Flash News

ശബരിമല സ്ത്രീ പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആക്രമണങ്ങള്‍ നടത്തിയത് ബിജെപിയും ആര്‍‌എസ്‌എസും; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ക്ക് കൈമാറി

January 10, 2019

cm-met-governorശബരിമല സ്ത്രീ പ്രവേശനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ആക്രമണങ്ങള്‍ നടത്തിയത് ബിജെപിയും ആര്‍‌എസ്‌എസുമാണെന്ന തെളിവുകള്‍ കേന്ദ്രത്തിന് തിരിച്ചടിയാകുമെന്നുറപ്പ്. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്ത് ആര്‍എസ്എസ് ആണെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.എസ്.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. വ്യാഴാഴ്ച്ച വൈകിട്ട് ഏഴര മണിയോടെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

യുവതീ പ്രവേശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമമുണ്ടായി. യുവതീപ്രവേശനത്തിന് പിന്നാലെ ആര്‍എസ്എസിന്റെ കൃത്യമായ നിര്‍ദേശം വന്നതോടെയാണ് സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. യുവതീ പ്രവേശനത്തെ എതിര്‍ത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് മറയാക്കി മാറ്റി.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായും വിലയിരുത്തി. പന്തളത്തെ ശബരിമല കര്‍മ്മ സമിതിക്കാരന്റെ മരണവും മറ്റും ചര്‍ച്ചയാക്കുന്ന തരത്തിലായിരുന്നു മോദി സര്‍ക്കാരിന്റെ ഇടപെടല്‍. എന്നാല്‍ ബിജെപിയേയും ആര്‍ എസ് എസിനേയും തന്ത്രപരമായി കുടുക്കിലാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പിണറായി വിജയന്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. അക്രമങ്ങള്‍ക്ക് ഉത്തരവാദി സംഘപരിവാറാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ വീഡിയോ ചിത്ര തെളിവുകളും ഉണ്ട്. സംസ്ഥാനത്ത് നടന്ന ഹര്‍ത്താലില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ സാധരണജനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. അനവധി പേര്‍ക്ക് ഗുരുതരപരിക്കേറ്റു. കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും നേതാക്കളുടെ വീടുകളും സാധാരണക്കാരുടെ വീടുകളും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടായി.

പ്രതിഷേധങ്ങള്‍ക്കിടെ അക്രമം കാട്ടിയവര്‍ക്കെതിരേ രാഷ്ട്രീയം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്ന് ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും അക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചതായി ഗവര്‍ണര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അക്രമങ്ങളുടെ ദൃശ്യങ്ങളും പ്രതികളുടെ ചിത്രങ്ങളും അവരുടെ രാഷ്ട്രീയ ബന്ധവും വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്.

ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 10,561 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍പെട്ടവര്‍ 9489 -ഉം മറ്റുള്ളവര്‍ 1072- ഉം ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ടു മാത്രമുണ്ടായ വിവിധ അക്രമ സംഭവങ്ങളില്‍ 1137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞു. ഇവരില്‍ 9193 പേര്‍ (92 ശതമാനം ) സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ 83. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഏഴു പൊലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റിലായി. മൂന്നിനു നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇതു സംബന്ധിച്ച കണക്കും ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

തുലമാസപൂജ, ചിത്തിര ആട്ടവിശേഷം, മണ്ഡലമകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമല ദര്‍ശനത്തിനെത്തിയ മുപ്പതോളം സ്ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടയുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. മല കയറാനെത്തിയ വനിതകളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. വനിതകളടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ഈ കാലയളവില്‍ അക്രമങ്ങളുണ്ടായി. ശബരിമലയില്‍ മാത്രം അഞ്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമായിരുന്നു ഇത്.

ഹര്‍ത്താലിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജനുവരി മൂന്നിനാണ് റിപ്പോര്‍ട്ട് തേടിയത്. പരമാവധി പ്രതികളെ പിടികൂടും വരെ റിപ്പോര്‍ട്ട് വൈകിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് ബോംബ് എറിയുന്ന സംഘപരിവാര്‍ നേതാവിനെ കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

ശബരിമല പ്രക്ഷോഭത്തിന്റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍, അക്രമസംഭവങ്ങളുടെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവ അടങ്ങിയ സിഡിയും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ 2.32 കോടി രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയുടെ വിശദമായ കണക്കും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്നുമുള്ള ബിജെപിയുടെ ആവശ്യത്തെ കേരളത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് ആണെന്ന് സ്ഥാപിച്ചു കൊണ്ട് തിരിച്ചടിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി പ്രധാനം.

വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പര്‍ധ വളഎത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങളും അടങ്ങിയ സി.ഡി.കളും നല്‍കിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന മര്‍ദനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ ആര്‍ എസ് ആണെന്ന് സ്ഥാപിച്ചെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top