Flash News

അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

December 25, 2018

thanga-angi-1ശബരിമല: മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താനുള്ള 451 പവന്‍ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് (ഡിസംബര്‍ 26) സന്നിധാനത്ത് എത്തും. 23ന് രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് സന്നിധാനത്ത് എത്തുക. വ്യാഴാഴ്ചയാണ് മണ്ഡല പൂജ. ഇതിനുള്ള ഒരുക്കങ്ങളെല്ലാം സന്നിധാനത്ത് പൂര്‍ത്തിയായി. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര്‍ മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിന് മുന്നിലെ നടപ്പന്തലില്‍ തങ്ക അങ്കി ദര്‍ശനത്തിനു വെക്കും. ഒരു മണിക്കൂറിനു ശേഷം രണ്ടുമണിയോടെ പമ്പയില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുനഃരാരംഭിക്കും. മൂന്നുമണിയോടെ പമ്പാ ത്രിവേണിയില്‍ എത്തുന്ന രഥഘോഷയാത്രയെ ദേവസ്വം ഭാരവാഹികള്‍, അയ്യപ്പ സേവാ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ഗണപതി കോവിലിലേക്ക് കൊണ്ടുപോകും. മൂന്നു മണി വരെ തങ്ക അങ്കി ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തങ്ക അങ്കി പേടകത്തിലാക്കി സന്നിധാനത്തേക്ക് തിരിക്കും.

തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് പടി കയറി തങ്ക അങ്കിയുമായി മുകളിലെത്തുമ്പോള്‍ കൊടിമരച്ചുവട്ടില്‍ വെച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം വകുപ്പ്‌ സെക്രട്ടറി, ദേവസ്വം കമ്മീഷണര്‍ തുടങ്ങിയവര്‍ ചേർന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടുപോകും.

തങ്ക അങ്കി ഘോഷയാത്ര ശരംകുത്തി കടന്നതിനു ശേഷമേ പിന്നീട് അയ്യപ്പന്മാരെ കടത്തിവിടുകയുള്ളു. ദീപാരാധനയ്ക്കു ശേഷം വൈകിട്ട് നാലുമണിയോടെയേ നട തുറക്കുകയുള്ളു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെത്തുന്നുണ്ട്.

കനത്തസുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനാണിത്. നിലവിലെ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അനുവദിക്കാനാവില്ലെന്നു കാണിച്ച് സന്നിധാനത്തിന്റെ ചുമതലയുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ തന്നെ പ്രവേശനത്തിന് യുവതികളെത്തിയാല്‍ അതിന് അവരെ അനുവദിക്കാനുള്ള സാധ്യത കുറവാണ്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്‍ ഭക്തജനതിരക്കാണു ശബരിമലയില്‍ അനുഭവപ്പെട്ടത്. ഈ ദിവസങ്ങളില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ഭക്തര്‍ വീതം മല ചവിട്ടി. മണ്ഡല പൂജയോടനുബന്ധിച്ച് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുമെന്നാണു വിലയിരുത്തല്‍. മണ്ഡലപൂജ കഴിയുന്നതു മുതല്‍ കെഎസ്ആര്‍ടിസി നിലക്കലിലേയ്ക്കും എല്ലാ ദീര്‍ഘദൂര റൂട്ടുകളിലേക്കും ബസ് സര്‍വീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

തീർത്ഥാടകരുടെ തിരക്കുകാരണം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പമ്പ നടപ്പന്തലിലെ ബാരിക്കേഡുകള്‍ വീണ്ടും താഴ്‌ത്തിയിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് വീണ്ടും തുറന്നത്. തിരക്കിന് കുറവില്ലെങ്കിലും ഇനി തല്‍ക്കാലം ബാരിക്കേഡുകള്‍ താഴ്‌ത്തണ്ടെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാരിക്കേഡ് ഉയര്‍ത്തുമ്പോള്‍ പുറകില്‍ തിരക്കുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top