Flash News

റഫാല്‍ : കോടതിവിധിയില്‍ പരാമര്‍ശിച്ചത് ഇല്ലാത്ത സിഎജി റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷം

December 15, 2018

rafale_0ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാനങ്ങളുടെ വില കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിച്ചെന്നും അതിന്റ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പിഎസി) നല്‍കിയെന്നുമുളള സുപ്രീംകോടതി വിധിയുടെ പരാമര്‍ശം പുതിയ വിവാദത്തിന് തുടക്കമിട്ടു. വസ്തുതാ വിരുദ്ധമായ കാര്യം കോടതിക്ക് പറ്റിയ തെറ്റാണോ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുളളത്. കേസിന് കാരണമായ റഫാല്‍ ഇടപാടിനെക്കുറിച്ചുളള റിപ്പോര്‍ട്ട് തയ്യാറാകുന്നതേയുളളുവെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്‍പ് നല്‍കാനാണ് ആലോചിക്കുന്നത്. സാധാരണഗതിയില്‍ സിഎജിയുടെ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും മുന്‍പ് സര്‍ക്കാരിന് നിലപാട് വ്യക്തമാക്കാന്‍ അവസരം നല്‍കാറുണ്ട്. എക്‌സിറ്റ് മീറ്റിങ് എന്നു വിളിക്കപ്പെടുന്ന ഈ യോഗത്തിന്റെ തീയ്യതി പോലും റഫാല്‍ കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു. സിഎജി പാര്‍ലമെന്റിനാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. പാര്‍മെന്റാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുന്നത്.

എന്നാല്‍ സിഎജിയുടെ റിപ്പോര്‍ട്ട് പിഎസി പരിശോധിച്ചെന്നും റിപ്പോര്‍ട്ടിന്റെ ചെറിയൊരു ഭാഗമാണ് പാര്‍ലമെന്റിന് നല്‍കിയതെന്നുമാണ് വിധിന്യായത്തില്‍ പറയുന്നത്. റഫാല്‍ വിഷയത്തില്‍ ഏതെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചതായി പാര്‍ലമെന്റ് രേഖകളില്ല. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് തയ്യാറായെന്നോ അതു പിഎസിക്ക് ലഭിച്ചെന്നോ കേസിന്റെ വാദത്തിനിടെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പല കാര്യങ്ങളും സര്‍ക്കാര്‍ രഹസ്യ രേഖയായി കോടതിക്ക് കൈമാറുകയും ചെയ്തു. അതില്‍ സിഎജി റിപ്പോര്‍ട്ടും പിഎസിയും പരാമര്‍ശിച്ചിട്ടുണ്ടാവുമെന്ന സംശയമാണ് ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂറിയും മറ്റും ഉന്നയിക്കുന്നത്. ഇല്ലാത്ത റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിധിയെന്നും അവര്‍ ആരോപിക്കുന്നു.

അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിന്റെ മാതൃസ്ഥാപനമാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നതാണ് വിധിയിലെ വസ്തുതാപരമായ മറ്റൊരു പിഴവായി ചൂണ്ടിക്കാണിക്കുന്നത്. പത്രവാര്‍ത്തകളുടെയും മറ്റും അടിസാഥനത്തിലാണ് ഈ പരാമര്‍ശമെന്നാണ് വിധിയില്‍ വ്യക്താമാക്കിയിട്ടുളളത്. വിമാനം വാങ്ങല്‍ പ്രക്രിയയെയും വിലയെയും കുറിച്ച് വായുസേന ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ കോടതി ചോദിച്ചറിഞ്ഞെന്ന വിധിയിലുളള പരാമര്‍ശത്തെയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നു. കോടതിയില്‍ ഇത്തരം കാര്യങ്ങളൊന്നും വായുസേനാ ഉദ്യോഗസ്ഥരോട് ചോദിച്ചില്ലെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top