Flash News

ആലപ്പാടിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതികരിക്കാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാതാരങ്ങളും

January 9, 2019

77കൊല്ലം: ആലപ്പാടിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതികരിക്കാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാതാരങ്ങളും രംഗത്തിറങ്ങി. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ സമരം ശക്തമാകുകയാണ്. ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ കഴിഞ്ഞ 70 ദിവസത്തോളമായി സമരത്തിലാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണു നാട് ഒന്നിച്ചു സമരമുഖത്ത് എത്തിയത്. അനിശ്ചിതകാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും ഖനനത്തിനെതിരെ വലിയ പ്രചാരണം നടത്താനാണു സമരസമിതിയുടെ തീരുമാനം.

കരിമണല്‍ ഖനനം ആലപ്പാടിനെ മാത്രമല്ല കേരളത്തിന്റെ പരിസ്ഥിതിയെ ആകെ ബാധിക്കുമെന്നും റിലേ നിരാഹാര സമരം ആരംഭിച്ചിട്ട് 70 ദിവസത്തോളമായെങ്കിലും ജനപ്രതിനിധികളാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ആലപ്പാടിന്റെ ദുരിതം. ട്രോള്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ വിഷയം ഏറ്റെടുത്തതോടെയാണു പ്രാദേശിക സമരം വീണ്ടും ചര്‍ച്ചയായത്. പ്രളയകാലത്ത് രക്ഷകരായവരുടെ നിലനില്‍പ്പ് തന്നെ ഇപ്പോള്‍ അപകടത്തിലാണ്. 60 വര്‍ഷമായി തുടരുന്ന ഖനനം ഒരു ഗ്രാമത്തെതന്നെ ഇല്ലാതാക്കിയിരിക്കുന്നു.

സ്വന്തം മണ്ണിനെ സംരക്ഷിക്കാന്‍ ഒരു ജനത നടത്തുന്ന സമരത്തിനു പിന്തുണയുമായി മലയാള സിനിമാ ലോകവും രംഗത്തെത്തി. ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ പറയുന്നു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്‌നമായി ഇത്ത ചര്‍ച്ചചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയത്. ഒരു ഫെയ്‌സ്ബുക് പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു. നടന്‍ സണ്ണി വെയ്ന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോവിലൂടെയാണ് ആലപ്പാടിനെ രക്ഷിക്കാനുളള ക്യാംപെയിന്റെ ഭാഗമായത്.

നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്.

യൂട്യൂബിലും ആലപ്പാടുകാരുടെ ദുരിതത്തിനു പിന്തുണയുമായി നിരവധി വിഡിയോകളാണു പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിജയ് ആരാധകരുടെ സംഘടനയായ കൊല്ലം നന്‍പന്‍സ് എന്ന സംഘടനയും പ്രതിഷേധവുമായി എത്തിയിരുന്നു.

കൊല്ലം ജില്ലയിലെ ആലപ്പാട്ട് അടക്കം 23 കിലോമീറ്റര്‍ പ്രദേശവും അലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശത്തെ 17 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശവുമാണ് അതിദാരുണമായി കരിമണല്‍ ഖനനത്തിന്റെ വ്യാപ്തി മൂലം നശിച്ചില്ലാതായിരിക്കുന്നത്. ഖനനം മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പുറമെയാണിത്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങള്‍ ഇന്നും ജനനിബിഡമായ പ്രദേശങ്ങളാണ്. അവിടെ ഒരു വശം (പടിഞ്ഞാറ്) കടലും കിഴക്ക് കായംകുളം കായലുമാണ്. കടലിനും കായലിനുമിടയിലെ കരയുടെ വീതി 40 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെയാണ്. കായംകുളം കായല്‍ സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ കരിമണല്‍ ഖനനം സംസ്ഥാനത്തിന്റെ നെല്ലറയെ തകര്‍ത്തില്ലാതാക്കും. തൃക്കുന്നപ്പുഴ- ആറാട്ടുപുഴ കടലോരങ്ങളും ശരിയായ ഭിത്തിയുടെ അഭാവത്തില്‍ നാട്ടുകാരെ ഭയവിഹ്വലരാക്കുന്നു. പ്രത്യേകിച്ച് സുനാമിയുടെ പശ്ചാത്തലത്തില്‍. കഴിഞ്ഞ സുനാമിയില്‍ ഒട്ടേറെ പേര്‍ മരിച്ച ഈ പ്രദേശത്ത് സുനാമിയുടെ പേരില്‍ നടത്തുന്ന കടല്‍ഭിത്തി നിര്‍മാണം തികച്ചും അശാസ്ത്രീയമാണ്. ശരിയായ പുലിമുട്ടുകളുടെ അഭാവം ഭിത്തിയെ ദുര്‍ബലമാക്കുന്നു. സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം ലഭിക്കാന്‍ നടത്തുന്ന കുപ്രചാരണങ്ങളില്‍ മുഖ്യ കഥാപാത്രങ്ങള്‍ തൃക്കുന്നപ്പുഴ- ആറാട്ടുപുഴ പ്രദേശത്തുകാരാണ്. 50,000 കോടി രൂപയുടെ കരിമണല്‍ കള്ളക്കടത്ത് നടത്തിയെന്ന ദുഷ്പ്രചാരണമാണ് ഈ പ്രദേശത്തെ പാവപ്പെട്ട ഒരു ജനതയെ ലക്ഷ്യമാക്കി തൊടുത്തുവിടുന്നത്. ക്യാന്‍സര്‍ പടര്‍ന്നുപിടിക്കുന്നു, ചാക്കുകളില്‍ കരിമണല്‍ ശേഖരിച്ച് രാത്രികാലങ്ങളില്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു തുടങ്ങിയ കുപ്രചാരണങ്ങള്‍ നാട്ടുകാരെ കള്ളന്മാരാക്കി ചിത്രീകരിച്ച് പുറത്തുവരുന്ന മാധ്യമ ദൃശ്യങ്ങള്‍ നിരവധി തവണ കടല്‍ക്ഷോഭങ്ങള്‍ക്കും ഒരിക്കല്‍ സുനാമിക്കും വിധേയരായ പ്രദേശ വാസികളെ ഏറെ വേദനിപ്പിക്കുന്നു. മാധ്യമങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന മറ്റൊരു കാര്യം; തൃക്കുന്നപ്പുഴ – ആറാട്ടുപുഴ- വല്യഅഴീക്കല്‍വരെയുള്ള 20 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ എറണാകുളത്തെ ഒരു സ്വകാര്യ കമ്പനി ഉടമയും തമിഴ്‌നാട്ടിലെ കരിമണല്‍ ലോബിയും വാങ്ങിക്കൂട്ടിയിരിക്കുന്നു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്ന കേസാണിത്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top