Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം   ****    ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല, ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു   ****    അഞ്ചല്‍ ഉത്രയുടെ കൊലപാതകം; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലാകാന്‍ സാധ്യത   ****    ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണം: അമേരിക്കയില്‍ പരക്കെ അക്രമം, 40 നഗരങ്ങളില്‍ കര്‍ഫ്യൂ, ആയിരങ്ങള്‍ അറസ്റ്റില്‍   ****    ജോ​ർ​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണം; കലാപകാരികളെ അടിച്ചമര്‍ത്തേണ്ടത് ഗവര്‍ണ്ണര്‍മാരുടെ ഉത്തരവാദിത്വം: ട്രം‌പ്   ****   

കലാപകേരളവും മുഖ്യമന്ത്രിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

January 7, 2019

kalapa keralam banner-1സ്വീകരിച്ച മാര്‍ഗം ശരിയോ തെറ്റോ എന്ന വിവാദത്തിനപ്പുറം ശബരിമല കയറി രണ്ടു യുവതികള്‍ ദര്‍ശനം നടത്തിയത് ചരിത്രം കുറിച്ചു. അനാചാരങ്ങളെ പൊരുതി തോല്പിച്ച കേരളീയ സ്ത്രീത്വത്തിന്റെ ദൃഢനിശ്ചയവും പിന്‍തുടര്‍ച്ചയുമാണ് ബിന്ദുവും കനകദുര്‍ഗയും 2019ലെ കേരള ചരിത്രത്തില്‍ ആദ്യ ഏടായി കുറിച്ചത്.

ഇതേ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ വ്യാഴാഴ്ച നടത്തിയ ഹര്‍ത്താല്‍ അവര്‍ കലാപമാക്കി മാറ്റി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയില്‍ ഹിന്ദുത്വ – ഫാഷിസ്റ്റ് ശക്തികളുടെ സംഹാരതാണ്ഡവം വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും നൂറിലേറെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും സി.പി.എം – സി.പി.ഐ ഓഫീസുകള്‍ക്കും അവരുടെ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെ പ്രത്യേക ലക്ഷ്യത്തോടെ നടത്തി. നാമജപ അജണ്ടയില്‍നിന്ന് ആര്‍.എസ്.എസിന്റെ ഹിന്ദുത്വ – ഫാഷിസ്റ്റ് അജണ്ട മറനീക്കി. അവര്‍ക്കൊപ്പം സി.പി.എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുത്ത് രംഗത്തുവന്നതും സംഘ് പരിവാറിന് ഒരു രക്തസാക്ഷിയെ സൃഷ്ടിച്ചുകൊടുത്തതും അപലപിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ വിശ്വാസികളുടെ മനസില്‍ അത് ആഴത്തില്‍ മുറിവേല്‍പ്പിച്ചു. ഹിന്ദുത്വ വികാരം ആളിക്കത്തിച്ചു. ഇതിനുത്തരവാദികളായവര്‍ മാപ്പര്‍ഹിക്കുന്നില്ല.

Photo1ലക്ഷങ്ങള്‍ അണിനിരന്ന വനിതാമതിലും സുപ്രിംകോടതിവിധി നടപ്പാക്കിയ രണ്ടു യുവതികളുടെ ശബരിമല പ്രവേശവും ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ ബി.ജെ.പിയും ആര്‍.എസ്.എസും മുന്നോട്ടുവെച്ച അവകാശവാദങ്ങള്‍ പൊളിച്ചു. തങ്ങളുടെ മൃതദേഹം മറികടന്നുവേണം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാനെന്ന സംഘ്പരിവാര്‍ വെല്ലുവിളി കടലാസുപുലിയുടെ ഭീഷണി മാത്രമായി.

യുവതീപ്രവേശം നടന്നിട്ടും സന്നിധാനത്തേക്ക് കാലത്ത് 10.30വരെ ഭക്തജനങ്ങളൊഴുകി. സന്നിധാനത്തും ശബരിമലയുടെ പരിസരത്തും ഭക്തരുടെ പ്രതിഷേധം ഉയര്‍ന്നില്ല. തന്ത്രി നടയടച്ചതും പുണ്യാഹം തളിച്ച് നടതുറന്നതും പൊട്ടാത്ത പടക്കമായി. തന്ത്രിയും പന്തളം കൊട്ടാരവും സംഘ് പരിവാറും കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിപ്പോന്ന ഭീഷണികള്‍ നീര്‍കുമിളകള്‍പോലെ പൊട്ടി.

യുവതികളുടെ ശബരിമല ദര്‍ശനം കഴിഞ്ഞ ഞെട്ടലില്‍ ഏറെ മണിക്കൂറുകളെടുത്താണ് ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ വീണ്ടും പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയത്. പിറ്റേന്ന് ഹര്‍ത്താലും ബോംബേറും കല്ലേറും കലാപവും നടത്തിയത്. അപ്പോഴും ശബരിമലയില്‍ ശാന്തിയും സമാധാനവും ഭക്തരുടെ തിരക്കും മുന്‍ ദിവസങ്ങളേക്കാള്‍ ഉണ്ടായി.

യുവതിപ്രവേശം സംബന്ധിച്ച സുപ്രിംകോടതിവിധി നടപ്പാക്കുന്നതില്‍ തുടക്കംമുതല്‍ അമിത താല്പര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിലെ വൈരുദ്ധ്യവും വിശ്വാസക്കുറവും കൂടുകയാണ് യഥാര്‍ത്ഥത്തില്‍ വനിതാമതിലിനുശേഷം സ്ത്രീപ്രവേശത്തോടെ പക്ഷെ ഉണ്ടായത്.

യുവതികളുടെ മലകയറ്റം സാധ്യമാക്കിയത് പൊലീസിന്റെ രഹസ്യ അജണ്ടകൊണ്ടും പിന്‍ബലംകൊണ്ടും മാത്രമാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ കരുതുന്നു. മാധ്യമങ്ങളിലൂടെ യുവതികള്‍ പുറത്തുവിട്ട മൊഴികളില്‍നിന്നു തന്നെ അത് വ്യക്തമാണ്. എങ്കില്‍ ഈ അജണ്ട മുഖ്യമന്ത്രി അറിയാതെ ആവിഷ്‌ക്കരിക്കാനും നടപ്പാക്കാനും പൊലീസിലെ ഉന്നതര്‍ക്ക് കഴിയില്ലെന്ന് ഉറപ്പാണ്. മല കയറാനാവാതെ ഇവര്‍ക്കുപിറകെ ഒരു ശ്രീലങ്കന്‍ യുവതിക്ക് കണ്ണീരോടെയും രോഷത്തോടെയും മടങ്ങേണ്ടിവന്നത് പൊലീസിന്റെയും സര്‍ക്കാര്‍ നയത്തിന്റെയും ഇക്കാര്യത്തിലുള്ള വൈരുദ്ധ്യം വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍ സമൂഹത്തില്‍നിന്ന് ഉയരുന്നു. ആന്ധ്രയില്‍നിന്നുള്ള ഭക്തയടക്കം നിരവധി സ്ത്രീകളെയും ഒദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് ശബരിമല കയറിയ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖികവരെയുള്ളവരെയും എതിര്‍പ്പിന്റെ പേരില്‍ പൊലീസ് മലയിറക്കി അയച്ചു. ഇപ്പോള്‍ ശ്രീലങ്കക്കാരിയേയും.

എന്നാല്‍ രണ്ടുയുവതികളെ സന്നിധാനത്തേക്ക് ഒളിച്ചുകടത്തേണ്ട കാര്യം പൊലീസിനോ ഗവണ്മെന്റിനോ ഉണ്ടാവാന്‍ എന്താണു കാരണം? ജയിച്ചയുദ്ധം തോറ്റുകൊടുക്കുക എന്ന ഒരു കണ്ണൂര്‍ശൈലി സി.പി.എമ്മില്‍ പരസ്യമായ ഒരു അടക്കംപറച്ചിലാണ്. അത് സര്‍ക്കാറിനും സംഭവിച്ചെന്നാണോ?

മതിലിന് 24 മണിക്കൂര്‍പോലും ആയുസില്ലാതാക്കുകയാണ് ബി.ജെ.പി – ആര്‍.എസ്.എസ് ശക്തികളുടെ കൈപ്പിടിയില്‍ കേരളത്തിന്റെ ക്രമസമാധാനം ഏല്പിച്ചുകൊടുത്തതിലൂടെ സംഭവിച്ചത്. അതെന്തുകൊണ്ട് സംഭവിച്ചു?

വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ ശബരിമലയിലേത് സര്‍ക്കാറിന്റെ ഒരു ഒളിച്ചുകടത്തല്‍ അജണ്ടയായി സമൂഹം കാണുന്നു. അതുണ്ടാക്കിയ പ്രത്യാഘാതം മുഖ്യമന്ത്രി തിരിച്ചറിഞ്ഞതായി ഭാവിക്കുന്നില്ല.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതടക്കം ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ മൗലികാവകാശങ്ങളും ബുധനാഴ്ച ഉച്ചമുതല്‍ കേരളത്തില്‍ തടയാനും തകര്‍ക്കാനും ചവിട്ടിമെതിക്കാനും ബി.ജെ.പി – സംഘ് പരിവാര്‍ അക്രമികള്‍ക്കായി. അതു തടയാന്‍ മുഖ്യമന്ത്രിയുടെ പൊലീസിന് കഴിഞ്ഞില്ല. അതുപക്ഷെ അവരുടെ കുറ്റമല്ല.

കലാപം സംസ്ഥാന വ്യാപകമായപ്പോള്‍ സ്വയ രക്ഷയ്ക്ക് സി.പി.എം പ്രവര്‍ത്തകര്‍തന്നെ കല്ലും വടിയുമായി തെരുവിലിറങ്ങി നിയമം കയ്യിലെടുത്തു. പന്തളത്ത് വിശ്വാസികളുടെ പ്രകടനത്തില്‍ അണിചേര്‍ന്ന ചന്ദ്രന്‍ ഉണ്ണിത്താനെന്ന വിശ്വാസിയുടെ ജീവന്‍ സംരക്ഷിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയുടേതായിരുന്നു. പാര്‍ട്ടി ഓഫീസിനു മുകളില്‍നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞാണ് കുടുംബത്തിന്റെ തൂണും ആശ്രയവുമായ ആ 55കാരനെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. മരണകാരണം ഹൃദയസ്തംഭനമെന്ന് വ്യാഖ്യാനിച്ച മുഖ്യമന്ത്രിയുടെ വിശ്വാസ്യതയുടെ ഗ്രാഫ് ജനങ്ങളുടെ മനസില്‍ ഏറെ ഇടിഞ്ഞുകഴിഞ്ഞു. ഈ സംഭവത്തില്‍ പൊലീസ് കേസില്‍ മൂന്ന് സി.പി.എം അംഗങ്ങളെ പ്രതിചേര്‍ത്തത് ദേശീയ തലത്തില്‍തന്നെ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചു.

പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും അല്ല യഥാര്‍ത്ഥ പ്രതി. കമ്മ്യൂണിസ്റ്റു മുക്ത കേരളമെന്ന അജണ്ട മുന്നോട്ടുവെച്ച ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന മോദിയുടെ കേന്ദ്ര ഗവണ്മെന്റും അതിന്റെ വിവിധ ഏജന്‍സികളുമാണ്. ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണ് മുഖ്യമന്ത്രി. ശബരിമല പ്രശ്‌നത്തിന്റെ ആകത്തുക അതാണ്.

അത്ഭുതം തോന്നുന്നു, ശബരിമലയില്‍ യുവതിപ്രവേശം ഉറപ്പുവരുത്തുന്നതിനേക്കാള്‍ അടിയന്തര അജണ്ടകള്‍ ഈ ഗവണ്മെന്റിനുമുമ്പില്‍ മരവിച്ചു കിടക്കുമ്പോള്‍. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുന:സൃഷ്ടിക്കാന്‍ ബി.ജെ.പിയും അവരുടെ പ്രധാനമന്ത്രിയുമൊഴികെ സംസ്ഥാനത്തെ ജനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒന്നിച്ച് അണിചേര്‍ന്നിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ലോകരാഷ്ട്രങ്ങളില്‍നിന്നും മനുഷ്യത്വമുള്ളവരുടെ സഹായം കേരളത്തിനുനേരെ നീളുകയും ചെയ്തു. എന്നിട്ടും ശാസ്ത്രീയവും പരിസ്ഥിതിക്കനുസൃതവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മിതി എന്ന അടിയന്തര കടമ ഇപ്പോള്‍ ഒരു ദു:സ്വപ്നംപോലെയായി.

എങ്ങനെയാണ്, എന്തുകൊണ്ടാണ് ആ അടിയന്തര ലക്ഷ്യങ്ങളെ തകര്‍ക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയില്‍ മുഖ്യമന്ത്രി ചെന്നുവീണത്? സംഘ് പരിവാറിന് രാഷ്ട്രീയ മുതല്‍ക്കൂട്ട് നിരന്തരം ഉണ്ടാക്കിക്കൊടുക്കുന്നത്? ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമസ്യയാണത്.

പ്രളയദിനങ്ങളിലെന്നപോലെ സംസ്ഥാനത്തെ ജനശക്തിയെ ആകെ ഏകോപിപ്പിച്ച് സര്‍ക്കാറിനു പിന്നില്‍ അണിനിരത്താന്‍ എന്തുകൊണ്ടു കഴിഞ്ഞില്ല. തെരഞ്ഞെടുപ്പു ലക്ഷ്യങ്ങളിലൂന്നിയ കുറുക്കുവഴിയിലേക്കാണ് സര്‍ക്കാറിനെയും ഇടതുമുന്നണിയേയും മുഖ്യമന്ത്രി തെളിച്ചത്. നൂറുദിവസത്തിനകം പ്രഖ്യാപിക്കാന്‍പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി മുന്നണിയുടെ അജണ്ടകളെ പരോക്ഷമായി സഹായിക്കുന്നതായി ഈ നീക്കങ്ങള്‍.

protest-malappuram-sabarimalaശബരിമല പ്രശ്‌നത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിഷ്‌ക്രിയവും നോക്കുകുത്തിയുമാക്കുകയും പാര്‍ട്ടിക്കാരനായ ദേവസ്വം മന്ത്രിയെ തള്ളിപ്പറയുകയും ചെയ്തു മുഖ്യമന്ത്രി. സി.പി.എം ചരിത്രത്തിലില്ലാത്തവിധം മുഖ്യമന്ത്രിയുടെ നയങ്ങള്‍ക്ക് ഏറാന്‍മൂളുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. ഏറ്റവുമൊടുവില്‍ തന്ത്രി ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ‘ശക്തനും നിശ്ചയദാര്‍ഢ്യക്കാരനുമായ ഭരണാധികാരിയാണ് താനെന്ന്’ മാധ്യമങ്ങളിലൂടെ എഴുതിപ്പിക്കാനും മുഖ്യമന്ത്രിയുടെ കൈയ്ക്ക് ശക്തികൂട്ടുക എന്ന മുദ്രാവാക്യം മറ്റുള്ളവരെക്കൊണ്ട് വിളിപ്പിക്കാനുമാണോ? അതോ തീര്‍ത്തും വ്യക്തിപരമായ ഏതെങ്കിലും അടിയന്തര പ്രശ്‌നങ്ങളുടെ കുരുക്ക് മുഖ്യമന്ത്രിക്കുണ്ടോ? പരിശോധിക്കേണ്ട സ്ഥിതിയുണ്ട്.

ഹിന്ദുത്വ ശക്തികളുടെ ശബരിമല കര്‍മ്മസമിതിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞു. കേരള പുനര്‍നിര്‍മ്മാണ അജണ്ട മുന്നോട്ടുവെച്ച് എന്‍.ഡി.എയിലും യു.ഡി.എഫിലും അണിനിരന്ന ജനവിഭാഗങ്ങളില്‍ പിളര്‍പ്പുണ്ടാക്കി ഗവണ്മെന്റിനു പിന്നില്‍ അണിനിരത്താന്‍ ശ്രമിക്കുന്നില്ല. അതിനുള്ള അടവുനയം സി.പി.എമ്മിന്റെ മുതിര്‍ന്ന പി.ബി അംഗത്തിന് സ്വീകരിക്കാനാവാത്തത് എന്തുകൊണ്ടെന്ന ചോദ്യവും വ്യക്തിപരമല്ല. മുഖ്യമന്ത്രി നൂറുവട്ടം ആവര്‍ത്തിക്കുന്ന നവോത്ഥാന മൂല്യങ്ങളുടെ ചരിത്രാടിത്തറയില്‍നിന്നുകൂടി ഉയരുന്നതാണത്.

ബി.ജെ.പി – ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല പ്രക്ഷോഭത്തിന് സമാന്തരമായി കോണ്‍ഗ്രസിന്റെ മുന്‍കൈയില്‍ യു.ഡി.എഫ് നടത്തിപ്പോന്ന സമാന്തര പ്രക്ഷോഭവും യുവതിപ്രവേശത്തോടെ വഴിതിരിയുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിയമം കയ്യിലെടുത്ത് അരങ്ങേറിയ ഫാഷിസ്റ്റ് അക്രമങ്ങളെ കോണ്‍ഗ്രസ് അപലപിച്ചത് കാണാതെയല്ല. തീവ്ര പ്രക്ഷോഭമെന്ന ബി.ജെ.പി അജണ്ടയ്ക്ക് സമാനമായ തീവ്ര പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷനേതാവ് നടത്തിയ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം.

വിമോചന സമരത്തിന്റേതുപോലെ പുതിയ രൂപത്തിലുള്ള ഒരു വിശാല രാഷ്ട്രീയമുന്നണി പ്രയോഗത്തില്‍ വരുത്താനുള്ള നീക്കങ്ങളാണ് യഥാര്‍ത്ഥത്തില്‍ കാണുന്നത്. ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കളുടേതുപോലെ ഹിന്ദുത്വ വര്‍ഗീയതയും കമ്മ്യൂണിസ്റ്റു വിരുദ്ധതയും തീതുപ്പുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ വേലി ചാടിപ്പോകാതിരിക്കാന്‍ കൂടിയുള്ള നയംമാറ്റമാകാമിത്. പ്രധാനമന്ത്രിയെ നേരില്‍കണ്ട് ശബരിമല വിഷയത്തില്‍ സുപ്രിംകോടതിയെ മറികടന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ കൂട്ടായി നീങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അതു തടഞ്ഞത്. തെരഞ്ഞെടുപ്പടുത്ത സ്ഥിതിയില്‍ അണിയറയ്ക്കുള്ളിലെ വേവലാതിപൂണ്ടുള്ള യു.ഡി.എഫ് നീക്കങ്ങളാണ് ഇതു വെളിപ്പെടുത്തുന്നത്.

നക്‌സലൈറ്റുകളെ ശബരിമലയില്‍ മുഖ്യമന്ത്രി കയറ്റി എന്ന അതിശക്തമായ പ്രചാരണമാണ് രണ്ടുമൂന്നു ദിവസങ്ങളായി ദേശീയ ദൃശ്യമാധ്യമങ്ങളില്‍ സംഘ് പരിവാറിന്റെ കേരളത്തില്‍നിന്നുള്ള വക്താക്കള്‍ അടിച്ചുകയറ്റുന്നത്. അല്ലെങ്കിലും സംസ്ഥാന ഗവണ്മെന്റിനെ പ്രതിരോധിക്കാനും സംഘ് പരിവാറിനെ തുറന്നുകാട്ടാനും കേന്ദ്ര നേതാക്കളായും പാര്‍ലമെന്റംഗങ്ങളായും ഡല്‍ഹിയിലുള്ളവര്‍ക്കുപോലും ഇടപെടാനോ നേരിടാനോ കഴിയുന്നില്ല.

മുഖ്യമന്ത്രിക്കും തന്റെ നിലപാടുകള്‍ ദേശീയതലത്തില്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഭരണഘടനയെപോലും ചവിട്ടിമെതിക്കുന്ന കലാപശ്രമങ്ങളെ തുറന്നുകാട്ടാനും കഴിയുന്നില്ല. വിമോചനസമരം കത്തിപ്പടര്‍ത്തിയപ്പോഴും സര്‍ക്കാറിനെ പിരിച്ചുവിട്ടപ്പോഴും കേരളത്തിന്റെ ആദ്യ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി ദേശീയതലത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇപ്പോഴും ചരിത്രത്തില്‍ തുടിക്കുമ്പോള്‍.

രണ്ടു പക്ഷത്തുനിന്നുമുള്ള ഈ രാഷ്ട്രീയ കളികള്‍ കേരളത്തെയും അതിന്റെ ജനാധിപത്യ മുന്നേറ്റത്തെയും എവിടെകൊണ്ടുചെന്ന് എത്തിക്കുമെന്ന ഉത്ക്കണ്ഠയും അനിശ്ചിതത്വവുമാണ് പുതുവര്‍ഷത്തില്‍ തുറിച്ചുനോക്കുന്നത്. ഒരു കലാപകേരളത്തെ ഏതു പാര്‍ട്ടിക്കാരായാലും ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് ആദ്യം മനസിലാക്കേണ്ടത് നവോത്ഥാനമൂല്യങ്ങള്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാന്‍ അവസരം കൊടുക്കാതിരിക്കേണ്ടതും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. വിശ്വാസത്തിന്റെ പേരില്‍ ഭ്രാന്തിളക്കിവിട്ടാല്‍ പൊലീസിനെകൊണ്ടും പട്ടാളത്തെകൊണ്ടും അതു തടയാനാകില്ല. പൊലീസ് സേനയെ നയിക്കുന്ന മുഖ്യമന്ത്രിക്ക് അതെങ്കിലും അറിയേണ്ടതാണ്.

എന്നാല്‍ അതിനു വിരുദ്ധമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തില്‍നിന്നും ഗവണ്മെന്റില്‍നിന്നും ഉണ്ടാകുന്നത്. എപ്പോഴാണ് മുഖ്യമന്ത്രി ഇനി ഇത് തിരിച്ചറിയുക? ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച ഗവര്‍ണറുടെ വിശദീകരണം തേടല്‍, അതിനുമേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വരാന്‍പോകുന്ന ഇടപെടല്‍, മോദി മന്ത്രിസഭ വക 356-ാം വകുപ്പിന്റെ സാധ്യതാപഠനം – ഇതൊക്കെ നടന്നതിനുശേഷമോ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top