Flash News

ശബരിമലയിലേക്ക് പോയ ബിന്ദുവിന്റെ പൊയില്‍ക്കാടിലുള്ള വസതിക്കു മുന്‍പില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

December 24, 2018

79b7cd980b66924e4bc2510c4e947516ശബരിമലയിലേക്ക് പോയ ബിന്ദുവിന്റെ പൊയില്‍ക്കാടിലുള്ള വസതിക്കു മുന്‍പില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. കൊയിലാണ്ടി പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ നിലാ ഹൗസില്‍ ബിന്ദു ഹരിഹരന്റെ വീട്ടിലേക്കാണ് ശബരിമല കര്‍മ്മ സമിതിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ നാമജപ മാര്‍ച്ച് നടത്തിയത്. ആക്രമണ സാധ്യത കണക്കിലെടുത്ത് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. വീട്ടിലേക്കുളള ഇടവഴിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ നാമജപവുമായി ഏറെ നേരം വീടിന് മുന്നില്‍ നിലയുറപ്പിച്ചു. ശക്തമായ പ്രതിഷേധം കാരണം യുവതികള്‍ക്ക് സന്നിധാനത്തേക്ക് പ്രവേശിക്കാനാവാതെ തിരിച്ചിറങ്ങിയെന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധ സമരം നിര്‍ത്തി. പ്രതിഷേധ നാമജപത്തിന് ബി.ജെ.പി നേതാക്കളായ വി.ഉണ്ണികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ വെളള്യാതോട് എന്നിവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. 10 വര്‍ഷം മുമ്പ് വരെ താന്‍ സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകനായിരുന്നുവെന്ന് ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഭാര്യ ബിന്ദുവിന് സംഘടനകളുമായി ബന്ധമൊന്നുമില്ല. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ്. ഞായറാഴ്ചയാണ് ബിന്ദു ശബരിമലയ്ക്ക് പോയത്. ബിന്ദുവിന്റെ ശബരിമല യാത്രയ്ക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു.

ബിന്ദു സിപിഐ എംഎല്‍ പ്രവര്‍ത്തകയാണെന്ന് അമ്മ അമ്മിണി

ammini-2പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളിലൊരാളായ ബിന്ദു സിപിഐ എംഎല്‍ പ്രവര്‍ത്തകയാണെന്ന് അമ്മ അമ്മിണി. ബിന്ദു ശബരിമലയില്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും അമ്മിണി പത്തനംതിട്ടയില്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കണ്ടുമുട്ടിയ ആളെയാണ് ബിന്ദു കല്യാണം കഴിച്ചത്. നേരത്തെ പൊലീസിനെ അക്രമിച്ചതിന് ബിന്ദുവിന്റെ പേരില്‍ കേസുണ്ടായിരുന്നുവെന്നും അമ്മിണി പറഞ്ഞു. അതേസമയം ദര്‍ശനത്തിനെത്തിയ യുവതികളുടെ വീടുകള്‍ക്കുമുന്നില്‍ നാമജപപ്രതിഷേധം നടന്നു. ബിന്ദുവിന്റെ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവിലെ വീടിനുമുന്നിലായിരുന്നു പ്രതിഷേധം. എന്നാല്‍ അതിന് മുമ്പ് തന്നെ ബിന്ദുവിന്റെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് മാറിയിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ വീടിന് മുന്‍പിലും അരീക്കോട്ടെ സ്വന്തം വീടിന് മുന്‍പിലും നാമജപപ്രതിഷേധം നടന്നു.

സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗ തിരുവനന്തപുരത്ത് യോഗമുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ചാനലുകളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിയുന്നതെന്നും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാണ് അഭിപ്രായമെന്നും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും ബന്ധുക്കളും പറഞ്ഞു.

ശബരിമലയില്‍ നിന്ന് തിരിച്ചിറങ്ങിയ യുവതികള്‍ക്ക് നേരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രതിഷേധവും ചീമുട്ടയേറും

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തി മടങ്ങിയ യുവതികള്‍ക്ക് നേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രതിഷേധവും ചീമുട്ടയേറും. വൈകീട്ട് നാല് മണിയോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തിനു സമീപത്തു പ്രതിഷേധക്കാര്‍ ശരണം വിളിച്ചു. തുടര്‍ന്ന് ചീമുട്ടയെറിയുകയും ചെയ്തു. സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിങ്കളാഴ്ച ശബരിമല കയറാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരാണ് ഇന്ന് മലകയറാന്‍ ശ്രമിച്ചത്. അപ്പാച്ചിമേടു മുതല്‍ ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി യുവതികളെ പൊലീസ് മരക്കൂട്ടം വരെയെത്തിച്ചു. മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കനകദുര്‍ഗയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ മലയിറക്കുകയുമായിരുന്നു.

ശബരിമലയിലേക്ക് കൂടുതല്‍ വനിതകള്‍ എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

sabarimala-7തിരുവനന്തപുരം: മകരവിളക്കിന് മുന്‍പായി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വിവിധ വനിതാ സംഘടനകള്‍ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ക്ക് രാഷ്ട്രീയ സംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മകരവിളക്കു കഴിയുന്നതുവരെ യുവതീപ്രവേശ വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ സംഘടനകള്‍ ശ്രമിക്കുമെന്നാണു സൂചന.

19ന് നട അടയ്ക്കുന്നതുവരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാരിനോടും പൊലീസിനോടും ഇന്റലിജന്‍സ് നിര്‍ദേശിച്ചു. മാധ്യമശ്രദ്ധ കിട്ടാനായി സംഘടനകള്‍ യുവതികളെ എത്തിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ സംഘടനകള്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ തയ്യാറെടുക്കുന്നു. ഇവര്‍ക്കെല്ലാം ഏതെങ്കിലും തരത്തില്‍ കേരള ബന്ധങ്ങളുള്ളതായാണു വിവരം. ശബരിമല വിഷയത്തിലെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ശ്രമിക്കുന്നതായും ഇതു ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നയിപ്പു നല്‍കിയിട്ടുണ്ട്. ചില രാഷ്ട്രീയ സംഘടനകള്‍ ഇതര സംസ്ഥാനങ്ങളിലെ അനുഭാവികളെ ഉപയോഗിച്ച് ഇവരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പന്ത്രണ്ടോളം സംഘടനകള്‍ നിരീക്ഷണത്തിലാണ്. സജീവമായ സംഘടനകളല്ല ഇവയില്‍ പലതും. വിശ്വാസത്തിന്റെ പേരിലല്ല ഇവര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്റലിജന്‍സ് മുന്നറിയിപ്പുള്ളതിനാല്‍ ഇനിയുള്ള 24 ദിവസം സുരക്ഷ ശക്തമാക്കാനാണു പൊലീസിന്റെ തീരുമാനം. 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയ്ക്കുള്ളത്. 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പൊലീസുകാരെ വിന്യസിക്കും. ഇവരില്‍ 230 പേര്‍ വനിതകളാണ്. 400 എസ്‌ഐ, 95 സിഐ, 34 ഡിവൈഎസ്പിമാര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാകും.

27നാണു മണ്ഡലപൂജ. അന്നു നട അടച്ചശേഷം 30ന് വീണ്ടും തുറക്കും. 11നാണു പേട്ട തുള്ളല്‍. 14ന് മകരവിളക്ക്. 19ന് നട അടയ്ക്കും.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top