Flash News

മോദിയുടേയും അമിത് ഷായുടെയും ഹിന്ദുത്വ അജണ്ടയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി; ഹൃദയഭൂമി പിളര്‍ന്നതിന് ആര് ഉത്തരവാദിയെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറുമുറുപ്പ്

December 12, 2018

newsrupt_2018-12_6a7c8688-6083-4cd4-988e-159186f60c24_dc_Cover_r9jbep5di6kivc6r65blv7t8v6_20170806142000_Mediന്യൂഡല്‍ഹി: മോദിയുടേയും അമിത് ഷായുടേയും അതിരു വിട്ട ഹിന്ദുത്വ അജണ്ടയ്ക്ക് തിരിച്ചടിയെന്നോണമാണ് ജനങ്ങള്‍ പ്രതികരിച്ചതെന്ന വിലയിരുത്തല്‍ ബിജെപി നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസത്തിന് കളമൊരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പുതിയ തന്ത്രങ്ങള്‍ മെനയാന്‍ നാളെ ഡല്‍ഹിയില്‍ യോഗം ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടി തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. എം.പിമാര്‍, സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും നേട്ടം കൊയ്ത ബിജെപിക്ക് ഇത്തവണ സ്വന്തം കോട്ടകള്‍ കാത്തുസൂക്ഷിക്കാനായില്ല. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്‌നം കണ്ട ബിജെപിക്ക് നേരിട്ട് കാണേണ്ടി വന്നത് അവരുടെ ശക്തമായ തിരിച്ചുവരവാണെന്ന സംസാരം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.

ബിജെപിയുടെ പതനത്തിനു കാരണങ്ങള്‍ പലതാണ്: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ഇന്ധന വിലക്കയറ്റം, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍, ജനങ്ങളുടെ മടുപ്പ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കെട്ടിപ്പൊക്കിയ, അഭേദ്യമെന്നു കരുതിയ ബിജെപി സംഘടനാ സംവിധാനവും പൊടുന്നനെ ഉലഞ്ഞിട്ടുണ്ട്. ഇനി പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ശബ്ദങ്ങള്‍ ഉയര്‍ന്നേക്കും. 6 മാസം പോലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഇല്ലാതിരിക്കെ പാര്‍ട്ടി കേഡര്‍മാരെ ഉദ്ദീപിപ്പിക്കാന്‍ എന്തെങ്കിലുമില്ലാത്ത അവസ്ഥയാണ്.

2014ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രം നല്‍കിയാണ് ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ആദ്യമായി ഒരു പാര്‍ട്ടി തനിച്ച് ഭൂരിപക്ഷത്തിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 21 നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്.

2014ല്‍ മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റില്‍ ബിജെപിക്ക് 27 എണ്ണം ലഭിച്ചു. രാജസ്ഥാനിലെ 25ല്‍ മുഴുവനും ബിജെപി തന്നെ നേടി. ഛത്തീസ്ഗഡില്‍ 11ല്‍ 10 ബിജെപി നേടി. നരേന്ദ്രമോഡി പ്രധാനമന്ത്രി ആയിതിന് ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം കൂടിയാണിത്.

മധ്യപ്രദേശില്‍ കഴിഞ്ഞതവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് കിട്ടിയത് 109 സീറ്റ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 230 ല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ബിഎസ്പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതോടെ കേവല ഭൂരിപക്ഷവും ഉറപ്പിച്ചു.

രാജസ്ഥാനില്‍ 2013ലെ തെരഞ്ഞെടുപ്പില്‍ 163 സീറ്റുണ്ടായിരുന്ന ബിജെപി 73 സീറ്റിലേക്ക് കൂപ്പുകുത്തി. 21 സീറ്റില്‍ നിന്ന് 99 സീറ്റിലേക്കായിരുന്നു കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. തെലങ്കാനയില്‍ ഇത്തവണയും ബിജെപിക്ക് പാളി. 119 അംഗ നിയമസഭയില്‍ 88 സീറ്റുമായി ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ബിജെപിക്ക് ബാക്കി ഒരു സീറ്റ് മാത്രം.

ബിജെപിയുടെ അന്ത്യം കുറിച്ചത് ഛത്തീസ്ഗഡിലായിരുന്നു. പതിനഞ്ച് വര്‍ഷം നീണ്ട ബിജെപിയുടെയും മുഖ്യമന്ത്രി രമണ്‍ സിങിന്റെയും ഭരണത്തിനാണ് കോണ്‍ഗ്രസ് അന്ത്യം കുറിച്ചത്. 2013ലെ 49 സീറ്റില്‍ നിന്ന് വെറും 16 സീറ്റുമായി ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. ഫലം പുറത്തുവന്നതോടെ രമണ്‍ സിങ് രാജി വെച്ചു.

മോഡിക്ക് വന്‍ അവസരം നല്‍കിയിട്ടും രാജ്യത്തിന്റെ ഹൃദയമിടിപ്പിന് ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചുവെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

മോഡി ഉയര്‍ത്തിയ ഹിന്ദുത്വ അജണ്ട തകര്‍ന്നടിഞ്ഞുവെന്ന് വേണം അനുമാനിക്കാന്‍. പ്രചാരണത്തിന്റെ ഭാഗമായുള്ള മോഡിയുടെ ബാലിശമായ പ്രസ്താവനകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ശിവസേനയും കുറ്റപ്പെടുത്തുന്നു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും, ഇന്ധന വിലക്കയറ്റവും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവിനും പുറമേ നോട്ട് അസാധുവാക്കലും ജിഎസ്ടിയുമെല്ലാം ബിജെപിയുടെ തിരിച്ചടിക്ക് കാരണമാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയായാല്‍, 2019ല്‍ മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രതിഛായയ്ക്ക് മങ്ങലേക്കും.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയതോടെ മേല്‍കൈയ്യുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. ശബരിമല മുതല്‍ റഫാല്‍ ഇടപാടുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമം നടന്നു. ബഹളങ്ങളില്‍ മുങ്ങി ലോക്‌സഭ ഇന്നത്തേയ്ക്കും രാജ്യസഭ രണ്ടുമണിവരെയും പിരിഞ്ഞു. ശൈത്യകാലസമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉറച്ചാണ് പ്രതിപക്ഷ നീക്കം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ ക്ഷീണം പ്രതിപക്ഷ നിരയ്ക്ക് കരുത്തുപകര്‍ന്നു. റഫാല്‍ ഇടപാടിലെ അഴിമതി ഉന്നയിച്ച് കോണ്‍ഗ്രസും ആര്‍ബിെഎ ഗവര്‍ണറുടെ രാജിയിലേയ്ക്ക് വഴിവെച്ച വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top