Flash News

ശബരിമല സ്ത്രീപ്രവേശനം; മുന്‍ നിലപാട് തിരുത്തി രാഹുല്‍ ഗാന്ധി

January 12, 2019

newsrupt_2019-01_6f35b73a-dfbe-4d34-afa0-c8971ab5d2fa_rahul_gandhi_1ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തേ പറഞ്ഞ അഭിപ്രായം തിരുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ തനിക്ക് ആദ്യമുണ്ടായ അഭിപ്രായമല്ല ഇപ്പോഴുള്ളത്. ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും അതുകൊണ്ടാണ് കേരളത്തിലെ നേതാക്കളോട് തന്നെ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. “ശബരിമല വിഷയത്തില്‍ രണ്ട് ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സൂക്ഷിക്കണമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് സ്ത്രീ സമത്വം വേണമെന്ന് പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും വേണ്ട കാര്യമാണ്. സ്ഥിതി സങ്കീര്‍ണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.” രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ നേതാക്കളോട് സംസാരിച്ചപ്പോഴാണ് തനിക്ക് അവിടത്തെ കാര്യങ്ങള്‍ കൂടുതല്‍ മനസിലായത്. രണ്ട് പക്ഷത്തും ന്യായമുണ്ട്. സ്ത്രീകള്‍ക്ക് തുല്യാവകാശം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ മറുവശത്തും കഴമ്പുണ്ട്. വിഷയത്തില്‍ നേരത്തെയുള്ള നിലപാടല്ല തനിക്കിപ്പോഴുള്ളതെന്നും സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ചരിത്രപരമായ വിധിയെന്നാണ് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. സ്ത്രീ-പുരുഷ തുല്യത ഉറപ്പാക്കേണ്ട കാര്യം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. യുവതീപ്രവേശത്തെ അനുകൂലിച്ച രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പുരോഗമനവാദികളായ നേതാക്കള്‍ പറയുകയും ചെയ്തിരുന്നു. എഐസിസിയുടെ അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിനില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത് ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഉപകാരപ്പെടൂവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

പുരുഷന്‍ പോകുന്നിടത്ത് സ്ത്രീയെയും പോകാന്‍ അനുവദിക്കണം. ഇത് വൈകാരിക വിഷയമാണെന്ന സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാടിനെ എ.ഐ.സി.സി പിന്തുണയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ശബരിമല യുവതിപ്രവേശ വിഷയത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ശക്തമാക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധി വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തിയത്.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയും രംഗത്തെത്തി. രാഹുലിന്റെ നിലപാടില്‍ തെറ്റില്ലെന്ന് പറഞ്ഞ ആനന്ദ് ശര്‍മ വിധി സ്വാഗതാര്‍ഹമാണെന്നും പറഞ്ഞിരുന്നു. വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലിറങ്ങണമെന്ന ആവശ്യത്തോടും നേരത്തെ ഹൈക്കമാന്‍ഡ് മുഖം തിരിച്ചിരുന്നു. പ്രത്യക്ഷ സമരത്തിനിറങ്ങിയ ബിജെപി കളം പിടിച്ചെടുക്കുന്നത് തടയാന്‍ കെപിസിസിയും സമരരംഗത്തിറങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി വിധിക്കെതിരായ സമീപനം സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് വിമുഖത കാട്ടിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top