവന്റെ തലയില്‍ കയറില്ല. വെറുപ്പോടെ അകത്തേക്ക് പോയി പുളിയരി കൊണ്ടുവന്നു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി ഗ്യാസ്സടുപ്പില്‍ വെച്ചു. വീട്ടില്‍ പുളിയരി വേവിക്കാന്‍ ആവശ്യത്തിലധികം വിറകുകള്‍ ചാര്‍ളി ഒരുക്കി വെച്ചിട്ടുണ്ട്. എന്നാല്‍ പുറത്തേ ചായ്പ്പില്‍ തീ കത്തിക്കാനൊന്നും റീന തയ്യാറല്ല. വിറകില്‍ നിന്നുമുയരുന്ന പുക മുഖസൗന്ദര്യത്തെ നശിപ്പിക്കുമോയെന്ന് ഭയപ്പെട്ടു. വേഷത്തിലും ഭാവത്തിലും ഒരു മദാലസ സുന്ദരിയെപ്പോലെ നടക്കാനും ജീവിക്കാനുമാണ് റീനക്കിഷ്ടം. മറ്റുള്ള സ്ത്രീകളെക്കാള്‍ സുന്ദരിയെന്ന ഭാവമാണ് എപ്പോഴുമുള്ളത്. അടുപ്പില്‍ തീ മിന്നിത്തെളിഞ്ഞു.

വളരെ ഉത്സാഹത്തോടെയാണ് പശുവിന് കാടി കൊടുത്തതും ആഹാരമുണ്ടാക്കിയതു ആഹാരമുണ്ടാക്കിയതും പൂച്ചക്കും കുട്ടനും ഭക്ഷണം കൊടുത്തതും. ഭക്ഷണം കഴിച്ച് അല്പനേരം ടി.വി.ക്ക് മുന്നിലിരുന്നു. പുറത്ത് പൂച്ച ഒരു എലിയുടെ പിറകെ ചെന്നു. ഇപ്രാവശ്യം എലി പ്ലാവില്‍ കയറി രക്ഷപ്പെട്ടു. പൂച്ച മരത്തിലേക്ക് നോക്കി നിന്നെ ഞാന്‍ കൊല്ലും എന്ന ഭാവത്തിലിരുന്നു. സത്യത്തില്‍ കൊല്ലാനുള്ള യാതൊരു ആഗ്രഹവും പൂച്ചക്ക് ഇല്ലായിരുന്നു. ഒരു സുഹൃത്തിനെപ്പോലെ വീണ്ടും വീണ്ടും കാണാനുള്ള ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ കാണുമ്പോഴൊക്കെ എന്തിനാണ് എലി ഓടി മറയുന്നതെന്ന് പൂച്ചക്കറിയില്ല. എനിക്കൊരു ദുഷ്ടഹൃദയം ഇല്ലെന്നു എലിയോട് പറയണം. അതിന് കഴിയുമോ? എന്നെ കാണുമ്പോള്‍ ഒരു ഭ്രാന്തനെപ്പോലെയല്ലേ പെരുമാറുന്നത്. പൂച്ച മരത്തിലേക്ക് തന്നെ നോക്കിയിരുന്നു. എലിക്കറിയില്ല എന്റെ മനസ്സു നിറയെ നിന്നോട് സ്നേഹമെന്ന്. നമ്മള്‍ നിത്യവും കാണുന്നവരും ഒരേ കൂരക്ക് കീഴില്‍ പാര്‍ക്കുന്നവരുമല്ലേ? പിന്നെ എന്തിനാണ് ഭയവും ഭീതിയും. ഈ എലി എന്താണ് എന്റെ സ്നേഹത്തെ മനസ്സിലാക്കാത്തത്? എലിക്കൊപ്പം കളിക്കാന്‍ എനിക്കെന്താഗ്രഹമാണ്. എത്രയോ പ്രാവശ്യം മരച്ചുവട്ടില്‍ കളിക്കുന്ന എലിയെ കൗതുകപൂര്‍‌വ്വം നോക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഞാന്‍ ഉപദ്രവിച്ചിട്ടില്ല. എലിക്ക് എന്നോട് സ്നേഹമില്ലെന്ന് ഓര്‍ത്തപ്പോള്‍ പൂച്ചക്ക് ദുഃഖം തോന്നി.

ബോബി വീട്ടിലേക്ക് വന്നു. റീന എഴുന്നേറ്റു ചെന്ന് സ്നേഹപൂര്‍‌വ്വം അകത്തേക്ക് ക്ഷണിച്ചിരുത്തി കതകടച്ചു. റീനയുടെ കണ്ണുകള്‍ തിളങ്ങി. തത്തയെ കൊല്ലാന്‍ സാധിച്ചതില്‍ അവര്‍ മതിമറന്ന് സന്തോഷിച്ചു.

“ബോബിച്ചന്‍ പറഞ്ഞതുകൊണ്ടാ ഞാന്‍ വിഷം വാങ്ങിയേ”

“അതല്ലാതെ അതിനെ കൊല്ലാന്‍ മറ്റു വഴിയില്ല റീനേ”

“സത്യത്തില്‍ ഇപ്പോഴാ മനഃസ്സമാധാനം തോന്നിയേ. ആ തത്തക്ക് ചാര്‍ളിയോട് എന്ത് സ്നേഹമെന്നറിയാമോ?”

“അതു പിന്നെ കൊച്ചു പിള്ളാരോടാ മിണ്ടാപ്രാണികള്‍ക്ക് സ്നേഹമുള്ളത്.”

“കൊച്ചു പിള്ളാര്‍ക്കു മാത്രമല്ല കേട്ടോ”

അവര്‍ പുഞ്ചിരിച്ചു. അവരുടെ മനസ്സും മുറ്റത്തെ സൂര്യനും തിളങ്ങി നിന്നു. കാറ്റില്‍ ഉണങ്ങിയ കരിയിലകള്‍ പാറ പറന്നു. മുറ്റത്ത് ശബ്ദമുണ്ടാക്കി പറന്നു നടന്ന വണ്ടുകള്‍ പൂക്കളില്‍ വന്നിരുന്നു. മധു നുകര്‍ന്നു. പഞ്ചവര്‍ണ്ണക്കിളികള്‍ മരമുകളില്‍ വിശ്രമിച്ചു. പൂച്ചയുടെ മുന്നിലൂടെ ഒരു അണ്ണാറക്കണ്ണന്‍ ഓടിമറഞ്ഞത് പൂച്ചയുടെ മുഖത്തെ ക്രൂരമാക്കി. പിറകെ ഓടിയെങ്കിലും അണ്ണാന്‍ തെങ്ങില്‍ അഭയം തേടി. മുകളിലെ തെങ്ങോലയില്‍ ചെന്ന് തറയില്‍ വായില്‍ നോക്കിയിരിക്കുന്ന പൂച്ചയെ തറപ്പിച്ചു നോക്കി ചിരിച്ചു. പുരയിടത്തില്‍ ചുറ്റിക്കറങ്ങിയ പൂവന്‍ കോഴി വീട്ടുമുറ്റത്ത് വന്നപ്പോള്‍ വല്ലാത്ത ക്ഷീണവും ദാഹവും തോന്നി. കാലുകള്‍ക്കും ചിറകുകള്‍ക്കും ശക്തി നഷ്ടപ്പെട്ടു. ശരീരം കിതക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ നിലംപതിച്ചു. അതിന്റെ ചുണ്ടും കാലും വിറച്ചു. കോഴിയുടെ ചുവന്നു കലങ്ങിയ കണ്ണുകളടഞ്ഞു. മുറ്റത്തെ പൂക്കള്‍ വാടി. പൂക്കളില്‍ ഇരുന്ന് മധു നുകര്‍ന്ന വണ്ടുകള്‍ പറന്നു പറന്നുപോയി. ബോബിയും വീട്ടിലേക്ക് പോകാന്‍ കതകു തുറന്ന് പുറത്തേക്കിറങ്ങി. മുറ്റത്തെ കാഴ്ച ബോബിയെ പരിഹസിക്കുന്നതുപോലെ തോന്നി. പെട്ടെന്ന് അകത്തേക്ക് നോക്കി റീനയെ വിളിച്ചു. വളരെ പ്രസരിപ്പോടെ സാരിയൊതുക്കി പുറത്തേക്കു വന്നു.
മുറ്റത്തെ കാഴ്ച റീനയെ ഞെട്ടിച്ചു. ഹൃദയം പിടഞ്ഞു. മനസ്സില്‍ നിറയെ തീക്കുണ്ഡങ്ങള്‍. എന്താണിത്? തത്തക്ക് പകരം കോഴി ചത്തോ? സഹിക്കാനാവുന്നില്ല. ഭര്‍ത്താവ് അവധിക്കു വരുമ്പോള്‍ കറിവെച്ചു കൊടുക്കാന്‍ വളര്‍ത്തിയ കോഴിയാണ്. രണ്ടും മൂന്നും പൂവന്‍ കോഴികളെ അതിനായി വളര്‍ത്താറുണ്ട്. ഒരു പൂവനെക്കൂടി കാണാനുണ്ട്. അതെവിടെ പോയി? മനസ്സു നിറയെ പുഞ്ചിരി തൂകിയ ബോബി സംശയത്തോടെ റീനയെ നോക്കി ചോദിച്ചു..

“എന്താ റീനെ ഇത്. തത്തക്ക് പകരം ചത്തത് കോഴിയായല്ലോ”

റീന കുറ്റബോധത്തോടെ നോക്കി. തത്ത ഒരിക്കല്‍കൂടി രക്ഷപ്പെട്ടിരിക്കുന്നു. എന്നിട്ട് പരിഭവപ്പെട്ട് പറഞ്ഞു..

“ചോറിന് മുന്നില്‍ തത്തയെ കണ്ടിട്ടാ ഞാന്‍ വന്നെ. ഇതിനിടയില്‍ ഈ കോഴി എങ്ങനെ അവിടെയെത്തി?”

റീനയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ബോബി പറഞ്ഞു..

“ഞാന്‍ പറഞ്ഞില്ലേ ആ തത്തക്ക് മനുഷ്യന്റെ ബുദ്ധിയാ”

“സാരമില്ല. ഇനിയും ഇങ്ങനെ രക്ഷപ്പെടില്ല” റീന മനോധൈര്യം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു.

“എന്റെ പേടി ഇനിയും എന്റെ തലയീ കൊത്തുമോന്നാ” – ബോബി സംശയിച്ചു.

“അതില്ല. ആ തത്തക്ക് എന്നോടാ ദ്വേഷ്യം. എന്റെ ഇപ്പോഴുമുള്ള വിശ്വാസം തത്ത ചോറ് തിന്നു കാണുമെന്നാ”

“ങാ ചത്തെങ്കി ചാകട്ടെ. ഞാന്‍ പോണു. ആ ചെറുക്കന്‍ വരുമ്പം ഇതിനെ കുഴിച്ചിടാന്‍ പറ”

ബോബി നടന്നു പോയി. റീന ചുറ്റിനുമുള്ള മരത്തിലേക്ക് നോക്കി. തത്തയെ കാണാനില്ല.

(തുടരും)

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top