കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന്റെ കൂട്ടാളി ഡല്‍ഹിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ കൊച്ചിയില്‍ എത്തിയിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതനുസരിച്ച് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന നടി ലീനാ മരിയ പോളിന്റെ കൂട്ടാളിയായിരുന്ന സുകേഷ് ചന്ദ്രശേഖര്‍ കഴിഞ്ഞ ജൂണില്‍ ഡല്‍ഹി പൊലീസിന്റെ കാവലില്‍ കൊച്ചിയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കുന്നത്.
ലീന മരിയ പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേരളത്തിൽ ലീനയ്ക്കെതിരെ എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ കഴിഞ്ഞ ദിവസം കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
സുകേഷ് പൊലീസ് കാവലില്‍ കൊച്ചിയിലെ സ്വകാര്യ ഹോംസ്റ്റെയില് ഒമ്പത് ദിവസം താമസിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോംസ്റ്റെയില് നടി ലീനാ മരിയ പോള്‍ ഉണ്ടായിരുന്നതായും നടി അവിടെ വച്ച് ചികിത്സ നടത്തിയതായും വിവരം ലഭിച്ചു. സുകേഷിനൊപ്പം ആറ് പൊലീസുകാരും ഉണ്ടായിരുന്നതായി ഹോംസ്റ്റെയുടെ കെയര്‍ടേക്കറും അറിയിച്ചിട്ടുണ്ട്.
ചികില്‍സ ആവശ്യങ്ങള്‍ക്കായാണ് മുറിയെടുത്തതെന്നും ദിവസവും ഒന്നരമണിക്കൂറിലേരെ ചികില്‍സയ്ക്കായി റിസോര്‍ട്ടില്‍ നിന്ന് ഇരുവരും പുറത്തുപോകാറുണ്ടെന്നും ഇവര്‍ക്ക് സന്ദര്ശകരേറെയുണ്ടായിരുന്നെന്നും മാനേജര്‍ പറഞ്ഞു. കൊച്ചി സ്വദേശികളായ മൂന്നുപേര്‍ ബോസിനെന്ന് പറഞ്ഞാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കേസിലെ പ്രതിയാണെന്നോ പൊലീസ് ഒപ്പമുണ്ടെന്നോ പറഞ്ഞിട്ടില്ല. ഈ റിസോര്‍ട്ട് കൂടാതെ കൊച്ചിയിലെ മറ്റ് രണ്ട് റിസോര്‍ട്ടുകളിലും ഇവര്‍ താമസിച്ചതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഈ വരവില്‍ നടത്തിയ ഇടപാടുകളാണോ ഇപ്പോഴത്തെ വെടിവയ്പില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ജൂണ്‍ 27 മുതല്‍ ജൂലായ് 5 വരെ ഇയാള്‍ കൊച്ചിയില്‍ താമസിച്ചു. ഇയാള്‍ കൊച്ചിയിലെത്തിയത് എങ്ങനെയെന്നും എന്താവശ്യത്തിനാണ് എത്തിയതെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ സുകേഷ് ചന്ദ്രശേഖറുമായി പഴയ അടുപ്പം ഇപ്പോള്‍ ഇല്ലെന്ന് നടി പൊലീസിനോട് പറഞ്ഞിരുന്നു. രവി പൂജാരിയുടെ വിവരങ്ങള്‍ തേടി അന്വേഷണം മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്.
വെടിവയ്പ്പിനെ തുടര്‍ന്ന് ലീനയുടെ ബ്യൂട്ടി പാര്‍ലറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം സുകേഷ് ചന്ദ്രശേഖറില്‍ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത 11 ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുമെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും റോള്‍സ് റോയിസ് മുതല്‍ ഡ്യൂകാറ്റി ബൈക്ക് അടക്കം 15 കോടി വിലവരുന്ന 11 വാഹനങ്ങളായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
വാഹനങ്ങള്‍ പിടികൂടിയ ശേഷം റോള്‍സ് റോയിസ് തന്റേതാണെന്ന് കാണിച്ച് ചെന്നൈ സ്വദേശി കോടതിയെ സമീപിച്ചെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വാഹനങ്ങള്‍ വിട്ടുകൊടുത്തിരുന്നില്ല. ആഡംബര വാഹനങ്ങള്‍ വാങ്ങാനുളള സാമ്പത്തിക ഉറവിടം വെളിപ്പെടുത്താന്‍ ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലില്‍ സുകേഷ് ചന്ദ്രശേഖറിന് സാധിച്ചിരുന്നുമില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിപ്പിലൂടെ നേടിയെടുത്ത വാഹനങ്ങളാണ് ഇതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഉടനടി വാഹനങ്ങള്‍ ലേലം ചെയ്യാനാണ് ആദായനികുതി വകുപ്പ് തീരുമാനം. വായ്പാ തട്ടിപ്പ് അടക്കം ആറ് കേസുകളില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖര്‍ തമിഴ് രാഷ്ട്രീയ നേതാവായ ടിടിവി ദിനകരനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

Leave a Reply