Flash News

മുന്നാക്ക സാമ്പത്തിക സംവരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് : ബില്ലിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

January 10, 2019

supreme court_6സുപ്രീംകോടതി വിധിയെ മറികടന്ന് മുന്നാക്ക സാമ്പത്തിക സംവരണം 60 ശതമാനമാക്കി ഉയര്‍ത്തിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ദിവസം കൊണ്ട് സംവരണ ബില്ല് പാസാക്കിയെടുത്തത്. ലോകസഭയില്‍ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ലോക്‌സഭയില്‍ പറഞ്ഞത്.

തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാര്‍ട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണക്കുകയായിരുന്നു. ബില്ലിന് അനുകൂലമായി സിപിഎമ്മും വോട്ട് ചെയ്തിരുന്നു. നേരത്തെ ലോക്‌സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. മുസ്ലീം ലീഗ്, ആം ആദ്മി ,ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. തുടര്‍ന്ന് അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കം വിഭാഗത്തിലുളളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കഴാഴ്ച്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച്ച ചേരാറുളള കേന്ദ്രമന്ത്രിസഭാ യോഗം തിങ്കളാഴ്ച്ച വിളിച്ചു ചേര്‍ത്തായിരുന്നു പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉളളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെകാലമായി ആര്‍.എസ്.എസ് ,എന്‍.എസ്.എസ് ഉള്‍പ്പെടെയുളള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തിക സംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

2019 ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു വിഭാഗത്തിലെ മുന്നാക്ക വോട്ടു ബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് മോദി സര്‍ക്കാരിന്റെ ഈ നീക്കം. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി,പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്.
**
നിലവിലുള്ള സംവരണ സംവിധാനത്തില്‍ എല്ലാ വിഭാഗം മുസ്ലീങ്ങള്‍ക്കും ആനൂകൂല്യം കിട്ടുന്നുണ്ടെങ്കിലും, ക്രൈസ്തവര്‍ക്കിടയില്‍ പിന്നോക്കക്കാര്‍ക്ക് മാത്രമാണ് നേട്ടം. ലത്തീന്‍ കത്തോലിക്കര്‍ (15.2%) സിഎസ്‌ഐ (4.5%) വിഭാഗങ്ങള്‍ക്ക് ഒബിസി സംവരണം കിട്ടുന്നുണ്ട്. എന്നാല്‍, സീറോ-മലബാര്‍, സീറോ-മലങ്കര, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ്മ തുടങ്ങിയ പ്രമുഖ വിഭാഗങ്ങള്‍ ഒബിസിക്ക് കീഴില്‍ വരുന്നില്ല. ഈ അഞ്ചു വിഭാഗങ്ങള്‍ ചേര്‍ന്ന് സംസ്ഥാനത്തെ 68 ശതമാനത്തോളം ക്രൈസ്തവര്‍ വരും. 3.45 ശതമാനം വരുന്ന പെന്തകോസ്ത്, ബ്രദറന്‍ ക്രൈസ്തവര്‍ക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് അറിയുന്നു. നിലവില്‍ സംവരണത്തിന്റെ പരിധിയില്‍ പെടാത്ത ജാതി-സമുദായങ്ങള്‍ക്ക് ആനുകൂല്യം കിട്ടുമെന്നാണ് ലോക്‌സഭയിലും, രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയ ബില്ലില്‍ പറയുന്നത്. പെന്തകോസ്തുകാര്‍ മുന്നോക്ക സമുദായത്തിന്റെ ഭാഗമല്ലെങ്കിലും അവര്‍ക്ക് ഇപ്പോള്‍ സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ, പെന്തകോസ്തുകാര്‍ക്കും ഗുണകരമാകും. മുതിർന്ന ബിജെപി നേതാക്കളെ മറികടന്ന് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര സഹമന്ത്രിയാക്കിയത് തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്.

സാമ്പത്തിക സംവരണ നിയമം കൂടി വരുന്നതോടെ നേട്ടമായി എന്ന മട്ടിലാണ് ബിജെപിയും എന്‍ഡിയെയും. എന്‍എസ്എസും കേരള ബ്രാഹ്മണസഭയുമൊക്കെ ദീര്‍ഘനാളായുള്ള ആവശ്യം അംഗീകരിച്ച സന്തോഷത്തിലാണ്. ബില്‍ തിടുക്കപ്പെട്ടുകൊണ്ടുവന്നതിനെ വിമര്‍ശിച്ചെങ്കിലും കോണ്‍ഗ്രസും സിപിഎമ്മും ലോക്‌സഭയിലും രാജ്യസഭയിലും അനുകൂലിച്ചിരുന്നു.

എതിരാളികള്‍ക്ക് ശക്തമായ രാഷ്ട്രീയ വെല്ലുവിളിയാണ് മോദി ഉയര്‍ത്തിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ മുന്നോക്കക്കാര്‍ക്കിടയില്‍ വളരുന്ന അതൃപ്തി പരിഹരിക്കുക, യുപിയില്‍ എസ്‌പി-ബിഎസ്‌പി സഖ്യത്തെ നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ട്. മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞടുപ്പുകളില്‍ സവര്‍ണ വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റ തിരിച്ചടിയും സവര്‍ണ കാര്‍ഡിറക്കാന്‍ മോദിയെ പ്രേരിപ്പിച്ചു. ഹിന്ദി മേഖലയിലെയും മഹാരാഷ്ട്രയിലും ബിജെപിയുടെ വോട്ട് അടിത്തറ കാത്ത് സൂക്ഷിക്കുകയാണ് ലക്ഷ്യമെങ്കിലും കേരളത്തിലും അത്ഭുതകരമായ നേട്ടങ്ങളാണ് ബിജെപിയെ കാത്തിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top