Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

പറക്കോട് ശശി – പഠിച്ചു തീരാത്ത ഒരു പാഠപുസ്തകം (അനുസ്മരണം): പി. ടി. പൗലോസ്

January 5, 2019

Parakod Sasi-1ജനുവരി 4. പറക്കോട് ശശി ഈ പ്രപഞ്ചത്തോട് വിട പറഞ്ഞിട്ട് രണ്ടു വര്‍ഷം തികയുകയാണ്. ശശി, നിന്നെ ഓര്‍ക്കുമ്പോള്‍ മിഴിനനയാത്ത ഒരു മലയാളിയും കൊല്‍ക്കത്തയില്‍ ഉണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്. നിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ കെടാത്ത വിളക്കായി നിന്റെ കുടുംബത്തെ വഴികാട്ടുന്നു എന്നും എനിക്കറിയാം. ഭൂമിയുടെ ഇങ്ങേത്തലക്കല്‍ മരം കോച്ചുന്ന തണുപ്പിലിരുന്ന് ഞാന്‍ നിന്നെക്കുറിച്ച് ഇന്നും പഠിക്കുന്നു. നീയെന്റെ അനുജനാണ്. ചിലപ്പോള്‍ എന്റെ ജേഷ്ടനും ഗുരുവും. മറ്റുചിലപ്പോള്‍ നീയെനിക്കൊരു പാഠപുസ്തകവും. 42 കൊല്ലം കൊണ്ട് എനിക്ക് പഠിച്ചുതീരാന്‍ കഴിയാത്ത ഒരു വലിയ പാഠപുസ്തകം. നാല് പതിറ്റാണ്ടിലെ ഓരോ മാസവും ഞാനും നീയുമായി പിണങ്ങിയിട്ടുണ്ട്. നാടക ക്യാമ്പുകളില്‍ ആയിരുന്നു പിണക്കത്തിന്റെ അങ്കത്തട്ടുകളേറെയും. എന്നില്‍ ഇടയ്ക്കിടെ താത്വികമായി തലപൊക്കുന്ന കൊച്ചു കൊച്ചു ഈഗോകളെ നിഷ്ക്കളങ്കമായ പൊട്ടിചിരികൊണ്ട് ഭസ്മമാക്കുന്ന മായാജാലം ശശി, നിനക്ക് സ്വന്തം. കൊല്‍ക്കത്ത ശ്രീശിക്ഷായാതന്‍ ഓഡിറ്റേറിയത്തില്‍ “കൊച്ചുകേശു…” നാടകാവതരണ സമയത്ത് നിന്നോട് പിണങ്ങി ഞാന്‍ സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയോടി തൊട്ടടുത്ത ന്യൂകെനില്‍വര്‍ത്ത് ബാറിലെ അരണ്ട വെളിച്ചത്തില്‍ മദ്യപിക്കുമ്പോള്‍ എന്നിലെ കലാകാരന്‍ ഉണര്‍ന്നു. അവിടെനിന്നും തിരിച്ചോടി സമയത്ത് അരങ്ങിലെത്താന്‍. നാടകം കഴിഞ്ഞപ്പോള്‍ നീയാരോടോ പറഞ്ഞു പൗലോസിന് കലയെ ധിക്കരിക്കാനാകില്ല എന്ന്. ആ ആത്മവിശ്വാസം ഉള്ളിലൊതുക്കിയാണ് നീ അവസാന ശ്വാസവും വലിച്ചത്.

PT Pauloseനാടകം കലക്ക് അപ്പുറം നിനക്ക് ഒരാവേശമായിരുന്നു. 1980 കളില്‍ കാളിപ്പദ മുഖര്‍ജി റോഡിലെ എന്റെ വീടിന്റെ പിന്നാമ്പുറത്തുള്ള പേരാബഗാനില്‍ “കൂഡോസ്” എന്ന നാടകകുഞ്ഞിന് ഞാന്‍ ജന്മം നല്‍കി. അപ്പോള്‍ നിന്റെ ഉള്ളിലെ ആവേശത്തിന്റെ തിരയിളക്കം ഞാന്‍ കണ്ടതാണ്. കരിമ്പന കള്ളു മോന്തി നമ്മളത് ആഘോഷിച്ചതുമാണ്. വയറ്റാട്ടി ആയി നമ്മള്‍ അപ്പുക്കിളി എന്ന് വിളിച്ചിരുന്ന അപ്പു പണിക്കരും കൂടെ ഉണ്ടായിരുന്നു. പിന്നീട് നാട്ടിലെ ഒരു നാടകട്രൂപ്പ് “കൂഡോസി” നെ ദത്തെടുത്ത് കൊണ്ടുപോയപ്പോള്‍ നീയെന്നോട് പിണങ്ങി. പരിഭവം പറഞ്ഞു. കുഞ്ഞിനെ കളിപ്പിച്ചു കൊതി തീര്‍ന്നില്ലല്ലോ എന്ന്. എനിക്കറിയാം ഇത് വായിച്ച് നീയും അപ്പുവും നാടകമില്ലാത്ത ഏതോ ലോകത്തിരുന്ന് പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകുമിപ്പോള്‍.

റഗുലര്‍ റിഹേഴ്‌സല്‍ കഴിഞ്ഞാല്‍ ഓടുന്ന ട്രാമിന്റെ ആളൊഴിഞ്ഞ രണ്ടാം ക്ലാസും തിരക്കൊഴിഞ്ഞ വെയ്റ്റിംഗ് ഷെഡ്ഡും ചന്ദ്രന്‍റെ ചായക്കടയും സര്‍ദാറിന്റെ ചാരായക്കടയുമെല്ലാം നമ്മുടെ നാടക റിഹേഴ്‌സലിന്റെയും സംവാദങ്ങളുടെയും താല്‍ക്കാലിക ഇടങ്ങളായിരുന്നു. പൂജാപന്തലുകളിലും ഫ്യൂണറല്‍ പാര്‍ലറുകളിലും നമ്മള്‍ നാടക ഡയലോഗുകള്‍ ആവര്‍ത്തനങ്ങള്‍ നടത്തി ഹൃദിസ്ഥമാക്കാറുണ്ടായിരുന്നു. എനിക്ക് അതൊന്നും മറക്കാന്‍ പറ്റുന്നില്ലടാ. എന്നിട്ടും ഈയിടെ കൊല്‍ക്കത്തയില്‍ ചിലര്‍ പറയുകയാ എനിക്ക് മറവിരോഗം ആണെന്ന്. എന്നെ ചികില്‍സിക്കാന്‍ ബ്രഹ്മി തപ്പുകയാണ് അവരവിടെ. അവിടെ കിട്ടിയില്ലെങ്കില്‍ സഞ്ജീവനി കിട്ടുന്ന ഹിമാലയത്തിലെ ദ്രോണഗിരി താഴ് വരകളില്‍ എവിടെയെങ്കിലും എനിക്കുള്ള ബ്രഹ്മിയും കാണുമായിരിക്കും. ദ്രോണഗിരി പര്‍വ്വതം തന്നെ അടര്‍ത്തിയെടുത്തുകൊണ്ടു വരാന്‍ ഹനുമാന്റെ ശേഷി ഉള്ളവരാണ് അവര്‍ എന്നാണ് ഞാന്‍ കേട്ടത്. ഞാന്‍ ശരിക്കും ചിരിച്ചുപോയി ശശി. നീ ഓര്‍ക്കുന്നുണ്ടോ പണ്ടൊരു വര്‍ഷകാല സന്ധ്യയില്‍ കുടയില്ലാതെ നമ്മള്‍ മജര്‍ഹാട്ട് ബ്രിഡ്ജിന്റെ താഴെ മഴ തോരന്‍ കാത്തുനിന്നപ്പോള്‍ ഞാന്‍ പറഞ്ഞ ഒരു കുശിനിക്കാരന്‍ തോമ്മായുടെ കഥ. കുശിനിക്കാരന്റെ മകന്‍ കഞ്ചാവടിച്ച് പള്ളിമേടയിലെ കുരിശിനെ നോക്കിയപ്പോള്‍ അത് വളഞ്ഞതായി തോന്നി. കഞ്ചാവടിക്കാത്ത അപ്പന് തോന്നിയത് കുരിശ് നേരെയാണെന്ന്. അപ്പനും മകനും പൊരിഞ്ഞ അടി. അങ്ങനെ കഞ്ചാവടിച്ച് ആരെങ്കിലും പറഞ്ഞതായിരിക്കണം. ഞാനത് വിട്ടുകളഞ്ഞടാ.

വഴക്കുകൂടാനറിയാതെ ഭൂമിയോളം ക്ഷമിക്കുവാന്‍ ജന്മമെടുത്ത് കല്‍ക്കത്തയിലെത്തിയ പറക്കോടുകാരന്‍ ജി. ശശി എന്ന നീ പറക്കോട് ശശി എന്ന കലാകാരനായത് കലയോടുള്ള അടങ്ങാത്ത അര്‍പ്പണമാണ്. പ്രതിസന്ധികളില്‍ തളരാതെ ഒരു മണല്‍ത്തരിയോളം ചെറുതാകാനുള്ള നിന്റെ വലിയ മനസ്സാണ് നിന്നെ മനുഷ്യസ്‌നേഹത്തിന്റെ മറുവാക്കാക്കിയത്.

സി. ജെ. തോമസ് “ക്രൈം” നാടകത്തിലൂടെ നമ്മളെ കാണിച്ചത് മരണം ഒരു ഫലിതം ആണെന്ന്. നീയുള്‍പ്പടെ ഈ മനോഹരതീരത്ത് ജീവിച്ചു മരിച്ചവരില്‍നിന്നും ഞാന്‍ തിരിച്ചറിയുന്നു മരണം ഒരു ദാര്‍ശിനിക സത്യമാണെന്ന് .

ശശി, നീ ഇന്നൊരു ഓര്‍മ്മയാണ്. നിന്റെ ഓര്‍മ്മകള്‍ പ്രതീക്ഷകളുടെ പുത്തന്‍ ചക്രവാളത്തിലേക്ക് ഉയരുവാനുളള ഇന്ദ്രജാലം കൂടിയാണ്, ഞങ്ങളുടെ ഹൃദയഭിത്തികളിലെ ഉണങ്ങാത്ത മുറിവായിലൂടെ ഇന്നും ചോര പൊടിയുന്നെണ്ടെങ്കിലും. നിനക്ക് ഞാനുറപ്പു തരുന്നു. നീ ഏറ്റ കാറ്റിന്റെ കുളിരറിയാന്‍, നീ കൊല്‍ക്കത്ത മലയാളികളുടെ മനസ്സിന്റെ ആഴങ്ങളിലേക്ക് വാരിയെറിഞ്ഞ സ്‌നേഹപൂക്കളുടെ സുഗന്ധമറിയാന്‍, രണ്ടര പതിറ്റാണ്ട് എനിക്കന്നം തന്നന്തിയുറക്കിയ ജാടയില്ലാത്ത കൊല്‍ക്കത്തയുടെ ആത്മാവില്‍ ഒന്നുകൂടി തൊടാന്‍ ഞാനെത്തും കൊല്‍ക്കത്തയില്‍ എല്ലാ വര്‍ഷവും ഒരു തീര്‍ത്ഥാടനം പോലെ…

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top