Flash News

പ്രതികാരത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടരുത്

December 19, 2018 , ബ്ലസന്‍ ഹ്യൂസ്റ്റന്‍

Babri-1സ്വതന്ത്ര ഇന്ത്യയുടെ കറുത്ത അദ്ധ്യായങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് സംഭവങ്ങളാണ് അടിയന്തരാവസ്ഥയും ബാബറി മസ്ജിദ് തകര്‍ക്കലും. ജനാധിപത്യ സംവിധാനങ്ങളെ മരവിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യങ്ങളുള്‍പ്പെടെയുള്ള അവകാശങ്ങളെ രണ്ട് വര്‍ഷക്കാലത്തോളം പെട്ടിക്കുള്ളിലാക്കി അടിയന്തരാവസ്ഥയെന്ന ചങ്ങലകൊണ്ട് കെട്ടിമുറുക്കി സ്വേച്ഛാധിപത്യ പൂട്ടുകൊണ്ട് പൂട്ടി ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയുടെ നിലവറയ്ക്കകത്ത് ഇട്ടതാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയെന്ന ദുരവസ്ഥയില്‍ ആരെങ്കിലും വാ തുറക്കണമെങ്കില്‍ അതിന് പ്രധാനമന്ത്രിയുടെ അനുവാദം വേണമായിരുന്നു. അവരെന്തു പറയണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയായിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്ന് മോചനം പ്രാപിച്ച ജനങ്ങള്‍ മറ്റൊരു അടിമത്വമായിരുന്നു അടിയന്തരാവസ്ഥയെന്ന ദുരവസ്ഥ.

photopng1ആ ദുരവസ്ഥ രണ്ട് വര്‍ഷക്കാലമെ ഇന്ത്യയില്‍ നിലനിന്നിരുന്നൊള്ളുയെങ്കില്‍ അതിനേക്കാള്‍ ദയനീയാവസ്ഥയും ദാരുണാവസ്ഥയുമാണ് ബാബറി മസ്ജിദ് തകര്‍ച്ചയില്‍ കൂടി ഇന്ത്യ നേരിട്ടത്. ആ വിശേഷണങ്ങള്‍ മാത്രമല്ല ബാബറി മസ്ജിദിന് ഉള്ളത് അത് ഇന്ത്യയുടെ ഭീകരാവസ്ഥയാണ് എന്നതും കൂടിയുണ്ട്. അടിയന്തരാവസ്ഥയില്‍ രണ്ട് വര്‍ഷത്തെ കഷ്ടതകള്‍ മാത്രമെ ഇന്ത്യന്‍ ജനതക്ക് അനുഭവിക്കേണ്ടിവന്നിട്ടുള്ളുയെങ്കില്‍ ബാബറി മസ്ജിദ് തകര്‍ച്ചയില്‍ കൂടി ഇന്ത്യന്‍ ജനത ഇന്നും കഷ്ടതയനുഭവിക്കുന്നുയെന്ന് പറയാം. ഈ ഡിസംബറില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു ബാബറി മസ്ജിദ്‌ സംഭവം.

മതേതരത്വ രാജ്യമെന്ന ഇന്ത്യയെ വര്‍ഗീയ രാജ്യമായി മാറ്റിയെടുക്കാന്‍ ആ സംഭവത്തിനു കഴിഞ്ഞു. മതതീവ്രവാദികള്‍ പുച്ഛത്തോടെ കാണുന്ന കേള്‍ക്കുന്ന ഒരു വാക്കാണ് മതേതരത്വം. അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാന്‍ സ്വാതന്ത്ര്യ സമര സേനാ നേതാക്കളോടൊപ്പം ഇന്ത്യന്‍ ജനത ഒരു മെയ്യായി പൊരുതിയപ്പോള്‍ ഇവിടെ ഹിന്ദുവിനെയും മുസല്‍മാനെയും ക്രിസ്ത്യാനിയെയും ആയി വേര്‍തിരിച്ച് കണ്ടില്ല ആരും. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ചങ്ങല പൊട്ടിച്ചു കൊടുത്ത ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വര്‍ഗീയ വേര്‍തിരിവ് ഹിന്ദുവിനെയും മുസല്‍മാനെയും വേര്‍തിരിക്കുമെന്ന് കണ്ടപ്പോള്‍ സ്വതന്ത്ര ഭാരതത്തിന്റെ ശില്പികള്‍ മതേതരത്വമെന്ന മഹത്തായ ആശയത്തില്‍ കൂടി ഭാരത ജനതയെ ഒന്നിച്ചു കൂട്ടിച്ചേര്‍ത്തു. അതാണ് ഇന്ത്യയുടെ മതേതരത്വമെന്ന മഹത്തായ ആശയം. അതില്‍ ഇന്ത്യന്‍ ജനത ഐക്യപ്പെട്ടപ്പോള്‍ രാജ്യം ലോകത്തിന് മാതൃകയായി. അതില്‍ ലോകം നമ്മെ വാഴ്ത്തിയപ്പോള്‍ നാം അതില്‍ അഭിമാനപുളകിതരായി. നാനാത്വത്തില്‍ ഏകത്വമെന്ന് നാം പാടി പുകഴ്ത്തുന്നതിനൊപ്പം മറ്റൊരു വരികൂടി നാം എഴുതിചേര്‍ക്കപ്പെട്ടു മതേത്വരത്വ മഹാരാജ്യമെന്ന്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഇരുപത്താറാം വാര്‍ഷികമാണ് ഈ ഡിസംബര്‍ ആറിന് കടന്നുപോയത്. രാമക്ഷേത്രം തകര്‍ത്ത് ബാബറി ചക്രവര്‍ത്തി ആ സ്ഥലത്ത് മസ്ജിദ് പണിതുയെന്നതാണ് ചിലരുടെ കണ്ടെത്തല്‍. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ കുത്തിപ്പൊക്കി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടിയും അധികാരക്കസ്സേരയില്‍ കയറിപ്പറ്റാനും കണ്ടെത്തിയ കുതന്ത്ര രാഷ്ട്രീയ നാടകമായിരുന്നു ബാബറി മസ്ജിദ് തകര്‍ച്ചയിലെ പിന്‍ചരിത്രം. ബാബറി മസ്ജിദ്‌ രാമക്ഷേത്രമെന്ന വര്‍ഗീയ വൃണത്തെ കുത്തി നോവിച്ച് ജനങ്ങളെ വിഘടിപ്പിക്കാന്‍ വര്‍ഗീതയുടെ പേരില്‍ രൂപീകൃതമായ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് കഴിഞ്ഞു.

0852591e-2928-48f6-a241-e5baba21aa50അതില്‍ ഒലിച്ചിറങ്ങിയത് നിരപരാധികളായ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ചുടുചോരയായിരുന്നു. ബാബറി മസ്ജിദ് തകര്‍ന്നതിനുശേഷം നടന്ന വര്‍ഗീയ ചേരി തിരിവില്‍ എത്രയെത്ര ബോംബു സ്‌ഫോടനങ്ങള്‍ വര്‍ഗീയ ലഹളകള്‍ നടന്നിട്ടുണ്ട് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ അത് മനസ്സിലാക്കാന്‍ കഴിയും. ഒരു യുദ്ധത്തില്‍ മരി ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഈ ബോംബ്‌ സ്‌ഫോടനങ്ങളിലും വര്‍ഗീയ ലഹളകളിലും മരിച്ചിട്ടുണ്ട് എന്നതു തന്നെ അതിന്റെ ഉത്തമോദാഹരണങ്ങളാണ്. മുംബൈ സ്‌ഫോടനവും കലാപവും ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരകള്‍ തുടങ്ങി അനേകം സംഭവങ്ങള്‍ ഉദാഹരണമാണ്. ഇന്നും തുടരുന്നുയെന്നതാണ് സത്യം. ഒരുകൂട്ടം വര്‍ഗീയവാദികളുടെ തലതിരിഞ്ഞ പ്രവര്‍ത്തിക്ക് അതെ അളവില്‍ എതിര്‍ കൂട്ടത്തിലെ വര്‍ഗീയ വാദികള്‍ തിരിച്ചടിച്ചപ്പോള്‍ അതില്‍ ബലിയാടായത് നിരപരാധികളും സാധുക്കളുമായിരുന്നു. നഷ്ടപ്പെട്ടത് അവരുടെ ജീവനും ജീവിതവുമായിരുന്നു. എന്നാല്‍ അതില്‍ കുറ്റക്കാരെ കണ്ടെത്താനോ അവരെ ശിക്ഷിക്കാനോ ആര്‍ക്കെങ്കിലും കഴിഞ്ഞു. അവരില്‍ പലരുമിന്ന് അധികാരത്തില്‍ ഇരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.

വര്‍ഗീയതയുടെ വിത്ത്‌ വിതറി അതിനെ വളര്‍ത്തി വലുതാക്കി അതില്‍കൂടി ചവിട്ടി അധികാരത്തിലെത്താമെന്ന് ചിന്തിച്ചവര്‍ അത് നേടിയെടുത്തിട്ടും അവര്‍ വിതച്ച വര്‍ഗീയ വിഷവിത്ത് ഇന്നും ഭാരത മണ്ണില്‍ മുളച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ നാമ്പ് നുള്ളിക്കളയാന്‍ ശ്രമിക്കാതെ അതിന് വളവും വെള്ളവും നല്‍കി പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കുന്നു. കാരണം പിടിച്ചു കയറിയ അധികാരത്തില്‍ നിന്ന് പടിയിറങ്ങാന്‍ വയ്യാത്തതു തന്നെ. ഇന്നലെ ബാബറിമസ്ജിദ് ആയിരുന്നെങ്കില്‍ അതിനു രൂപവും ഭാവവും നല്‍കി പശുവിന്റെ രൂപത്തിലാക്കി മാറ്റിയെന്നു മാത്രം. പ്രവര്‍ത്തി മറ്റൊരു രൂപത്തിലായെങ്കിലും അതിന്റെ ഉദ്ദേശലക്ഷ്യം ഒന്നുതന്നെയാണ്. വര്‍ഗീയ ഭാന്ത്രന്‍മാര്‍ അധികാരക്കൊതിയോടെ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അതില്‍ ഇന്ത്യന്‍ ജനത അറിഞ്ഞോ അറിയാതെയോ വേര്‍തിരിക്കപ്പെട്ടുയെന്നതാണ്‌ സത്യം. ഓരോ വ്യക്തിയുടേയും ഉള്ളിന്റെ ഉള്ളില്‍ ഉറക്കിക്കിടത്തിയിരുന്ന വര്‍ഗീയതയെ പുറത്തെടുക്കാന്‍ ഈ അധികാരക്കൊതി മൂത്ത വര്‍ഗീയ ഭ്രാന്മാര്‍ക്ക് കഴിഞ്ഞു. ആ വേര്‍തിരിവ് ഇന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. പണ്ട് കൈക്കോര്‍ത്തു നടന്നവര്‍ ഇന്ന് മതത്തിന്റെ വേര്‍തിരിവില്‍ അകലം വച്ച് നടക്കുന്നു.

ഒരു മസ്ജിദിന്റെ തകര്‍ച്ചയല്ല ബാബറി മസ്ജിദ് തകര്‍ച്ചയില്‍ സംഭവിച്ചത്. ലോകം പോലും അല്പമസൂയയോടു കൂടി കണ്ട ഇന്ത്യന്‍ ജനതയുടെ ഐക്യ തകര്‍ച്ചയാണ് അവിടെ സംഭവിച്ചത്. അതിന്റെ ഉത്തരവാദിത്വം നമ്മെ നയിച്ച എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. മതേതരത്വ മുന്നണിയെന്ന് ഇടതുപക്ഷമുള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെ അധികാരത്തില്‍ കയറിയ ജനതാദള്‍ മന്ത്രിസഭയുടെ കാലത്താണ് ബബറി മസ്ജിദ് വിവാദ ഭൂമിയുടെ മേല്‍ അവകാശത്തര്‍ക്കം ശക്തമാക്കാന്‍ തുടങ്ങിയത്. അതിന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ അതിന് തുടക്കമിട്ടുയെങ്കിലും അത് കൂടുതല്‍ ശക്തിപ്രാപിക്കാനും മറ്റും തുടങ്ങിയത് വി.പി.സിംഗിന്റെ കാലത്തായിരുന്നുയെന്നതാണ് പ്രധാന ആരോപണം. അതിന്റെ ഉള്ളിലേക്ക് കടന്ന് അത് കൂടുതല്‍ വികൃതമാക്കുന്നില്ല. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തകര്‍ക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ വിഭാഗമുള്ള ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോ ഇത് നടക്കുന്നതിനു മുന്‍പ് അറിയാതെ പോയതാണോ. തകര്‍ക്കപ്പെട്ടിട്ടും അതിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഒരു പെറ്റിക്കേസു പോലും ചുമത്താന്‍ അന്നത്തെ ഭരണനേതൃത്വത്തിന് കഴിയാതെ പോയതെന്ത്.

BM4അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും സംശയങ്ങളും ഇപ്പോഴും ബാക്കിയുണ്ട്. ഒരു കാര്യം ഉറപ്പായിട്ടും പറയാം. ആര്‍ക്കും ഇതില്‍ കൈകഴുകാന്‍ സധിക്കുകയില്ല. എന്നാല്‍ അതിന്റെ തിക്തഫലങ്ങള്‍ ഇന്നും പലരൂപത്തിലും ഭാവത്തിലും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്രം തുറുപ്പു ചീട്ടാക്കി ബാബറി മസ്ജിദ് തകര്‍ക്കാന്‍ അണിയറയില്‍ കളിച്ചവര്‍ക്ക് അധികാരത്തിലിരിക്കാനെ കഴിഞ്ഞൊള്ളു. അധികാരം കൈയ്യാളാന്‍ അവര്‍ക്ക് കഴിയാതെ പോയത് കാലം കൊടുത്ത ശിക്ഷയാണ്.

ഓരോ പൊതുതിരഞ്ഞെടുപ്പ് അടുക്കുംതോറും രാമക്ഷേത്രവുമായി ജനത്തിന്റെ മുന്നിലേക്ക് ഇറങ്ങി വരുന്നവര്‍ ഗണപതിയുടെ കല്യാണം പോലെ അത് നീട്ടിക്കൊണ്ടുപോകുന്നതും എന്നും അധികാരത്തില്‍ കയറാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ ഈ സത്യം ജനം അറിയാതെ പോകുന്നതാണ് നാടിന്റെ ശാപം. നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനത്തിന്റെ ശ്രദ്ധ തിരിക്കാന്‍ അവര്‍ക്ക് ഇങ്ങനെയുള്ള വര്‍ഗീയ കാര്‍ഡുകള്‍ ധാരാളം. എന്നാല്‍ ജനം അവരുടെ കുതന്ത്ര വര്‍ഗീയത തിരിച്ചറിയുന്നില്ല. കൂട്ടിയടിപ്പിച്ച്‌ ചോര കുടിക്കുന്നവരെക്കൊണ്ട് തലയുയര്‍ത്തിപ്പിക്കാന്‍ ജനത്തിനു കഴിഞ്ഞാല്‍ അതോടെ ഇതിനൊക്കെ അറുതി വരുമെന്നതിനു യാതൊരു സംശയവുമില്ല.

പ്രതികാരത്തിന്റെ പേരില്‍ തകര്‍ക്കപ്പെടേണ്ടതല്ല ആരാധനാലയങ്ങള്‍. അങ്ങനെ തകര്‍ക്കപ്പെട്ടാല്‍ അതില്‍ വിശ്വസിക്കുന്നവരുടെ ഹൃദയമാണ് തകര്‍ക്കപ്പെടുന്നത്. അവരുടെ വിശ്വാസത്തെയാണ് ചവിട്ടി മെതിക്കപ്പെടുന്നത്. അങ്ങനെ തകര്‍ക്കപ്പെട്ട ആരാധനാലയത്തിന്റെ സ്ഥാനത്ത് മറ്റൊരു ആരാധനാലയം വന്നാല്‍ അവിടെ ദൈവസ്പര്‍ശം ഉണ്ടാകുമോ. ഈ സത്യം ജനങ്ങള്‍ ചിന്തിക്കേണ്ട കാലമതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ പഠിപ്പിക്കുന്ന മതങ്ങളുടെ മഹത്വമറിയാതെ മനുഷ്യരുടെ ഇടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ ആ മതമുപയോഗിക്കുന്നവരെ ജനം തിരിച്ചറിഞ്ഞാല്‍ ഇനിയും ഒരു ആരാധനാലയവും തകര്‍ക്കപ്പെടുകയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top