Flash News

കര്‍മ്മസമിതി പ്രവർത്തകന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം; മുഖ്യമന്ത്രിയുടെ വാദം തെറ്റ്

January 3, 2019

sabarimala-1കോട്ടയം: പന്തളത്ത് ഇന്നലെ മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രൻ ഉണ്ണിത്താന്റെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിന്നിലും മുന്നിലും ഏറ്റ ക്ഷതങ്ങൾ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഹൃദയശസ്ത്രക്രിയ നടത്തിയ ആളാണ് പന്തളം സ്വദേശി ചന്ദ്രന്‍ ഉണ്ണിത്താന്‍. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം തിരുനക്കരയിൽ പൊതുദർശനത്തിനു വെച്ചു.

ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് മുഖ്യമന്ത്രി രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഹൃദയസ്തംഭനമുണ്ടായതിന് കാരണം കല്ലേറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്നലെ പന്തളത്ത് നടന്ന കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താന്‍റെ തലയ്ക്ക് പരിക്കേറ്റത്. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ കസ്റ്റഡിയിലാണ്. തലയിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു.

അതേസമയം സിപിഎം ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ് കല്ലേറുണ്ടായതെന്ന് പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുകളില്‍നിന്ന് അക്രമികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറുണ്ടായപ്പോള്‍ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നു മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം ആരോപിച്ചിരുന്നു. പൊലീസിന്റെ നിസംഗതയാണ് ഉണ്ണിത്താന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. മാത്രമല്ല ഇപ്പോള്‍ നടക്കുന്നത് പൊലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലയിലുടനീളം ഒരുക്കിയിട്ടുണ്ട്.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രിതന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top