Flash News

പുരോഹിതരുടെ തെറ്റുകള്‍ മറയ്ക്കാന്‍ തന്നെ കരുവാക്കുന്നു; ദീപിക ലേഖനത്തിനെതിരെ സിസ്റ്റര്‍ ലൂസി

January 10, 2019 , .

sister-lusi-kalappura-2_0തിരുവനന്തപുരം: ദീപികയില്‍ തനിക്കെതിരെ വന്ന ലേഖനത്തെത്തുടര്‍ന്ന് സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭയിലെ പുരോഹിതരുടെ തെറ്റുകള്‍ മറച്ചുവെയ്ക്കാന്‍ തന്നെ കരുവാക്കുകയാണെന്ന് സിസ്റ്റര്‍ ആരോപിച്ചു. ക്രൈസ്തവ സഭയില്‍ പുരുഷമേധാവിത്വമാണ് നിലനില്‍ക്കുന്നത്. താന്‍ ചെയ്തത് ശരിയാണെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന വിശ്വാസം തനിക്കില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

“സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നൊള്ളൂ. റോബിനെ രക്ഷിക്കാന്‍ അമ്മയുടെ അടുത്ത് നിന്ന് റോബിന്റെ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിയിലാണ് കടത്തിക്കൊണ്ട് പോയത്. ഇവയൊന്നും സഭയ്ക്ക് പ്രശ്‌നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ പറഞ്ഞയാള്‍ അവിടെതന്നെ ഇരിക്കുകയേയുള്ളൂ. ഒരു കാരണവശാലും അതെന്നെ തളര്‍ത്തില്ല. താന്‍ മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. എന്നാല്‍ ഇതെല്ലൊം സഭ നിഷേധിക്കുകയായിരുന്നു.”

താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല. പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് തന്നെ ബലിയാടാക്കുകയാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. തനിക്കെതിരെ ദീപികയില്‍ മുഖപ്രസംഗമെഴുതിയ ലേഖകന്‍ നോബിള്‍ പാറയ്ക്കല്‍ എന്ന പുരോഹിതന്‍ കുറച്ച് കാലങ്ങളായി തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അപമാനം നടത്തിക്കൊണ്ടിരിക്കുകയാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന സന്യാസം അതിന്റെ ധാര്‍മ്മികമായ നിലപാടുകളോടുകൂടിയാണ് മുന്നോട്ട് പോകുന്നത്. അത് കത്തോലിക്കാസഭയ്ക്ക് ഒരു അപമാനമല്ലെന്നും സിസ്റ്റര്‍ പറഞ്ഞു. എന്നാല്‍ പുരോഹിതര്‍ തന്നെ നമ്മുടെ ധീരമായ നടപടികളെ വളച്ചെടിക്കുകയും മാധ്യമങ്ങളെ പോലും വിമര്‍ശിച്ച് ഇതെല്ലൊം സഭയ്ക്ക് എതിരാണെന്ന് വരുത്തിതീര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.

സഭയ്ക്കും സഭയുടെ പൗരോഹിത്യത്തിനും സന്യാസത്തിനും എതിരായ തെറ്റുകള്‍ ചെയ്തുകൊണ്ട് ജീവിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും നമ്മുടെ സഭയിലുണ്ട്. സമൂഹത്തിനിത് അറിയാം. അവരെയൊക്കെ സുഖമായി ഉറക്കിക്കിടത്തി കൊണ്ട് ശരിയായി ജീവിക്കുന്ന തന്നെ, ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ, യാത്രാസൗകര്യത്തിനായി ഒരു വണ്ടിയെടുത്തതിന്റെ പേരിലോ, ഇതെല്ലാം നിയമ ലംഘനമാണെന്ന് ആക്രോശിച്ചു കൊണ്ട് വധിക്കാന്‍ നോക്കിയാല്‍ ഒരിക്കലും ഞാനവിടെ മരിച്ചു വീഴില്ല. താന്‍ എത്രമാത്രം സഭയെ അവഹേളിച്ചു എന്ന് പറയുന്ന ഇവര്‍ സന്ന്യാസ സഭയില്‍ പരസ്പരം സംസാരിക്കാന്‍ പോലും തയ്യാറാകാത്ത കന്യാസ്ത്രീകളെയും പുരോഹിതരെയും കാണുന്നില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്നു പറയുന്ന പുരോഹിതര്‍ വരെ സഭയിലുണ്ട്. ഇതും സഭയ്ക്ക് പ്രശ്‌നമല്ലെന്നും സിസ്റ്റര്‍ ആരോപിച്ചു.

ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വാസിക്കുന്നു. പെട്ടെന്ന് മദര്‍ ജനറാളിന് മറുപടികൊടുക്കാന്‍ ശരീരിക പ്രശ്‌നങ്ങള്‍ അനുവദിക്കുന്നില്ല. സഭയില്‍ തെറ്റുകളൊരുപാട് നടക്കുന്നുണ്ട്. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതര്‍ക്ക് ചുരിദാര്‍ ഇടുന്നത് തെറ്റാണ്. ഒരു പ്രോവിന്‍സ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഓര്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

സിസ്റ്റര്‍ ലൂസിയെ അധിക്ഷെപിച്ച് ദീപികയില്‍ വന്ന ലേഖനം:

UYjho

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top