Flash News

ശബരിമലയില്‍ വീണ്ടും യുവതികള്‍; അപ്പാച്ചിമേട്ടില്‍ പ്രതിഷേധം; ആരെതിര്‍ത്താലും മല കയറുമെന്ന് യുവതികള്‍; സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു

December 24, 2018

sabarimalaaശബരിമല കയറാന്‍ വീണ്ടും യുവതികളെത്തി. പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു, കണ്ണൂര്‍ സ്വദേശി കനകദുര്‍ഗ എന്നിവരാണു മലകയറുന്നത്. നീലിമല പിന്നിട്ട ഇവര്‍ സന്നിധാനത്തോട് അടുക്കുകയാണ്. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ പമ്പയിലെത്തിയത്. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. അതിനിടെ യുവതികള്‍ക്കെതിരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം ഉണ്ടായി.

അതേസമയം, എത്ര വലിയ പ്രതിഷേധമുണ്ടായാലും ദർശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികൾ പറഞ്ഞു. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികൾക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികൾ പ്രതികരിച്ചു. പുലർച്ചെ നിലയ്ക്കലിലെത്തിയ യുവതികളെ പൊലീസ് സുരക്ഷയോടെ പമ്പയിലെത്തിക്കുകയായിരുന്നു. കുറച്ചുനേരെ വിശ്രമിച്ചതിനുശേഷം ഗാർഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു ഇരുവരും. പ്രതിഷേധക്കാരും പൊലീസുമായി ഇപ്പോള്‍ സംഘര്‍ഷമുണ്ടായി. ബാരികേഡും ഷീല്‍ഡ് ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ മാറ്റിയത്. മരക്കൂട്ടത്തും പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

സന്നിധാനത്ത് ദ്രുത കർമ്മ സേനയെ വിന്യസിച്ചു; ശബരിമലയിൽ സ്ഫോടനാത്മകമായ അന്തരീക്ഷം

പമ്പ: പ്രതിഷേധത്തെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുടെ മലകയറ്റം തടസപ്പെട്ടു. 100കണക്കിന് ഭക്തര്‍ കാനനപാതയില്‍ പ്രതിഷേധവുമായി കുത്തിയിരുപ്പ് നടത്തിയതോടെയാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്.

സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്.70 ഓളം പൊലീസുകാരാണ് യുവതികള്‍ക്ക് ഒപ്പം ഉള്ളത്. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസുകാര്‍ക്ക് യുവതികളുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയായിരുന്നു. ഇതോടെ ശബരിമലയില്‍ നിന്ന് ദര്‍ശനം കഴിഞ്ഞു ഇറങ്ങുന്നവരുടെ യാത്രയും തടസപ്പെട്ടു. ദര്‍ശനത്തിനു പോകുന്ന അയ്യപ്പ ഭക്തരുടെ യാത്രയും തടസപ്പെട്ടു. യുവതികള്‍ വരുന്നു തടസപ്പെടുത്തണം എന്ന ആഹ്വാനവും ശരണം വിളിയും ഉയര്‍ന്നതോടെ ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ കൂട്ടം കൂടി വഴിതടസപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ പൊലീസ് യുവതികളെ കാനനപാതയുടെ അരികിലേക്ക് മാറ്റിയിരുത്തി സംരക്ഷണ കവചം ഒരുക്കി.

ഇതിനിടെ സന്നിധാനത്ത് ദ്രുത കർമ്മ സേനയെ വിന്യസിച്ചു.കൂടുതൽ പ്രതിഷേധക്കാർ എത്തിയതോടെയാണ് ദ്രുതകർമ്മ സേനയെ വിന്യസിച്ചത്. പോലീസും പ്രതിഷേധക്കാരും മല ഇറങ്ങുകയും കയറുകയും ചെയ്യുന്ന അയ്യപ്പ ഭക്തരും എല്ലാം ചേർന്ന് വലിയൊരു സ്ഫോടനാത്മകമായ അന്തരീക്ഷമാണ് ശബരിമല കാനന പാതയിൽ രൂപപ്പെട്ടിരിക്കുന്നത്.

യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കി

sabarimalaa-1മരക്കൂട്ടം: പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കി. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കനക ദുര്‍ഗയ്ക്ക് ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. ഒന്നര മണിക്കൂര്‍ യുവതികളുമായി പൊലീസ് തുടര്‍ന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.

മരക്കൂട്ടം പിന്നിട്ടപ്പോള്‍ യുവതികളെ തടയാന്‍ വന്‍ സംഘം തടിച്ചുകൂടിയിരുന്നു. മുന്നോട്ടുപോകുന്നത് അപകടമാണെന്ന് പൊലീസ് താക്കീത് നല്‍കി. തിരിച്ചിറക്കുമ്പോഴും പ്രതിഷേധം അണയാതെ തുടര്‍ന്നു. യുവതികളെ തിരിച്ചിറക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കുനേരെ കയ്യേറ്റം ഉണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉപകരണങ്ങള്‍ക്ക് കേടുപറ്റി.

അതിനിടെ, ബോധരഹിതയായ കനകദുർഗയെ പൊലീസുകാർ എടുത്താണു അപ്പാച്ചിമേട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ പ്രഥമശുശ്രൂഷയ്ക്കുശേഷം ഇവരെ വനംവകുപ്പിന്റെ ആംബുലൻസിൽ പമ്പയിലെത്തിച്ചു. തിരികെ പോകില്ലെന്നും തന്നെ നിർബന്ധിച്ചു താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് ഇവർ വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് ബലപ്രയോഗിച്ചാണു ഇവരെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചത്.

തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികൾ. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദർശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികൾക്ക് മലകയറാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പൊലീസാണെന്നും യുവതികൾ പ്രതികരിച്ചിരുന്നു. അതേസമയം, മലകയറാനെത്തിയ യുവതികളുടെ വീടുകൾക്കു മുൻപിലും നാമജപ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തിനു പോകുകയാണെന്നു പറഞ്ഞാണ് കനകദുർഗ വീട്ടില്‍നിന്ന് പോയതെന്ന് ഭർത്താവ് പറഞ്ഞു. മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ ബലപ്രയോഗം പൊലീസ് ആഗ്രഹിക്കുന്നില്ലെന്ന് ഡി.ജി.പി വിശദീകരിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കാനും ഡി.ജി.പി നിര്‍ദേശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ അവകാശപ്പെട്ടു.

യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഭക്തര്‍ പ്രകോപിതരാണ്. പൊലീസ് സ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സംഘര്‍ഷം അനുവദിക്കാനാകില്ല. യുവതികള്‍ പൊലീസ് സംരക്ഷണം തേടിയിട്ടില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമലയില്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. ഇന്ന് എത്തിയ യുവതികളുടെ ഉദ്ദേശ്യത്തില്‍ സംശയമുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണം. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന സമയത്താണ് ഈ പ്രതിസന്ധിയെന്നും പദ്മകുമാര്‍ പറഞ്ഞു.

manഅതിനിടെ, ചെന്നൈയില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തിയ മനിതിയുടെ മൂന്നാം സംഘവും മടങ്ങി. സ്ഥിതി വളരെ മോശമാണെന്ന പൊലീസിന്റെ അഭിപ്രായത്തെ തുടര്‍ന്നാണു സംഘം മടങ്ങിയത്. യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവരാണ് പാമ്പാടിയില്‍ നിന്നുള്ള പൊലീസിന്റെ സംരക്ഷണത്തില്‍ ഇവിടെ എത്തിയത്. മൂവരും പത്തനംതിട്ട പൊലീസിന്റെയും സംരക്ഷണം തേടി. കൂടുതല്‍ സുരക്ഷ ഒരുക്കിയാല്‍ വീണ്ടും വരുമെന്നു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.

നേരത്തെ, മധുരയില്‍ നിന്നെത്തിയ യുവതികളുടെ സംഘത്തിനും സന്നിധാനത്തേയ്ക്കു പോകാനായില്ല. സുരക്ഷാപ്രശ്‌നമുണ്ടെന്ന പൊലീസ് നിലപാട് അംഗീകരിച്ചായിരുന്നു പിന്‍മാറ്റം. സുരക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്ന് മനിതി അംഗങ്ങള്‍ വ്യക്തമാക്കി. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ചു തിരിച്ചയച്ചതാണെന്നു സംഘടനാ നേതാവ് സെല്‍വി പ്രതികരിച്ചു. പമ്പയിലും ശരണപാതയിലും വനിതാസംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു. വഴി തടഞ്ഞവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്.

പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പൊലീസ് നീക്കം രാവിലെ പാളുകയായിരുന്നു. പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്. മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പൊലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top