Flash News

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരായുള്ള സഭാധികാരികളുടെ പ്രതികാര നടപടിയെ കെസിആര്‍എം നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിച്ചു: ചാക്കോ കളരിക്കല്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍

January 11, 2019

Untitled

സീറോ മലബാര്‍ സഭാധികാരികള്‍ ലൂസി കളപ്പുരക്കല്‍ സിസ്‌റ്ററിനും അഗസ്റ്റിന്‍ വട്ടോളിയച്ചനും ‘കാരണം കാണിക്കല്‍’ കത്തിലൂടെ ശിക്ഷാനടപടികളിലേയ്ക്കുള്ള നീക്കം അനാവശ്യവും അടിസ്ഥാനരഹിതവും വിശ്വാസികള്‍ക്ക് വലിയ ഉതപ്പിന് കാരണവുമാണെന്ന് കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ജനുവരി ഒന്‍പത് രണ്ടായിരത്തി പത്തൊന്‍പതില്‍ കൂടിയ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. സഭാധികാരികള്‍ ഈ വിഷയത്തില്‍ സാമാന്യ മര്യാദപോലും ലംഘിച്ചിരുക്കുകയാണ്. ലൈംഗിക കുറ്റാരോപിതനായ മെത്രാനും പുരോഹിതര്‍ക്കുമെതിരായി ശിക്ഷണ നടപടികള്‍ക്ക് സഭാധികാരികള്‍ ഇന്നുവരെ മുതിര്‍ന്നിട്ടില്ല. എന്നുമാത്രമല്ല, അവരെ സംരക്ഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സഭാ മേലധികാരികള്‍ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന വട്ടോളിയച്ചനെയും ലൂസി സിസ്‌റ്ററെയും സഭാനിയമം ലംഘിച്ചു എന്നാരോപിച്ച് വിരട്ടുന്നു. ആ അക്രൈസ്തവ നിലപാടിനെ യേശു ശിഷ്യരായ ക്രിസ്ത്യാനികള്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. സഭാ നേതൃത്വത്തിന്റെ ആസൂത്രിതവും സംഘടിതവുമായ സമാനതകളില്ലാത്ത ഒരു പെരുമാറ്റമാണത്. മെത്രാന്മാരുടെയും വൈദികരുടെയും ലൈംഗികവും സാമ്പത്തികവുമായ നിരവധി തെറ്റുകളെ മൗനസംസ്‌കാരത്തിലൂടെ അംഗീകരിക്കുമ്പോള്‍ത്തന്നെ നീതിയുടെ ഭാഗത്ത് നില്‍ക്കുന്നവരെ ചട്ടം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാരകായുധമായെ വിശദീകരണ കത്തുകളെ ഞങ്ങള്‍ക്ക് കാണാന്‍ കഴിയൂ.

ഏറെ കാലങ്ങളായി സീറോ മലബാര്‍ സഭയിലെ കുറെ മെത്രാന്മാരും വൈദികരും നടത്തിക്കൊണ്ടിരിക്കുന്ന അഴിഞ്ഞാട്ടത്തെ പ്രവാചക ദൃഷ്ട്യാ കണ്ടുകൊണ്ട് തങ്ങളുടെ നിലനില്പിനെത്തന്നെ ബലിയര്‍പ്പിച്ച് നടത്തുന്ന സമരത്തെ വക്രീകരിച്ചു സഭാനിയമമെന്ന ഉമ്മാക്കികാണിച്ച് പേടിപ്പിക്കുന്ന കാലം മാറിപ്പോയെന്ന് സഭാധികാരികള്‍ തിരിച്ചറിയണം. ഇത് ത്രെന്തോസ് സൂനഹദോസിന് മുമ്പുള്ള കാലമല്ല. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. വസ്‌തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് സഭാധികാരമാണ്. വിശ്വാസത്തിനോ വിശ്വാസിക്കോ എതിരായോ കോട്ടം തട്ടുന്നതോ ആയ ഒന്നും വട്ടോളിയച്ചനോ ലൂസി സിസ്‌റ്ററോ ചെയ്തിട്ടില്ല. ലൈംഗികാതിക്രമങ്ങളിലും സാമ്പത്തിക തിരിമറികളിലും കവര്‍ച്ചാ സംസ്‌കാരത്തിലും ഇടപെടുന്നവരെ ന്യായീകരിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട്. നസ്രാണി സമുദായത്തെ ഇല്ലാതാക്കാനുള്ള നിലപാടാണ് മെത്രാന്മാരുടെ കവര്‍ച്ചാ സംസ്‌കാരം.

ഫ്രാങ്കോ മെത്രാന്റെ ലൈംഗിക അതിക്രമ വിഷയത്തില്‍ പല മെത്രാന്മാരും വിവാദ പ്രസ്‌താവനകള്‍ നടത്തി. ആ മെത്രാന്മാര്‍ വേട്ടക്കാരനെ അനുകൂലിക്കുകയും നീതിക്കുവേണ്ടി സമരം ചെയ്‌ത ഇരയെ അപമാനിക്കുകയും ഇരയുടെ കൂടെ നിന്നവരെ വിരട്ടുകയും ചെയ്‌തത്‌ തികച്ചും അക്രൈസ്‌തവവും അപലപനീയവുമാണ്. ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തു – നീതിയുടെ പക്ഷത്തുനിന്നു – എന്ന ഒറ്റകാരണത്താല്‍ വട്ടോളിയച്ചനെയും ലൂസി സിസ്‌റ്ററെയും നല്ലപാഠം പഠിപ്പിക്കാനാണ് സഭാധികാരത്തിന്റെ ഭാവമെങ്കില്‍ ആ അടുപ്പില്‍ ഈ കഞ്ഞി വേവുകയില്ലെന്ന് സഭാധികാരത്തെ കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക ബോധ്യപ്പെടുത്തുകയാണ്. സഭാധികാരത്തിന്റെ നീതിയില്ലായ്‌മക്കെതിരായി ശബ്‌ദിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും നിശ്ശബ്ദരാക്കാനാണ് ഉദ്ദേശമെങ്കില്‍ മീ ടു വിന്റെ സുനാമിയെ നിങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫാദര്‍ വട്ടോളിയെയും ലൂസി സിസ്‌റ്ററിന്റേയും പേരിലുള്ള സഭയുടെ അച്ചടക്ക നടപടികള്‍ ‘കത്തോലിക് ന്യൂസ് ഏജന്‍സി’ യില്‍വരെ പ്രസിദ്ധീകരിക്കുകയും അതുവഴി അവര്‍ക്ക് മാനഹാനി സംഭവിക്കുകയും സാധാരണ വിശ്വാസികളില്‍ ചിന്താക്കുഴപ്പവും ഉതപ്പും ഉണ്ടാക്കുകയും ചെയ്‌ത വലിയ തെറ്റിന് സഭാധികാരം സമാധാനം പറയേണ്ടിവരും. അല്‍മായര്‍ ഉണര്‍ന്നു കഴിഞ്ഞു.

ടെലിഫോണ്‍ കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവരും യാതന അനുഭവിക്കുന്ന കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും അല്‍മായര്‍ക്കും സര്‍വവിധ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top