Flash News

ഐക്യത്തിന്റെ പ്രകാശം പരത്തി സംഘടനകളുടെ ഒത്തുകൂടല്‍

December 25, 2018

press-pic1

എഡിസണ്‍, ന്യൂജേഴ്‌സി: മതങ്ങളും സംഘടനകളുമായി വിഘടിച്ചു നില്‍ക്കുന്ന മലയാളി സമൂഹത്തെ പൊതുവായ കാര്യങ്ങളിലെങ്കിലും ഒരേ വേദിയില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) തുടക്കംകുറിച്ച ഒത്തുകൂടല്‍ ദീപ്തമായ അനുഭവമായി. ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുള്‍പ്പടെ വിവിധ സംഘടനാ പ്രതിനിധികളേയും, മുഖ്യധാരയില്‍ ശ്രദ്ധേയരായ നിയുക്ത സെനറ്റര്‍ കെവിന്‍ തോമസ്, ന്യൂജഴ്‌സി ഗവര്‍ണറുടെ ഇക്കണോമിക്‌സ് അഫയേഴ്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് വെസ്ലി മാത്യൂസ്, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, അഫ്ഗാനിലും മറ്റും യുദ്ധമുഖത്ത് സേവനം അനുഷ്ഠിച്ച മേജര്‍ ജോഫിയല്‍ ഫിലിപ്പ്‌സ്, സി.എന്‍.എന്‍ പ്രൊഡ്യൂസര്‍ സോവി ആഴാത്ത്, സി.ബി.എസ് വനിതാ അവതാരക ഷീന സാമുവല്‍ തുടങ്ങിയവരും പങ്കെടുത്ത സമ്മേളനം ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ആവശ്യകത അടിവരയിട്ട് വ്യക്തിമാക്കി.

പുത്രന്റെ ഘാതകന് ജൂറി തീരുമാനം മറികടന്ന് മോചനം നല്‍കിയ ജഡ്ജിയുടെ ഉത്തരവിനെതിരെ പോരാട്ടം തുടരുന്ന ലവ്‌ലി വര്‍ഗീസ് പകര്‍ന്നു നല്കിയ മെഴുകുതിരി ദീപം സദസ്യരെല്ലാം തെളിയിച്ചത് ഐക്യത്തിന്റെ പ്രകാശമായി. നിലവിളുക്ക് കൊളുത്തി സമ്മേളനം തുടങ്ങുക എന്ന പതിവ് പരിപാടിക്ക് പകരം എല്ലാവരും ദീപം തെളിയിക്കുക എന്ന നവീന ആശയമാണ് പ്രസ് ക്ലബ് നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ദീപ്തമായത്.

സംഘടനകളെ ഒന്നാക്കുകയിന്നുമല്ല തങ്ങള്‍ ലക്ഷ്യമിടുന്നതെന്നു പ്രസ് ക്ലബ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പകരം പൊതുവായ കാര്യത്തില്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നഭ്യര്‍ഥിക്കുക മാത്രമാണ്. ഇലക്ഷനു നിന്നപ്പോള്‍ കെവിന്‍ തോമസിനോ, കെ.പി. ജോര്‍ജിനോ അര്‍ഹമായ പിന്തുണ നല്‍കാന്‍ നമ്മുടെ സമൂഹം മുന്നോട്ടു വന്നില്ല. ഇനി അങ്ങനെ ഉണ്ടാവരുത്. നമ്മുടെ ആളുകള്‍ മത്സരിക്കുമ്പോള്‍ ജയസാധ്യത ഉണ്ടായാലും ഇല്ലെങ്കിലും നാം അവരുടെ പിന്നില്‍ അണിനിരക്കണമെന്ന പാഠമാണ് നാം പഠിച്ചത്.

ആദ്യത്തെ ഒത്തുകൂടല്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായി. സംഘടനകള്‍ തമ്മില്‍ പഴയ ശത്രുതാ മനോഭാവം ഇപ്പോഴില്ല. രാഷ്ട്രീയ തലഠില്‍ നാം പല നേട്ടങ്ങള്‍ കൈ വരിച്ചു.കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാല്‍ അടക്കം പല മലയാളികളും ഇലക്ഷനില്‍ വിജയം കണ്ടു. അതേസമയം പ്രവീണ്‍ വര്‍ഗീസ് കേസില്‍ ഉണ്ടായ തിരിച്ചടിയും ഹ്രുദയഭേദകമായി ഐക്യത്തിന്റെ ആവശ്യകതയാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്.

ഐക്യത്തിലൂടെയേ നമുക്ക് ശക്തിപ്പെടാനാകൂ എന്നു ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസും ചൂണ്ടിക്കാട്ടി. നാം കഠിനാധ്വാനികളാണ്. ഉന്നത വിദ്യാഭ്യാസവുമുണ്ട്. പക്ഷെ രാഷ്ട്രീയരംഗത്ത് നാം ആരുമല്ല.

കുട്ടികളെ ഡോക്ടറും എന്‍ജീനീയറുമാക്കാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിയുണ്ടാകരുത്. തന്റേയും മാതാപിതാക്കള്‍ അതാണ് ആഗ്രഹിച്ചത്.

നമ്മുടെ സ്വാതന്ത്ര്യത്തിനു നാം അമേരിക്കയിലെ സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നു. അതില്ലായിരുന്നെങ്കില്‍ നമുക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനോ വീട് വാങ്ങാനോ ഒന്നും പറ്റില്ലായിരുന്നു. ഭിന്നിച്ച് നിന്നാല്‍ നമുക്ക് ഒന്നും ലഭിക്കില്ല. 2020ലെ തെരഞ്ഞെടുപ്പില്‍ നാം നമ്മുടെ കരുത്ത് തെളിയിക്കണംസെനറ്റ്ര് കെവിന്‍ തോമസ് പറഞ്ഞു

പ്രസ് ക്ലബ്, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയെല്ലാം ചേരുന്നമലയാളി സഭയുടെ പേരില്‍ സെനറ്റര്‍ കെവിന്‍ തോമസിനു പ്രസ് ക്ലബ് നാഷണല്‍ ട്രഷറര്‍ സണ്ണി പൗലോസ്, ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ജീമോന്‍ ജോര്‍ജ് എന്നിവര്‍ ഫലകം നല്‍കി ആദരിച്ചു.

ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രധാന്യം റോക്ക്‌ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോളും ചൂണ്ടിക്കാട്ടി. വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് പിന്റോ കണ്ണമ്പള്ളി അവര്‍ക്ക് ഫലകം നല്‍കി.

ന്യൂജഴ്‌സിയിലുള്ള നിക്ഷേപ സാധ്യതകള്‍ വെസ്ലി മാത്യൂസ് വിവരിച്ചു. മലയാള സഭയുടെ ഉപഹാരം ഫോമാ ട്രഷറര്‍ ഷിനു ജോസഫ് സമ്മാനിച്ചു.

അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിക്കുമ്പോള്‍ താന്‍ ഇന്ത്യയില്‍ നിന്നാണെന്നും, ഇന്ത്യയില്‍ എവിടെനിന്ന് എന്നുചോദിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് എന്നും അഭിമാനപൂര്‍വ്വം പറയുമായിരുന്നുവെന്നു മേജര്‍ ഫിലിപ്പ്‌സ് ചൂണ്ടിക്കാട്ടി. കേരളം കാട്ടുപ്രദേശമാണോ എന്നായിരിക്കും അടുത്ത ചോദ്യം. അപ്പോള്‍ ഗൂഗിളില്‍ താന്‍ കേരളത്തെപ്പറ്റി കാണിക്കും. ഏറ്റവും സാക്ഷരതയുള്ള പുരോഗമന നിലപാടുകളുള്ള സ്ഥലമാണ് കേരളമെന്നു ചൂണ്ടിക്കാട്ടുന്നതില്‍ താന്‍ അഭിമാനം കൊള്ളും. ലവ്‌ലി വര്‍ഗീസിനോടുള്ള ആദരവും മേജര്‍ ഫിലിപ്പ്‌സ് പ്രകടിപ്പിച്ചു. മലയാള സഭയുടെ ആദരം പോള്‍ കറുകപ്പള്ളില്‍ മേജര്‍ ഫിലിപ്പ്‌സിനു സമ്മാനിച്ചു.

സി.ബി.എസ് അവതാരക ഷീനാ സാമുവേലിനു ഫൊക്കാന ട്രഷറര്‍ സുജ ജോസും, സി.എന്‍.എന്‍ പ്രൊഡ്യൂസര്‍ സോവി ആഴാത്തിനു ഡോ. കൃഷ്ണ കിഷോറും ഫലകങ്ങള്‍ സമ്മാനിച്ചു.

നീതി നിഷേധിക്കപ്പെട്ട ഒരമ്മയുടെ വേദന മുഴുവന്‍ലവ്‌ലി വര്‍ഗീസ് പങ്കു വച്ചു . ഇന്ത്യയില്‍ മാത്രമല്ല അഴിമതി ഇവിടെയുമുണ്ടെന്നു വ്യക്തമായി. പ്രവീണിന്റെ മരണം ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു. അതുണ്ടാകാതിരുന്നത് മലയാളി സമൂഹം പ്രത്യേകിച്ച് ചിക്കാഗോ മലയാളികള്‍ തനിക്ക് നല്‍കിയ പിന്തുണ കൊണ്ടാണ്. പ്രതിക്ക് ശിക്ഷ കിട്ടുമെന്നു കരുതി കോടതിയിലെത്തിയ തങ്ങള്‍ കണ്ടത് അവിശ്വസനീയ കാഴ്ചകളാണ്. ജയില്‍ ഡ്രസില്‍ ചങ്ങലയ്ക്കിട്ട് കൊണ്ടുവരേണ്ട പ്രതി വന്നത് സാധാരണ വേഷത്തില്‍.

‘അറിഞ്ഞുകൊണ്ട്’ (നോവിംഗ്ലി) എന്നൊരു വാക്ക് കഴിഞ്ഞാണ് കോമ എന്നും, അത് ജൂറിയെ തെറ്റിധരിപ്പിച്ചിരിക്കാം എന്നും പറഞ്ഞ് ജഡ്ജി ജൂറിയുടെ തീരുമാനം റദ്ദാക്കി. പുതിയ വിചാരണ പ്രഖ്യാപിച്ചു. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

അതിനെതിരേ പ്രോസിക്യൂഷന്‍ അപ്പീലിനു പോയി. എന്നാല്‍ അത് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അംഗീകരിച്ചില്ല. അതിനാല്‍ കോടതി അപ്പീല്‍ പരിഗണിച്ചില്ല.

എന്തായാലും പ്രോസിക്യൂട്ടര്‍ പുതിയ വിചാരണയ്ക്കായി നടപടി തുടരുന്നു.ജനുവരി 9നാണു അടുത്ത കോടതി നടപടി. ഭാഗ്യവശാല്‍ മീഡിയയുടെ പിന്തുണ ലഭിക്കുന്നുണ്ട്. പ്രവീണിനു ക്രിമിനല്‍ ജസ്റ്റീസ് പഠിക്കാനാണ് താത്പര്യമെന്നു പറഞ്ഞപ്പോള്‍ തനിക്ക് അതു ഷോക്കായിരുന്നു. എല്ലാവരേയും പോലെ ഡോക്ടറും, എന്‍ജിനീയറും എന്നതായിരുന്നു തന്റേയും ലക്ഷ്യം. ഇന്നിപ്പോള്‍ മനസിലാകുന്നത് നമ്മുടെ സമൂഹത്തില്‍ വ്യത്യസ്ത ജോലികള്‍ ചെയ്യുന്നവര്‍ വേണമെന്നാണ്.

ഞാന്‍ ഒരു കുമിളയ്ക്കുള്ളിലാണ് കഴിഞ്ഞതെന്നു വ്യക്തമായി. പ്രവീണിന്റെ മരണം തന്നെ തട്ടിയുണര്‍ത്തി. താനൊരു പൊതുപ്രവര്‍ത്തകയൊന്നും അല്ല. പുത്രന്റെ മരണത്തോടെ തന്റെ ഭീതിയെല്ലാം ഇല്ലാതായി.

തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കാണാറുണ്ട്. ഓവര്‍സെലസ് മദര്‍, വട്ടുകേസ് എന്നൊക്കെ വരെ. മക്കളുടെ കാര്യത്തില്‍ താന്‍ ഓവര്‍സെലസ് തന്നെ അവര്‍ പറഞ്ഞു. മലയാള സഭയുടെ ആദരം മുന്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അവര്‍ക്ക് സമ്മാനിച്ചു.

ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, ഫോമ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് സുധീര്‍ നമ്പ്യാര്‍, പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്,ടാജ് മാത്യു, പ്രളയ സമയത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വിശാഖ് ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ്ക്ലബ് രൂപംകൊടുത്ത വാട്‌സ്ആപ് ഗ്രൂപ്പ് വഴി ആലുവ തുരുത്തില്‍ കുടുങ്ങികിടന്ന 1500ല്‍പ്പരം പേരെ രക്ഷിച്ചത് വിശാഖ് ചെറിയാനാനെപ്പോലുള്ളവരുടെ പ്രവര്‍ത്തനം കൊണ്ടാണെന്നു മധു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.

തുമ്പി അന്‍സൂദ്, ബോബി കുര്യാക്കോസ് എന്നിവരായിരുന്നു എംസിമാര്‍. ശബരീനാഥ് ഗാനങ്ങള്‍ ആലപിച്ചു. ഡല്‍സി നൈനാന്‍ ടീമിന്റെ ഗാനമേളയോടെ പരിപാടി സമാപിച്ചു.

ഷാജി എഡ്വേര്‍ഡ്, പോള്‍ കറുകപ്പള്ളി, സുധീര്‍ നമ്പ്യാര്‍ എന്നിവരാണു മധു കൊട്ടാരക്കരക്കൊപ്പം സമ്മേളനത്തിനു ചുക്കാന്‍ പിടിച്ചത്.

ഫോട്ടോ: ഷിജോ പൗലോസ്‌

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം 

press-pic1a press-pic2 press-pic3 press-pic4 press-pic5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top