പത്തനംതിട്ട: താന്ത്രിക അവകാശം കുടുംബപരമായി കിട്ടിയതാണെന്നും അല്ലാതെ ദേവസ്വം ബോര്‍ഡില്‍ നിന്നല്ലെന്നും, അതുകൊണ്ടുതന്നെ ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്തേണ്ടത് തന്ത്രിയുടെ അവകാശമാണെന്നും താഴമണ്‍ മഠം. തന്ത്രിക്കെതിരായി നടക്കുന്ന പ്രസ്താവനകളേയും ആരോപണങ്ങളേയും തന്ത്രിയെ പുറത്താക്കാൻ നടക്കുന്ന നീക്കങ്ങളേയും താഴമൺ മഠം തള്ളി. ആചാരങ്ങളിൽ അന്തിമ തീരുമാനം തന്ത്രിയുടേതാണെന്ന് മഠം വക്താവ് മാദ്ധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. തന്ത്രിക്കു ബോർഡ് നൽകുന്നത് ദക്ഷിണയാണ്, ശമ്പളമല്ല. ശബരിമലയുടെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വം ബോർഡ് നിയമിച്ചതല്ലെന്നും താഴമൺ മഠം പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ് ലഭിച്ചതെന്ന് വാർത്താക്കുറിപ്പിൽ താഴമൺ കുടുംബം പറയുന്നു.
യുവതീപ്രവേശനാം സ്ഥിരീകരിച്ചതിനെത്തുടർന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്ന് സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് തന്ത്രിക്ക് നോട്ടീസ് നൽകുകയും ചെയ്തു. ദേവസ്വം മാനുവൽ പ്രകാരം ദേവസ്വം ബോർഡിന്റെ ജീവനക്കാരൻ മാത്രമാണ് തന്ത്രിയെന്നും ആവശ്യമെങ്കിൽ തന്ത്രിയെ മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തന്ത്രികുടുംബം വാർത്താക്കുറിപ്പ് നൽകിയത് .
താഴ്മണ്‍ മഠത്തിന്റെ വാര്‍ത്താക്കുറിപ്പ്:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ ശബരിമല തന്ത്രിയെപ്പറ്റി നടത്തിയ പരാമർശങ്ങൾ പലതും തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ് . ചിലത് ചൂണ്ടിക്കാണിക്കാൻ താല്പര്യപ്പെടുകയാണ് ഇവിടെ.
1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നൽകപ്പെട്ടത്. അത് ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വം ബോർഡ് നിയമിക്കുന്നതല്ല
2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങൾ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങൾക്ക് അനുസൃതമാണ്. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ്. അതിനാൽ അതിലെ പാണ്ഡിത്യം അനിവാര്യമാണ്. ആയതിനാൽ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.
ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീംകോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവർത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങൾ പ്രകാരവും കീഴ്വഴക്കവും അനുസരിച്ച് തന്ത്രിയിൽ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.
3. ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് പ്രതിഫലമായി ദേവസ്വം ബോർഡിൽ നിന്നും ശമ്പളമല്ല, മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നതും. വസ്തുതകൾ ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അത് താഴമൺ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പ്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply