Flash News

എല്‍.ഡി.എഫ് വിപുലീകരിച്ചു ; നാല് കക്ഷികള്‍ ഇടത് മുന്നണിയിലേക്ക്

December 26, 2018

newsrupt_2018-12_263f8d76-f90b-48c3-ab37-d16938ba8989_ldfതിരുവനന്തപുരം : നാല് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു. എം.പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപ്പിളളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, മുമ്പ് ഇടതുമുന്നണിക്ക് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളാണ് ഇനി എല്‍ഡിഎഫിന്റെ ഭാഗമാവുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. ഇതിനായി നിരവധി കൂടിക്കാഴ്ച്ചകള്‍ മുഖ്യമന്ത്രിയുമായി നേരത്തെ നടത്തിയിരുന്നു.

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. പിന്നീട് യുഡിഎഫുമായി സഹകരിച്ച ജെഡിയു യുഡിഎഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപികരിക്കുകയുമായിരുന്നു. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ്‌കുമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്ര കുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.

അതേ സമയം മന്ത്രിസ്ഥാനം അവകാശപ്പെടില്ലെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണ പിള്ള പറഞ്ഞു. ഇടതുമുന്നണിയുടെ നിലപാടാണ് കേരള കോൺഗ്രസിന്. താൻ എൻഎസ്എസ് അംഗമാണ്. എന്നാല്‍ രാഷ്ട്രീയ നിലപാട് പാർട്ടിയുടേതു മാത്രമാണ്. എൻഎസ്എസ് നിലപാടിന് വിരുദ്ധമായി മുൻപും തീരുമാനങ്ങളെടുത്തിട്ടുണ്ട്. വനിതാ മതിലില്‍ പങ്കെടുക്കും. എൽ‍ഡിഎഫ് സമരങ്ങളിൽ ഭാഗമാകുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

മുന്‍പ് പറഞ്ഞത് അപ്പാടെ വിഴുങ്ങി പിണറായി വിജയനും വീരേന്ദ്ര കുമാറും

newsrupt_2018-12_0a7d8258-8c7e-4fc1-8111-7ee5caa0b0d9_PINARYI2009 ലെ ലോക്‌സഭ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് സോഷ്യലിസ്റ്റായി കരുതുന്ന എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫ് പാളയത്തിലെത്തിയത്. കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഒരു കാലത്ത് എല്‍ഡിഎഫിന്റെ കണ്‍വീനര്‍ പോലുമായിരുന്ന വീരേന്ദ്രകുമാറിനെ ആ മുന്നണി വിടുന്നതിലേക്ക് നയിച്ച സംഭവം. ഇതേതുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നു. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടതുമുന്നണിയില്‍ തുടര്‍ന്നു.

കടുത്ത വിമര്‍ശനമാണ് സിപിഐ എമ്മിനെതിരെ അക്കാലത്ത് വീരേന്ദ്ര കുമാര്‍ ഉന്നയിച്ചത്. കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുഹമ്മദ് റിയാസിന്റെത് വിവാദ വ്യവസായി ഫാരീസ് അബൂബക്കറിന്റെ പെയ്ഡ് സീറ്റാണെന്ന ആരോപണം പോലും ഉന്നയിച്ചു. മാതൃഭുമി പത്രത്തിലൂടെയും രൂക്ഷമായ ആക്രമണമാണ് സിപിഐഎമ്മിനെതിരെ നടത്തിയത്. വീരന്ദ്രകുമാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ദേശാഭിമാനിയിലും നിരന്തരം വാര്‍ത്തകള്‍ വന്നു.

ഈ ഘട്ടത്തിലാണ് ഒരു പൊതുയോഗത്തില്‍ പിണറായി വിജയന്‍ വീരേന്ദ്രകുമാറിനെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. ഇനി ഏതെങ്കിലും ഘട്ടത്തില്‍ മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് വീരന്‍ കരുതേണ്ടെന്നായിരുന്നു അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പറഞ്ഞത്. അത്ര ഗതിഗേട് ഉള്ള മുന്നണിയല്ല ഇടതുമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് വീരേന്ദ്രകുമാര്‍ യുഡിഎഫിലെത്തി. സ്‌നേഹത്തിന്റെ മുന്നണിയെന്നായിരുന്നു അന്ന് അദ്ദേഹം യുഡിഎഫിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അധികകാലം ആ സ്‌നേഹം നിലനിന്നില്ല. കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാടുനിന്ന് മല്‍സരിച്ച വീരേന്ദ്രകുമാര്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് എംബി രാജേഷിനോട് തോറ്റത്. കോണ്‍ഗ്രസിനെതിരെ ആരോപണവുമായി വീരന്‍ രംഗത്തെത്തി.

കോണ്‍ഗ്രസുകാര്‍ വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു ആരോപണം. യുഡിഎഫ് അന്വേഷണ സമിതിയെ ഒക്കെ നിയമിച്ചു. വീരന് തൃപതിയായില്ല. അത്ര ഭീകരമായ പരാജയമായിരുന്നു സോഷ്യലിസ്റ്റ് നേതാവിന് നേരിടേണ്ടി വന്നത്. എന്നാല്‍ അനുനയ നീക്കം യുഡിഎഫ് നീക്കം ശക്തമാക്കി. വീരേന്ദ്രകുമാറിന് രാജ്യസഭ സീറ്റ് നല്‍കി. പക്ഷെ വീരന് തൃപ്തിയായില്ല. മുന്നണി വിട്ടു. എല്‍ഡിഎഫ് അതിന്റെ രീതികള്‍ മാറ്റിവെച്ച് തിരികെ മുന്നണിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ വീരന് വീണ്ടു രാജ്യസഭ സീറ്റ് നല്‍കി. ഇപ്പോള്‍ മുന്നണിയിലും എടുത്തു.

ഇപ്പോള്‍ വീരേന്ദ്ര കുമാറിന്റെ മകനും പാര്‍ട്ടി നേതാവുമായ ശ്രേയംസ് കുമാര്‍ പറയുന്നു എല്‍ഡിഎഫിലേക്കുള്ള തിരിച്ചുവരവ് തറവാട്ടിലേക്കുള്ള തിരിച്ചെത്തലാണെന്ന്. സഹകരണം ആശയപരമാണെന്ന് !

കക്ഷി രാഷ്ട്രീയ പ്രഖ്യാപനങ്ങളെന്നത് ഏറെക്കാലം നിലനില്‍ക്കാത്ത കേവല അവകാശവാദമാത്രമാണ് തെളിയിക്കുകയാണ് പിണറായി വിജയന്‍ അന്ന് പറഞ്ഞ പ്രസ്തവന. ഇടതുമുന്നണിയ്ക്ക് അത്ര ഗതികേട് ഉണ്ടായോ എന്ന് നേതാക്കള്‍ ആരും വിശദീകരിക്കില്ല. അതുപോലെ, സ്‌നേഹത്തിന്റെ മുന്നണിയെന്ന് യുഡിഎഫിനെ വിശേഷിപ്പിച്ച വീരേന്ദ്രകുമാറിന്റെ പ്രസ്താവനയും തെളിയിക്കുന്നത് അതുതന്നെ.

തറവാട്ടിലേക്കുളള മടങ്ങി വരവെന്ന്‌ ശ്രേയാംസ്‌കുമാര്‍

newsrupt_2018-12_108b1007-4bac-497e-9e0c-f6a5df829356_mvsഎല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ്‌കുമാര്‍. ഉപാധികളോടെയല്ല ഇടതുമുന്നണിയില്‍ അംഗമായത്. തറവാട്ടിലേക്കുളള മടങ്ങിവരാവെന്നും ശ്രേയാംസ്‌കുമാര്‍. സഹകരണം ആശയപരം മാത്രമാണെന്ന് എംപി വീരേന്ദ്രകുമാറും പ്രതികരിച്ചു. ഒരു ഉപാധിയും ധാരണയും അടിസ്ഥാനമാക്കിയില്ല എല്‍.ജെ.ഡി മുന്നണിയില്‍ പ്രവേശിച്ചതെന്നും, സീറ്റുകള്‍ സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം മുന്നണിയിലെത്തി പക്വതയോടെ കൈകാര്യം ചെയ്യുമെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

യുഡിഎഫ് വിട്ടു വന്ന വീരേന്ദ്രകുമാറിന്റെ എല്‍ജെഡി അടക്കം നാലു പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചതിന് പിന്നാലെയാണ് ശ്രേയാംസ്‌കുമാറിന്റെ പ്രതികരണം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് മുന്നണി വിപുലീകരണത്തിന് തീരുമാനമായത്.

എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ലോക് താന്ത്രിക് ജനതാദള്‍(എല്‍ജെഡി), ആര്‍ ബാലകൃഷ്ണപിളളയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ് ബി, എ.പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുളള ഐഎന്‍എല്‍, ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

മുന്നണി പ്രവേശനമെന്ന പാര്‍ട്ടികളുടെ ഏറെ നാളത്തെ ആവശ്യം അംഗീകരിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് എല്‍ഡിഎഫ് നേതൃയോഗത്തിന്റെ തീരുമാനം.

ഒമ്പത് പാര്‍ട്ടികളാണ് മുന്നണിയിലെ സ്ഥിരാംഗത്വത്തിനായി രംഗത്തുണ്ടായിരുന്നത്. 25 വര്‍ഷത്തോളമായി ഇടതുമുന്നണിയില്‍ ഇല്ലാതെ കൂടെയുളള ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഇത്തവണയാണ് പ്രവേശനം ലഭിച്ചത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് അടക്കമുള്ളവരുടെ എതിര്‍പ്പിനെ വകവെക്കാതെ പാര്‍ട്ടിക്കൊപ്പം നിന്ന ബാലകൃഷ്ണപിള്ളയും കെ.ബി ഗണേഷ്‌കുമാറിനെയും എല്‍ഡിഎഫ് പരിഗണിക്കുകയും ചെയ്തു. യുഡിഎഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് മുന്നണി പ്രവേശനം വീണ്ടും സാധ്യമായത്.

സി. കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവരുടെ കാര്യത്തില്‍ എല്‍ഡിഎഫ് തീരുമാനമെടുത്തിട്ടില്ല. സിഎംപിയിലെ എം കെ കണ്ണന്‍ വിഭാഗവും വൈകാതെ സിപിഐഎമ്മിന്റെ ഭാഗമാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top