Flash News

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം തേടി ഫൗസിയ ഹസന്‍

January 10, 2019

MARIYAതിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്‌ക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട ഫൗസിയ ഹസന്‍. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ചാരക്കേസിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണെന്നും തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഫൗസിയ ഹസന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും ഫൗസിയ വെളിപ്പെടുത്തി.

നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും ഫൗസിയ ഹസന്‍ പറയുന്നു. കേരളാ പോലീസിന്റേത് ഉള്‍പ്പെടെ ഭീകരമായ ചോദ്യം ചെയ്യലിന് താന്‍ വിധേയയായെന്നും അവര്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ചാരക്കേസില്‍ വേട്ടയാടിയതിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ച് നമ്പി നാരായണന്‍ രംഗത്തെത്തി. ചാരക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചത് ഫൗസിയ ഹസനാണെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് നമ്പി നാരായണന്‍ ഫൗസിയ ഹസനെ പിന്തുണച്ചത്. കേരള സര്‍ക്കാരിന് അവരെ സഹായിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി.

താന്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചതാണെന്നും അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതയായി 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ച ഫൗസിയ ഇപ്പോള്‍ മാലി ദ്വീപിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top