Flash News

വനിതാ മതില്‍; സര്‍ക്കാര്‍ വാദം തെറ്റ്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്

December 22, 2018

cor_3

കൊച്ചി: വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. വനിതാ മതിലിനായി ബഡ്ജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും എന്നാല്‍ ബജറ്റില്‍ നിന്ന് എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. വനിതാ സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തരാണെന്നും ധനമന്ത്രി തോമസ് ഐസകും പറഞ്ഞിരുന്നു. എന്നാല്‍ വനിതാ മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്നാണ് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിനുള്ളതാണ് ബഡ്ജറ്റിലെ 50 കോടി. അത് വനിതാ മതിലിന് ചെലവഴിക്കുമെന്നത് തെറ്റായ പ്രചാരണമാണെന്നും ഇന്നലെവരെ മുഖ്യമന്ത്രിയും ധനമന്ത്രിയുമെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചതെന്നായിരുന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വാദമാണ് ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിയുന്നത്. സര്‍ക്കാര്‍ വനിതാ മതിലിനൊപ്പമാണെന്നു പറഞ്ഞാല്‍ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നല്ലെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച നവോത്ഥാന സദസ്സിലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് വിവാദമായതോടെ വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്നും നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം പച്ചക്കളവാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത് വരികയായിരുന്നു.

പ്രളയാനന്തര കേരളത്തില്‍ മേളകള്‍ക്കു പണമില്ലെന്നു പറഞ്ഞ് സ്‌കൂള്‍ കലോത്സവം വരെ റദ്ദ് ചെയ്യാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കോടികള്‍ മുടക്കി മതിലുകെട്ടുന്നതിനെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോൾ ഉയരുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരു പൈസ പോലും സര്‍ക്കാര്‍ നല്‍കിയില്ല. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളിക്കു നല്‍കിയത് ഒരു ലക്ഷം രൂപ മാത്രം. പരമാവധി ചെലവു ചുരുക്കി നടത്തിയ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ശാസ്ത്ര മേളയിലും വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണം വിളമ്പിയതും പരിപാടികള്‍ സംഘടിപ്പിച്ചതും അദ്ധ്യാപക സംഘടനകള്‍ പിരിച്ചെടുത്ത പണം കൊണ്ടായിരുന്നു.

ചലച്ചിത്രമേള, യുവജനോത്സവം, നെഹ്‌റു ട്രോഫി, കൊച്ചി ബിനാലെ തുടങ്ങിയവ പോലെയാണ് വനിതാ മതിലെന്ന് വിശദീകരണ പത്രികയില്‍ പറഞ്ഞ സര്‍ക്കാരാണ് ഇവയ്‌ക്കെല്ലാം പൈസ നല്‍കാന്‍ പിശുക്കു കാട്ടിയതും ഇപ്പോള്‍ വനിതാ മതില്‍ പണിയാന്‍ 50 കോടി ചിലവഴിക്കുന്നത്. ചലച്ചിത്ര മേള റദ്ദാക്കുന്നതു പുതിയ ചലച്ചിത്രകാരന്മാര്‍ക്ക് അംഗീകാരം നഷ്ടപ്പെടുത്തുമെന്നും കലോത്സവം റദ്ദാക്കിയാല്‍ വിദ്യാർത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുമെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രണ്ടും നടത്താന്‍ തീരുമാനിച്ചത്. ഡെലിഗേറ്റുകളില്‍ നിന്നു 2000 രൂപ പിരിച്ചെടുത്തും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണ് ചലച്ചിത്ര മേള നടത്തിയത്.

അതേസമയം വനിതാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മികതയില്ലെന്നും വനിതാ മതില്‍ എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top