Flash News

കേരളത്തില്‍ പ്രളയസെസ് പിരിക്കാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി

January 10, 2019

77778-aruuuഡല്‍ഹി : ചരക്ക് സേവന നികുതിക്ക് മേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ജി.എസ്.ടി കൗൺസിൽ അനുമതി നൽകി. ഡല്‍ഹിയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നേരത്തേ ജി.എസ്.ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്തിരുന്നു. ഇതുപ്രകാരം രണ്ടുവര്‍ഷത്തേക്ക് ഒരുശതമാനം തോതിൽ പ്രളയസെസ് ഈടാക്കാം. മാത്രമല്ല ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താനും ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതാണ് ഇക്കാര്യം.

പ്രളയാനന്തര പുനർനിർമാണത്തിന് വേണ്ടത്ര തുക സ്വരൂപിക്കാന്‍ കേരളത്തിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിനുള്ളില്‍ നടക്കുന്ന വില്‍പ്പനകള്‍ക്ക് മാത്രം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി. ഇതിലൂടെ ഒരുവര്‍ഷം 500 കോടിരൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കേരളത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉണ്ടായത്. ദേശീയ തലത്തില്‍ ഇത്തരമൊരു സെസ് പിരിക്കാനായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് മറ്റ് സംസ്ഥാനങ്ങള്‍ അനുകൂലമായിരുന്നില്ല. ദേശീയ തലത്തില്‍ സെസ് പിരിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു മന്ത്രിതല ഉപസമിതിയും എടുത്ത നിലപാട്.

എന്നാല്‍ കേരളത്തില്‍ മാത്രം സെസ് പിരിക്കാമെന്ന ധാരണയിലേക്ക് ഉപസമിതി എത്തിയിരുന്നു.പ്രളയാനന്തര പുനർനിർമാണത്തിന് കാര്യമായ തുക സ്വരുക്കൂട്ടാൻ സംസ്ഥാനസർക്കാരിന് ഇതു വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. പ്രകൃതിദുരന്തമുണ്ടാകുന്ന സംസ്ഥാനങ്ങളിൽ പുനർനിർമാണത്തിനുളള ഫണ്ട് കണ്ടെത്താൻ ജിഎസ്ടി കൗൺസിലിനെ കാര്യങ്ങൾ ധരിപ്പിച്ച് സെസ് പിരിക്കാൻ അനുമതി വാങ്ങുന്ന പുതിയ വ്യവസ്ഥയ്ക്കും ഇതിലൂടെ വഴി തെളിയുകയാണ്.

പുനർ നിർമാണ പദ്ധതികൾക്ക് വേണ്ട ഫണ്ട് കണ്ടെത്താൻ ഇതിന് പുറമെയുളള വായ്പയുടെ പരിധി ഉയർത്താനും സർക്കാരിന് അനുമതി കിട്ടിയിട്ടുണ്ട്. സെസ് നിരക്ക്, കാലയളവ്, ഏതൊക്ക ഉത്പന്നങ്ങൾക്ക് മേൽ ചുമത്തും – എന്നീ കാര്യങ്ങൾ സംസ്ഥാനത്തിന് തീരുമാനിക്കാം. ഏത് ഉത്പന്നങ്ങൾക്ക് എത്ര ശതമാനമാണ് സെസ്സെന്ന് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് നേരത്തേ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top