Flash News

പുതുവത്സരാശംസകള്‍ !

December 31, 2018 , ജോണ്‍ ഇളമത

Puthuvalsarasamsakal banner-1

(നര്‍മ്മത്തിന് പ്രാധാന്യം കൊടുക്കാനപേക്ഷ)

അമേരിക്കയില്‍ നിന്ന് ജയിംസുക്കുട്ടി നാട്ടിലേക്കു വിളിച്ചു, അപ്പന്‍ ലൂക്കോസ് ചേട്ടനെ!

ഹലോ, ഹലോ അപ്പാ ഇതു ഞാനാ ജയിംസൂട്ടി!

ലൂക്കോസ് ചേട്ടന്‍: മനസ്സിലായി മോനെ, എനിക്ക് കുറേ കടമേറെയുണ്ട് ചോദിക്കാത്ത താമസമേ ഉള്ളൂ, തരാനേറെയാളൊണ്ട് നീ അമേരിക്ക, നിന്റെ എളേത്തുങ്ങള് ആന്‍സമ്മ ആസ്‌ട്രേലിയായില്‍ പിന്നെ എളേ പെമ്പിള്ളേര് സാലിക്കുട്ടി ജര്‍മ്മനീല്‍, മോളിക്കുട്ടി ആസ്ട്രിയായില്‍, ലിസക്കുട്ടി കാനഡായില്‍, സോഫിമോള്‍ സൗദീല്‍! ഇതൊക്കെ പറഞ്ഞാ പിരിവുകാര്‍ രാഷ്ട്രീയക്കാര്‍ അതും പാര്‍ട്ടിതിരിഞ്ഞ്, പള്ളിക്കാര്‍, പല സമുദായക്കാര്‍, ഉത്സവക്കാര്‍, നേര്‍ച്ചകാര്‍, രാ്ഷ്ട്രീയക്കാര്‍, അതും പാര്‍ട്ടിതിരിഞ്ഞ് പള്ളിക്കാര്‍ പല സമുദായക്കാര്‍, ഉത്സവക്കാര്‍, നേര്‍ച്ചക്കാര്‍, പ്രളയക്കെടുതിക്കാര്‍ എന്നുവേണ്ട നാനാവക പിരിവുകാരെ കൊണ്ടു പൊറുതിമുട്ടീരീക്ക, അതും ഒന്നും രണ്ടു പോരാ മിനിമം ആയിരോം പതിനായിരോമാ! വെറൊരു കൂട്ടര് തെണ്ടക്കാര്. ഒരിക്കെ പത്തുരൂപാ കൊടുത്തിട്ട് ഒരു തെണ്ടക്കാരന്‍ എന്റെ മൊഖത്തോട്ട് അതു വലിച്ചെറിഞ്ഞിട്ടു പറേവാ:

വല്ല്യ മണിമാളികേം പണിത് സ്വര്‍ണ്ണഗേറ്റുംവെച്ചിരിക്കുക തെണ്ടി ഒക്കെ, അയാടെ ഒരു പത്തുലവാ! നിങ്ങളെല്ലാം ഫോറിനി പോയതാ എന്റെ ശാപം. പണ്ട് ഓലകെട്ടിയ കൂനാച്ചി പെരേല്‍, ഒരു തെണ്ടിപോലും വരില്ലായിരുന്നു, ഇപ്പോ പെണ്‍മക്കളെ കെട്ടിക്കും മുമ്പ് സ്റ്റാറ്റസ് മാറ്റാന്‍ പണിത മാളികേം ഒരു ശാപം, അങ്ങനെ ഞാന്‍ തെണ്ടിയായാ ജീവിക്കുന്നെ!
ഞാനും അങ്ങനെതന്നാ!

അയ്യോ! തെണ്ടിയോ, അമേരിക്കേലോ!

അതേ.

എന്നാപിന്നെ നാട്ടിവന്ന് അന്തസ്സായിട്ട് തെണ്ടരുതോ, അതല്ലേ അഭിമാനം.

അപ്പന്‍ ചുമ്മാ തമാശുപറയാതെ. അപ്പനു പറഞ്ഞാ മനസ്സിലാകത്തില്ല!

നാട്ടി ജോലി ഒന്നും കിട്ടാതെ വന്നോണ്ടല്ലേ അമേരിക്കേ ജോലി ഉള്ളപെണ്ണിനെ കെട്ടിക്കോണ്ട് ഇങ്ങോട്ടു വന്നത്. ഇവിടെ വന്നപ്പഴല്ലേ മനസ്സിലായെ ഇവിടെ സ്റ്റാറ്റസിന് പറ്റിയ ജോലികിട്ടണേ പിന്നേം പഠിക്കണോന്ന്!
അതിനെന്നാ പഠിക്കണം

അതിനും, അവളേ, എന്റെ ഭാര്യ സമ്മതിക്കുന്നില്ല!

അതെന്താ?

അതുവേണ്ടാന്ന്, ആറുമാസം പ്രായമൊള്ള ബേബിയേം നോക്കി വീട്ടിഇരുന്നാ മതീന്നാ അവടെ തീരുമാനം. ബേബീസിറ്റിങിന് കൊടുക്കാനൊള്ളേന്റെ പാതിപോലും കിട്ടില്ല ഞാന്‍ ജോലിചെയ്യാപോയാലെന്ന് അവള്, പിന്നെ പഠിച്ചു മിടുക്കരായ ഭര്‍ത്താക്കന്മാര്‍ പുതിയ പൂക്കളെ തേടിപോകുമെന്നും അവള്!

അതിനെന്താ ബേബിസിറ്റ് ചെയ്യ്! ഞാന്‍ അഞ്ചാറെണ്ണത്തിനെ ബേബിസിറ്റ് ചെയ്താ നിങ്ങളൊക്കെ ഒരു നെലേല് എത്തിയേ.

അപ്പനിനീം മനസ്സിലാകാത്തതാ കഷ്ടം!

എന്തോന്ന് പെമമ്മക്കള് കെട്ടിക്കുംമുമ്പ് അയച്ച കാശുകൊണ്ടാ ഞാം കരകേറീത്, നിന്നെ എംഏവരെ പഠിപ്പിക്കേം ചെയ്തു. ഇപ്പം അവരോട് കാശുചോദിച്ചാ അവര് പറേം, അവരുടെ ഭര്‍ത്താക്കന്മാര് സമ്മതിക്കത്തില്ലന്ന്. പണ്ട് അതായത് കെട്ടിക്കുംമുമ്പ് അവരടെ അപ്പനയച്ചുകൊടുത്ത കണക്കും ചോദിച്ചോണ്ട് ചെല്ലൂന്നാ അവരൊക്കെ പറന്നേ, നീ പോയിട്ട് കൊല്ലം രണ്ടായില്ലേ, പേരിന് അപ്പന് വല്ലപ്പോഴും കള്ളുകുടിക്കാനെയിട്ടെങ്കിലും പത്തുരൂപാ അയച്ചു തന്നിട്ടൊണ്ടൊ? അല്ല ഞാനതു ചോദിച്ചിട്ടൊണ്ടോ! ഇപ്പം കടംവാങ്ങിയ, അല്ലങ്കി തന്നവരുടെ മട്ടുമാറി തിരികെ പലിശസഹിതം കൊടുക്കണമെന്നായി കൊടുത്തില്ലേ സ്ഥലോം വീടും ജപ്തി ചെയ്യുമെന്നായി.
ഈ അപ്പന് ഇത്രേം പറഞ്ഞിട്ടും മനസ്സിലാകുന്നില്ലല്ലോ!

ആട്ടെ, നീ എന്തിനാ അവിടെ തെണ്ടുന്നെ!

അതാ പറഞ്ഞുവരുന്നെ. ഞാന്‍ ചില്ലറ ആവശ്യത്തിന് എന്റെ ഭാര്യയോട് തെണ്ടണം. അതു കിട്ടുമെന്ന് കരുതാം. പക്ഷേ….
എന്തുപക്ഷേ!

പക്ഷേ…. നൂയിറിന് അപ്പന് കുറേ കാശയച്ച് കൊടുക്കണോന്നു പറഞ്ഞപ്പം അവളു പറേവാ:-
ങാ, അതൊന്നും നടക്കത്തില്ല, ഇത്രേം നാള് അതായത് അവളു കല്ല്യാണം കഴിക്കും വരെ അവടപ്പനേം, ആങ്ങളമാരേം പണം കൊടുത്തു കൊഴുപ്പിച്ചു, ഇനീം തന്റെ അപ്പനേം കൂടെ കൊഴുപ്പിച്ചോണ്ടിരിക്കണോന്നു പറഞ്ഞാ, താനും തന്റെ അപ്പനേപ്പോലെ ഇവിടെകിടന്ന് യഥാര്‍ത്ഥ തെണ്ടലു തെണ്ടേണ്ടി വരുമെന്ന് അവളൊരു മുന്നറിയിപ്പു നല്‍കി.
പിന്നെ നീ എന്തിനാ എന്നെ വിളിച്ചേ!

ഒരു നൂയിര്‍ ഗ്രീറ്റിങ് പറയാന്‍.

കഷ്ടം മകനെ, നീ ഒരു തെണ്ടി, ഞാനൊരു മഹാതെണ്ടി! എങ്കിലും നിനക്കെന്റെ വക, പുതുവത്സരാശംസകള്‍! ഒന്നുമില്ലേലും എന്റെ തെണ്ടലിന് ഒരു മാന്യത ഒണ്ടല്ലോ, നാട്ടികെടന്നായതു കൊണ്ട്!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top