Flash News

അയുദ്ധ് അന്താരാഷ്ട്ര നേതൃത്വ വികസന ക്യാമ്പ് അമൃതപുരിയില്‍ സമാപിച്ചു

December 26, 2018 , അമൃത മീഡിയ

Kiron Bedi jpgഅമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്‍റെ യുവജനവിഭാഗമായ അമൃത യുവധര്‍മ്മധാര (അയുദ്ധ്) അമൃതപുരിയില്‍ സംഘടിപ്പിച്ച നാലു ദിവസത്തെ നേതൃത്വ വികസന ക്യാമ്പ് അമൃതപുരിയില്‍ സമാപിച്ചു.

അമൃതപുരിയില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ പുതുച്ചേരി ലഫ്റ്റ്നന്റ് ഗവര്‍ണറും ഇന്ത്യയിലെ പ്രഥമ വനിതാ ഐ പി എസ് ഓഫീസറുമായ കിരണ്‍ ബേദി മുഖ്യഅതിഥിയായി.

വിദേശങ്ങളില്‍ നിന്നടക്കം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള 700ല്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 15 നും 35 നും ഇടയില്‍ പ്രായമുള്ള 1200 ലധികം പേരാണ് നേതൃഗുണങ്ങളെക്കുറിച്ചുറിച്ചുള്ള അറിവും അനുഭവങ്ങളും സ്വായത്തമാക്കി ക്യാമ്പില്‍ നിന്നും മടങ്ങുന്നത്.

ലഫ്റ്റ്നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മുഖ്യ പ്രഭാഷണം നടത്തി. ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ പാകുന്ന മൂല്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിത്തുകളാണ് പ്രായമാകുമ്പോള്‍ മുളപൊട്ടുന്നതെന്ന് അവര്‍ തന്‍റെ പ്രഭാഷണത്തില്‍ പറഞ്ഞു. നമ്മള്‍ ഓരോരുത്തരുടേയും കഴിവുകള്‍ സ്വയം വിശകലനം ചെയ്ത് പരിശീലനത്തില്‍ മുഴുകുകയും ക്ഷമയോടെ മുന്നില്‍ വരുന്ന അവസരങ്ങള്‍ എത്തിപ്പിടിക്കുകയും ചെയ്യണമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാനുള്ള കരുത്ത് യുവാക്കളില്‍ നിക്ഷിപ്തമാണെന്നും അതിനായി തങ്ങളുടെ മനസ്സ് പാകപ്പെടുത്തേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്നും കിരണ്‍ ബേദി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സാക്ഷ്യപത്രങ്ങള്‍ നല്‍കി.

Kiron Bedi jpg1അന്നന്നത്തെ കര്‍മ്മങ്ങള്‍ വിനയപുരസ്സരം കൃത്യമായി ചെയ്താല്‍ ഫലം ഉറപ്പാണെന്നും കിരണ്‍ ബേദി അതിനുദാഹരണമാണെന്നും അച്ചടക്കവും പോസിറ്റീവ് ഊര്‍ജ്ജവും കാത്തുസൂക്ഷിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും, ക്യാമ്പില്‍ പങ്കെടുത്തതു വഴി ഇന്ത്യയുടെ സംസ്കാരത്തെപ്പറ്റിയും ധര്‍മ്മത്തെപ്പറ്റിയും ക്യാമ്പംഗങ്ങള്‍ക്ക് ശരിയായി ഗ്രഹിക്കാനായി എന്നും അമൃതാനന്ദമയിമഠം വൈസ് ചെയര്‍മാനും അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല പ്രസിഡന്‍റുമായ സ്വാമി അമൃത സ്വരൂപാനന്ദ തന്‍റെ കൃതജ്ഞതാ പ്രസംഗത്തില്‍ പറഞ്ഞു.

ശില്പശാലകള്‍, വിനോദ പരിപാടികള്‍, ഗെയിമുകള്‍, ക്വിസ് മത്സരങ്ങള്‍, വ്യക്തിത്വ വികാസ ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, വിവിധ മത്സരങ്ങള്‍ എന്നിവ ക്യാമ്പില്‍ ഉണ്ടായിരുന്നു. ജീവിതവിജയത്തിനും ആശയ വിനിമയത്തിനും ആവശ്യമായ കഴിവുകള്‍, ടീം വര്‍ക്കിന്‍റെ അടിസ്ഥാന തത്വങ്ങള്‍, യോഗ, ധ്യാനം എന്നിവയുടെ പ്രാധാന്യം തുടങ്ങിയവ ക്യാമ്പിന്‍റെ ഭാഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാസംഘങ്ങളുടെ അവതരണം, ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൗദ്ധിക ചര്‍ച്ചകള്‍ തുടങ്ങിയവയെല്ലാം ക്യാമ്പിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top