Flash News

എസ്‌പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ്; ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്തത്, എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ലെന്ന് യതീഷ് ചന്ദ്ര

December 20, 2018

yatheesh (1)ന്യൂഡല്‍ഹി: കേരള എസ്‌പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. എന്റെ ജോലിയുടെ ഭാഗമാണ് ശബരിമലയില്‍ നടന്നതെന്ന് യതീഷ് ചന്ദ്ര പ്രതികരിച്ചു. ശബരിമല സന്ദര്‍ശന വേളയില്‍ എസ്പി തന്നോട് ധിക്കാരപരമായി പെരുമാറിയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നും കേന്ദ്രമന്ത്രി നോട്ടീസില്‍ വ്യക്തമാക്കുന്നു. നോട്ടീസ് പരിശോധിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

ലോക്‌സഭാംഗത്തോട് പെരുമാറേണ്ട രീതിയിലല്ല ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്ര തന്നോട് പെരുമാറിയതെന്നും ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന് ചോദിച്ച് തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും പൊന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. യതീഷ് ചന്ദ്രയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.

നവംബര്‍ 21നു ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് കേന്ദ്രമന്ത്രി ചോദ്യം ചെയ്യുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കി.

ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്പി ചോദിച്ചതാണു വിവാദമായത്. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി. എസ്പിക്കെതിരേ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണെന്ന് എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് ഞാന്‍. അവിടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ല. വിശ്വാസങ്ങളും നിലപാടുകളും മാറ്റിവച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ഇറങ്ങുന്നതെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും 50 ശതമാനം ആളുകളെ മാത്രമേ സംതൃപ്തരാക്കാന്‍ പറ്റൂ. വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാല്‍ ഒഴിപ്പിച്ചുകിട്ടിയവര്‍ക്കു സ്‌നേഹം തോന്നും. ഒഴിഞ്ഞവര്‍ക്ക് അടങ്ങാത്ത അമര്‍ഷവും. സേനയുടെ ഗതികേടാണിത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ആയിരുന്നില്ല.

പ്രളയസമയത്തു സ്വന്തം കുടുംബത്തിന്റെ അവസ്ഥപോലും നോക്കാതെയാണു പല പൊലീസ് ഉദ്യോഗസ്ഥരും കര്‍മനിരതരായത്. ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും അന്വേഷിക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോഴെങ്ങനെ മോശക്കാരാകും. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ വേദനയാണിതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top