Flash News

മകരവിളക്ക് ഇന്ന്‌: സന്നിധാനത്ത് കനത്ത സുരക്ഷ

January 14, 2019

14tvpt-sabarimala

മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങി. ശക്തമായ സുരക്ഷയാണ് മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.

അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോള്‍ പൂര്‍ണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്.  മകരസംക്രമസമയമായ ഇന്ന് രാത്രി 7.52ന് സംക്രമപൂജയും അഭിഷേകവും നടക്കും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.

മകരസംക്രമ സന്ധ്യയില്‍ വിഗ്രഹത്തില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30നാണ് ദീപാരാധന. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയും.

എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹില്‍ടോപ്പില്‍ നിയന്ത്രണം ഉള്ളതിനാല്‍ പമ്പയിലെ വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ കണക്ക്.

തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ചെറിയാനവട്ടത്ത് ഇന്നലെ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇതുവഴി കടന്നുപോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മകരജ്യോതി ദര്‍ശനത്തിന് പമ്പയിലെ വിവിധയിടങ്ങളില്‍ പരമാവധി സൗകര്യം ഒരുക്കുമെന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഡിഐജി സേതുരാമന്‍ പറഞ്ഞു. മകരജ്യോതി ദര്‍ശനത്തിന് പമ്പ ഹില്‍ടോപ്പില്‍ കയറുന്നതിന് വിലക്കുണ്ട്. അപകടസാധ്യത കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷണ സമിതി ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പമ്പയിലെ വിവിധയിടങ്ങളില്‍ ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശനത്തിനായി പരമാവധി സൗകര്യമൊരുക്കുന്നത്.

ഹില്‍ടോപ്പില്‍ വിലക്ക് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിരീക്ഷണ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതി തൃപ്തി രേഖപ്പെടുത്തിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top