Flash News

KCRMNA പന്ത്രണ്ടാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്: ചാക്കോ കളരിക്കല്‍ (ജനറല്‍ കോഓര്‍ഡിനേറ്റര്‍)

December 18, 2018

KCRM conferenceKCRMNA-യുടെ പന്ത്രണ്ടാമത് ടെലികോണ്‍ഫറന്‍സ് ഡിസംബര്‍ 12, 2018 ബുധനാഴ്ച വൈകിട്ട് 9:00 മണിക്ക് (EST) നടത്തുകയുണ്ടായി. രണ്ടര മണിക്കൂര്‍ നീണ്ടുനിന്നതും ഹ്യുസ്റ്റനില്‍ നിന്ന് എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോണ്‍ഫെറന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുമായി അന്‍പതോളം ആള്‍ക്കാര്‍ പങ്കെടുക്കുകയുണ്ടായി. മൗന ഈശ്വര പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയായിരുന്നു ഇപ്രാവശ്യം വിഷയം അവതരിപ്പിച്ചത്. കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ ചാക്കോ കളരിക്കല്‍ വട്ടോളിയച്ചനെ കോണ്‍ഫെറന്‍സില്‍ പരിചയപ്പെടുത്തി. യേശുവിന്റെ ജീവിതശൈലി സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഒരു വൈദികനാണ് വട്ടോളിയച്ചന്‍. അതിനാല്‍ത്തന്നെ, അദ്ദേഹം സാമൂഹ്യ രംഗത്തും സഭാതലത്തിലും സംഭവിക്കുന്ന അനീതികള്‍ക്കെതിരായി ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സഭാധികാരത്തിന്റെ അനീതികള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ പാടില്ല എന്ന അവരുടെ നിലപാട് അച്ചന്റെ നിലപാടുമായി യോജിച്ചു പോകുക സാധ്യമല്ല. ഈ അടുത്ത കാലത്ത്, സഭാധികാരം അദ്ദേഹത്തിന് മൂക്കു കയറിടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യം നമുക്കെല്ലാം അറിവുള്ളതാണ്. “ക്രൈസ്തവ സഭകളും ജനാധിപത്യവും” എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന ചര്‍ച്ച ഈ സാഹചര്യത്തില്‍ എല്ലാം കൊണ്ടും സമയോചിതമായിരുന്നു എന്ന് പറയാതെ വയ്യ. വട്ടോളിയച്ചന്റെ പ്രൗഢഗംഭീരമായ വിഷയാവതരണം കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരെയും സംതൃപ്തരാക്കി. വിഷയത്തോടനുബന്ധമായി അച്ചൻ അവതരിപ്പിച്ച പ്രധാന ആശയങ്ങള്‍ വായനക്കാര്‍ക്കായി ഞാനിവിടെ പങ്കുവെയ്ക്കുന്നു.

ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ടും അച്ചനെ സംബന്ധിച്ച് ചുരുക്കമായി സംസാരിച്ചുകൊണ്ടുമാണ് വിഷയത്തിലേക്ക് വട്ടോളിയച്ചന്‍ കടന്നത്. ദീര്‍ഘകാലമായി ജനകീയ സമരങ്ങളില്‍ പങ്കെടുക്കുന്ന കാര്യവും അദ്ദേഹം വിവരിക്കുകയുണ്ടായി. ആദിമ ക്രൈസ്തവ സഭ ഒരു ജനപങ്കാളിത്തസഭ (ജനാധിപത്യ സഭ) ആയിരുന്നുയെന്ന് നടപടി പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എടുത്തു പറയുകയുണ്ടായി. സഭ നൂറ്റാണ്ടുകള്‍ താണ്ടിയപ്പോള്‍ ജീര്‍ണിച്ച പേട്ടു മരം പോലെയായി. ആ സന്ദര്‍ഭത്തിലാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാറ്റത്തിന്റെ പുതിയ ചലനങ്ങളുമായി മുന്‍പോട്ടു വന്നത്. കൗണ്‍സിലിന്റെ പല പ്രമാണ രേഖകളിലും ആദിമ സഭയിലേക്കുള്ള തിരുച്ചു പോക്കിനെ – ആദിവാസി സംസ്കാരം നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുന്നതിനെ – സംബന്ധിച്ച് വീണ്ടും വീണ്ടും ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. ആദിവാസി സംസ്കാരത്തിലെ സൂക്ഷ്‌മമായ ജനപങ്കാളിത്തക്രമം-ജനാധിപത്യക്രമം- കൊണ്ടാണ് നാമിന്നും നിലനില്‍ക്കുന്നത്. മഹാത്മാഗാന്ധി (Mahatma Gandhi)-യുടെയും നെല്‍സണ്‍ മണ്ടേല (Nelson Mandela)-യുടെയുമെല്ലാം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നീണ്ടയാത്ര, ജനകീയ സമര പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങളാണ്. ആദിവാസി സംസ്കാരത്തില്‍ മൂപ്പന്‍ എല്ലാവരെയും ശ്രവിക്കുന്നു. എല്ലാവരെയും കേട്ടശേഷം മൂപ്പന്‍ തീരുമാനമെടുക്കുന്നു. മൂപ്പനെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും ആദിവാസി സംസ്കാരത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മഹത്തായ ഒരു സംസ്‌കൃതിയാണത്. അപ്പോള്‍ ജനായത്ത ഭരണ സമ്പ്രദായമാണ് കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും സംഘടനയേയുമെല്ലാം നിലനിര്‍ത്തുന്നത്.

പല രൂപതകളിലെയും, പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടം, ഫ്രാങ്കോ മെത്രാന്റെ ബലാത്സംഗം തുടങ്ങിയ അധികാരികളുടെ അഴിമതികളുടെ ആഴത്തിലേക്ക് ചിന്തിക്കുമ്പോള്‍ സംഘാതാത്മകത (collegiality) അഥവാ ജനപങ്കാളിത്തത്തിന്റെ പോരായ്‌മ തെളിഞ്ഞു കാണാം. സഭാ ഭരണത്തില്‍ ചെറുപ്പക്കാര്‍ക്ക് പങ്കാളിത്തമേയില്ല. അവര്‍ ചിന്തിക്കുന്നത് അവരുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല എന്നാണ്.

ക്രിസ്തു ദര്‍ശനത്തില്‍ ജീവിക്കാനാണ് യേശു “വന്നു കാണുക” എന്ന് നമ്മെ ഉത്ബോധിപ്പിച്ചത്. ക്രൂരനായ യഹോവേ (Yahweh) മാറ്റി സ്നേഹനിധിയായ, കാരുണ്യവാനായ ദൈവത്തെ പിതാവ് – ആബാ – എന്നു വിളിക്കാന്‍ യഹൂദരെ യേശു പഠിപ്പിച്ചു. അങ്ങനെ യഹോവേയില്‍ നിന്നുള്ള അകലം മാറ്റി, പിതാവായ ദൈവത്തെ അടുത്തു കാണാനും കേള്‍ക്കാനും യേശു യഹൂദര്‍ക്ക് അവസരം ഉണ്ടാക്കി.

യേശു ഒരിക്കലും പണം കൈകാര്യം ചെയ്തിരുന്നില്ല. ശിഷ്യരിലെ യൂദാസ് ഇസ്‌കാരിയോട്ട് (Judas Iscariot) ആയിരുന്നു പണം സൂക്ഷിപ്പുകാരന്‍. ജറുസലേമിലെ ആദിമ സഭയിലാണെങ്കില്‍ പണം കൈകാര്യം ചെയ്യാന്‍ അവരിലെ പ്രധാനികളെ തെരഞ്ഞെടുത്തിരുന്നു. മലങ്കരയിലെ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യവും അതായിരുന്നു. ജാവര ജംഗമ വസ്‌തുക്കളുടെ ഭരണം പള്ളിയോഗം വഴി – ജനപങ്കാളിത്തംവഴി – നടത്തിയിരുന്നു. വൈദികര്‍ ആത്മീയ നേതാക്കളായിരുന്നു. എറണാകുളത്തെ ഭൂമി കച്ചവടത്തില്‍ സുതാര്യത ഉണ്ടായിരുന്നില്ല; സമിതികളില്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല; ഒരു കാര്യത്തിലും വ്യക്തത ഉണ്ടായിരുന്നില്ല. എന്തു മാത്രം ഭൂമി വില്‍ക്കുന്നു? വിലഎന്ത്? സമിതികളും ബന്ധപ്പെട്ടവരും വെറും നോക്കുകുത്തികളായി മാറി. അത് വലിയ തെറ്റായിരുന്നു. അളവില്ലാത്തവിധം പണം കുമിഞ്ഞു കൂടുകയും അതിന്റെ ക്രയവിക്രയത്തെ ചോദ്യം ചെയ്യാന്‍ ഉപാധികള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ തെറ്റുകള്‍ എങ്ങനെ സംഭവിക്കാതിരിക്കും? സംവിധാനത്തിലെ വലിയ പിഴവാണത്. അത് മാറ്റപ്പെടണം. ആരുടെയാണീ പണം? സാധുക്കളുടെ വിയര്‍പ്പ്, പിടിയരി, നാനാജാതി മതസ്തരുടെ നേര്‍ച്ചപ്പണം, സംഭാവനകള്‍. ദരിദ്രനാരായണന്മാരുടെ പൈസ തോന്യാസം ചിലവഴിക്കുന്നു. പെണ്‍കുട്ടികളെ കെട്ടിച്ചു വിടാനും അന്തിയുറങ്ങാന്‍ പാര്‍പ്പിടമുണ്ടാക്കാനും വയനാടു പോലുള്ള ആദിവാസി ഊരുകളിലെ ദാരിദ്ര്യം മാറ്റാനും ഉപയോഗിക്കേണ്ട പണം ഇടപ്പള്ളി പള്ളി പോലുള്ള ആഡംബര പള്ളികള്‍ പണിയാന്‍ ദുരുപയോഗിക്കുന്നതും രൂപതകള്‍ക്ക് കോകളുടെ കടം കയറ്റി വെയ്ക്കുന്നതും സഭയുടെ ധാര്‍മിക അധഃപതനമാണ്. പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ തന്റെ ഭർത്താവിന്റെ ശവം മറ്റു പോംവഴികളില്ലാത്തതിനാല്‍ അടുക്കളയില്‍ മാന്തിയിടേണ്ടി വന്ന കേരളത്തിലെ സഭയിലാണ് സാമ്പത്തിക അഴിമതികള്‍ നടക്കുന്നത്! പാവങ്ങളുടെ കഞ്ഞിപാത്രത്തില്‍ കൈയ്യിട്ടു വാരുന്ന സഭയ്ക്ക് ധാര്‍മ്മികതയെപ്പറ്റി എങ്ങനെ പ്രസംഗിക്കാന്‍ കഴിയും?

ഏകാധിപത്യ ഭരണമാണ് ഇന്ന് സഭയില്‍ നടക്കുന്നത്. സഭാ നേതൃത്വത്തിന്റെ കൊള്ളരുതായ്‌മയും ജനപങ്കാളിത്ത സംവിധാനം ഇല്ലാതെ പോകുന്നതും കൊണ്ട് സഭ നശിച്ചുകൊണ്ടിരിക്കുന്നു. സഭ നിലനില്‍ക്കണമെങ്കില്‍ സഭാസംവിധാനത്തില്‍ അടിമുടി മാറ്റം വരണം; ജനപങ്കാളിത്തം വേണം. ലോകത്തിലെ 21 പ്രധാന സംസ്‌കാരങ്ങളില്‍ 19 എണ്ണവും നശിച്ചു പോയി. ഉള്ളില്‍ നിന്നുള്ള ചീഞ്ഞഴിയലും നേതൃത്വത്തില്‍ സംഭവിച്ച ജീര്‍ണതയുമായിരുന്നു അതിനു കാരണം. പുറം ശക്തികളുടെ ഇടപെടലുകള്‍ കൊണ്ടല്ല നാശം സംഭവിച്ചത്.

ഫ്രാന്‍സിസ് പാപ്പയുടെ ജീവിതം ഇക്കാര്യത്തില്‍ നാം മാതൃകയാക്കേണ്ടതാണ്. ഈശോ സഭാ പ്രൊവിന്‍ഷ്യല്‍ ആയിരിക്കെ അദ്ദേഹം ഏകാധിപതിയെപ്പോലെ പെരുമാറി. പ്രൊവിന്‍സിലെ അംഗങ്ങള്‍ തന്നെ രണ്ടായി പിരിഞ്ഞു. പിന്നീട് ധ്യാനത്തിലൂടെ ജനപങ്കാളിത്തമാണ് സഭാ ഭരണത്തിന് ഉത്തമമെന്ന് അദ്ദേഹത്തിന് ബോധ്യം ഉണ്ടായി. ഇന്നദ്ദേഹം എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള ഏതാനും കര്‍ദിനാളന്മാരെ തെരഞ്ഞെടുത്ത് എല്ലാ മൂന്നു മാസത്തിലും അവരുമായി കൂടിയാലോചനകള്‍ നടത്തിയാണ് സഭാ ഭരണം നടത്തുന്നത്. ഏകാധിപത്യ സഭാ ഭരണത്തില്‍ നിന്നും ജനപങ്കാളിത്ത സഭാ ഭരണത്തിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ മനംമാറ്റം! ആലഞ്ചേരി മെത്രാപ്പോലീത്തയുടെ വിവാദ ഭൂമി കച്ചവടവും വഞ്ചി സ്ക്വയറിലെ കന്ന്യാസ്ത്രികളുടെ നിരാഹാര സമരവും ജനകീയ സമരങ്ങളായി മാറി. സഭാ ഭരണത്തിലെ ശുദ്ധീകരണത്തിനും ജനപങ്കാളിത്ത സഭാഭരണത്തിനും മേല്പറഞ്ഞ സമരങ്ങള്‍ സഹായകമായേ തീരു. ആദിമ സഭാ ചട്ടക്കൂട്ടില്‍ എത്തിപ്പെട്ടാലെ സഭയ്ക്ക് നിലനില്‍പ്പൊള്ളൂ.

ക്രിസ്‌തു യഹൂദ പുരോഹിതരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ ക്രിസ്തു നമ്മെ പഠിപ്പിച്ചു. ക്രിസ്‌തു വിമര്‍ശനം പോലെ നാമും സഭയെ നന്നാക്കാന്‍ വേണ്ടി, ശുദ്ധീകരിക്കാന്‍വേണ്ടി വിമര്‍ശിക്കണം. ഫ്രാന്‍സിസ് പാപ്പയും അതുതന്നെ പഠിപ്പിക്കുന്നു. നമ്മുടെ ബൗദ്ധിക ശേഷി, സമയ ശേഷി, നന്മനസു ശേഷി എല്ലാം സഹജീവികള്‍ക്കായി ഉപയോഗപ്പെടുത്തുക. ഭൂധനം, സമ്പത്ത്, മനുഷ്യ ശേഷി എല്ലാം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം. ധാര്‍മിക ശക്തിക്കല്ലാതെ രാഷ്ട്രീയ ശക്തികളെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. സഭയുടെ സാമ്പത്തി കശക്തി രാഷ്ട്രീയ ശക്തിയാണ്. അത് ധാര്‍മിക ശക്തിയല്ല. രാഷ്ട്രീയക്കാര്‍ പറയും നിങ്ങള്‍ ആദ്യം തിരുത്തു; പിന്നീട് നിങ്ങള്‍ ഞങ്ങളെ തിരുത്തൂയെന്ന്. അതുകൊണ്ട് സഭാസംവിധാനം ആദ്യം തിരുത്തപ്പെടണം. ചര്‍ച്ചകളിലൂടെ സാധാരണ ജനങ്ങളില്‍ ബോധവല്‍ക്കരണം ഉണ്ടാകണം. മാറ്റത്തിനുള്ള ധൈര്യം സംഭരിച്ച് പൂച്ചയ്ക്ക് മണി കെട്ടാന്‍ ഒരുങ്ങിത്തിരിച്ചിരിക്കുന്ന കെ സി ആര്‍ എം നോർത്ത് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും വട്ടോളിയച്ചന്‍ മറന്നില്ല. ധാരാളം നിവേദനങ്ങള്‍ സഭാധികാരത്തിന്റെ പല തലങ്ങളിലേയ്ക്കും അയക്കാന്‍ അദ്ദേഹം ഉപദേശിച്ചു. തെറ്റു ചെയ്ത മെത്രാന്റെ കൂടെ മറ്റു മെത്രാന്മാര്‍ നിലയുറപ്പിക്കുന്നു. കുറ്റവാളികളെ സഭ സംരക്ഷിക്കുന്നു. സഭാധികാരം അഴിമതിയിലൂടെ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നത് ചീഞ്ഞഴിഞ്ഞ അവസ്ഥയാണ്. രാഷ്രീയ അസ്ഥിരത മതമേധാവിത്വത്തിനു ലഭിക്കുന്ന പ്രതിരോധന ശേഷിയാണ്. അതില്‍ രാഷ്ട്രീയ ധാര്‍മികതയോ മതധാര്‍മികതയോ ഇല്ല. അത് രാഷ്ട്രീയ -മത നെറികേടുകളാണ്.

പ്രകൃതിയെ ദ്രോഹിക്കാതെ, പ്രകൃതിയെ സ്നേഹിക്കുന്ന ആദിവാസി ആത്മീയത മുഖ്യധാരാ ആത്മീയതയായി മാറണം. ലോകം നശിക്കുന്നത് വ്യക്തികളുടെ വലിയ തെറ്റുകള്‍കൊണ്ടു മാത്രമല്ല; മറിച്ച്, തെറ്റിനെ വിളിച്ചു പറയാത്ത ഭൂരിപക്ഷം നിശബ്ദത പാലിക്കുന്നതുകൊണ്ടാണ്. പുരോഹിത ആധിപത്യ പ്രവണതയ്‌ക്കെതിരെ ബോധവല്‍ക്കരണം അഥവാ തിരിച്ചറിവ് ഉണ്ടാക്കി സഭാസംവിധാന നവീകരണം സാധിച്ചെടുക്കുക വിശ്വാസി സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതാണ് ഇന്നിന്റെ അത്യാവശ്യം.

ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവരുടെ ചോദ്യങ്ങള്‍ക്ക് വട്ടോളിയച്ചന്‍ വ്യക്തവും കൃത്യവുമായ മറുപടി നല്‍കുകയുണ്ടായി. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവടം, ഫ്രാങ്കോ മെത്രാനെതിരായുള്ള കന്യാസ്ത്രീകളുടെ സമരം, ഈ രണ്ടു വിഷയങ്ങളിലെ സമരങ്ങള്‍ക്ക് എന്തുകൊണ്ട് വട്ടോളിയച്ചന്‍ നേതൃത്വം നല്‍കി, അച്ചനെതിരായി സഭാധികാരത്തിന്റെ ശിക്ഷണ നടപടികള്‍ക്കുള്ള നീക്കങ്ങള്‍, ‘ചര്‍ച്ച് ആക്‌ട്’തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനപ്പെട്ട ചോദ്യങ്ങള്‍.

മോഡറേറ്റര്‍ എ സി ജോര്‍ജ്എല്ലാവര്‍ക്കും പ്രത്യേകിച്ച് ബഹു. വട്ടോളിയച്ചന് നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “KCRMNA പന്ത്രണ്ടാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്: ചാക്കോ കളരിക്കല്‍ (ജനറല്‍ കോഓര്‍ഡിനേറ്റര്‍)”

  1. Mathai says:

    Good report

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top