Flash News

മുനമ്പം ഹാര്‍ബര്‍ വഴി മനുഷ്യക്കടത്ത്: നാല്‍പതോളം പേര്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നതായി സൂചന

January 14, 2019

munmbamകൊച്ചി : മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേര്‍ മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യകടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ശനിയാഴ്ച്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുളള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെളളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുളള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം ഉണ്ടായെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്ന് കടന്നവര്‍ ശ്രീലങ്കന്‍ വംശജരോ തമിഴ്‌നാട് സ്വദേശികളോ ആണെന്നാണ് സൂചന. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘം സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്‌ട്രേലിയയിലെത്തുന്നത്.

രാജ്യാന്തര ബന്ധമുളള മനുഷ്യക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. മുനമ്പത്ത് നിന്ന് മത്സ്യ ബന്ധന ബോട്ടുകളില്‍ പോയവര്‍ക്ക് ഇന്ധനവും ഭക്ഷണവും ഫീഡര്‍ ബോട്ടുകളില്‍ എത്തിക്കാനുളള സൗകര്യവും മനുഷ്യക്കടത്തുകാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ പിടിച്ച മത്സ്യം ഫീഡര്‍ ബോട്ടുകള്‍ക്ക് കൈമാറും. ഓസ്‌ട്രേലിയയില്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാര്‍ത്ഥികളെ ആകര്‍ഷിക്കാനുളള പ്രധാന കാരണം. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top