Flash News

ചില ചില്ലറ വേലകള്‍ (കഥ)

December 14, 2018 , ജോണ്‍ ഇളമത

chillara vela-1നാട്ടില്‍ നിന്നൊരു പുതിയ ഇമിഗ്രന്‍റ് കാനഡായിലെ കാല്‍ഗറിയിലെത്തി. ആജാനബാഹു, വലിയ നീളമുള്ള കൈാലുകള്‍, ഏതാണ്ടൊരു വാനരന്റെ മുഖഛായ! ഇഷ്ടന് ഹിസ്റ്ററിയിലോ മറ്റോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡ്രിഗ്രിയുണ്ട്. ജോലിക്ക് പലയിടത്തും അപ്ലെ ചെയ്തു. നിരാശ ഫലം! കനേഡിന്‍ എക്‌സിപീരിയന്‍സുണ്ടോ. ജോലി തരാതെ എന്തു കോപ്പു ചോദ്യം? അല്ലേലും നാട്ടിലെ ഡിഗ്രിക്ക് ഇവിടെ എന്താ വില അത് ഹരിച്ചു ഗുണിച്ച് ഇവാലുവേറ്റ് ചെയ്യുമ്പം പ്ലസ് ടൂവിന്റെ വില പോലുമില്ല.

അങ്ങനെ ഇരിക്കെ സൂവിലൊരു ഒഴിവ് കണ്ണില്‍ പെട്ടു. ചിലപ്പം കിട്ടിയേക്കുമോ എന്നൊരാശങ്ക! അധികം പേരൊന്നും ബുദ്ധിയില്ലാത്ത മൃഗങ്ങളുടെ പൊറകേ പോകാന്‍ വഴിയില്ലല്ലോ! ഒരു ആപ്ലിക്കേഷന്‍ തട്ടി. താമസംവിനാ മറുപടി വന്നു. ഇന്‍റര്‍വ്യൂ, ഉടന്‍ എത്തുക!

JOHN ELAMATHAസൂട്ടും കോട്ടുമൊക്കെ ഇട്ട് ഇന്‍റര്‍വ്യൂനെത്തി, സെക്‌സിയായ മാന്‍പേട പോലൊരു മദാമ്മേടെ മുമ്പില്‍. മദാമ്മ, നീലക്കണ്ണുകളില്‍ പ്രകാശം പരത്തി ഇന്‍റര്‍വ്യൂ ആരംഭിച്ചു.

“ഇവിടെ ഒരു ഒഴിവുണ്ട്, താങ്കള്‍ ആ ഒഴിവിലേക്ക് അനുയോജ്യമായിരിക്കും, താല്പര്യമുള്ള പക്ഷം!”

ഉദ്യേഗാര്‍ത്ഥിയായ ഇഷ്ടന്റെ മനസ്സിലൂടെ പലപല സന്ദേഹങ്ങള്‍ കടന്നുപോയി.

എന്തുതരം ജോലിയാകാം! വല്ല സിംഹത്തിന് എറച്ചി ഇട്ടുകൊടുക്കാനോ, കാണ്ടാമൃഗത്തിന്റെ ചാണകം വരാനോ, ആനക്കുട്ടിക്ക് പാലുകൊടുക്കാനോ, പെരുമ്പാമ്പിന് കോഴിയെ കൊടുക്കാനോ മറ്റോ ആണോ ഈ മാന്‍ കണ്ണി ഉദ്ദേശിക്കുന്നത്. എന്തൊരു ഡിസ്ക്രിമിനേഷന്‍! ഇപ്പഴുമിവളുമാരുടെഒക്കെ വിചാരം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടീട്ടില്ലെന്നാ! വല്ല ക്ലാര്‍ക്ക് പോസ്‌റ്റോ, ഒന്നുമല്ലേ പ്രധാന ഗേറ്റിന്റെ മുമ്പില്‍ സ്‌റ്റൈയിലിലൊരു സെക്യൂരിറ്റി എന്ന നിലയില്‍ സൂട്ടുമിട്ട് അന്തസായി നിക്കാനും തയ്യാറാ! ഇതിപ്പം ഈ മാന്‍കണ്ണി എന്തോന്നാ ഉദ്ദേശിക്കുന്നെ!

മാന്‍കണ്ണി, തങ്ങള്‍ക്കിടയിലെ നീണ്ട നിശബ്ദത ഭേദിച്ചു.

“എന്താ, മിസ്റ്റര്‍……ദീര്‍ഘമായ ആലോചന!”

ഇഷ്ടന്‍ മറുപടി പറഞ്ഞു..

“അല്ല, ജോലിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ,വല്ല ക്ലെറിക്കല്‍ പോസ്‌റ്റോ, അല്ലെങ്കില്‍ ടിക്കറ്റ് വില്‍ക്കുന്ന ജോലിയോ, ഒന്നുമല്ലേല്‍ വല്ല സെക്യൂരിറ്റീം ഒക്കെ ആയിരിക്കമല്ലേ!”

മാന്‍കണ്ണി മദാമ്മ,ഒരു കടാക്ഷമെറിഞ്ഞു വശ്യമായി പുഞ്ചിരിച്ചു മൊഴിഞ്ഞു…

”അതിന് താങ്കള്‍ക്ക് കനേഡിയന്‍ എക്‌സ്പീരിയന്‍സില്ലല്ലോ!”

ടിക്കറ്റ് കൊടുക്കാനും, സെക്യൂരിറ്റിക്കുമാക്കെ എന്തോന്ന് കനേഡിയന്‍ എക്‌സ്പീരിയന്‍സ്! ഇഷ്ടന്‍ വീണ്ടും മൗനം പാലിച്ചപ്പോള്‍ മാന്‍കണ്ണി മദാമ്മ തുടര്‍ന്നു..

“താങ്കള്‍ക്ക് പറ്റുന്ന ജോലിയാ, മുന്‍ പരിചയം പോലും വേണ്ട, അല്പം അഭിനയം മതി. നല്ല ശബളം തരാം, മറ്റു ചിലവുകളും ഫ്രീ!”

“അതെന്തോന്നു ജോലിയാ?”

“ഇവിടത്തെ സൂവിലെ ഗറില്ല ചത്തുപോയി. ഇനി ഒരണ്ണത്തിനെ കിട്ടാനും വിഷമം. കിട്ടിയാതന്നെ ഈ വിവരമില്ലാത്ത ജാതിയെ ഒക്കെ ട്രയിന്‍ ചെയ്യാനാ പാട്. അതിന് ഒത്തിരി നാള് വേണ്ടിവരും, അതിന്റെ കാടന്‍ സൊഭാവം ഒന്ന് മാറ്റിയെടുക്കാന്‍! താങ്കള്‍ക്ക് ആ ജോലി ഏറ്റെടുക്കാന്‍ താല്പര്യമുള്ള പക്ഷം, ഉടന്‍ ജോലിയില്‍ പ്രവേശിക്കാം. സമയം എട്ടു മണിക്കൂര്‍, രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് നാലു മണിവരെ. താമസവും, ഭക്ഷണവും ഫ്രീ! മാസം ആയിരത്തഞ്ഞൂറ് ഡോളറ് ശമ്പളം. താങ്കള്‍ക്കാണേല്‍ ഒരല്പം മേക്കപ്പു ചെയ്താ സംഗതി ഫിറ്റാകും, പിന്നെ കാഴ്ച്ചക്കാരു വരുമ്പോള്‍ ഒരഭിനയം. കുരങ്ങിന്റെ ചേഷ്ടകള്‍ പഠിപ്പിക്കുന്ന ഒരാഫ്രിക്കകാരന്‍ മാസ്റ്റര്‍ താങ്കള്‍ക്ക് വേണ്ട ട്രെയിനിംഗ് നല്‍കും.”

പച്ച മലയാളത്തില്‍ ഇഷ്ടന്‍ ചോദിച്ചുപോയി .. “അയ്യോ! ഗറില്ലയായിട്ടോ?”

മദാമ്മ പ്രതിവചിച്ചു.. “ഇഷ്ടമാണന്നാണോ പറഞ്ഞത്, കണ്ടോ നിങ്ങടെ ഭാഷപോലും മതി ഈ ജോലിക്ക്! ഇംഗ്ലീഷുപോലും വേണമെന്നില്ല.”

പരിസരം മറന്നുപോയ ഇഷ്ടനൊന്നിരുത്തി ചിന്തിച്ചു. മാസം സര്‍വ്വ ചെലവും കഴിഞ്ഞ്ആയിരത്തഞ്ഞൂറ് ഡോളറ് ശമ്പളം, ഇംഗ്ലീഷ് ഭാഷേം വേണ്ട, ഐഎല്‍ടീസീം വേണ്ട, പ്രീവിയസ് എക്‌സ്പീരിയന്‍സും വേണ്ട, ദിവസം എട്ടു മണിക്കൂറ് ഒരു ചെറിയ ജയിലുപോലെ അഴിക്കുള്ളി കെടന്നല്പം ഗോഷ്ടി കാണിക്കണം.

മറ്റെന്തു ജോലി കിട്ടിയാലുമിതുതന്നെ ഗതി! ഇന്‍ഡയറക്ടായി മറ്റൊരു തരം ജയില്, മറ്റൊരുതരം ഗോഷ്ടി, ഉള്ളില്‍ ഡിസ്ക്രമിനേഷന്‍, അതു മറക്കാനഭിനയം, ജയിലി പിടിച്ചിട്ട പോലെയുള്ള ജോലിക്രമം. കേരളത്തിലെ ഗവര്‍മ്മേന്‍റ് സര്‍‌വീസുപോലെ റിലാക്‌സായ ജോലിയൊന്നും ഇവിടെ കിട്ടില്ല. സായിപ്പ് ചാറു വാങ്ങാതെ ശബളമൊന്നും തരില്ല. തമ്മിഭേദം, തൊമ്മന്‍ എന്നു കണക്കുകൂട്ടിയാ മതി. പിന്നെ ഇഷ്ടനൊന്നും ചിന്തിച്ചില്ല ! ഇംഗ്ലീഷിതന്നെ തട്ടി – എഗ്രീഡ്, മാഡം!

പിറ്റേന്ന് ജോലി ആരംഭിച്ചു. ആദ്യമൊക്കെ ഒരു നാണമായിരുന്നു. പിന്നതങ്ങുമാറി. നിത്യ തൊഴിലായി, നിത്യതൊഴിലഭാസമെന്നായപ്പോള്‍, നാട്ടിലേപ്പോലല്ല, എന്തു ജോലിക്കും മാന്യത ഒണ്ടെന്ന തിരിച്ചറിവുണ്ടായി. എന്നാല്‍ ആ തിരിച്ചറിവിലിനിടയിലും ഇടക്കിടെ ജാള്യത അനുഭവപ്പെട്ടു. അതും നാട്ടുകാരീന്നു മറ്റും. ഒരിക്കലൊരു കേരളാ കപ്പിള് ഗറില്ലേ കാണനെത്തി. മൊട്ടേന്ന് വിരിഞ്ഞൊരു ഒരു ചെക്കനേം കൂട്ടി.

ചെക്കന്‍ പറഞ്ഞു..

“പപ്പാ, നോക്ക് എന്തൊരു രസം!, വല്യൊരു കൊരങ്ങച്ചന്റെ കളി! നിന്റെ മറ്റവനാ കൊരങ്ങച്ചന്‍! എന്ന് പറേണമെന്ന് തോന്നി. ഒന്നോര്‍ത്തടങ്ങി, നിന്റെ തന്തേം ഈ പണിതന്നെ, ഇവിടെ മറ്റൊരു വേഷത്തില്‍!

അങ്ങനെ ഇരിക്കെ ഒരു ദിവസം ആളില്ലാത്ത ഒരു സായം സമയത്ത് തൊട്ടടുത്ത കടുവാ കൂടിന്റെ ഇടക്കുള്ള ഇളകികിടന്ന കമ്പിവല തള്ളിനീക്കി കടുവാ ചാടിവന്നു.

അയ്യോ! ദൈവമേ! ഇഷ്ടന്‍ അലറി.

ആ ബംഗാളി കടുവാ മുരണ്ടില്ല, പകരം പച്ച മലയാളത്തില്‍ പറഞ്ഞു…

“അനിയാ, ഞാനുമൊരു മലയാളിയാ, ബംഗാളിക്കടുവായെ ഇപ്പോ കിട്ടാനില്ല. അതുകൊണ്ട് ഞാനും നിന്നെപോലെ വേഷം കെട്ടിയതാ, താന്‍ വന്നപ്പഴേ എനിക്കു പിടികിട്ടിയതാ!”

ഹാ, ഹാ, ഇഷ്ടന്‍ പൊട്ടിച്ചിരിച്ചു, ജോലിയുടെ ഒരു മാന്യത, കേരളം വിട്ടാ മലയാളി എന്തു വേഷോം കെട്ടും!

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top