Flash News

നക്ഷത്രഫലം: പുതുവര്‍ഷം നിങ്ങള്‍ക്ക് (നര്‍മ്മം)

January 13, 2019 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി

nakshathra phalam banner-1ജ്യോതിഷം, ജാതകപ്പൊരുത്തം, ഗായത്രീ മന്ത്രം, പ്രേമ ശാസ്ത്രം എന്നീ മേഖലകളില്‍ അറിയപ്പെടുന്ന ജ്യോതിഷനാണ് ഇത് കുത്തിക്കുറിക്കുന്നത്. കൂടാതെ പത്തനംതിട്ട സമ്പൂര്‍ണ്ണാരോഗ്യം ജയ് ഭാരതം വൈദ്യശാലയിലെ കഷായ വൈദ്യരുകൂടിയാണ്. ജ്യോത്സ്യം നൂറ് ശതമാനവും ശരിയാകണമെന്നില്ല. ഉള്ളിലിരുപ്പും പ്രവര്‍ത്തികളുമൊക്കെ ശരിയായിട്ടുള്ളവര്‍ക്ക് ജ്യോതിഷം നോക്കേണ്ട കാര്യവുമില്ലല്ലോ. ജ്യോത്സ്യ പ്രവചനം തെറ്റിപ്പോയിട്ടുള്ള അവസരങ്ങളും ഈ ജ്യോത്സ്യന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. ഒടമ്പിന്റെ കണ്ടീഷന്‍ സഹതാപാര്‍ഹമായതുകൊണ്ട് കസ്റ്റമേഴ്‌സ് ആരും ഇതുവരെ ഈ ജ്യോത്സ്യന്റെ മേല്‍ കൈവെച്ചിട്ടില്ലെന്നുള്ള കാര്യം പ്രത്യേകം ഇവിടെ പ്രസ്താവയോഗ്യവുമാകുന്നു. എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ജ്യോത്സ്യത്തിലുണ്ടാകുന്ന പാളിച്ചകളുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഈ ജ്യോത്സ്യന് ഏറ്റെടുക്കാനും പറ്റുകയില്ല. അസിസ്റ്റന്റ് ജ്യോത്സ്യ വിശാലാക്ഷിക്കുട്ടിയമ്മ മതില്‍ കെട്ടാന്‍ കാസര്‍കോടിന് പോയതുകൊണ്ട് ജ്യോത്സ്യന്‍ തിരക്കിലുമാണ്. 1195-ാം ആണ്ടിലെ അഥവാ 2019 ലെ നക്ഷത്ര ഫലം ഇവിടെ കുറിക്കുന്നു. ജ്യോത്സ്യന്‍ എല്ലാവര്‍ക്കും പരമ സുഖവും നേരുന്നു.

അശ്വതി: നല്ല അംപോറ്റി നാളാണ് മോളേ മോനേ, അമ്മാവാ, അമ്മായി. എന്നാല്‍ നല്ലതായിട്ട് ജീവിക്കയും വേണ്ടേ? സ്വപ്‌നങ്ങളധികവും ചീറ്റിപ്പോകും, നാല്‍ക്കാലികളില്‍ നിന്നും ഇഴജാതികളില്‍ നിന്നും ഇരുകാലികളില്‍ നിന്നും ഉപദ്രവങ്ങള്‍ ഉണ്ടാകും. അമേരിക്കന്‍ മലയാളികളാണെങ്കില്‍ സ്‌നോയില്‍ കാലുതെറ്റി വീഴാതെ സൂക്ഷിക്കണം. ഈശ്വര വിശ്വാസവും ഭക്തിയും വര്‍ദ്ധിക്കും. ഒപ്പം ദുഷ്ടതയും അസൂയയും കൂടും. ദമ്പതിമാരാണെങ്കില്‍ അടുത്ത മാര്‍ച്ച് മുതല്‍ ഭാര്യയ്ക്ക് കൂടുതല്‍ ഉന്മേഷവും പ്രസരിപ്പും ഉണ്ടാകും. കണവനും വണ്ണം വെക്കും, സോഡിയവും കൂടും. എല്ലാ മേഖലകളിലും ഉല്‍പ്പാദനം വര്‍ദ്ധിക്കും. പുതുവര്‍ഷത്തില്‍ പുതിയ സന്തതികള്‍ ഉണ്ടാകും. കാലില്‍ നീര്‍ക്കെട്ടും സന്ധിവാതവും പറുപറപ്പന്‍ ചുമയം ഉണ്ടാകും. അതുകൊണ്ടൊന്നും പേടിക്കാനില്ല കാറ്റു പോകത്തില്ല. ഈ പറുപറപ്പന്‍ ചുമ പത്തനം തിട്ടയിലെ നമ്പൂര്‍ണ്ണാരോഗ്യം വൈദ്യശാലയില്‍ നിന്നുമുള്ള ഈ ജ്യോല്‍സ്യന്‍ തന്നെ കുറിച്ച ‘കറുകറുപ്പന്‍’ കഷായം വാങ്ങി ശാപ്പിടുക. സമ്പൂര്‍ണ്ണ സൗഖ്യം ഫലം. ശാപ്പാടുമേഖലയില്‍ സമ്പൂര്‍ണ്ണ സന്തോഷം ഫലം.!

ഭരണി: വളരെ ഭാഗ്യമുള്ള നാളാണ്. അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കാന്‍ ശ്രമിക്കും, എന്നാല്‍ പേരും പ്രശസ്തിയുമൊക്കെടുള്ള മലയാളികളോട് കുശുമ്പും കുന്നായ്മയും കൂടും. വരുമാനം വര്‍ദ്ധിക്കും, പിശുക്കിനോട് കുറവുണ്ടാകുകയുമില്ല. അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും അന്യരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ നിന്നും ഈ വര്‍ഷം ഒഴിഞ്ഞു നില്‍ക്കുന്നതാണ് ഉത്തമം. പല ഭരണികള്‍ക്കും മുഖസ്തുതിയും പുകഴ്ചയും പറഞ്ഞു കേള്‍ക്കുന്നത് പാല്‍പ്പായിസം കുടിക്കുന്ന സുഖവും ഫലം! ഭാര്യമാരില്‍ നിന്നും അമ്മായി അപ്പന്മാരില്‍ നിന്നുമുള്ള സഹകരണം പോരാന്ന് വിചാരിക്കുന്ന പല കണവന്മാരും സായിപ്പിനെപ്പോലെ കാന്തയെ ഡിവോഴ്‌സ് ചെയ്യുന്ന കാര്യം ചിന്തിക്കും. അങ്ങനെ പുതുതായി വന്നു ചേരുന്ന വാമാമണി നിലവിലുള്ള കാന്തയെക്കാള്‍ അലമ്പും മൂശ്ശേഠയും വകവെക്കാത്തതുമൊക്കെയാണെങ്കില്‍ പിന്നെന്തു ചെയ്യുമെന്ന് ചിന്തിച്ച് പലരും ഈ പദ്ധതി ഉപേക്ഷിക്കും. അയല്‍ക്കാരന്‍ ആണെങ്കില്‍ സുമഗാത്രിമാര്‍ പ്രത്യേകം സൂക്ഷിച്ചോണം. ഫെബ്രുവരി മുതല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശയാത്രയ്ക്ക് ഒരുങ്ങും. ബന്ധു ജനങ്ങള്‍ക്ക് ചോദിക്കുന്ന പാരിതോഷികങ്ങളൊക്കെ കൊടുത്തില്ലെങ്കില്‍ നീരസം ഫലം! ഉല്‍കണ്ഠ വര്‍ദ്ധിക്കും.

കാര്‍ത്തിക: പിടിച്ചാല്‍ കിട്ടാത്ത നാളാണ് കാര്‍ത്തിക. ദൈവം പണ്ട് ജോബിനോട് ചോദിച്ചു. ‘കാര്‍ത്തികയുടെ ചങ്ങല നിനക്ക് ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധങ്ങള്‍ അഴിക്കാമോ? നിനക്ക് രാശി ചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്ക് നടത്താമോ? എന്ന്. ബൈബിള്‍ ഒരു ദൈവീക പ്രബോധന സംഹിതയും സര്‍വ്വോപരി ഒരു പ്രവചന ഗ്രന്ഥം കൂടിയാകുന്നു എന്ന് ഭംഗ്യന്തരേണ ഞാന്‍ ഇവിടെ പറഞ്ഞു. കൊള്ളട്ടെ. അതിവിടെ അങ്ങനെ നില്‍ക്കട്ടെ. നക്ഷത്ര ഫലം നമുക്ക് തുടരാം. പ്രേമ മേഖലയില്‍ ക്രമാനുക്രമമായ പുരോഗതി നേടും. പലയിടത്തും പല്ലുകടിയും പൊട്ടിത്തെറിയും ഉണ്ടാകും. അത് സാരമില്ല. പരിക്ക് പറ്റാതെ സൂക്ഷിച്ചാല്‍ മതി. ആര്‍ എന്‍ ഉദ്യോഗം കിട്ടി യുവതികള്‍ ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കുമൊക്കെപ്പോകും. ചില അരക്കന്മാര്‍ ലാഭം നോക്കി കടകളില്‍ നിന്നും കാശിന് കൊള്ളാത്ത സാധനങ്ങള്‍ വാങ്ങി ആത്മസംതൃപ്തിയടങ്ങും. ഒടുവില്‍ ഉപയോഗിക്കാന്‍ കൊള്ളാതെ ട്രാഷില്‍ കളയും. 25 വര്‍ഷം പഴകിയ പഴം കോട്ടും കളയില്ല. ലുബ്ധന്റെ സമ്പാദ്യം ആണുങ്ങള്‍ അനുഭവിക്കും. അധികം അമേരിക്കന്‍ മലയാളികളുടെ സമ്പാദ്യവും അങ്ങനെ തന്നെ എന്ന് ജ്യോല്‍സ്യനുമറിയാം. മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു ജീവിക്കുന്ന സുകൃതാത്മാക്കളും ഈ നാളുകാരിലും എല്ലാ നാളുകാരിലുമുണ്ട് താനും. പല പാശ്ചാത്യ പ്രവാസി 65 കടന്ന വൃദ്ധന്മാര്‍ക്കും വൃദ്ധകള്‍ക്കും സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള അഭിവാഞ്ച വര്‍ദ്ധിക്കും. മക്കള്‍ എടുത്തിട്ട് കിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തട്ടിപ്പും കാപട്യവും അമിതമായ കള്ളുകുടിയും കൊണ്ട് പലര്‍ക്കും സമൂഹത്തില്‍ ഉണ്ടായിരുന്ന പ്രതിഛായയ്ക്ക് ഇടിവുണ്ടാകും. സൗജന്യ ഭക്ഷണത്തോടും വെള്ളമടിയോടുമുള്ള അഭിനിവേശം കൂടും. വരുമാനവും സമ്പാദ്യങ്ങളും വളരെ വര്‍ദ്ധിക്കും. പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ ചൂടത്തും പഴംകോട്ട് ഇട്ട് നടക്കും. പട്ടി ഓടിച്ചിട്ട് കടിക്കും സൂക്ഷിക്കണം. ഇനിയും കറുത്ത പഴം കോട്ട് ഇട്ട് നടക്കാതിരിക്കുന്നതാണ് ഉത്തമം. വെള്ളമടി മേഖലയില്‍ കുടുംബത്ത് അലമ്പ് ഫലം!

രോഹിണി: സൗന്ദര്യ കലാരാധന രോഹിണി നക്ഷത്കക്കാരുടെ സവിശേഷതയാണ്. പൊതു രംഗത്ത് ശത്രുക്കള്‍ ഉണ്ടാകും. ചിലവുകള്‍ വര്‍ദ്ധിക്കും. പുതിയ സാരിയും ആഭരണങ്ങളും വാങ്ങും. കൂട്ടുകാരികള്‍ക്ക് കുശുമ്പ് കൂടും. കാന്തന്മാര്‍കാന്തമാരുടെ അപ്രീതി ഉണ്ടാകാതെ സൂക്ഷിക്കണം . കാമുകനോട് ചേര്‍ന്നുള്ള ക്വൊട്ടേഷന്‍ കണവനെതിരായി ഉണ്ടായെന്ന് വരാം. ഇത് ക്വട്ടേഷന്റെയും പോരാട്ടങ്ങളുടെയും മതിലുകളുടെയുമൊക്കെ കാലമാണ്. ചതിയും തട്ിപ്പുംമാണ് അനേകായിരങ്ങളുടെ ജീവിത പ്രമാണം ഇന്ന്. ഒരുത്തനേയും ഒരുത്തിയേയും വിശ്വസിക്കരുത്. ഏതൊരുത്തനും ഏതൊരുത്തിയും ഇപായം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് ജ്യോല്‍സ്യന്‍ എല്ലാ വായനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നു. ടെന്‍ഷനൊക്കെ കൂടി സോഡിയവും ഹൈ#്‌രജനുമൊക്കെ കുറഞ്ഞ് പോകാതെ കാരണവന്മാരും ജോലി ഭാരം കൂടി ന്യൂനമര്‍ദ്ദം കൂടാതെ കാന്തന്മാരും ശ്രദ്ധിക്കണം. ആദ്യമായി വിവാഹം കഴിക്കാന്‍ പോകുന്നവര്‍ ആണായാലും പെണ്ണായാലും കെട്ടാന്‍ പോകുന്ന ഉരുപ്പടി ഫ്രെഷാണോ സെക്കന്‍ഡ് ഹാന്‍ഡാണോ രണ്ടാം കെട്ടാണോ മൂന്നാം കെട്ടാണോ മക്കള്‍ മൊത്തമായിട്ടെത്രയുണ്ട് രോഗങ്ങളോ പകര്‍ച്ച വ്യാധികളോ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടോന്നൊക്കെ അന്വേഷിക്കണം. അമേരിക്കയില്‍ ജീവിക്കുന്ന മലയാളി പുന്നാരക്കുട്ടന്മാരും പുന്നാരമോളുമാരും ബഹുമാനപ്പെട്ട സായിപ്പിന്റേയും മദാമ്മയുടേയും ജീവിത വഴികളെ അനുഗമിക്കുന്നുണ്ടോന്ന് അന്വേഷിക്കേണ്ടതാണ്. കല്ല്യാണം കഴിക്കാതെ 35 ഉം 40 ഉം ഒക്കെ കഴിഞ്ഞ എത്രയോ മലയാളി പൊന്നുമോന്‍മാരും പൊന്നുമോള്‍മാരുമാണ് അമേരിക്കയിലൊക്കെ മേഞ്ഞു നടക്കുന്നതെന്നുള്ളതിന് കണക്കുണ്ടോ? അധികവും വളര്‍ത്തു ദോഷം തന്നെ! പാര, പരദൂഷണം എന്നിവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് ആരോഗ്യത്തിന് നല്ല്ത്. നേരോട് ജീവിക്കുന്നവര്‍ക്ക് വൈകിയേ നന്മകള്‍ ഉണ്ടാകുകയുള്ളൂ. പല്ല് വേദനയോ സന്ധി വേദനയോ ഉണ്ടാകും. ശനി 6 ല് സഞ്ചരിക്കുന്നു. ഗുരു അനുകൂലമായതിനാല്‍ മുന്‍കാല കഷ്ടപ്പാടുകള്‍ക്ക് ശമനമുണ്ടാകും.

മകയിരം: ആത്മാര്‍ത്ഥതയും നല്ല പെരുമാറ്റവും ഈ നാളുകാരില്‍ നിന്നും പ്രതീക്ഷിക്കാം. തൊഴില്‍ മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. താമസിക്കുന്ന വീട്ടില്‍ വെള്ളം കയറി ഇറങ്ങും. പൂതിയ വാഹനവും ശീമാട്ടിയില്‍ നിന്നും സില്‍ക്ക് സാരിയും വാങ്ങും. മുണ്ടിനീറോ, ചൊറിയോ, ഉദര രോഗമോ, അര്‍ശ്ശസോ അഥവാ ഇതെല്ലാം കൂടി ഒന്നിച്ചോ ഉണ്ടായെന്നും വരാം. ഏപ്രില്‍ മാസം പ്രയതമക്ക് പ്രിയനിലുള്ള അഥവാ മറിയാമ്മക്ക് മത്തായിയിലുള്ള സ്വാധീനം വളരെ വര്‍ദ്ധിക്കും. മറിയാമ്മ ശുഭ്രാംഗിയാണ്. ഓഫീര്‍ പൊന്നോ ഗോമേദകമോ ഒന്നും മറിയാമ്മക്ക് തുല്യമാകുകയില്ല. മറിയാമ്മയുടെ വില അതിലും വലുത്! കാന്തന്മാര്‍ക്ക് ഭാര്യാമ്മമാരിലുള്ള അടിയന്തിരാവശ്യങ്ങള്‍ പലതും നടന്നെന്ന് വരികയില്ല. കേതു 2 ലും ശനി 9 ലും ഗുരു 4 ലും രാഹു 11 ലും ഭാര്യ നൈറ്റ് ഡ്യൂറ്റിയിലുമായി സഞ്ചരിക്കുന്ന സമയമാണ്. പല കാരണവന്മാര്‍ക്കും മനഃപ്രയാസം ഫലം മാര്‍ച്ച് മാസം മോളമ്മ തട്ടിക്കൂട്ടുന്ന നെയ്മീന്‍ കറിക്ക് ഗുണനിലവാരം വളരെ ഇടിഞ്ഞുപോകും. രാശി ദോഷമല്ല, ശരിക്ക് കഴുകാഞ്ഞുള്ള ഉളുമ്പാണ് കാരണം.

അമേരിക്കന്‍ ശൈത്യത്തില്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന എല്ലാ കാന്തനും കാന്തയും കോന്തനും കോമാളിയും ഗേയും കൂയും, ഹോമോയും തോമായും, ദശഹോമോകളും തരുണിയും തരുണിയും സകല ഇരുകാലികളും ഒരു കൂടാരത്തില്‍ കിടക്കട്ടെ. തണുപ്പ് തീരുവോളം കിടക്കട്ടെ. അല്ലെങ്കില്‍ സാക്ഷാല്‍ ദൈവം തമ്പുരാന്‍ പറഞ്ഞാല്‍ പോലും സായിപ്പും മദാമ്മയും അവരുടെ ജീവിത ശൈലിക്ക് മാറ്റം വരുത്താന്‍ പോകുന്നില്ല. ്അതുപോലെ നമ്മുടെ ധര്‍മ്മരാജ്യത്തിലെ ജാതിമത വര്‍ഗ്ഗീയ വിദ്വേഷങ്ങളും സത്രീ പീഡനങ്ങളും ഇനിയും വളരെ വര്‍ദ്ധിക്കുകയേ ഉള്ളൂ. നീതി നിയമങ്ങളയും ആരെയും ഒന്നിനേയും പേടിക്കാന്‍ ഇല്ലാത്തതിന്റെയും ഭവഷ്യത്തുകളാണിതെല്ലാം. നക്ഷത്രഫലം കുറിക്കുന്നതിനിടയില്‍ സത്യം കൂടി പറഞ്ഞു പേകുകയാണ്. ദുര്‍ന്നടപ്പുകാര്‍ ദുര്‍ന്നടപ്പ് തുടരട്ടെ. അവിഹിത കിടപ്പുകാര്‍ ഇനിയും അതാവര്‍ത്തിക്കട്ടെ. കാറ്റ് പോയാല്‍ പിന്നെ ആര് ആരുടെ കൂടെ കിടക്കും? ആര് ആരെ പിന്നെ ഓര്‍ക്കും? ജീവിതത്തിന് സ്ഥായിയായ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലല്ലോ. ‘ഹാ മായ, മായ സകലതും മായ’ എന്ന് സോളമനും പറഞ്ഞു.

കിടപ്പിലേക്കും കഠിനമായ വലിയ കിടപ്പ് ജയിലിലേതാണ്. നിരപരാധിയും നിതാന്ത വന്ദ്യനും പരിശുദ്ധവാനുമായ ഫ്രാങ്കോ പിതാവിനുപോലും ജയിലില്‍ കുറച്ചു നാള്‍ കിടക്കേണ്ടി വന്നല്ലോ. ഇനിയും പിതാവിന് ഒരു കുഴപ്പവുമില്ല. വാഴ്ത്തപ്പെട്ടവനും ആദരണീയനുമായി പുറത്തുവന്നല്ലോ. പാവപ്പെട്ട കന്യാസ്ത്രീകള്‍ പാപികളായി മുദ്രയടിക്കപ്പെടുകയും ചെയ്തിരിക്കുന്നു! എന്നാല്‍ ‘Be sure your Sin will find you out’ എന്നുള്ള ഈ സത്യം ആരും മറക്കരുത്.

ഇത്തരുണത്തില്‍ ക്രിസ്തുവിന്റെ തിരുശരീരമായ സഭയുടെ പാവനമായ നീതിയെയും സത്യത്തെയും വിശുദ്ധിയെയും നിലവിലിരിക്കുന്നതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കോതിക്കേസുകളെയും വിശ്വാസികള്‍ തമ്മില്‍ തമ്മില്‍ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പോര്‍വിളികളെയും പോരാട്ടങ്ങളെപറ്റിയുമൊക്കെ ഓര്‍ത്തു പോകുകയാണ്. ഇന്ന് ക്രിസ്തു എവിടെ? അവന്‍ മനുഷ്യ ഹൃദയങ്ങളിലുണ്ടോ? നിങ്ങളുടെ ഭവനങ്ങളിലുണ്ടോ? അവന്‍ ദേവായങ്ങളില് ഇന്നുണ്ടോ?

‘മേരാ പ്യാരേ ദേശവാസിയോ’ നക്ഷത്രഫലം ഇവിടെ ഉപസംഹരിക്കട്ടെ. അഛാ ദിന്‍ ചലേഗയാ. ബേഠീ ബച്ചാവോ!!

എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ, എന്റെ പ്രയനേ നീ സുന്ദരന്‍, നീ മനോഹരന്‍. നമ്മുടെ കിടക്കയും പമ്പയാകുന്നു. സുന്ദരനും സുന്ദരിയുംമൊക്കെയാണ്. എന്നാല്‍ ഉള്ളിലിരിപ്പും പെരുമാറ്റങ്ങളും അതനുസരിച്ച് സുന്ദരമല്ല.! ഉപ്പുകാരമില്ലാതെ പോയാല്‍ അതിന് എന്തോന്നുകൊണ്ട് രസം വരുത്താം?’ ഇന്നത്തെ അധികം സുന്ദരിമാര്‍ക്കും സുന്ദരന്മാര്‍ക്കും ഉപ്പുമില്ല പുളിയുമില്ല! ഇന്നത്തെ അനേകായിരം ഇടയന്മാരും കാരണമില്ലാത്ത ഉപ്പായിത്തീര്‍ന്നിരിക്കുന്നു.!!

മനുഷ്യരെ ചതിക്കാതെയും ഉപദ്രവിക്കാതെയും പീഡിപ്പിക്കാതെയും ക്ഷീണിച്ചവന് വെള്ളവും വിശക്കുന്നവന് ആഹാരവും കൊടുത്താല്‍ ഈ പുതുവര്‍ഷത്തില്‍ എവിടെ ആയിരുന്നാലും മലയാളുകളേ, സഹോദരിമാരേ, സഹോദരന്മാരേ നിങ്ങള്‍ക്കെന്നും നല്ലകാലം ഫലം!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top