Flash News

ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഇരുപതു മണിക്കൂറോളമായി പുറത്തു തന്നെ; യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്കു ചുറ്റും; ഏതു നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാമെന്ന് പോലീസ്

December 21, 2018

kothamangalam (1)കോതമംഗലത്തെ മാര്‍ത്തോമ്മാ പള്ളി പ്രശ്നവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ഫാ. തോമസ് പോള്‍ റമ്പാന്‍ ഇരുപതു മണിക്കൂറോളമായി പുറത്തു തന്നെ നില്‍ക്കുകയാണ്. യാക്കോബായ സഭാംഗങ്ങളാകട്ടേ പള്ളിക്കു ചുറ്റും മാവലും നില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഏതു നിമിഷവും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാമെന്ന് പോലീസ്. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങള്‍ ഇന്നലെ ഉച്ചമുതല്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. തോമസ് പോള്‍ റമ്പാന്‍ പ്രാര്‍ത്ഥനയ്ക്കായി പളളിക്ക് സമീപമെത്തിയതോടെ രാവിലെ മുതല്‍ പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്ന യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം കനത്തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ആയിരക്കണക്കിന് യാക്കോബായ സഭാ അംഗങ്ങളാണ് പള്ളിക്കു ചുറ്റും നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തിയേ മടങ്ങു എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വൈദികന്‍.

കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രാത്രിയിലും തുടരുന്നു. കോടതി വിധിയുടെ പിന്‍ബലത്തില്‍ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ, ഓര്‍ത്തഡോക്‌സ് സഭയിലെ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതു തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. മടങ്ങിപ്പോകാന്‍ റമ്പാന്‍ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികള്‍ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെ രാത്രിയിലും സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്.

പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ പൊലീസ് സംരംക്ഷണം നല്‍കണമെന്ന മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ 10.30ന് ആണ് തോമസ് പോള്‍ റമ്പാന്‍ ചെറിയപള്ളിയിലെത്തിയത്. ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു അപ്പോള്‍. തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാതിരിക്കാന്‍ നൂറുകണക്കിനു യാക്കോബായ വിശ്വാസികള്‍ പ്രതിരോധം തീര്‍ത്തു. ഗേറ്റിനു പുറത്തു പ്രതിഷേധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറിനു ശേഷം പൊലീസ് ജീപ്പില്‍ റമ്പാനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രതിഷേധക്കാരെ നീക്കി പള്ളിയില്‍ വീണ്ടും എത്തിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്.

എന്നാല്‍, പള്ളിയില്‍നിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതെ തുടര്‍ന്നു 2 മണിക്കൂറിനുശേഷം തോമസ് പോള്‍ റമ്പാന്‍ വീണ്ടും എത്തി. പള്ളിയുടെ പടിഞ്ഞാറേ കുരിശിനു സമീപം എത്തിയ റമ്പാനെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാറില്‍നിന്നു പുറത്തിറങ്ങാന്‍ പൊലിസ് അനുവദിച്ചില്ല. മടങ്ങാന്‍ തയാറല്ലെന്നു വ്യക്തമാക്കിയ റമ്പാന്‍ രാത്രി വൈകിയും കാറിനുള്ളില്‍തന്നെ കഴിച്ചുകൂട്ടുകയാണ്

കോടതി വിധി നടപ്പാക്കാന്‍ പൊലീസിനു ബാധ്യതയുണ്ടെന്നും അതിനു തയാറാകാത്ത പൊലിസ് നാടകം കളിക്കുകയാണെന്നും തോമസ് പോള്‍ റമ്പാന്‍ ആരോപിച്ചു. പൊലീസിന്റെ ഒത്താശയോടെയാണു യാക്കോബായ വിശ്വാസികളുടെ നിയലംഘനം. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top